ഹേമ ഉറങ്ങാത്ത രാത്രി
ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളം
തന്റെ ഉടലിനെ തഴുകി ഒഴുകിയപ്പോൾ ഹേമയ്ക്ക് മനസ്സിനും ശരീരത്തിനും ഒരു ഉൻമേഷം തോന്നി..
കുളി കഴിഞ്ഞ് വസ്ത്രം മാറി തുളസിതറയിൽ വെള്ളമൊഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയൽക്കാരി സുശീലയുടെ വരവ്.
എടീ … ഹേമേ നീയിന്ന് അമ്പലത്തിലേക്കില്ലെ?
ഇന്നാണ് തിറയാട്ടം തീരുന്നത്
ഇന്നലെ ഉറക്കം ഒഴിഞ്ഞതിന്റെ ക്ഷീണം മാറിയില്ല. രാത്രി വരാം അപ്പോഴല്ലേ ഗാനമേള..
ചെറുപ്പം മുതലേ ഹേമയ്ക്ക് പാട്ടുകൾ ഇഷ്ടമായിരുന്നു. അടുക്കളയിലായാലും അലക്കുമ്പോഴായാലും ബാത്ത്റൂമിലായാലും ഹേമയുടെ വായിൽ നിന്നൊരു മൂളിപ്പാട്ട് വരും.
കെട്ടുന്നുണ്ടങ്കിൽ ഒരു പാട്ട്കാരനെ കെട്ടിയാൽ മതിയെന്ന് അവൾ പലവട്ടം അമ്മയോടും കൂട്ടുകാരികളോടും പറയും. പറഞ്ഞിട്ടെന്താ കാര്യം അവസാനം കെട്ടിയതോ പാട്ട് കേട്ടാലുടൻ ഉറങ്ങി പോകുന്ന ഒരു കണക്ക് മാഷിനെ .
വിധിയുടെ വിളയാട്ടം അല്ലാതെന്തു പറയാം
ശ്രവണ സുദരമായ ശബ്ദങ്ങൾ കൊണ്ട് മനസിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം
മനുഷ്യന്റെ സകല വികാരങ്ങളെയും ദുഃഖത്തേയും സംഘർഷങ്ങളെയും സംഗീതത്തിലൂടെ ആവിഷ്ക്കരിക്കുന്നു.. സങ്കടങ്ങൾ വരുമ്പോഴും സന്തോഷം വരുമ്പോഴും അതിന് ഉത്തമമായ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന ശാന്തിയും സമാധനവും ഒന്ന് വേറെ തന്നെ.
എടീ ഹേമേ.. നീയെന്താടി ഉറക്കം തൂങ്ങുന്നതാണോ ? അതോ ഇന്നലെ കച്ചേരി പാടിയ ആ ഉണ്ണികൃഷ്ണനെ കിനാവ് കാണുവാന്നോ .
ചില നേരങ്ങളിൽ ഇങ്ങനെയാണ് മനസ്സ് പിടി വിട്ട പട്ടം പോലെ പറന്നു പോകും.
അല്ലങ്കിൽ ചില സംഗീത സ്വരങ്ങളിൽ ലയിച്ച് പോകും.. എന്നിട്ടാ വരികളിലെ അർത്ഥതലങ്ങളിലൂടെ ഒത്തിരി ദൂരം സഞ്ചരിക്കും
എന്നിട്ടും മനസ്സിലാവാത്ത വരികൾ… തന്റെ നിദ്രയെ എത്ര തവണ നിഗ്രഹിച്ചിട്ടുണ്ട്
എടീ … സുശീലേ നീ വന്ന കാര്യം പറ എനിക്ക് അടുക്കളയിൽ ഒരു കൂട്ടം പണിയുണ്ട്
ഒന്നുമില്ലെടീ.. നിന്റെ ആ ചുവന്ന പട്ട് സാരിയില്ലേ അതൊന്ന് താടി… ദേവിയുടെ തിരുവാൾ എഴുന്നള്ളത്തിന് താലം എടുക്കാനുള്ളതാ..
ഉടുക്കാൻ ഒറ്റ സാരിയില്ലെന്നേ..
പതിവില്ലാതെ ഇത്ര വെളുപ്പിനെ സുശീല വന്നപ്പോഴെ ഹേമയ്ക്ക് ഉറപ്പായിരുന്നു തന്റെ സാരിയ്ക്ക് വേണ്ടി തന്നെയായിരിക്കുമെന്ന് .
