#ഒരു_സെൽഫി
CM Musthafa Kuttippuram
ഒരു ഒാട്ടം പോയി തിരിച്ചുവരികയായിരുന്നു ഞാൻ. വളാഞ്ചേരി ടൗണിൽ എത്തിയപ്പോൾ അവിടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിനു മുന്നിൽ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. ഇതു കണ്ടപാടെ ഒാട്ടോ ഒരു ഭാഗത്തേക്ക് ഒതുക്കി നിർത്തി എന്താണെന്നറിയാനുളള ആവേശത്തോടെ അവിടെ കൂടിനിൽക്കുന്നവർക്കിടയിലൂടെ നുഴഞ്ഞു കയറി ഏറ്റവും മുന്നിൽത്തന്നെ ഞാൻ ചെന്നു നിന്നു.
അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ സ്ക്രീനിൽ മാത്രം കണ്ടു പരിചയിച്ച മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാർ ഞമ്മുടെ സ്വന്തം മമ്മൂക്ക എന്റെ തൊട്ടുമുന്നിൽ.
ഞാൻ വിശ്വാസം വരാതെ പകച്ചുനിന്നു.
പുതിയ ഷോറൂം ഉദ്ഘാടനത്തിനു വന്നതാണ് മമ്മൂക്ക എന്ന് ആരോ മൈക്കിലൂടെ വിളിച്ചു പറയുന്നതും കേൾക്കാമായിരുന്നു.
ഞാൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു ന്യൂജനറേഷനും ന്യൂജനറേഷനല്ലാത്തവരുമായ അവിടെ കൂടിയ മുഴുവൻ ജനങ്ങളും മൊബൈൽ ഫോണും പൊക്കിപ്പിടിച്ച് മമ്മൂക്കയെ മൊബൈൽ ക്യാമറയിൽ പകർത്താൻ തിക്കും തിരക്കും കൂട്ടുന്നു.
ഞാൻ എന്റെ പോക്കറ്റിൽ കിടക്കുന്ന മൊബൈലിനെ ഒന്നുനോക്കി. പാവം, ക്യാമറയില്ലാത്തതുകൊണ്ടും
സ്മാർട്ട് ഫോണല്ലാത്തതു കൊണ്ടുമാവാം അവൻ നാണം കാരണം തല എന്റെ നെഞ്ചിൽ ചാരി പോക്കറ്റിൽ പതുങ്ങിക്കിടക്കുന്നു.
ഞാൻ മമ്മൂക്കയുടെ മുഖത്തേക്കൊന്നൂടെ നോക്കി
മമ്മൂക്ക എന്നെ തന്നെ ശ്രദ്ധിക്കുന്നതുപോലെ എനിക്ക് തോന്നി.
ഞാൻ ചുറ്റുവട്ടത്തും കൂടിനിൽക്കുന്നവരെ ഒന്നൂടെ ശ്രദ്ധിച്ചുനോക്കി അവർ വിലകൂടിയ നല്ല പാന്റുകളും ഷർട്ടുകളും ടീ ഷർട്ടുകളും മുണ്ടുകളും ഷൂസുകളും ചെരുപ്പുകളുമൊക്കെയാണ് ധരിച്ചിരിക്കുന്നത്.
ഞാനുടുത്ത വസ്ത്രത്തിലേക്കു നോക്കിയപ്പൊ എനിക്ക് തന്നെ നാണം തോന്നി. ഒരു മുഷിഞ്ഞ കാക്കി ഷർട്ടും കളറ് മങ്ങിയ ഒരു ജീൻസ് പാന്റും
കാലിലാണേല് രണ്ട് മാസം മുൻപ് റോഡ് സൈഡിൽ നിന്നും 80 രൂപ കൊടുത്ത് വാങ്ങിച്ച ഒരു ഹവായി ചെരിപ്പും.
മമ്മൂക്ക ചുമ്മാ അല്ല എന്നെ തന്നെ നോക്കുന്നത് ഞാൻ നാണത്താൽ തലകുനിച്ചുനിന്നു.
മമ്മൂക്ക എന്നെ നോക്ക്ണുണ്ടോന്നറിയാനായി ഞാൻ പതിയെ
ഒളികണ്ണിട്ട് മമ്മൂക്കായുടെ മുഖത്തേക്കുനോക്കി.
മമ്മൂക്ക ഹിറ്റ്ലറിലെ മാധവൻ കുട്ടിയെപ്പോലെ എന്നെ തുറിച്ചുനോക്കുന്നു.
