രാത്രിമഴ Part 7

രാത്രിമഴ
^^^^^^^^^^

Part 7


സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിൽ ഒരാൾ കൂടെ കടന്ന് വരാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് എന്റെ ശരീരം എന്നോട് വിളിച്ചു പറഞ്ഞപ്പോ ഞാൻ ആദ്യം ഓടിയടുത്തത് എന്റെ നന്ദേട്ടനെ വിളിക്കാനായിരുന്നു..

പക്ഷെ…….

ആ ഫോൺ കോൾ നന്ദേട്ടനെ തേടി പോകും മുന്നെ എന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നിരുന്നു…ഭാരമില്ലാത്ത ഒരു വസ്തുവായി ഞാൻ നിലത്തേക്ക് പതിച്ചിരുന്നു… “

ഒരു ദീർഘനിശ്വാസത്തോടെ അനുവിന്റെ അമ്മ അത്രയും പറഞ്ഞു നിർത്തി….

“ഇനി ഞാൻ പറയാൻ പോകുന്നത് ഒരു അമ്മയ്ക്കും മകളോട് പറയാൻ പറ്റാത്ത ഒരു കാര്യമാണ്.. പക്ഷെ പറയാതെ നിർവാഹമില്ല… “

അനുവിന്റെ തൊട്ടരികിൽ മുട്ട് കുത്തിയിരുന്നു അമ്മ പറഞ്ഞു നിർത്തി..

“വേണ്ട,, അമ്മയ്ക്ക് പറയാൻ പറ്റാത്ത കാര്യം ഞങ്ങളോട് പറയരുത്.. ഒരുപക്ഷെ അത് കേൾക്കാനുള്ള മനക്കരുത്ത്‌ ഞങ്ങൾക്കില്ലാതെ പോയാലോ.. അത് കൊണ്ട് വേണ്ട അമ്മേ,,”

ദേവ്ജിത്താണ് അതിന് മറുപടി നൽകിയത്.. അപ്പോഴും അനു വിദൂരതയിലേക്ക് കണ്ണും നട്ടും ഇരിക്കുകയായിരുന്നു…

“ഗർഭിണിയായ ഒരു സ്ത്രീയിൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥത മാത്രമേ എനിക്കും ഉണ്ടായുള്ളൂ.. അതിന്റെ പരിണിതഫലമായിട്ടാണ് അന്ന് ഞാൻ തലകറങ്ങി വീണതും.. എന്തോ എന്റെ സമയദോഷം കൊണ്ട് ആ സമയം ബാലുവേട്ടൻ വീട്ടിലേക്ക് വന്നിരുന്നു..

ഹാളിലെ നിലത്ത് വീണു കിടക്കുന്ന എന്നെ ഇരു കൈകളിലും കോരിയെടുത്തു ഞങ്ങളുടെ റൂമിലെ ബെഡിൽ കിടത്തുക എന്നൊരു പ്രവർത്തി മാത്രമേ ആ പാവം ചെയ്തുള്ളു.. പക്ഷെ ആ ഒരു പ്രവർത്തിക്കിടയിൽ എപ്പഴോ എന്റെ സാരിത്തലപ്പ് മാറിടത്തിൽ നിന്നൂർന്നു വീണിരുന്നു…. എന്റെ മുഖത്തേക്ക് വെള്ളം തെളിച്ചു എന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വരുത്തിയതും ബാലുവേട്ടനായിരുന്നു..

എഴുന്നേൽക്കാനൊരുങ്ങിയ എന്നെ താങ്ങി പിടിച്ചു സഹായിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുറിയുടെ വാതിൽക്കൽ നന്ദേട്ടനെ കണ്ടത്..

ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നതിനിടയിലാണ് ഞാൻ എന്റെ ദേഹത്തേക്ക് ഒന്ന് നോക്കിയത്..

ഈശ്വരാ,, സ്ഥാനം തെറ്റിയ സാരിയുടെ തലപ്പ് ഒന്ന് ശരിയാക്കിയിട്ട് കൂടിയില്ല… ഒരുപക്ഷെ ബാലുവേട്ടൻ അതിനെ ഗൗനിച്ചിട്ട് കൂടിയുണ്ടാകില്ല എന്ന് ഞാനൂഹിച്ചു…

വെപ്രാളപ്പെട്ട് ഞാൻ സാരി നേരെയാക്കുമ്പോഴേക്കും നന്ദേട്ടൻ ബാലുവേട്ടന്റെ നേർക്ക് ആക്രമണം തുടങ്ങി കഴിഞ്ഞിരുന്നു..

