“ഡിവോഴ്സ്” പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരെയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം !!!!!!!!!!!!!

തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ?????????

ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെ ഉള്ള മധ്യവയസ്കൻ ആയിരിക്കും , മറ്റു ചിലപ്പോൾ പൊടി മീശ പോലും വളരാത്ത നാട്ടുകാരൻ പയ്യൻ ആയിരിക്കും, അതുമല്ലെങ്കിൽ സ്വന്തം ഭാര്യയെ ഉറക്കി കിടത്തിയിട്ട് എന്നോടുള്ള “ആത്മാർത്ഥ ” സ്നേഹം കാണിക്കുന്ന നവവരൻ…. ഇതൊന്നുമല്ലെങ്കിൽ നന്മ മരം ആയ വകയിലെ അമ്മായിയുടെ മോനും ആവാം……

പോയാൽ ഒരു വാക്ക്, കിട്ടിയാൽ കുറച്ച് നേരത്തേക്ക് നീണ്ടു നിൽക്കുന്ന ഒരു ഓൺലൈൻ സുഖം…..
അതിനപ്പുറം ഏത് ആണായി പിറന്നവൻ ആണ് എനിക്ക് വേണ്ടി ഇത്ര വിതുമ്പുന്നത്????

ഞാൻ ഈ പോസ്റ്റ്‌ ഇടാൻ ഉള്ള കാരണം


ഇന്നലെ എന്റെ മോളുടെ ഡാൻസിന്റെ അരങ്ങേറ്റം ആയിരുന്നു.സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുമ്പ് മോളെ ചേർത്ത് നിർത്തി എടുത്ത സെൽഫി, ഞാൻ ഫെയിസ് ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയിതു….പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടിൽ ചെന്നു ഫെയിസ് ബുക്ക്‌ നോക്കിയപ്പോൾ അതിനു താഴെ ഒരുത്തന്റെ കമന്റ്👇

ഇതിപ്പോൾ അമ്മയെ ആദ്യം അരങ്ങേറ്റം ചെയ്യണോ അതോ മോളെ ആദ്യം ചെയ്യണോ???? ഇജ്ജാതി സ്ട്രക്ച്ചർ രണ്ടും….. ആകെ കൺഫ്യൂഷൻ ആയല്ലോ !!!

എന്തായാലും സ്റ്റേജ് എന്റെ വക ഫ്രീ#

വെറും 11 വയസ്സുള്ള എന്റെ മോളെയും എന്നെയും ചേർത്തിട്ട കമന്റ് ആണിത്…..അവനെ ആളുകൾ കേറി മേയാൻ തുടങ്ങിയപ്പോഴേക്കും അവൻ ആ കമന്റ് ഡിലീറ്റ് ആക്കിയെന്നു മാത്രമല്ല, അക്കൗണ്ട് തന്നെ റിമൂവ് ചെയ്‌തു….

“ഡിവോഴ്സ്ഡ് വുമൺ” എന്നാൽ ഒന്ന് എറിഞ്ഞു നോക്കാൻ പറ്റിയ മാവ് ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന “ചില ” പിതാവിന് മുമ്പ് ഭൂജാതൻ ആയ മക്കളോട് എനിക്ക് പറയാൻ ഉള്ളത്……………………

ഡിവോഴ്സ് എന്ന തീരുമാനം കൈക്കൊള്ളുന്നത് മുതൽ, മാസങ്ങൾക്കു ശേഷം ആ പേപ്പർ കയ്യിൽ കിട്ടുന്ന ദിവസം വരെയുള്ള ഒരു കാലയളവ് ഉണ്ട്…..ആ കാലയളവിൽ ആ സ്ത്രീ ആർജിക്കുന്ന കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കണ്ണുനീരിന്റെയും സഹന ശക്തിയുടെയും തട്ട് എടുത്താൽ നിന്റെയൊക്കെ ആണത്തം പേരിനു പോലും പൊങ്ങില്ല…….

കൂട്ടുകാരികൾക്കിടയിൽ എനിക്കൊരു വിളിപേരുണ്ട്, പാവങ്ങളുടെ മാധവികുട്ടി….വല്യ എഴുത്തുകാരി ആയത് കൊണ്ടു ചാർത്തി തന്നതല്ല…വിഷയം ഏത് ആയാലും സദാചാര ഓൺലൈൻ ജഡ്ജിമാരെ പേടിച്ചു അക്ഷരങ്ങൾ വിഴുങ്ങാത്തത് കൊണ്ടു കിട്ടിയതാണ്…….