ഹേമ അകത്ത് പോയി സാരിയെടുത്ത് സുശീലയ്ക്ക് കൊടുത്തു. വൈകുന്നേരം അമ്പലത്തിൽ വച്ച് കാണാം എന്ന് പറഞ്ഞ് സുശീല പോയി.
അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞ് ഒരു ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബെഡ് റൂമിൽ നിന്നും മോന്റെ കരച്ചിൽ കേട്ടത്
ഹേമ തിടുക്കത്തിൽ ബെഡ് റൂമിലേക്ക് നടന്നു.
അവളുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന്‌ശേഷമായിരുന്നു അവൾ ഒരു അമ്മയായത്. അവനിപ്പോൾ രണ്ട് വയസ്സായി സംഗീതത്തെ ഒത്തിരി സ്നേഹിച്ചതുകൊണ്ടാവാം മകന് സംഗീത് എന്ന് പേരിട്ടത്. ഒരു മകളുണ്ടായാൽ അവൾക്ക് ശ്രുതിലയ എന്ന് പേരിടണം എന്നവൾ ഇപ്പോഴെ നിശ്ച്ചയിച്ചു.
മോനെ പല്ല് തേപ്പിച്ച് ചായ കുടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഉണർന്ന് അടുക്കളയിലേക്ക് വന്നത്.
ഹേമേ… നീ ആ മുണ്ടും ഷേർട്ടും ഒന്ന് ഇസ്തിരിയാട്ടേ.. എട്ട് മണിക്ക് അമ്പലത്തിലെത്താനുള്ളതാ.. കമ്മറ്റി ഓഫീസിലെ മൊത്തം ചുമതല എനിക്കാ..
അച്ഛാ .. നിക്ക് ബലൂൺ മേടിച്ച് തെരണേ
അതിനെന്താ അമ്മ മേടിച്ച് തരും അച്ഛന് വല്യ തിരക്കായിരിക്കും …
സുരേഷ് ഒരു തോർത്തുമെടുത്ത് കുളിമുറിയിലേക്കോടി … ഫെയ്സ്ബുക്കിൽ വിരലുകൾ ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതിലെ ഒരു ഗാനത്തിന് ഹേമ കാതോർത്തത്
ഹേമന്തമെൻ …. കൈകുമ്പിളിൽ …
ഒരു മ്യൂസിക്ക് ഗ്രൂപ്പിൽ ഷേയ്ർ ചെയ്ത
രണ്ട് മിനിട്ട് നീളുന്ന ആ ഗാനത്തിന്റെ വീഡിയോ ദൃശ്യം അവൾ മുഴുവൻ കണ്ടു. ആ ശബ്ദം … ആ താളം എന്തൊ അതവളെ വല്ലാതെ ആകർഷിച്ചു.
ആരാണ് പാടിയതെന്നറിയാൻ അവൾ ആ പ്രൊഫൈൽ തുറന്നു.
‘വിനോദ് ‘
പ്രാഫൈൽ ബ്ലോക്കാണല്ലോ.
അവൾക്കെന്തോ വല്ലാത്തൊരു വിഷമം തോന്നി.
എന്തായാലും അയാൾ ഒരു പ്രൊഫഷ്ണൽ സിംഗറാണ്.
എന്തായാലും ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചേക്കാം.
ദിവസവും ഫെയ്സ്ബുക്ക് ഓപ്പൺ ചെയ്താൽ ഹേമ ആദ്യം തന്നെ നോട്ടിഫിക്കേഷനാണ് നോക്കാറ്. വിനോദ് ഫ്രണ്ട് റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തിട്ടുണ്ടാ?
ഇല്ല..
അവളുടെ മുഖം വാടും
സുരേഷട്ടാ …
ഇന്നെന്റെ നെറ്റ് ഓഫർ തീരും ഒന്ന് റീച്ചാർജ് ചെയ്യണേ …
സ്കൂളിലേക്ക് പോകാൻ ഇറങ്ങിയ ഭർത്താവിനോട് ഹേമ ഓർമ്മിപ്പിച്ചു.
ഓർമ്മയുണ്ടങ്കിൽ ചെയ്യാം..
സുരേഷ് സ്ക്കൂട്ടർ സ്റ്റാർട്ടാക്കി മോനും ഹേമയ്ക്കും നേരെ കൈവീശി യാത്രയായി
സമയം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയായിട്ടും റീച്ചാർജ് ചെയ്തില്ല. ഈ സുരേഷേട്ടൻ ഇങ്ങനെ തന്നെ ഹേമ മനസിൽ പിറുപിറുത്തു .