ഒരു ഭ്രാന്തനെ പോലെ പലതും പറഞ്ഞു അയാളെ തല്ലി അവശനാക്കുമ്പോ തടുക്കാൻ ചെന്ന എന്നെയും കുടഞ്ഞെറിഞ്ഞു…

വീട്ടിലെ ശബ്ദം കേട്ടാണ് ഉറങ്ങി കിടന്ന അഞ്ജു മോള് എണീറ്റത്.. അച്ഛന്റെ ഭാവമാറ്റം കണ്ട് ആ കുഞ്ഞ് മനസ്സ് ആർത്തലച്ചു കരയാൻ തുടങ്ങിയപ്പോൾ ഓടി ചെന്ന് ഞാനവളെ പൊതിഞ്ഞു പിടിച്ചു…

ഭയം കൊണ്ട് എന്റെ മോള് എന്നെ ഇറുകെ പുണരുന്നത് അറിഞ്ഞപ്പോ ഞാൻ ഉടനെ തന്നെ എന്റെ ഫോൺ കയ്യിലെടുത്തു അച്ഛനോട് പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞു…

അപ്പോഴേക്കും നന്ദേട്ടൻ ബാലുവേട്ടനെ വീട്ടിന് വെളിയിൽ കൊണ്ടിട്ടിരുന്നു… പലപ്രവിശ്യം അദ്ദേഹം പറഞ്ഞൊഴിഞ്ഞു മാറിയിട്ടും അതൊന്നും നന്ദേട്ടന്റെ ചെവിയിൽ കൊണ്ടില്ല..

ബാലുവേട്ടനെ വീടിന് വെളിയിലാക്കിയ ശേഷം പിന്നീട് എന്റെ നേർക്കാണ് പാഞ്ഞു വന്നത്… അഞ്ജു മോളെ എന്നിൽ നിന്നടർത്തി മാറ്റി എന്നെ ബാത്‌റൂമിൽ കൊണ്ട് പോയ്‌ തള്ളിയിട്ടു.. കൂടെ നന്ദേട്ടനും കയറി…

എന്റെ ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ ഓരോന്നും പറിച്ചെടുക്കുമ്പോൾ നന്ദേട്ടന്റെ ഭാവം തികച്ചും വന്യമായിരുന്നു.. ഒരു നൂലിഴ ബന്ധമില്ലാത്ത എന്റെ നേർക്ക് ഹാൻഡ് ഷവർ തിരിച്ചു വെച്ച് ദേഹമാകെ വെള്ളം തെറിപ്പിച്ചു വിടുമ്പോൾ ഒരു ഭ്രാന്തനെ പോലെ നന്ദേട്ടൻ അലറുന്നുണ്ടായിരുന്നു… അപ്പോഴും എന്റെ മനസ്സ് അഞ്ജു മോളുടെ അരികിൽ ആയിരുന്നു… എന്റെ ഉദരത്തിൽ ഒരു ജീവൻ ഉണ്ടെന്ന് പാടെ മറന്ന് പോയ്‌ ഞാൻ..

ഓരോ തവണയും എന്റെ ദേഹത്തേക്ക് വെള്ളം ഒഴിച്ച് വിടുമ്പോൾ പലതും ഞാൻ പറഞ്ഞു നന്ദേട്ടനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ അതൊക്കെ വൻ പരാജയമായിരുന്നു..

പെട്ടെന്നാണ് ഷവർ ഒന്ന് ഓഫ്‌ ചെയ്യാൻ കൂടി നിൽക്കാതെ എന്നെ വന്നു പൊതിഞ്ഞു പിടിച്ചത്….

