ആദ്യമായിട്ടാണ് എന്നെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത്..അതും ബലമായി. ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.

Shyni john

ആദ്യമായിട്ടാണ് എന്നെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത്..
അതും ബലമായി. ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.

ആ സമയത്ത് കരച്ചിലൊന്നും വന്നില്ല. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന അമ്പരപ്പായിരുന്നു. കല്യാണത്തിന് പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു. അതാണോ കാരണം എന്ന് സംശയിച്ചു. എങ്കിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പിഴ കൊടുക്കേണ്ടി വരും. കനത്ത പിഴ വരുമോ എന്നു മാത്രമായിരുന്നു പേടി.

പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വിചാരം മാറി. ക്രിമിനൽ കേസാണ്.
ആ വിവാഹത്തിൽ പങ്കെടുക്കാൻ ഒരു ഗുണ്ട എത്തുന്നുണ്ട്. വിവാഹ വീട്ടിൽ ആരോ ആണ് അയാളുടെ ലക്ഷ്യം. കൊലപാതകത്തിന് തുനിഞ്ഞിറങ്ങിയതാണ്.
പോലീസിൻ്റെ സംസാരത്തിൽ നിന്ന് കൂടുതൽ വ്യക്തമായില്ല

എന്തായാലും ഭയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും കരഞ്ഞു പോയി. അറസ്റ്റു ചെയ്തു കൊണ്ടുപോയ പോലീസുകാരൻ സി.ഐ.ആണ്. അയാൾ ഇടയ്ക്കിടെ ക്രൂരമായി നോക്കുന്നുണ്ട്. പല സന്ദർഭങ്ങളിൽ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടെങ്കിലും ഒരു പ്രതിയായി നിൽക്കുന്നത് ആദ്യമാണ്. അതിൻ്റെ വിറയൽ.. എന്നാലും എന്തിന് പിടിച്ചു കൊണ്ടുവന്നു എന്നു മാത്രം വ്യക്തമായില്ല.

പോലീസ് പിടിച്ചു കൊണ്ടു നിർത്തിയിട്ട് സമയം കുറച്ചായി. രാത്രിയാകാൻ പോകുന്നു. അപ്പോൾ സി.ഐ. അടുത്തേക്ക് വന്ന് ദയ ഇല്ലാതെ നോക്കി. എന്നിട്ട് ആ ക്രിമിനലുമായി എന്താണ് ബന്ധം എന്ന് ചോദിച്ചു.

“ഏത് ക്രിമിനൽ ” എന്ന ചോദ്യത്തിന് മെസഞ്ചർ തുറന്നു കാണിച്ചു. എഫ്.ബി.സുഹൃത്ത്.
നീണ്ട ചാറ്റ് ലിസ്റ്റ് ..
വർഷങ്ങളുടെ സൗഹൃദം. നാളെ ഒരേ വിവാഹ പന്തലിൽ വെച്ചു കാണാമെന്നും അവിടെ വെച്ച് പറഞ്ഞതു പോലെ ചെയ്യാമെന്നും ഉറപ്പ് നൽകിയിരിക്കുന്നു.

വാടകഗുണ്ടയുമായി എന്താണ് ബന്ധമെന്ന് സി.ഐ ലാത്തി കൊണ്ട് മുഖത്തൊരു കുത്തു തന്ന് വീണ്ടും ചോദിച്ചു. വേദനിച്ചില്ല. പതുക്കെയാണ്.
പക്ഷേ വിറച്ചു.

ആ പണ്ടാരക്കാലൻ വാടക ഗുണ്ടയാണെന്ന് ആരറിഞ്ഞു. നാളെ ഇതേ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും നാളത്തെ സൗഹൃദം ഉണ്ടായിട്ടും കാണാൻ കഴിഞ്ഞില്ല. അവിടെ വെച്ച് കാണാമെന്ന് പറഞ്ഞതാണ്. അപ്പോൾ കാണാം പക്ഷേ സംസാരിക്കരുത്. അവിടെ തനിക്കൊരു പണി ഉണ്ടെന്ന് അവൻ പറഞ്ഞത് ഓർമ വന്നു. ആ പണിയിൽ എന്നെ കൂടി പ്രതി ചേർക്കാനാണ് പോലീസിൻ്റെ പദ്ധതി എന്ന് മനസിലായി.

അതോടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു.കണ്ണീർ ഒഴുകി തുടങ്ങി.

സി.ഐ. അവനുമായി ചേർന്ന് ലഹരി കടത്തിയിട്ടുണ്ടോന്ന് ചോദിച്ചു. പിന്നെന്തൊക്കെയോ ചോദിച്ചു.

ഒടുവിൽ സർവ നാണക്കേടും മറന്ന് കൈകൂപ്പി
” എൻ്റെ പൊന്നു സാറേ എനിക്കൊന്നുമറിയില്ലേ” എന്ന ടൂണിൽ കരയാൻ തുടങ്ങി.

കരച്ചിൽ കണ്ട് സി.ഐ. അന്തം വിട്ടു. “മര്യാദയ്ക്ക് പറയെടി എന്താ ബന്ധം?” എന്നലറി.

” ബന്ധം ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ ” എന്ന് പിന്നെയും കരഞ്ഞു.

” ബന്ധം ഇല്ലാഞ്ഞിട്ടാണോ ഇത്രയും വർഷം നീണ്ട ചാറ്റ് “.

” ദിവസവും ചായ കുടിച്ചോ ചോറു തിന്നോ ” എന്നൊക്കെ ചോദിക്കുന്നത് ഒരു തെറ്റാണോ സാർ.. “

സി.ഐ.യ്ക്ക് ചിരി വരുന്നുണ്ടോ.
വന്നാൽ തന്നെ നമ്പമാട്ടേൻ.. കൊലച്ചിരി ആയിരിക്കും.

“മര്യാദയ്ക്ക് പറയെടി .. നീയും അവനും കൂടി ആരെ കൊല്ലാനാ പ്ലാനിട്ടത്. എത്ര ലക്ഷത്തിനാണ് നിൻ്റെ ക്വട്ടേഷൻ .”?

” ലക്ഷം.. സാറിന് എന്തറിയാം. പേഴ്‌സിൽ അഞ്ഞൂറ് രൂപയുണ്ട്. അതും കൊണ്ടാണ് കല്യാണത്തിന് പോകാനിറങ്ങിയത് “

“നിന്നെക്കൊണ്ട് പറയിച്ചിട്ടേ ഞാൻ വിടൂ ” എന്ന് സി.ഐ അലറി. ഞെട്ടിപ്പോയി. എന്നിട്ടും കരഞ്ഞുകൊണ്ട് പറഞ്ഞു
“എന്നെക്കൊണ്ട് പലതും പറയിപ്പിക്കാൻ സാറിന് കഴിയും… ഞാൻ പേടിച്ചിട്ട് പലതും വിളിച്ച് പറഞ്ഞെന്നും വരും. പക്ഷേ തെളിയിക്കാൻ സാറിന് പറ്റില്ല… കാരണം പേടിച്ചിട്ട് പറയുന്ന നുണകൾ ഒന്നും സത്യമാകില്ലല്ലോ.”

കരഞ്ഞുകൊണ്ട് പതം പറയുന്ന എന്നെ അവിടെ ഇരുത്തിയിട്ട് സി.ഐ തൻ്റെ കസേരയിൽ പോയിരുന്നു.
സഹപ്രവർത്തകർക്ക് പല നിർദ്ദേശങ്ങളും കൊടുത്തു. ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞു.

ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. സി.ഐയ്ക്ക് ഒടുക്കത്തെ ഗ്ളാമർ . പത്തു നാൽപ്പത് വയസു കാണും. അതൊക്കെ ഒരു വയസാണോ. സിനിമയിൽ പോലും ഇത്ര സുന്ദരനും സുമുഖനുമായ ഒരു പോലീസുകാരനെ കണ്ടിട്ടില്ല. നോക്കി നോക്കി ഇരിക്കുമ്പോൾ തോന്നി അറസ്റ്റ് ചെയ്തു കൊണ്ടു വന്നത് നന്നായി. ഇനി ജയിലിൽ കിടക്കേണ്ടി വന്നാലും നഷ്ടമില്ല.

സി.ഐ. തുറിച്ച് നോക്കി “എന്താടി ” എന്ന് ചോദിച്ചു. സൗന്ദര്യ ആസ്വാദനത്തിനിടെയിൽ ആ ചോദ്യം ശരിക്ക് കേട്ടില്ല. സി .ഐ യുടെ മുഖത്ത് നാണം വന്നോ.. അതോ തോന്നിയതാണോ?

രാത്രിയായി. എത്ര നേരം ഇവിടെ ഇരിക്കേണ്ടി വരും.. എന്തായിരിക്കും അടുത്ത നടപടി .. അടിയും തൊഴിയും കിട്ടുമോ? കോടതി … ജയിൽ ….

” നിൻ്റെ വീട്ടിൽ നിന്നൊരാളെ വിളിക്കാൻ പറഞ്ഞിട്ടുണ്ട് “
ചിന്തിച്ചിരിക്കുമ്പോൾ സി.ഐ പറഞ്ഞു. അപ്പോൾ തന്നെ ആൾ എത്തി.
അനിയത്തി .
മഞ്ജു.

“രണ്ടു പേരും അവിടെ ഇരുന്നോ. നേരം വെളുത്തിട്ട് പോകാം ” എന്ന് സി.ഐ. പറഞ്ഞു.

” പോകാമെന്നോ?”

“അതെന്താ വീട്ടിൽ പോകാൻ മനസില്ലേ.”? സി.ഐ. ചോദിച്ചു.

ഇല്ല .. എന്നതാണ് സത്യം .
നിർബന്ധിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ.

സി.ഐയെ നോക്കി ചിരിച്ചു. സി.ഐ. ഇങ്ങോട്ടും ചിരിച്ചു. കണ്ണുകൾ കൂട്ടിമുട്ടി . തീപ്പൊരികൾ പറന്നു.

പിന്നെ മഞ്ജു വന്നതോടെ പോലീസ് സ്റ്റേഷൻ ആണെന്ന് മറന്നു. ചിരിയായി കളിയായി വർത്തമാനമായി. സി.ഐ. കൗതുകത്തോടെ നോക്കുന്നു.നോട്ടങ്ങൾ കൂട്ടിമുട്ടുന്നു.

നേരം വെളുക്കാറായി. സി. ഐ യുടെ മുഖത്ത് ദു:ഖഛായ .

“നേരം പുലർന്നാൽ താൻ പോവില്ലേ. ” സി.ഐ കസേരയിൽ ഇരുന്ന് തന്നെ ചോദിച്ചു.

” പോകും” പോകാതെ പറ്റില്ലല്ലോ.

” വിളിക്കണം… എന്നും വിളിക്കണം”
സി.ഐ.പറഞ്ഞു.

അതിന് മറുപടി പറയാൻ നോക്കവേ കാലിൽ ഒരു കടിയേറ്റു.
ഞെട്ടിയുണർന്നു. നോക്കുമ്പോൾ പ്രതീഷ് പൂച്ച.

എട്ടരയായിട്ടും കിടന്ന് സ്വപ്നം കാണാതെ വല്ലതും തിന്നാൻ താടീ എന്ന് പൂച്ച രൂക്ഷമായി നോക്കി.കൂടെ തെറി എന്ന് തോന്നുന്ന ഒരു മ്യാവൂ.

ഫോൺ നമ്പർ വാങ്ങാൻ പറ്റിയില്ല.😭

Leave a Reply

Your email address will not be published. Required fields are marked *