ഇനി ക്ലാസ്സ് കഴിഞ്ഞ് ക്ലബിലെ മീറ്റിംഗും കഴിഞ്ഞ് ഏത് പാതിരാത്രിക്കാ വരുന്നതെന്നറിയില്ല.
വെറുതേ ഇരുന്ന് മുഷിഞ്ഞപ്പോൾ ഹേമ കുറച്ചു നേരം ടീ.വി ഓൺ ചെയ്ത് അതിനു മുന്നിലിരുന്നു. ലാലേട്ടന്റെ നാടോടിക്കാറ്റ് സിനിമ കുറച്ചുനേരം കണ്ടു.
വൈശാഖ സന്ധ്യേയ്… നിൻ ചുണ്ടിലെന്തേ…
എന്ന ഗാനം വന്നപ്പോൾ അവൾ ടി.വി വോളിയം ഒന്ന് കൂട്ടി.
ഹേമന്തമെൻ … കൈകുമ്പിളിൽ ….
ഹേമയുടെ ഫോണിൽ നിന്ന് വിജയ് യേശുദാസിന്റെ ആ മാധുര്യ ഗാനം റിംഗ് ടൂണായി അലയടിച്ചു..
വിനോദിന്റെ ആ പാട്ട് കേട്ടനാൾ മുതൽ ഹേമ ആ റിംഗ്ടോൺ ആണ് വച്ചിരുന്നത്
അയ്യോ പരിചയമില്ലാത്ത നമ്പറാണല്ലോ … ?
ക്വോൾ എടുത്ത് അവൾ ഫോൺ കാതോട് ചേർത്തു..
ഹലോ … ഹേമയല്ലേ…
മറുതലയ്ക്കൽ ഒരു പുരുഷസ്വരം
അതെ ഹേമയാണ് ആരാ …?
എന്നെ മനസിലായില്ലേ .. ഞാൻ വിവേകാണ് കോളേജിൽ ഒരുമിച്ച് പഠിച്ച …
എടാ… നിയാണോ ? എന്റെ നമ്പർ എങ്ങനെ കിട്ടി … ?
ഡിഗ്‌രി വാട്ട്സപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയതാ ..
പിന്നെ ഹേമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ എന്നും നോക്കാറുണ്ട് ലൈക്കടിക്കാറും ഉണ്ടല്ലോ? പാട്ടിനോടുള്ള നിന്റെ ക്രയ്സ് അത് ഇത് വരെ വിട്ടില്ല അല്ലേ…
എന്ത് പറ്റി കുറച്ച് ദിവസം ഓൺലൈനിൽ കണ്ടില്ലാലോ ?
എടാ.. അത് പിന്നെ നെറ്റ് തീർന്നു. അതാ ..
അതാണോ … വേണമെങ്കിൽ ഞാൻ ഇപ്പോൾ ചെയ്തു തരാട്ടോ..
വേണ്ടാ ഹസ്ബന്റ് ചെയ്യാന്നു.. പറഞ്ഞു.
വേണമെങ്കിൽ ഇപ്പോൾ ചെയ്യാം എനിക്ക് ഗൂഗിൾ പേയ് ഇണ്ട് …
അയ്യോ എടാ.. നിനക്ക് ബുദ്ധിമുട്ടാവില്ലേ..
വേണ്ടെടാ..
നോ .. പ്രോബ്ലം ഇപ്പോൾ ചെയ്യാട്ടോ …
ക്വാൾ കട്ടായി . വിവേകും ഹേമയും കോളേജിൽ ഒരുമിച്ചു പഠിച്ചതാ അന്ന് അവൻ പ്രണയഭ്യർത്ഥന നടത്തിയത് ഇന്നും ഓർക്കുന്നു. കാണാനൊക്കെ സുന്ദരനാ പക്ഷേ അവനോട് അങ്ങനെ ഒരു ഇഷ്ടം ഹേമയ്ക്ക് തോന്നിയിട്ടില്ല.. എല്ലാവരെയും പോലെ ഒരു സുഹ്യത്തായിട്ടു മാത്രമേ ഹേമ അവനെ കണ്ടിട്ടുള്ളു. അവൾക്ക് പ്രണയം സംഗീതതോടായിരുന്നു.. അന്നും ഇന്നും എന്നും
റീച്ചാർജ് ചെയ്തു തന്നതല്ലേ എന്ന് കരുതി ഒരു ഇരുപത് മിനിട്ടോളം ഹേമ അവനോട് സംസാരിച്ചു..
പിറ്റേ ദിവസവും പതിവ് സമയത്ത് അവന്റെ ക്വാൾ വന്നു.