“പറ സുമേ,, അവൻ നിന്നെ വേദനിപ്പിച്ചോ?? അവന്റെ പല്ലോ നഖമോ നിന്റെ ദേഹത്ത് മുറിവ് തീർത്തിട്ടുണ്ടോ?? ഞാൻ ഒന്ന് ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ എന്റെ പെണ്ണിന് ഇങ്ങനെ ഒക്കെ സംഭവിച്ചത് …. “

എന്നെ ഇറുകെ പുണർന്നു കൊണ്ട് ഓരോ തവണ ഓരോ കാര്യം പറയുമ്പോൾ പേടി കൊണ്ട് എനിക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല… ദേഹത്ത് വീണ വെള്ളത്തിന്റെ തണുപ്പ് കൊണ്ടോ,, എന്റെ ശാരീരിക അസ്വസ്ഥത കൊണ്ടോ,, വീണ്ടും ഞാൻ അബോധാവസ്ഥയിലേക്ക് വീണ് പോയിരുന്നു…

പിന്നീട് ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എനിക്കരികിൽ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു… ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് ഒരല്പം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്… അച്ഛനാണ് എന്നെ ഹോസ്പിറ്റൽ എത്തിച്ചതെന്ന് ഓർത്തപ്പോ എന്തോ ഒരു പരവേശം എന്നെ വന്നു മൂടി… വസ്ത്രങ്ങളുടെ മറയില്ലാതെ എന്റെ അച്ഛന്റെ മുന്നിൽ നിൽക്കേണ്ടി വന്ന അവസ്ഥ ഓർത്തായിരുന്നു എനിക്ക് സങ്കടം..

നന്ദേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ മറുപടി പറഞ്ഞില്ല… പകരം നാളെ രാവിലെ എല്ലാം പറയാമെന്നും ഇപ്പോ മോള് സങ്കടപ്പെടേണ്ട സമയമല്ല എന്നൊക്കെ പറഞ്ഞു എന്നെ വീണ്ടും മയക്കി കിടത്തുമ്പോൾ ഞാൻ അറിഞ്ഞില്ല എന്റെ നന്ദേട്ടൻ കാതങ്ങൾക്കപ്പുറം പല ഭ്രാന്തന്മാർക്ക് നടുവിലും അസ്വസ്ഥതയോടെ ഉറക്കമൊഴിച്ചു കഴിയുകയാണെന്ന്…

മാസങ്ങളോളം നന്ദേട്ടൻ മെന്റൽ ഹോസ്പിറ്റൽ ആയിരുന്നു.. എന്റെ അച്ഛൻ എന്നെ ഒന്ന് കാണാൻ സമ്മതിച്ചില്ല… രോഗം പൂർണമായും ഭേദമാവാതെ തനിക്ക് കാണാൻ കഴിയില്ലെന്ന് അച്ഛൻ വാശി പിടിച്ചപ്പോൾ നെഞ്ച് പൊട്ടി കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു….

മാസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീഴുമ്പോൾ എന്റെ വയറ്റിൽ വളരുന്ന ജീവന് അനക്കം വെച്ച് തുടങ്ങിയിരുന്നു.. പക്ഷെ ആ ജീവൻ എന്റെ ഉദരത്തിൽ ഉണ്ടെന്ന് അവളുടെ അച്ഛൻ അറിയാതെ പോയല്ലോ എന്നോർത്ത് പല രാത്രികളിലും ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ട്…

എനിക്ക് എട്ട് മാസം പൂർത്തിയായപ്പോഴാണ് നന്ദേട്ടൻ സുഖം പ്രാപിച്ചു വീട്ടിലേക്ക് വരുന്നത്.. വീർത്തുന്തിയ വയറുമായി നിൽക്കുന്ന എന്റെ അരികിലേക്ക് കാറ്റ് പോലെ വന്നതും ആദ്യം ഞാൻ ഒന്ന് ഭയന്നു.. പക്ഷെ ഭയന്നത് പോലെ ഒന്നും എന്നോട് പെരുമാറിയില്ല..

“നമ്മുടെ വാവ വരാനായോ സുമേ?? “

എന്ന ചോദ്യത്തോടെ എന്റെ ഉദരത്തിൽ ചുംബിച്ചപ്പോൾ അതുവരെ ഞാൻ അനുഭവിച്ച വേദനകളൊക്കെ അലിഞ്ഞില്ലാതായിരുന്നു..

പിന്നീടങ്ങോട്ട് ആ പഴയ നന്ദേട്ടനെ എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു..

അനു മോൾക്ക്‌ ജന്മം നൽകിയപ്പോൾ ആദ്യം ഏറ്റു വാങ്ങിയതും ചുംബനങ്ങൾ കൊണ്ട് മൂടിയതും എന്റെ നന്ദേട്ടനായിരുന്നു..