അയൽവക്കത്തെ പയ്യൻ ഇമേജ് ഉള്ള സീരിയൽ നടൻ മുതൽ സ്ത്രീകളെ അടച്ച് ആക്ഷേപിക്കുന്ന പൊളിറ്റീഷ്യൻ കിംഗ് വരെ, സൂര്യൻ അസ്തമിച്ചാൽ ഇഷ്ടപെട്ട പൊസിഷനും ഇട്ടേക്കുന്ന കളറും ചോദിച്ചു ഇൻബോക്സിൽ കുറുകാറുണ്ട്.ബ്ലോക്കിയാൽ ഒരു പക്ഷെ എനിക്ക് സ്വയം രക്ഷ തൽക്ഷണം നേടാം… പക്ഷെ, ഒരിക്കലും രണ്ടാമതൊരു പെണ്ണിന്റെ അടുത്ത് പോവാനുള്ള ഭയം അവന് അതിൽ നിന്നും ഉണ്ടാവില്ല… അതിനുത്തരം പച്ചക്കു പറഞ്ഞാൽ, സമൂഹം അറിയത്തക്ക വിധത്തിൽ തൊലിയൂരി വിടുക എന്നത് തന്നെയാണ്….

ഇവളെയൊക്കെ കളഞ്ഞവന്മാര് എന്ത് പോങ്ങൻമാരാ ?????? ഇജ്ജാതി ഐറ്റം !!! ഉഫ്ഫ്ഫ്ഫ്ഫ്ഫ്…………….

സദാചാര കുരു ഇത് വായിച്ച് ആർക്കും പൊട്ടണ്ട,കാരണം ഇതിനപ്പുറം, ഞാൻ ഉൾപ്പെടുന്ന ഡിവോഴ്സ്ഡ് സ്ത്രീകളെ കുറിച്ചു പറയുന്ന ആൺ വർഗം ഉണ്ട് ……നല്ല അന്തസ്സായി ഞാൻ ഉൾപ്പടെ ഉള്ള സ്ത്രീകളോട് പെരുമാറുന്ന പുരുഷ സുഹൃത്തുക്കൾക്കു കൂടി ഇത്തരം ചെറ്റകൾ അപമാനം ആണ്……രാത്രി 10 മണിക്ക് ശേഷം ഒന്ന് ഓൺലൈനിൽ കണ്ടുപോയാൽ മൂത്ത് നിൽക്കയാണെന്നാണ് പലരുടെയും വെപ്പ്….ഇത് ഞങ്ങൾ ഡിവോഴ്സ്ഡ് ആയ സ്ത്രീകൾക്ക് മാത്രമല്ല ബാധകം, പ്രവാസികൾ ആയ ലക്ഷ കണക്കിന് ഭാര്യമാരുടെയും, ഭർത്താവ് അകാലത്തിൽ മരിച്ചിട്ടും മക്കളെ പൊന്നു പോലെ വളർത്തുന്ന അമ്മമാരുടെയും, ഓരോ പെങ്ങൾമാരുടെയും കൂടി കഥയാണ് ……. രണ്ടു ശരീര ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടിച്ചാൽ കിട്ടുന്ന ചൂട് അല്ല ഞങ്ങൾക്ക് ഒരു പുരുഷനിൽ നിന്നും വേണ്ടത്…സഹജീവി എന്ന പേരിൽ ഒരു പരിഗണന……അത് മാത്രം മതി…. കൂട്ടത്തിൽ “സിമ്പതി “യുടെ പേരിലെ പരിചരണം ആരിൽ നിന്നും വേണ്ടേ വേണ്ട 🙏🙏🙏

എന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നു…അത് കൊണ്ട് തന്നെ വിവാഹ ജീവിതത്തിൽ സംഭവിച്ച താഴപിഴകളിൽ എനിക്ക് ഒന്നിനോടും പരിഭവം ഇല്ല… പരിഭവിക്കാൻ തക്ക അർഹതയും എനിക്കില്ല….. നൃത്തം എന്റെ ജീവൻ ആയിരുന്നു… അദ്ദേഹത്തിന് വേണ്ടി ആ കല ഞാൻ ഉപേക്ഷിച്ചു,കൂട്ടത്തിൽ പലതും…..മനസ്സിലാക്കേണ്ടവ മനസ്സിലാക്കേണ്ട സമയത്ത് സ്വായത്തമാക്കാൻ കഴിയാത്തതാണ് അദ്ദേഹവുമായുള്ള ബന്ധത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും വല്യ തെറ്റ്…പ്രസവ മുറിയിൽ ഞാൻ പ്രാണവേദന കൊണ്ട് പുളയുമ്പോൾ അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി കിടപ്പറ പങ്കിടുക ആയിരുന്നു….ഒരു ഗർഭിണിയുടെ ഏറ്റവും മനോഹരവും പവിത്രവും ആയ ശരീര ഭാഗം അവളുടെ ഉദരം ആണ്….താൻ ഒരു അമ്മ ആകാൻ പോകുന്നു എന്ന് സമൂഹത്തോട് അവൾ വിളിച്ചു പറയുന്നത് ആ നിറ വയർ കാട്ടിയാണ്….സിസേയറിയത്തിന് ശേഷം ഉള്ള എന്റെ ഉദരത്തിലെ തുന്നികെട്ടലുകൾ കാണുന്നത് പോലും അദ്ദേഹത്തിന് എന്നിൽ അരോചകം ഉളവാക്കി……..എന്തിനേറെ പറയുന്നു, സിസേറിയത്തിനു ശേഷമുള്ള എന്റെ വയറ്റിൽ വെറുപ്പോടെ എത്രയോ തവണ അദ്ദേഹം കാർക്കിച്ചു തുപ്പിയിട്ടുണ്ട്……..