നിനക്ക് ഓർമ്മയുണ്ടോടി അന്ന് കോളേജിൽ വച്ച് .. ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ?
അതൊ അതൊക്കെ ഞാൻ എന്നേ മറന്നു …
എടാ മോൻ ഉണർന്നു … ഞാൻ പിന്നെ വിളിക്കാട്ടോ …
അവൾ ഒരു നുണ പറഞ്ഞ് ഉടൻ ക്വാൾ കട്ട് ചെയ്തു. അവൻ പഴകഥയുടെ ഭാണ്ഡകെട്ടഴിക്കുകയാണ് അത് കേൾക്കാൻ അവൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.
സമയം പത്ത് കഴിഞ്ഞല്ലോ ഈ സുരേഷേട്ടൻ എവിടെ പോയ് കിടക്കുന്നു.. ? വിശന്നിട്ടാണെങ്കിൽ കണ്ണു കാണുന്നില്ല. വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല. ചിലപ്പോൾ ഡ്രൈവിംഗിലാവും അതാ എടുക്കാത്തെ.
ഹാളിലെ സോഫയിൽ കിടന്നുകൊണ്ട് ഹേമ വാട്ട്സപ്പ് ഓൺ ചെയ്ത് സ്റ്റാറ്റസ് കണ്ടുകൊണ്ടിരുന്നു. എല്ലത്തിലും ഒരു പ്രണയമയം .. നാൽപത്തിയഞ്ച് കഴിഞ്ഞ ലക്ഷ്മി ചേച്ചിയുടെ സ്റ്റാറ്റസ് വരെ നഷ്ട പ്രണയങ്ങളുടെ വേദന കടിച്ചമർത്തുന്ന അല്ലങ്കിൽ ഇനിയും പെയ്തൊഴിയാത്ത പ്രണയ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പു പോലെ …
ശരിയാണ് പ്രണയത്തിന് എന്ത് പ്രായം?
ഒരു കണക്കിന് സംഗീതം പോലെ തന്നെയാണ് പ്രണയവും എത്ര ആസ്വാദിച്ചാലും മതിവരാത്ത ഒന്ന്. ചുരുക്കി പറഞ്ഞാൽ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് രണ്ടും .. ചിന്തകൾ കാടു കയറുന്നു..
ഹേമ വാട്ട്സപ്പ് ഒഴുവാക്കി ഫെയ്സ് ബുക്ക് ലോഗിൻ ചെയ്തു.
ഇരുപത്തിയഞ്ച് നോട്ടിഫിക്കേഷൻ അവൾ വേഗം അത് തുറന്ന് നോക്കി. യെസ് വിനോദ് ഫ്രണ്ട് റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തിട്ടുണ്ട് തന്റെ പോസ്റ്റിനൊക്കെ ലൈക്കടിച്ചിട്ടുണ്ട് ഷെയർ ചെയ്തിട്ടുണ്ട്..
അവൾ വേഗം അവന്റെ പ്രൊഫൈൽ തുറന്നു അവന്റെ ഫോട്ടത്തിനു വേണ്ടി ഹേമയുടെ ച ചൂണ്ട് വിരൽ ചലിച്ചു.
ശബ്ദം കേട്ടപ്പോൾ ഒരു മുപ്പത് വയസ്സെങ്കിലും പ്രായമുള്ള ആളാണെന്നാ കരുതിയെ ഇത് ഒരു ചെറുപ്പക്കാരനാണല്ലോ ? നന്നായി ചീകിയൊതുക്കിയ മുടിയും കുറ്റി താടിയും മീശയും നെറ്റിയിൽ ചന്ദനകുറിയും. കണ്ടാൽ ഒരു ഇരുപത്തിയൊന്ന് ഇരുപത്തിരണ്ട് വയസ്സ് പ്രായം വരും.
ടൈം ലൈനിൽ മൊത്തം അവന്റെ പാട്ടുകൾ
കൂടുതലും പഴയ മെലഡി ഗാനങ്ങൾ . അവന്റെ പാട്ടുകൾ കേട്ട് ഹേമ അതിൽ ലയിച്ചു പോയി.
അവൾ വേഗം അവന്റെ ഡെയ്റ്റ് ഓഫ് ബെർത്ത് നോക്കി. ഏപ്രിൽ അഞ്ച് എന്ന് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു.
അവൾക്കെന്തോ ഒരു നിരാശ തോന്നി.