അവളുടെ ഓരോ വളർച്ചയിലും ഒരച്ഛന്റെ കരുതലും അഭിമാനവും നന്ദേട്ടന് ഉണ്ടായിരുന്നു.. അഞ്ജുവിനെ പോലെ തന്റേടി അല്ലാതിരുന്നിട്ടും അനുവിനെ താലോലിക്കാൻ നന്ദേട്ടന് ഒരു മടിയുമില്ലായിരുന്നു…

അനു മോൾക്ക്‌ ആദ്യമായി പീരീഡ്സ് ആയപ്പോ വയറു വേദന കൊണ്ടവൾ കരയുന്നത് കണ്ട് ഉറങ്ങാതിരുന്ന മനുഷ്യനാണ് അവളുടെ അച്ഛൻ…

അഞ്ജുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ അന്ന് രാത്രി എന്നോട് പറഞ്ഞത് എന്താന്നറിയുമോ,, അനു മോൾക്ക്‌ ഞാൻ ഒരു രാജകുമാരനെ കണ്ടു പിടിക്കുമെന്ന്.. അത്രത്തോളം സ്നേഹിച്ചിരുന്നു എന്റെ അനു മോളെ അദ്ദേഹം…

ഇതിനിടയിൽ നന്ദേട്ടൻ അറിയാത്ത ഒന്ന് രണ്ടു കാര്യം അച്ഛനിൽ നിന്ന് എനിക്കറിയാൻ കഴിഞ്ഞിരുന്നു..

അതിൽ ഒരു കാര്യം നന്ദേട്ടന്റെ അസുഖം എപ്പോ വേണമെങ്കിലും തിരികെ വരാം എന്നുള്ളതായിരുന്നു … അത്പോലെയുള്ള സാഹചര്യം വീണ്ടും അയാൾക്ക്‌ മുന്നിൽ ക്രീയേറ്റ് ചെയ്യുപ്പെടുകയാണെങ്കിൽ ഒരിക്കൽ കൂടി ആ മാനസിക വിഭ്രാന്തി അയാൾ കാണിക്കും… അതിപ്പോ ഒരു സിനിമ ആയാലോ,, പത്രവാർത്തയായാലോ,, അല്ലെങ്കിൽ അന്നത്തെ സംഭവത്തിലെ ആളെ നേരിൽ കാണണേണ്ടി വന്നാലോ എന്നൊക്കെ… അത്കൊണ്ട് തന്നെ ഈ വക കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന് നന്ദേട്ടനെ ചികിൽസിച്ച ഡോക്ടർ അച്ഛനോട് പറഞ്ഞിരുന്നു..

ബാലുവേട്ടനെ ഇനി ഒരിക്കലും എന്റെ നന്ദേട്ടന് കാണേണ്ടി വരില്ല എന്നുള്ളത് എനിക്കും എന്റെ അച്ഛനും നൂറു ശതമാനം ഉറപ്പാണ്.. കാരണം,, അന്നത്തെ രാത്രി തന്നെ ബാലുവേട്ടൻ ട്രെയിൻ തട്ടി മരിച്ചു എന്ന വാർത്ത അച്ഛനെ തേടി എത്തിയിരുന്നു… അത് ഒരു ആത്മഹത്യ ആയിരുന്നെന്നു പിന്നീടാണറിഞ്ഞത്… ഒരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചയാളാണ് എന്റെ നന്ദേട്ടൻ.. എന്നിട്ടൊടുവിൽ അതേ നന്ദേട്ടൻ കാരണം ആ പാവം മരണത്തിന് കീഴടങ്ങി…

പിന്നെ ശ്രദ്ധിക്കേണ്ടത് അതുപോലുള്ള വാർത്തകളോ സിനിമകളോ ഒന്നും കാണാതിരിക്കലാണ്… അതിൽ പൂർണമായും ഞങ്ങൾ വിജയിച്ചിരുന്നു… കാരണം,, എന്തെങ്കിലും കാര്യങ്ങളിലായിട്ട് നന്ദേട്ടൻ എൻഗേജ്ഡ് ആയിരുന്നു…

പക്ഷെ,,,

അഞ്ജുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ അന്ന് മുതൽ എന്തൊക്കെയോ മാറ്റങ്ങൾ നന്ദേട്ടനിൽ കാണാൻ തുടങ്ങി…

എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ അദ്ദേഹത്തിന് ഒരു ആവേശമായിരുന്നു… അന്ന് വരെ പ്രണയത്തോടെ മാത്രം എന്നെ സമീപിച്ച നന്ദേട്ടൻ പിന്നെ സമീപിച്ചത് കാമത്തോടെ മാത്രമായിരുന്നു… മനഃപൂർവം എന്റെ ശരീരത്തിൽ പല്ലും നഖവും കൊണ്ട് മുറിവുകൾ വീഴ്ത്തും… നീയും കൂടി എന്നെ ചതിച്ചതല്ലേ എന്ന് പറയും…

മറുപടി പറയാനോ ഒന്ന് എതിർക്കാനോ എനിക്ക് കഴിയാറില്ല.. ദേഹത്ത് വെള്ളം കൊള്ളുമ്പോൾ നീറി പുകയുന്ന ഞാൻ എന്റെ മക്കളെ കുറിച്ചോർത്തു മാത്രം എല്ലാം ക്ഷമിച്ചു…

പല പ്രാവശ്യം ഞാൻ പറഞ്ഞു കൊടുത്തിരുന്നു,, അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന്.. അപ്പോഴൊക്കെ ഒരു നിഗൂഢമായ പുഞ്ചിരി എനിക്ക് സമ്മാനിക്കും.. നിന്നെയും അവനെയും തോൽപ്പിക്കാനുള്ള തുറുപ്പു ചീട്ട് എന്റെ കയ്യിലുണ്ടെന്ന് പറയും… ആ തുറുപ്പ് ചീട്ട് എന്റെ മോളാണെന്ന് ഞാൻ ഊഹിച്ചിരുന്നു.. എന്നാലും എനിക്കൊരു വിശ്വാസമുണ്ടായിരുന്നു,, നന്ദേട്ടൻ അനു മോളെ ഒന്നും ചെയ്യില്ലെന്ന്.. പക്ഷെ അതൊക്കെ എന്റെ തോന്നൽ മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ ആ മഴയുള്ള രാത്രിയിൽ സംഭവിച്ചത്…

എനിക്കായി നൽകിയ പാൽ ഞാൻ അദ്ദേഹം കാണാതെ മറിച്ചു കളഞ്ഞിരുന്നു… എന്തോ അകാരണമായ ഒരു ഭയം എന്നെ വേട്ടയാടപ്പെടുന്നത് പോലെ തോന്നിയത് കൊണ്ട് ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…ഒരു വശത്ത് പുറത്ത് തകൃതിയായി പെയ്യുന്ന മഴയുടെ ശബ്ദം കാതിൽ അലോസരം സൃഷ്ടിക്കുന്നുണ്ട്… മറുവശത്ത്‌ സ്വന്തം മകളുടെ ജീവനെ കുറിച്ചുള്ള ആധി മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്…

പലവട്ടം ഞാൻ എന്റെ തൊട്ടരികിൽ കിടക്കുന്ന നന്ദേട്ടനെ നോക്കി…. അദ്ദേഹം ഒന്നുമറിയാതെ മൂടി പുതച്ചു കിടക്കുന്നത് കണ്ടപ്പോൾ ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് എനിക്ക് മനസ്സിലായി അദ്ദേഹം ശരിക്കും ഉറങ്ങിയതാണെന്ന്…. ഓരോന്നാലോചിച്ചു എപ്പഴോ എന്റെ കണ്ണൊന്നടഞ്ഞു പോയ്‌…

ആ സമയത്താകണം നന്ദേട്ടൻ അനുവിനെ ആക്രമിച്ചത്..

ഒടുവിൽ ഉറക്കിലെപ്പഴോ ഞെട്ടിയുണർന്നപ്പോ അരികിൽ നന്ദേട്ടനെ കണ്ടില്ല.. അപ്പോഴാണ് ഞാൻ ഓടി മുകളിലേക്ക് വന്നത്.. അഞ്ജുവിന്റെ മുറിയിൽ അവൾ മാത്രമേ ഉണ്ടായുള്ളൂ.. അടുത്ത മുറിയിൽ കയറിയപ്പോഴാണ് നിലത്ത് ഇരിക്കുന്ന നന്ദേട്ടനെ മാത്രം കണ്ടത്..

