ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ,
കൂട്ടുകാരോടൊത്ത് കളിച്ചു രസിക്കാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾ,
വല്ലാത്തൊരു ദുരിതകാലംതന്നെ!
എങ്കിലും കുട്ടികളുടെ മാനസീക വിഷമതകൾ ലഘൂകരിക്കാൻ
വിദ്യാലയങ്ങൾ വേണ്ടവിധം ശ്രമിക്കുന്നുണ്ട്, ഓൺലൈനിലൂടെ ധാരാളം
വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരങ്ങൾ ഒരുക്കുന്നുണ്ട്.
അങ്ങനെയിരിക്കെയാണ് ലോക പരിസ്ഥിതി ദിനമായ ജൂൺ 5
കടന്നു വരുന്നത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായ് ഒരുക്കിയ
ചിത്രരചനാമത്സരത്തിൻ്റെ ഫലപ്രഖ്യാപനം നടത്താനുള്ള ചുമതല
എനിക്കായിരുന്നു, അതിനായ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി,
വരച്ച എല്ലാ കുട്ടികളും ചിത്രങ്ങൾ ഗ്രൂപ്പിൽ ഇട്ടു, അതിൽ പല ചിത്രങ്ങളും എന്നെ
വല്ലാതെ അത്ഭുതപ്പെടുത്തി, ഈ പ്രായത്തിലുള്ള കുട്ടികൾ
ഇങ്ങനെ വരക്കുമോ എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.
സംശയം ഉണ്ടെങ്കിൽകൂടി അവയിൽ നിന്ന് മികച്ച 3 ചിത്രങ്ങൾ തെരഞ്ഞെടുത്ത്
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പ്രഖ്യാപിച്ച്
ഗ്രൂപ്പിൽ ഇട്ടു, മറ്റുള്ളവർ വിജയികളെ പ്രശംസിച്ചു.
പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കുന്ന ശീലക്കാരനായ
എൻ്റെ അടുത്ത് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ച മലയാള പുസ്തകവും ഉണ്ടായിരുന്നു,
ഞാൻ പുസ്തകങ്ങൾ സൂക്ഷിച്ച ഇരുമ്പുപെട്ടിയിൽ നിന്ന്
ആ പുസ്തകം തപ്പിയെടുത്തു.
ഗോപാലകൃഷ്ണ ഗോഖലെ എന്ന മഹത് വ്യക്തിയുടെ സ്കൂൾ പഠനകാലത്ത്
ഉണ്ടായ ഒരു അനുഭവം പ്രതിപാദിക്കുന്ന
“മഹത്വത്തിലേക്കുള്ള പാത” എന്ന അദ്ധ്യായം ഫോട്ടോയെടുത്ത്
ഗ്രൂപ്പിലിട്ടു.
അതിനുശേഷം കുട്ടികളുടെ നിർബന്ധപ്രകാരം ഞാൻ തൊട്ടുമുമ്പ്
പ്രഖ്യാപിച്ച ഫലങ്ങൾ എനിക്ക് അടിമുടി മാറ്റേണ്ടിവന്നു.
നമുക്ക് പ്രത്യാശിക്കാം സത്യസന്ധതയുടേയും നന്മയുടേതുമായ
നല്ലൊരു നാളേക്കായ്!!!
എം.വി.എസ് കണ്ണമംഗലം