“എല്ലാം മറക്കാം നിലാവേ… പൂവിൻ പൂ തേൻ മുത്തേ…”
ഹേമ മിഴികളടച്ച് ആ ഗാനം ആസ്വാദിച്ചു കൊണ്ടിരുന്നു..
വിനോദ് എന്ത് മനോഹരമായിട്ടാണ് പാടുന്നത് ശ്രുതി തെറ്റാതെ ..
പഠിക്കുന്ന സമയത്ത് കുറച്ച് കാലം സംഗീത ക്ലാസ്സിന് പോയതു കൊണ്ട് ഹേമയ്ക്ക് പാട്ടിനെ കുറിച്ചൊക്കെ കുറച്ചറിയാം.
ശ്രുതിയെന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന നിശ്ച്ചിത സ്വരങ്ങൾ മിസ്രണം ചെയ്ത പശ്ച്ചാത്തല ശബ്ദമാണ് “സ്ഥായി ശ്രുതി.
ഏതങ്കിലും രണ്ട് സ്വരസ്ഥാനങ്ങൾക്കിടയിലുള്ള ഇടവേളകളെ പൊതുവേ വിളിക്കുന്നതാണ് ശ്രുതികൾ. ഒരു ഗാനത്തിന്റെ മാതാവ് ശ്രുതിയാണ് …
“ശ്രുതി മാതാ… ലയ പിതാ എന്നാണല്ലോ “
തന്റെ ശബ്ദവും ശ്രുതിയും ചേരാത്തതു കൊണ്ട് ഞാൻ ഒരു സംഗീത ആസ്വാദകി മാത്രമായി..
അല്ലങ്കിലും പാടാനുള്ള കഴിവ് എല്ലാവർക്കും കിട്ടണമെന്നില്ലാലോ ?
പക്ഷേ വിനോദ് അവന് നല്ല കഴിവുണ്ട്. നല്ല ശബ്ദമാണ്, നല്ല താളബോധം . അവന്റെ ഗാനം ആ ശബ്ദം …. മനസിന്റെ മാന്ത്രിക ചെപ്പിൽ കൂട് കെട്ടി കഴിഞ്ഞ പോലെ ..
ക്വാളിങ്ങ് ബെൽ നിർത്താതെ ചിലച്ചു കൊണ്ടിരുന്നു. അതിന്റെ ശബ്ദം ഹേമയുടെ കാതിൽ തറച്ചപ്പോഴായിരുന്നു. അവൾ അവളുടെ ദിവാ സ്വപ്നങ്ങളിൽ നിന്ന് മിഴി തുറന്നത്.
വേഗം ചെന്ന് വാതിൽ തുറന്നു.. അയ്യോ
സുരേഷേട്ടൻ ..
എത്ര നേരമായി ബെല്ലടിക്കുന്നു. നീയെന്തുടുക്കുവായിരുന്നു.
അത് .. അത് പിന്നെ ഞാൻ മോനെ ഉറക്കുവായിരുന്നു.. അവൾ ഒരു കള്ളം പറഞ്ഞു.
സുരേഷ് നേരത്തേ ഉറങ്ങി സമയം പതിനൊന്നായിട്ടും ഹേമയ്ക്ക് ഉറക്കം വന്നില്ല അവളുടെ മനസിൽ വിനോദായിരുന്നു.. അവന്റെ പാട്ടുകളായിരുന്നു. അവൾ ഫോൺ എടുത്ത് ഫെയ്സ്ബുക്ക് തുറന്നു..
വിനോദ് പുതിയ പാട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ കേൾക്കാൻ പറ്റില്ലാലോ. പാട്ട് വച്ചാൽ സുരേഷേട്ടൻ ഉണരും. അവൾ വിനോദിന് ഹായ് എന്ന് ടൈപ്പ് ചെയ്ത് ഒരു മെസ്സേജ് അയച്ചു.
യെസ് അവൻ ഓൺലൈനിൽ ഉണ്ട് . അഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവന്റെ റീപ്ലൈ വന്നില്ല. ഹേമ അവന്റെ എല്ലാ പോസ്റ്റിനും ലൈക്ക് ചെയ്തുകൊണ്ടിരുന്നു.
ഹായ് …
അതെ അവന്റെ മറുപടി വന്നു.
ഹലോ വിനോദ് … ഞാൻ നിങ്ങളുടെ മുഴുവൻ പാട്ടും കേട്ടു നന്നായിട്ടുണ്ട്
താങ്ക്സ് ചേച്ചി ..