തലയ്ക്കു പിറകിലെ മുറിവ് ചെറുതായിരുന്നു.. പക്ഷെ അപ്പോഴും എന്നോട് വെള്ളം വേണം എന്ന് പറഞ്ഞപ്പോഴാണ് ഞാൻ അനു മോളെ കുറിച്ച് ചോദിച്ചത്…

ആ സമയം എന്നോട് നിങ്ങളെ രണ്ടു പേരെയും പറ്റി പറഞ്ഞ കള്ളം കേട്ടപ്പോൾ ഞാൻ വിശ്വസിച്ചത് പോലെ അഭിനയിച്ചത് നിങ്ങളുടെ കാൽപ്പെരുമാറ്റം പിന്നിൽ നിന്ന് കേട്ടത് കൊണ്ട് മാത്രമാണ്..

എന്നെ കണ്ടിട്ടും നിങ്ങൾ അകത്തേക്ക് കയറരുതേ എന്ന് മാത്രമാണ് ഞാൻ പ്രാർഥിച്ചത്.. കാരണം ആ സമയം നിങ്ങൾ അകത്തേക്ക് കയറിയാൽ എനിക്ക് നന്ദേട്ടനെ രക്ഷപ്പെടുത്തേണ്ടി വരും.. വീണ്ടും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരും.. അപ്പോ പിന്നെ എന്റെ അനു മോളുടെ മാനവും ജീവിതവും അയാളുടെ കാൽക്കീഴിൽ അടിയറവു പറയേണ്ടി വരും… എല്ലാത്തിലുമുപരി അവളെ അവളുടെ സ്വന്തം അച്ഛനാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന സത്യം ഈ സമൂഹം മുഴുവൻ അറിയും..

എന്റെ പ്രാർത്ഥന ദൈവം കേട്ടത് കൊണ്ടാകണം നീ അനുവിനെയും കൊണ്ട് അവിടം വിട്ടത്… നീ നിന്റെ വീട്ടിലെത്തുന്ന അത്രയും സമയം മതിയായിരുന്നു എനിക്ക് എന്റെ പ്ലാനിങ് നടപ്പാക്കാൻ…

ഒരിറ്റ് ദാഹ ജലത്തിന് വേണ്ടി കേഴുന്ന എന്റെ നന്ദേട്ടനെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ബെഡിൽ കിടത്തിയത് ഞാനായിരുന്നു..

അപ്പോഴൊക്കെ അനു മോളെ അവൻ നശിപ്പിച്ചു കളഞ്ഞു എന്ന് അദ്ദേഹം കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു…

ആദ്യമായി ഞാൻ അയാൾക്ക്‌ മുഖമടിച്ചു ഒരടി കൊടുത്തത് അന്നായിരുന്നു…

“ഡി,, നീയെന്നെ തല്ലിയല്ലേ,, നിനക്കും നിന്റെ മറ്റവനും കൂടി എന്നെ വീണ്ടും ചതിക്കാനാണോടി എനിക്ക് ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് തരാത്തത്?? പറയെടി.. നാളെ നേരം ഒന്ന് പുലർന്നോട്ടെ,, നിന്റെയും ബാലുവിന്റെയും കണ്മുന്നിൽ വെച്ച് ഞാൻ അവളെ പിച്ചി ചീന്തും… എന്നെ ചതിച്ചതിനുള്ള ശിക്ഷ ഈ ഭൂമിയിൽ വെച്ച് തന്നെ ഞാൻ തരും… ഇന്ന് ഞാൻ അവനെ ടൗണിൽ വെച്ച് ഒന്ന് മിന്നായം പോലെ കണ്ടതാ.. അപ്പോ തൊട്ട് ഞാൻ കണക്ക് കൂട്ടി വെച്ചതാ അവനെ തകർക്കാനുള്ള എന്റെ കുതന്ത്രം.. “

ഇടയ്ക്കൊക്കെ തല ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അദ്ദേഹം വല്ലാത്തൊരവശത്തോടെ എന്നോട് തർക്കിച്ചു…

“ഇനി ഒരക്ഷരം നിങ്ങൾ മിണ്ടരുത്,, മരിച്ചു മണ്ണായ ആ ബാലുവേട്ടനെ നിങ്ങൾ എവിടെ വെച്ച് കണ്ടൂന്നാ പറഞ്ഞത്… ആ മരിച്ച ശരീരത്തിന്റെ ഒരു പിടി ചാരത്തിന്റെ മുന്നിൽ വെച്ചാണോ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ചോരയിൽ പിറന്ന മകളെ പിച്ചി ചീന്തേണ്ടത്???

