
സീതായനം
” ജ്ഞാനപ്പാന എഴുതിയ കവി ആരാണ്? “… പിൻ ബഞ്ചിലെ ആദ്യ വിദ്യാർത്ഥിയായ എന്നോട് അന്നമേരി സ്കറിയ ടീച്ചർ ചോദിച്ചപ്പോൾ അറിയില്ലായെന്ന എന്റ ഉത്തരത്തിന് മുന്നിൽ ടീച്ചർ അരിശം പൂണ്ടൂ…
“ഉപ്പുമാവ് തിന്നാനും, വീട്ടിലെ ശല്യം ഒഴിവാക്കാനും ഓരോന്നിനെ സ്കൂളിൽ അയക്കും.
കുട്ടികൾ ആർത്ത് ചിരിച്ചു.
“നിന്റെ പേരെന്താ..”
“ഷൈൻ”
“ആഹാ…. ആ വാക്കിന്റെ അർത്ഥം നിനക്ക് അറിയുമോ?? കറുത്ത് ഇരുണ്ട നിനക്ക് ഈ പേരിട്ടവനെ സമ്മതിക്കണം”
കുട്ടികൾ വീണ്ടും ആർത്ത് ചിരിച്ചു… പക്ഷെ പെൺകുട്ടികളുടെ മൂന്നാമത്തെ ബഞ്ചിലെ ആദ്യ പച്ചപാവാടക്കാരി മാത്രം തല താഴ്ത്തി ഇരിന്നു.
ടീച്ചർ പല ദിവസങ്ങളിലും ചോദ്യം ചോദിക്കുകയും, ഞാൻ ഉത്തരം പറയാതെ പരിഹസിക്കപ്പെടുകയും ചെയ്തു.
ഒരു വെള്ളിയാഴ്ച ടീച്ചർ M T വാസുദേവൻ നായരുടെ ഒരു കൃതിയുടെ പേര് പറയാൻ ക്ലാസ്സിലെ കുട്ടികളോട് ആവശ്യപ്പെട്ടു.
നിറഞ്ഞ നിശബ്ദക്ക് ഇടയിൽ ഞാൻ എഴുന്നേറ്റ് നിന്ന് ഉത്തരമായ് അസുരവിത്ത് എന്ന പേരു പറഞ്ഞു.
” ഉത്തരം ശരി, പക്ഷേ ചിലർ ചിലർക്ക് ചേരുന്ന പേരുള്ള പുസ്തകമേ വായിക്കൂ…”ടീച്ചർ പരിഹസിച്ചു. കുട്ടികൾ ആർത്ത് ചിരിച്ചു.
ചിരിയുടെ വെടിയൊച്ചകൾക്ക് ശേഷം ഞാൻ പറഞ്ഞു ടീച്ചർ ഒരു സംശയം…
“ഉം..ചോദിക്കൂ”
“ടീച്ചർ ഒരു അദ്ധ്യാപികയാകാൻ എന്ത് വരെ പഠിക്കണം?”
“BA..Bed”
“ഒന്നാം ക്ലാസിൽ പഠിച്ചാലല്ലേ ഈ കോഴ്സിന് പോകാൻ കഴിയൂ…”
“എന്ത് നീയെന്നെ പരിഹസിക്കുകയാണോ”
“അല്ല… പക്ഷെ ഒന്നാം പാഠം ഇടക്കൊന്ന് വായിക്കണം. അതിൽ കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നൊരു വാചകമുണ്ട്….അത് പഠിച്ചാൽ എൻറ പേരിന്റെ അർത്ഥവും , എനിക്ക് പേരിട്ടവരുടെ അർത്ഥവും മനസ്സിലാകും”
ക്ലാസ്സിലെ നിശബ്ദതക്ക് ഇടയിൽ മൂന്നാം ബഞ്ചിലെ പച്ചപാവാടക്കാരി എഴുന്നേറ്റ് നിന്ന് കൈകൊട്ടി….
ഞങ്ങൾ ഇരുവരെയും ക്ലാസിൽ നിന്ന് പുറത്താക്കി. രക്ഷിതാക്കളുമായ് വന്ന് മാപ്പു പറഞ്ഞാലേ തുടർപഠനം അനുവദിക്കൂയെന്ന് ടീച്ചർ പറഞ്ഞൂ….
വെയിൽ തിളച്ച ഇടവഴിയിലൂടെ ഞങ്ങൾ നടന്നു….മനസ്സിൽ ഒളിപ്പിച്ച വേവുമായ്…നിക്കറിൻറ പോക്കറ്റിൽ നിന്ന് എടുത്ത നെല്ലിക്ക പാതി കടിച്ച് അവൾക്ക് നല്കി….
ഞങ്ങൾ അറിയുകയായിരുന്നു പരസ്പരം….
മറ്റൊരു സീതായനം. shine shine