ഞാൻ നിങ്ങളുടെ വലിയൊരു ആരാദികയായി
ഏയ് ….. അത്രയ്കൊന്നുമില്ല വെറുതെ ഇരിക്കുമ്പോൾ ഇങ്ങനെ സമയം പോക്കിന്
എന്തായാലും കൊള്ളാം വിനോദ്… നിങ്ങൾക്ക് നല്ല ഭാവിയുണ്ട്..
ചേച്ചി എനിക്കുറക്കം വരുന്നു ഗുഡ് നൈറ്റ്
വിനോദ് ഓൺ ലൈനിൽ നിന്നു പോയപ്പോൾ എന്തൊ ഒരു ഏകാന്തത പോലെ അവൾക്ക് തോന്നി..
തിരിഞ്ഞു മറഞ്ഞു കിടന്നിട്ടും ഉറക്കം വന്നില്ല.
പിന്നെ സുരേഷിന്റെ മാറോട് ചേർന്ന് കിടന്ന് എങ്ങനെയോ ഉറങ്ങി പോയി.
രാവിലത്തെ പണികളൊക്കെ ഹേമ വളരെ വേഗത്തിൽ തീർത്തു സുരേഷ് പോയ ഉടൻ അവൾ ഫോൺ എടുത്തു നെറ്റ്
ഓൺ ചെയ്തു വാട്ട്സപ്പ് തുറന്നു. വിവേകിന്റെ മെസ്സേജ് തുരാ തുരാന്ന് വരുന്നുണ്ട്
ഹായ് …
ഹേമാ… എന്തുണ്ട് വിശേഷം ?
ഇന്നലെ നേരത്തേ ഉറങ്ങിയോ ?
ഹസ് ജോലിക്ക് പോയോ ?
ചായ കുടിച്ചോ?
പ്ലീസ് റീപ്ലേ … പ്ലീസ് ….
ദൈവമേ ഇവന് ഇതെന്തു പറ്റി ? വീണ്ടും എന്നോട് പ്രണയമാണോ?
കുറേ മെസ്സേജ് കണ്ടപ്പോൾ ഹേമ ഒരു ഗുഡ് മോർണിംഗ് അയച്ചു. പൊടുന്നനെ അവന്റെ മെസ്സേജ് വന്നു.
ഹായ് … ഹേമ ഉണർന്നോ ?
നേരത്തേ ഉണർന്നെടാ …
ഓ.. ചായ കുടിച്ചോ? എന്താക്കുവാ ?
ചായ കുടിച്ചു… നീ കുടിച്ചോ? ഞാൻ ഇപ്പോൾ കുളി കഴിഞ്ഞതേയുള്ളു… വിവേക്
ആണോ അപ്പോൾ ഹേമ സുന്ദരിയായിട്ടുണ്ടാവുമല്ലോ?
ഒന്ന് പോടാ… ഹേമ എന്നും ഹേമ തന്നെയാ …
ഹേമാ.. ഒരു പിക് അയക്കുമോ ?
എന്തിനാടാ …
ജസ്റ്റ് ഒന്ന് കാണാൻ ..
എന്റെ ഡി.പി നോക്ക് , അല്ലെങ്കിൽ എഫ്. ബി നോക്ക് കുറേ ഫോട്ടോസ് ഉണ്ട് .
അതൊക്കെ ഞാൻ കണ്ടതാ … ഇപ്പോഴുള്ള ഒരു ഫോട്ടോ അയക്ക്
ഞാൻ പിന്നെ തരാടാ ഇപ്പോൾ കുറച്ച് പണിയുണ്ട്.. ബൈ…
ഹേമ ഉടനെ നെറ്റ് ഓഫ് ചെയ്തു. അപ്പോഴാണ് അവൾ വിനോദിന്റെ കാര്യം ഓർത്തത്. അവൾ വീണ്ടും നെറ്റ് ഓൺ ചെയ്ത് ഫെയ്സ്ബുക്കിൽ കയറി എന്നിട്ട് വിനോദിന് ഒരു ഗുഡ് മോർണിംഗ് അയച്ചു.
ഉടനെ തിരിച്ചും മറുപടി വന്നു.
ഹലോ വിനോദ് ചായ കുടിച്ചോ ?
യെസ് കുടിച്ചു ചേച്ചി .. നിങ്ങളോ ?
കുടിച്ചു. വിനോദിന് ഏറ്റവും ഇഷ്ടമുള്ള സോംഗ് ഏതാ ?