ഒരായിരം തവണ നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അയാൾ അല്ല എന്റെ കുഞ്ഞിന്റെ അച്ഛനെന്ന്… ഒരാൾക്ക് മുന്നിലെ ഈ സുമ സ്വന്തം ശരീരം സമർപ്പിച്ചിട്ടുള്ളു.. അത് നിങ്ങൾക്ക് മുന്നിലാ.. ആ നിങ്ങളുടെ ഭ്രാന്തിൽ എന്റെ ശരീരം മരവിച്ചു പോയ്‌… ഇപ്പോ എനിക്ക് എന്റെ ശരീരത്തെ പറ്റിയോ മനസ്സിനെ പറ്റിയോ യാതൊരു ചിന്തയുമില്ല… എന്റെ മക്കളെ പറ്റി മാത്രമേ ഞാൻ ഇപ്പോ ഓർക്കുന്നുള്ളു… അവരെ സുരക്ഷിതമാക്കാൻ എനിക്ക് നിങ്ങളെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞു വിട്ടേ മതിയാകൂ… “

അത്രയും പറഞ്ഞു കൊണ്ട് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി…

“അനു എന്റെ മോളല്ല… ബാലു മരിച്ചിട്ടില്ല… അവനാ എന്നെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഇരുമ്പഴിക്കുള്ളിൽ തളച്ചിട്ടത്… ഞാൻ കണ്ടതാ അവനെ… നമ്മുടെ മോളെയും അവൻ കൊന്നു..നീ കണ്ടില്ലേ സുമേ,, നമ്മുടെ അനു മോളെ അവൻ കൊന്നത്.. ഇപ്പോ നമ്മുടെ കൂടെയുള്ളത് അനു മോളല്ല.. എന്റെ മോളല്ല… എന്റെ മോളെ,, എന്റെ അനു മോളെ ബാലു കൊന്നതാ.. പിച്ചി ചീന്തി കൊന്നതാ.. ഞാൻ കണ്ടതാ.. ഞാൻ കണ്ടതാ.. “

പരസ്പര ബന്ധമില്ലാതെ അയാൾ പലതും പറഞ്ഞു തുടങ്ങിയതും പൂർവ്വാധികം ശക്തിയോടെ അയാൾ എഴുന്നേറ്റ് സ്വന്തം തലമുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് എന്തൊക്കെയോ ഭ്രാന്ത് പറയാൻ തുടങ്ങി…

ആ സമയം കൊണ്ട് ഞാൻ അയാളുടെ ഇടതു കൈത്തണ്ടയിലേക്ക് ഒരു സിറിഞ്ചു കുത്തിയിറക്കിയിരുന്നു… ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ അയാളെ മൗനമായി കൊല്ലാൻ ഞാൻ ഒരുക്കിയ വിഷമായിരുന്നു ആ സിറിഞ്ചിലൂടെ അയാളുടെ ശരീരത്തിലേക്ക് പടർന്നു കയറിയത്.. നിമിഷ നേരം കൊണ്ട് അയാൾ പിടഞ്ഞു ബെഡിലേക്ക് വീഴുന്നതും വേദന കൊണ്ട് അയാളുടെ കൈ വിരലുകൾ ബെഡിൽ അമരുന്നതും ഒരു തരം ഉന്മാദത്തോടെ ഞാൻ നോക്കി നിന്നു…

അത് കഴിഞ്ഞയുടൻ ഞാൻ അച്ഛനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.. എന്നെ കൂടാതെ എല്ലാ സത്യങ്ങളും എന്റെ അച്ഛനും അറിയാം… അദേഹത്തിന്റെ മരണം വെറുമൊരു ഹൃദയാഘാതമാക്കി മാറ്റാൻ ഡോക്ടർ ആയ എന്റെ അച്ഛന് കഴിഞ്ഞു.. തലയ്ക്കു പിറകിലെ മുറിവ് ബാത്‌റൂമിൽ തെന്നി വീണപ്പോൾ ഉണ്ടായതെന്ന് ഞാൻ എല്ലാവരെയും ധരിപ്പിച്ചു…

