ആ ഹോസ്പിറ്റലിലെ നാലാം നിലയിൽ 540 – നമ്പർ മുറിയിൽ വന്നിട്ട് ഇന്നേക്ക് എത്ര കാലമായെന്ന് അവൾക്ക് തന്നെ നിശ്ചയമില്ല.
രോഗങ്ങൾ കാർന്നുതിന്നുന്ന ശരീരവും
വെച്ചവൾ മരണത്തെക്കാത്ത് കിടന്നു.
വാതിൽ തുറക്കുന്നതിന്റെ ഓരോ മുരൾച്ചയും കേട്ടവൾ പ്രതീക്ഷയോടെ ശിരസ്സ് പതിയെ ഉയർത്തി നോക്കും..
ഇളം നീല വസ്ത്രമണിഞ്ഞ പെൺകുട്ടികൾ വന്ന് ..വേദനസംഹാരികൾ കൊടുക്കുന്നു.
ഇൻസുലിൻ എടുക്കുന്നു..
പ്രഷർ നോക്കുന്നു..
എന്തിന് വേണ്ടി..?
ചിലപ്പോൾ തോന്നും ഇവിടുന്ന് ഇറങ്ങിയോടിപ്പോയാലോ എന്ന്..
ആരോരുമില്ലാത്ത വിജനമായ കാട്ടുചെടികളും കാട്ടുവള്ളികളും നിറഞ്ഞൊരിടത്ത് തണുത്ത മണ്ണിൽ മലർന്ന് കിടന്ന് നീലാകാശം കണ്ട് ശാന്തമായി മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
ഈ വേദനകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് ..
അങ്ങകലെ പാറി നടക്കുന്ന പക്ഷികളെപ്പോലെ നിർഭയത്തോടെ പറന്ന് നടക്കണം..
ജീവിച്ചിരിക്കുമ്പോൾ ആസ്വദിക്കാൻ കഴിയാത്ത ഈ അത്ഭുതലോകത്തെ കൺകുളിർക്കേ കാണണം.. മേഘങ്ങൾക്കിടയിലൂടെ ..
ആകാശഗംഗയിലൂടെ…
സ്വർഗ്ഗീയ്യ ആരാമങ്ങളിലൂടെ…
അലഞ്ഞ് നടക്കണം.
അവളുടെ ചിന്തകൾക്ക് ഫുൾസ്റ്റോപ്പ് നൽകി കൊണ്ട് ഡോക്ടറും മൂന്ന് നഴ്സുമാരും വാതിൽ തുറന്ന് അകത്ത് വന്നു.
അടുത്ത ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങൾ ..
ചില കടലാസുകളിൽ ഒപ്പുവെപ്പിച്ചു.
സ്നേഹം സംഭാഷണം കഴിഞ്ഞ്
ടക് ടക് എന്ന ശബ്ദത്തിൽ തന്റെ തിളങ്ങുന്ന ഷൂ ആത്മവിശ്വാസത്തോടെ ചവിട്ടിക്കൊണ്ട് ഡോക്ടർ തിരിച്ചു പോയി.
മകന്റെ അടുത്ത സുഹൃത്തായത് കൊണ്ട് അവളുടെ കാര്യത്തിൽ ഡോക്ടർക്ക് പ്രത്യേക താത്പര്യമുണ്ട്.
എന്തു വില കൊടുത്തും അമ്മയുടെ ജീവൻ രക്ഷിക്കണമെന്നവൻ അവൻ വിളിച്ചു പറഞ്ഞിട്ടുണ്ട് .
പക്ഷേ അമ്മയ്ക്ക് വേണ്ടത് അവൻ അറിഞ്ഞിട്ടില്ല .അതോ അറിയാത്ത പോലെ നടിക്കുകയാണോ..?
പിറ്റേന്ന് അവളുടെ 540 മുറിയിലെ ബെഡ് ശൂന്യമായിരുന്നു.
അവളുടെ തിരോധാന വാർത്ത പരന്നു…
അധികം വൈകാതെ അവരറിഞ്ഞു അവൾ തണുത്ത മണ്ണിൽ ആകാശം കണ്ട് മലർന്ന് മരവിച്ചു കിടക്കുകയാണെന്ന് .
Hazooriya