മറ്റൊരു ദിവസം കുഞ്ഞിന് മുലയൂട്ടി കൊണ്ടിരുന്ന എന്റെ ഇരു കാൽപാദങ്ങളിലും, അദ്ദേഹം മദ്യപിച്ചു വന്നിട്ട് മുള്ള് ആണികൾ അടിച്ചു കയറ്റിയിട്ടുണ്ട്…. എന്റെ മോൾക്ക് വേണ്ടി ആ വേദന വരെ കടിച്ചമർത്തി ഞാൻ ഇരുന്നിട്ടുണ്ട്…പട്ടിണിയും ദാരിദ്ര്യവും മൂലം വരുമാന മാർഗത്തിനായി കുട്ടികളെ പഠിപ്പിക്കാൻ ചിലങ്ക അണിഞ്ഞതിനു അദ്ദേഹം തന്ന ശിക്ഷ… ഇതിനപ്പുറം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല………….പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു, വെറും 22 ആം വയസ്സിനുള്ളിൽ ജീവിതം പഠിപ്പിച്ചു തന്നതിന്, കരുത്തും തന്റേടവും ആത്മവിശ്വാസവും ഉള്ള പെണ്ണ് ആക്കി എന്നെ മാറ്റിയതിന്…… നന്ദി……………..

എനിക്ക് അറിയാം ഒരു പെണ്ണായ എനിക്ക് ഒരിക്കലും ഒരു അച്ഛന്റെ സ്ഥാനം അലങ്കരിക്കാൻ ആവില്ല, പക്ഷെ ആ തോന്നൽ എന്റെ മോളിൽ ഉടലെടുക്കാത്തടത്തോളം കാലം ഞാൻ എന്ന അമ്മ വിജയമാണ് അവളുടെ മുന്നിൽ………..
സഹപാഠികൾ ഒക്കെ അച്ഛനെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോൾ എന്റെ മോളുടെ മനസ്സ് വിങ്ങുന്നുണ്ടാവാം….പക്ഷെ അവൾ അദ്ദേഹത്തെ കുറിച്ച് ഒരക്ഷരം എന്നോട് ഇത് വരെയും ചോദിച്ചിട്ടില്ല എന്നതാണ് സത്യം…..

ഇന്നെനിക്ക് ആറക്ക ശമ്പളം ഉണ്ട്,അത് കൂടാതെ അത്യാവശ്യം അറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസർ ആണ്, ഒരു കുറവും വരുത്താതെ എന്റെ മോളെ ഞാൻ വളർത്തുന്നു…..

22 ആം വയസ്സിൽ അദ്ദേഹത്തോടുള്ള വാശിയിൽ നേടി എടുത്തത് തന്നെയാണ് ഇന്നെന്റെ സൗഭാഗ്യങ്ങൾ എല്ലാം…………

ഇനിയൊരു വിവാഹം കഴിക്കില്ല എന്ന ശപഥം ഒന്നും ഞാൻ എടുത്തിട്ടില്ല……എന്റെ മോളുടേത് ഒരു പ്രണയ വിവാഹം ആണെങ്കിൽ അതിനെ ഞാൻ സപ്പോർട്ടും ചെയ്യും നൂറു ശതമാനം….എന്റെ വിധി എന്റേത് മാത്രമാണ്…വഴി പിഴച്ചു നടക്കുന്ന ഏതാനും ഡിവോഴ്സ്ഡ് സ്ത്രീകളെയും എനിക്ക് അറിയാം… അത് കൊണ്ട് ഞാൻ ഉൾപ്പെടുന്ന സ്ത്രീ വർഗ്ഗത്തെ വെള്ള പൂശി ഭദ്രമായി ഒരിടത്തു പ്രതിഷിക്കുക അല്ല…ആയതിനാൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഏത് പെണ്ണിനേയും കേറി അങ്ങ് മേയാം എന്നൊരു ധാരണ ഉണ്ടേൽ അത് അങ്ങ് മാറ്റി വെക്കണം……..