അഞ്ജു മോളെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു ജിത്തുവിന്റെ വീട്ടുകാരോട് സംസാരിക്കാൻ ഏൽപ്പിച്ചതും ഞാനായിരുന്നു…

ആൾക്കാരുടെ മുന്നിൽ വെച്ച് പതം പറഞ്ഞു കരഞ്ഞതും അനു മോളെ ശപിച്ചതുമൊക്കെ എന്റെ വെറും അഭിനയമായിരുന്നു… അതിനൊക്കെ പ്രതിവിധിയായി ഒരുപാട് വഴിപാടുകൾ അമ്മ നേർന്നിട്ടുണ്ട്.. എന്റെ അനു മോളുടെ നല്ല ജീവിതത്തിനു വേണ്ടി.. ആരുമറിയാതെ അമ്മ ഇപ്പോഴും പ്രാർത്ഥിക്കുന്നതും മോൾക്ക്‌ വേണ്ടിയാ…

ഈ ചെയ്തതൊക്കെ തെറ്റാണെന്ന് എനിക്കറിയാം… ഞാൻ അതിനെ ന്യായീകരിക്കുകയുമില്ല,, പക്ഷെ എന്റെ അഞ്ജു മോളുടെ വിവാഹം കഴിയുന്നത് വരെ ഈ കാര്യം രഹസ്യമായിരിക്കാൻ ജിത്തു മോൻ സമ്മതിക്കണം.. അത് കഴിഞ്ഞു ഞാൻ തന്നെ പറഞ്ഞോളാം നിന്റെ വീട്ടുകാരോട്.. “

അത്രയും പറഞ്ഞു കൊണ്ട് അനുവിന്റെ അമ്മ ഒന്ന് നിശ്വസിച്ചു..

“വേണ്ട,,, ഈ രഹസ്യം ഇങ്ങനെ തന്നെയിരിക്കട്ടെ… എന്റെ വീട്ടുകാരെ ഇതൊക്കെ അറിയിക്കണമെന്ന് ഇപ്പോ ഞാനും ആഗ്രഹിക്കുന്നില്ല… എല്ലാം എന്റെ വിധിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം… ആ വിധിയെ എന്നോ ഇഷ്ടപ്പെട്ടു തുടങ്ങിയവനാ ഞാൻ…

പിന്നെ അഞ്ജുവിന്റെ വിവാഹമെങ്കിലും അമ്മ ആഗ്രഹിച്ചത് പോലെ നടത്തണം.. ഒരു കുറവും വരുത്താതെ… “

ഒരു പുഞ്ചിരിയോടെ ദേവ് പറഞ്ഞു നിർത്തിയപ്പോ അവനെ നോക്കി അമ്മ സമ്മതമെന്ന രീതിയിൽ തല ഒന്ന് ചലിപ്പിച്ചു…

“രണ്ടു പേരും വിവാഹത്തിന് വരണം.. ചേച്ചിയുടെ വിവാഹം കൂടാൻ അനു മോള് വേണം ട്ടോ… “

അനുവിന്റെ കവിളിൽ അരുമയോടെ തലോടി കൊണ്ട് അമ്മ പറഞ്ഞപ്പോ അവൾ മറുപടി ഒന്നും കൊടുത്തില്ല..

“ഞാൻ ഇറങ്ങുവാണ്… പറ്റുമെങ്കിൽ പിന്നീടൊരിക്കൽ വരാം.. ഇപ്പോ തന്നെ സമയം ഒരുപാട് വൈകി.. “

അനുവിന്റെ അമ്മ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയപ്പോ അവരെ അനുഗമിച്ചു കൊണ്ട് ദേവും കൂടെ ചെന്നു… കാറിൽ അമ്മയെ കയറ്റി ഡോർ അടക്കുമ്പോഴേക്കും അവൻ പലതും പറയുന്നുണ്ടായിരുന്നു… ആ വാക്കുകളുടെ സന്തോഷത്തിലാണ് അനുവിന്റെ അമ്മ അവിടെ നിന്ന് യാത്ര തിരിച്ചത്..

(തുടരും )

By Ramsi faiz

One comment

Leave a Reply

Your email address will not be published. Required fields are marked *