സ്വപ്ന ദ്വീപ് – കവിത.
അസ്‌ലം തൈപ്പറമ്പിൽ.
സ്വപ്നത്താൽ പടുത്ത
ദ്വീപിലേക്ക്
കടൽഭൂതത്തെ
തുറന്ന് വിട്ടതാരാണ് .
നിന്റെ
തീന്മേശയിലേക്കവൻ
മൂർച്ചയുള്ളൊരായുധം നീട്ടി ,
വിഷം ഭുജിക്കാത്തവർക്ക്
പത്ത് മല്ലന്മാരോടോ
കാട്ടു മൃഗങ്ങളോടോ
പോരാടാം .
കടൽ മത്സ്യങ്ങളെ
പ്രണയിച്ച
പൂവിറുക്കാത്ത കൈ
സിംഹ ദംഷ്ട്രങ്ങളോട്
പൊരുതാനൊരുങ്ങുക.
കുതിരകൾ
തകർത്തു പോയ
മണ്ണടുപ്പിൽ നിന്ന്
ഉറവ പൊട്ടും.
പ്രളയത്തിനൊടുവിൽ
തകരാത്ത കപ്പലിൽ
നമ്മൾ ബാക്കിയാവും.
നിന്റെ മക്കൾക്ക്
കടലിരമ്പങ്ങൾ
കാവൽ നിൽക്കും .
സമുദ്രം
കോർത്ത് പിടിച്ച മുറ്റത്ത്
നിർഭയമായ വീടുണ്ടാകും,
കാറ്റ് വിതച്ച ശത്രുക്കൾ
ഒരു കടൽക്കോള്
കൊയ്യും .
പരൽ മീനുകൾ
സമുദ്രത്തിൽ
നൃത്തം വെക്കും.
മഴ വരും,
ഇലകൾ തളിർക്കും,
ഹൃദയത്തിന് തണലാകും.