ചേച്ചി അങ്ങനെ ചോദിച്ചാൽ? കുറേയുണ്ട് ദാസേട്ടന്റെ പാട്ടാണ് കൂടുതൽ ഇഷ്ടം
പക്ഷേ എം ജി ശ്രീകുമാർ പാടിയ
“അമ്മേ നീ ഒന്നുകൂടി പിറന്നീടമ്മേ…”
എന്ന പാട്ട് വല്യ ഇഷ്ടമാണ്
ആ …. ചിരഞ്ജീവി എന്ന സിനിമയിലെ പാട്ടാല്ലേ..
എനിക്കും ഇഷ്ടമാണ് ആ പാട്ട് . പിന്നെ ഇനി സോംഗ് അപ്ലോഡ് ചെയ്യുമ്പോൾ എന്റെ എഫ്.ബിയിലും ഒന്ന് ടാഗ് ചെയ്യണേ ..
തീർച്ചയായും…
വളരെ പെട്ടന്നു തന്നെ ഹേമയും വിനോദും നല്ല സുഹൃത്തുക്കളായി. പരസ്പരം ഫോൺ നമ്പർ കൈമാറി വാട്ട്സപ്പിൽ ചാറ്റിംഗ് തുടങ്ങി പിന്നെ ഫോണിൽ വിളിയായി.
പിന്നെ ഹേമയുടെ വാട്ട്സപ് സ്റ്റാറ്റസ്സ് മുഴുവനും അവന്റെ പാട്ടുകളായിരുന്നു.
ഒരു ദിവസം പതിവു പോലെ രാവിലത്തെ പണികളൊക്കെ തീർത്ത് വിനോദിനോട് ചാറ്റാനായി ഹേമ ഫോൺ എടുത്തു . വാട്ട്സപ് ഓൺ ചെയ്തു. പക്ഷേ വിനോദ് ഓൺ ലൈനിൽ ഇല്ലായിരുന്നു. അവൾ ക്വാൾ ചെയ്തു. ഫോൺ സ്വിച്ച് ഓഫ് . ഹേമയ്ക്ക് വല്ലാത്ത വിഷമം തോന്നി.. അപ്പോഴാണ് വിവേകിന്റെ മെസ്സേജ് ..
ഹായ് ഹേമ … എന്താ പരിപാടി
കുളിയൊക്കെ കഴിഞ്ഞോ ?
ചായ കുടിച്ചോ?
ഹേമയ്ക്ക് മറുപടി കൊടുക്കാൻ തോന്നിയില്ല.
കുറേ മെസ്സേജ് കണ്ടപ്പോൾ ഹേമ ഒരു ഹായ് അയച്ചു.
ഹലോ എടീ അന്ന് ഫോട്ടോ തരാൻ പറഞ്ഞിട്ട് ?
എടാ ഞാൻ ഇപ്പോൾ നല്ല മൂഡിലല്ല.
എന്തുപറ്റി ?
നത്തിംഗ് …
പിന്നെ നീ കോളേജിലെ ഓണാഘോഷത്തിന് ഒരു സെറ്റ് സാരി ഉടുത്തു വന്നില്ലേ ? എന്തു കിടു ആയിരുന്നു.
ആണോ ?
യെസ്.. ഇപ്പോൾ നീ എന്തു ഡ്രസ്സാ ഇട്ടത് ? ഇപ്പോൾ സാരി ഉടുക്കാറുണ്ടോ ?
ഡാ ഒന്ന് പോയി തരുമോ നീ ….
വിവേകിന്റെ ഓരോ ചോദ്യങ്ങൾ കേട്ട് ഹേമയ്ക്ക് ദേഷ്യം പിടിച്ചു അവൾ അവന്റെ നമ്പർ ബ്ലോക്ക് ചെയ്തു.
അന്ന് പകലും രാത്രിയുമെല്ലാം വിനോദിന്റെ നമ്പറിലേക്ക് അവൾ വിളിച്ചു നോക്കി ഫോൺ സ്വിച്ച്ഡ് ഓഫ് തന്നെ.
ചേച്ചി ….
ഒരു പക്ഷെ ഇതെന്റെ അവസാനത്തെ മെസ്സേജ് ആയിരിക്കും. അല്ല ഇതെന്റെ അവസാന മെസ്സേജ് തന്നെ.