ഇപ്പോൾ ഞാൻ പോയിക്കൊണ്ടിരിക്കുന്നത് എന്റെ പോസ്റ്റിനു കമന്റ് ഇട്ട ആ വ്യക്തിയുടെ വീട്ടിലേക്കു ആണ്… ഓൺലൈനിൽ കിടന്നു തെറി പറയാനോ, നിന്റെ വീട്ടിൽ ഉള്ളവരോടും ഇങ്ങനാണോ പറയുന്നത്??? തുടങ്ങിയ ക്‌ളീഷേ ഡയലോഗ് ഒന്നും എനിക്ക് വശമില്ല……..

നേരെ വാ നേരെ പോ

ഞാൻ അറിഞ്ഞടത്തോളം അയ്യാൾ ഒരു വിവാഹിതൻ ആണ്,9 വയസ്സുള്ള ഒരു മോളുടെ അച്ഛനും ആണ്…. എന്ന് വെച്ച് അയ്യാളുടെ ഭാര്യ, അമ്മ, മകൾ തുടങ്ങിയ സെന്റിമെന്റ്സ് ഒന്നും എനിക്കില്ല…അച്ഛനില്ലാതെ 11 വർഷമായി ഒരു കുഞ്ഞിനെ പോറ്റുന്ന ഞാൻ അവരെക്കാൾ ഇച്ചിരി അർഹത അർഹിക്കുന്നു എന്ന് കൂട്ടിക്കോളൂ…..ചോദിക്കാനും പറയാനും ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന പൂർണ ബോധ്യം ഉണ്ട്……….ഈ മാന്യന്റെ തനി സ്വരൂപം ഇന്ന് ഞാൻ അവർക്കു മുമ്പിൽ കാട്ടി കൊടുത്തില്ലെങ്കിൽ ആ 9 വയസ്സായ മോളോട് ഞാൻ കാണിക്കുന്ന ഏറ്റവും വല്യ അപരാധം ആയിരിക്കും അത്……. സ്വന്തം അച്ഛൻ മകളെ പീഡിപ്പിച്ചെന്ന വാർത്ത കേൾക്കാൻ ഇട വരരുത്….എവിടയോ ഉള്ള 11 വയസുള്ള പെൺകുട്ടിയുടെ ശരീരം അവനിൽ കാമം ഉണർത്തി എങ്കിൽ, ഒരേ റൂമിലെ സ്വന്തം മോളോടും അത് കാണിക്കുന്ന ദൂരം വിദൂരമല്ല….

അവരുടെ മുമ്പിൽ വെച്ച് അവന്റെ സ്ക്രീൻഷോട്ട് കാണിച്ചു കൊടുക്കണം , അവനെ കൊണ്ട് മാപ്പ് പറയിപ്പിക്കണം, എന്റെ മോളെ കൊണ്ട് ചെരുപ്പൂരി അവന്റെ കരണത്തു അടിപ്പിക്കണം ….ഇത്രയേ ഉള്ളൂ എന്റെ ലക്ഷ്യം….വിട്ടു കളയാൻ പറ്റില്ല………

കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ, അഹങ്കാരി…….
നോ പറയേണ്ടത്ത് കരണകുറ്റി അടിച്ചു പൊട്ടിച്ചാൽ പോക്ക് കേസ്………
ഡബ്‌സ്മാഷിൽ ഏതേലും പ്രണയ രംഗം ചെയ്താൽ മുട്ടി നിൽക്കുന്നവൾ………
രാത്രി 10 മണി കഴിഞ്ഞ് ഓൺലൈനിൽ വന്നാൽ ഹോട്ട് സാധനം …………

ഇവയൊക്കെ അലങ്കാരത്തിന് സമൂഹം എനിക്ക് ചാർത്തി തന്ന “കിരീടം” ആണെങ്കിൽ ഞാൻ അത് അഭിമാനത്തോടുകൂടി കൊണ്ട് നടക്കുന്നു 🙂

മായാദർശിനി
ഒപ്പ്

(NB: മായദർശിനിയും ഈ ആർട്ടിക്കിളും ഒരു സാങ്കല്പിക കഥ ആണ്)

©️ Darsaraj surya

One comment

Leave a Reply

Your email address will not be published. Required fields are marked *