മമ്മൂക്കയുടെ നോട്ടം കണ്ട് ഭയന്ന ഞാൻ പതിയെ പിന്നിലേക്കു വലിഞ്ഞു. മമ്മൂക്ക ന്റെ അടുത്തേക്കു വരുന്നു ഞാൻ ഒന്നൂടെ പിറകിലേക്ക് ഉൾവലിഞ്ഞു
ആൾത്തിരക്ക് കാരണം പിന്തിരിഞ്ഞോടാനും സാധിക്കുന്നില്ല്യ
മമ്മൂക്ക ന്റെ തൊട്ടുമുന്നിലെത്തി
ന്റെ കയ്യിൽ കടന്നു പിടിച്ചു മമ്മൂക്കയുടെ ശരീരത്തോട് ചേർത്ത് പിടിച്ചു
തോളിൽ തട്ടികൊണ്ട് വാത്സല്യത്തിലെ വല്ല്യേട്ടൻ പറയുന്നത് പോലെ പതിയെ പറഞ്ഞു. നീ പോകരുത്. നീ ഇവിടെത്തന്നെവേണം.
പിന്നെ കൂടിനിൽക്കുന്നവരുടെ നേരെ വിരൽ ചൂണ്ടി കിംഗിലെ ജോസഫലക്സ് പറയുന്ന പോലുള്ള ഇടിവെട്ട് ശബ്ദത്തിൽ പറഞ്ഞു.
നിങ്ങളേവരും എന്നെ മൊബൈൽ ക്യാമറയിലൂടെ കണാൻ ശ്രമിച്ചപ്പോൾ ഇവന്റെ കണ്ണുകൾ മാത്രമാണ് എന്നെ ശ്രദ്ധിച്ചത്.
ഇതു പറഞ്ഞ് മമ്മൂക്ക എന്നെ ഒന്നൂടെ ചേർത്തു പിടിച്ചു.
ഞാൻ സ്തംഭിതനായി നിൽക്കെ മമ്മൂക്ക എന്റെ കയ്യിലേക്ക് വിലകൂടിയ ഒരു മൊബൈൽ ഫോൺ വച്ചുകൊണ്ടു പറഞ്ഞു. ‘ഇതു നീ വച്ചോടാ..’
നിനക്കും ഇരിക്കട്ടെ ഒരു ക്യാമറാഫോൻ,
ഇതിനിടയിൽ മമ്മൂക്ക മമ്മൂക്കയുടെ കൈവശമുണ്ടായിരുന്ന മറ്റൊരു ഫോണിൽ ഞങ്ങളൊരുമിച്ചുളള ഒരു സെൽഫിയുമെടുത്തു. ഫോൺ എന്റെ നേരെ നീട്ടിക്കൊണ്ട് രാജമാണിക്യത്തിലെ മാണിക്യം ചിരിക്കുന്ന പോലുള്ള ചിരിയും ചിരിച്ച് ഡേയ് ‘ചെല്ലം യെപ്പടി ഇരിക്ക് ഞാനുടത്ത സെൽപി സെൽപിയെക്കുറിച്ച് എന്തര് തോന്ന്ണ് .?
ഞാൻ ചുറ്റുപാടുമൊന്ന് നോക്കി. കൂടി നിന്നവരിൽ പലരും അസൂയയോടെ എന്നെ നോക്കുന്നത് കാണാമായിരുന്നു.
പക്ഷെ, ഞാനതൊന്നും കാര്യമാക്കിയില്ല. ഞാനും മമ്മൂക്കയും ഒരുമിച്ചുളള സെൽഫി കാണാണായി മമ്മൂക്ക നീട്ടിപ്പിടിച്ചിരിക്കുന്ന ഫോണിലേക്ക് ഏറെ ആകാംക്ഷയോടെ നോക്കി. സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഒരുനിമിഷം പകച്ചെങ്കിലും പെട്ടെന്ന് തന്നെ ആവേശത്തോടെ മമ്മൂക്കയെ കെട്ടിപ്പിടിച്ച് വളാഞ്ചേരി ടൗൺ മുഴുവൻ കേൾക്കത്തക്ക വിധത്തിൽ ഞാൻ മമ്മൂക്കാ…മമ്മൂക്കാ… മമ്മൂക്കാ…എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
പിന്നെ ഉറക്കെയുള്ള ഒരു അലർച്ചയാണ് കേട്ടത്.
ഈ നട്ടപ്പാതിര നേരത്ത്…. ങ്ങക്ക് ന്തൂട്ടാ…ന്നെങ്ങനെ വരിഞ്ഞ് മുർക്കാതെ മേത്ത്ന്ന് കയ്യെട്ക്കീന്ന്…ഇല്ലെങ്കി ഞാം ശ്വാസം മുട്ട്യാണ്ട് ചാകും…
ദ് മമ്മൂക്ക്യല്ലാ…..ങ്ങളെ കെട്ട്യോളാണ്…”
CM Musthafa Kuttippuram