ദൈവം എനിക്ക് കഴിവും സൗന്ദര്യവും തന്നു പക്ഷേ എന്റമ്മയെ കാണാൻ …
എനിക്ക് ഓർമ്മയില്ലാത്ത സമയത്ത് എന്നെ തനിച്ചാക്കി എന്റമ്മ പോയി. സ്വന്തം അമ്മയുടെ
ഓർമ്മകൾ പോലുമില്ലാതെ.. അത് അനുഭവിച്ചവർക്കേ അതിന്റെ ദുഃഖമറിയുള്ളു ചേച്ചി.. ഒരു പഴയ ഫോട്ടോ ഉണ്ട് അമ്മയുടെ നിങ്ങളെ കണ്ടപ്പോൾ ശരിക്കും എന്റെ അമ്മയെ പോലെ .. ആ പുഞ്ചിരിയും കണ്ണുകളും . അതാണ് ഞാൻ നിങ്ങളോട് അത്ര അടുക്കാൻ കാരണം.
പക്ഷേ എനിക്കതിനും യോഗമില്ല ചേച്ചി അർബുദം എന്ന വില്ലൻ എന്നെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഞാൻ നിങ്ങൾക്കയച്ച ഫോട്ടോസ് പഴയതാണ് എന്നെ ഇപ്പോൾ നിങ്ങൾ കണ്ടാൽ ..
ചേച്ചിക്ക് സഹിക്കാൻ പറ്റില്ല
ഇനി എന്റെ ശബ്ദമില്ല ചേച്ചി … എന്റെ ദിനങ്ങൾ എണ്ണപ്പെട്ടുക്കഴിഞ്ഞു. അതുകൊണ്ടാണ് ഇതെഴുതാൻ ഞാൻ എന്നെ തന്നെ പ്രേരിപ്പിക്കുന്നത്.. പക്ഷേ എനിക്കാശ്വാസിക്കൻ വകയുണ്ട് എനിക്കിനി എന്റെ അമ്മയെക്കാണാലോ ? എനിക്കായി ഇരുപത്തിനാലു വർഷം കാത്തിരിക്കുകയല്ലേ എന്റമ്മാ…
വേദനിക്കുകയാ ചേച്ചി … മനസ്സും ശരീരവും ഇതെഴുതുമ്പോൾ പോലും എന്റെ നെഞ്ചിലൂടെ എന്തോ കുത്തിയിറങ്ങുന്ന പോലെ . ഞാൻ മരിച്ചാലും എന്റെ ശബ്ദം ഉണ്ടാകുമല്ലോ.. നിങ്ങൾ കേൾക്കില്ലേ എന്റെ പാട്ട് …?
ചേച്ചിയെ ഞാൻ കൂടുതൽ സങ്കടപ്പെടുത്തുന്നില്ല നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷേ വിധി വില്ലനായി …
പോട്ടെ ചേച്ചി … ഈ കുറഞ്ഞ കാലയളവിൽ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഹേമചേച്ചിക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ ….
വിനോദിന്റെ മെസ്സേജ് വായിച്ചു തീർത്തത് എങ്ങനെയെന്ന് പോലും ഹേമയ്ക്ക് പിടികിട്ടിയില്ല. അവൾക്ക് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ദൈവമേ ഇതൊരു സ്വപ്നമായിരുന്നെങ്കിലെന്ന് അവൾ ആശിച്ചു..
അവൾ വേഗം എഫ്.ബി തുറന്ന് വിനോദിന്റെ പേജ് നോക്കി.
അവന്റെ ഫെയ്സ്ബുക്ക് പേജിൽ സുഹൃത്തുക്കൾ ടാഗ് ചെയ്ത ഫോട്ടോസ്.
“പ്രിയ സുഹ്യത്തിന് ആദരാഞ്ജലികൾ”
സ്വപ്നമല്ല സത്യമാണ്… ഒന്ന് കാണാൻ കഴിയാതെ ഒന്ന് മിണ്ടാൻ കഴിയാതെ …
ഹേമയുടെ മിഴികളിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകി..
“മരണമെത്തുന്ന നേരത്തു നീയെന്റ് അരികിൽ ഇത്തിരി നേരം ഇരിക്കണേ”
വിനോദ് അവസാനം അപ്ലോഡ് ചെയ്തത് ഈ പാട്ടായിരുന്നു. അവൻ നേരത്തേ പറഞ്ഞിരുന്നെങ്കിൽ … ഒരു നോക്കു കാണാൻ ..
ഈ യാമത്തിലെ നിദ്രയെ നീ തച്ചുടച്ചു ..
ഇനിയെത്ര രാത്രികൾ …
നിന്റെ സ്വരം ഒരു കുളിർ തെന്നലായി എൻ കാതിൽ അലയടിക്കും
ഒരു കുളിർ മഴയായ് എന്നിൽ പെയ്തിറങ്ങും… ✍️ സനിത്ത് എൻ.കെ