ശിവം:

ശിവം:

“മഞ്ഞു മൂടിയ ഹിമാലയൻ മലനിരകളിൽ നിന്നൊരു ദൂത്…
“ദേവധാരുകൾ പൂത്തുനിൽക്കുന്ന ഗിരിശൃംഗങ്ങളിൽ ചന്ദ്രശേഖരൻ കാത്തിരിക്കുന്നു..!
പാതാളഗംഗക്കരുകിൽ അവനൊരു കുടിലൊരുക്കി വെച്ചിരിക്കുന്നു.!
ഭാഗീരഥിയിലെ വാമരുപക്ഷികളുടെ സാമീപ്യം കൂട്ടിനായി ഒരുക്കിയിരിക്കുന്നു..
ഉടനെ വരിക.!
…എന്റെ സഹനത്തിനുള്ള പാരിതോഷികം..
എന്റെ ത്യാഗത്തിനുള്ള അംഗീകാരം..
ഒരിക്കലും പിറവിയെടുക്കാത്ത എന്റെ വരും തലമുറക്ക് നൽകുന്ന മഹാഭാഗ്യം..!
ഹൃദയത്തിലെവിടെയോ നിഗൂഢമായൊരു ചിരി വിടർന്നു.. പിന്നെയത് നേർത്തുനേർത്ത് അലിഞ്ഞില്ലാതായി..
“അതല്ലെങ്കിലും അതങ്ങനെ വെളിപ്പെടുത്താൻ വയ്യ…
എന്റെയും അവന്റേയുമുള്ളിൽ മാത്രമായി ഒതുങ്ങേണ്ടതാണ്..
ത്രിനേത്രാ നിനക്ക് സ്തുതി.!
പുതിയ സ്ഥാനലബ്ദിയിലെ ആനന്ദം ഒരു നിമിഷത്തേക്കെങ്കിലും ഓർമ്മകളെ പുറകിലേക്കയച്ചു..
ഹൃദയത്തിൽ നിന്നൊരു നെടുവീർപ്പുയർന്നു…
നഷ്ടങ്ങളുടെ, ഒറ്റപ്പെടലിന്റെ പരാജയത്തിന്റെ, മഹാപരാജയത്തിന്റെ അനന്തകോടി ആവർത്തനങ്ങൾ.!
കണ്ണീരു മാറി നിസ്സംഗതയും, നിസ്സoഗത പിന്നെ ആത്മപരിഹാസവുമായി തീർന്ന നാല്പതു വർഷങ്ങൾ..
തോൽവി തന്നെ തോറ്റുമടങ്ങിയ പ്രയാണം…
നിർവ്വികാരത പുഞ്ചിരിയായി പരിണമിച്ച, ഇത് നിയോഗമാണെന്ന് സ്വയമറിഞ്ഞ കാലം..
കാലം…
ആകാശവും ഭൂമിയും, അന്ഗ്നിയും ജലവും വായുവും പോലും നിഷേധിക്കപ്പെട്ട കാലം..
കണ്ണും കാതും മൂക്കും നാക്കും ത്വക്കും നിശ്ചലമാകുവാൻ നിമിഷങ്ങങ്ങളുടെ കണികകൾ മാത്രം മതിയെന്ന് തിരിച്ചറിഞ്ഞ കാലം..
ആത്മബോധത്തെ
അടുത്തറിഞ്ഞ കാലം..
കാലം..!
കൂട്ടിവെച്ച സമ്പാദ്യങ്ങളിൽ കൊണ്ടുപോകാൻ കഴിയുന്നത് ചെയ്‌തുവെച്ച പുണ്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞ കാലം..
കടന്നുവന്ന ആ കാലം..
അനുഭവങ്ങളുടെ തീചൂളയിൽ വേവിച്ചു പാകമാക്കിയെടുത്ത് ചെങ്കടലും കടന്ന് പത്മസാഗരത്തിലേക്ക് പോകുന്ന ഈ കാലം…
ഹേ, ഉമാപതേ നിനക്ക് നന്ദി..
കോടി നന്ദി..
ഈ പാപപങ്കിലമായ യാത്രക്കൊരു അന്ത്യം നീ കുറിച്ചുവല്ലോ..
ശാപഗ്രസ്തമായ, പുനർജന്മങ്ങളില്ലാത്ത വഴി നീയെനിക്ക് തുറന്നു തന്നുവല്ലോ..
ഹേ സർപ്പഹാരീ എന്റെ ചിന്തകളുടെ സീമക്കുമപ്പുറത്താണല്ലോ നിന്റെ പ്രഭാവലയത്തിന്റെ പ്രകാശരശ്മിപോലും.!
ഞാനെന്തൊരു മൂഢൻ..
ഞാനവനെ തിരിച്ചറിഞ്ഞില്ല..
ഞാനവനെ എത്രതവണ തള്ളിപറഞ്ഞു..
എന്റെ പരാജയത്തിൽ മനംനൊന്ത് പരിഹസിച്ചു..
ഹേ ദിവാകരാ എന്നോട് നീ പൊറുക്കുക..
എന്റെ അറിവില്ലായ്മയോർത്ത് നീ സഹതപിക്കുക..
ഹേ ചന്ദ്രകലാധരാ, നിന്നോടൊരപേക്ഷയുണ്ട്, നിന്നിലേക്കെത്തും മുൻപ് നിന്റെ പാദസ്പർശമേറ്റ ആ മണ്ണിൽ ചവിട്ടും മുൻപ് എന്റെ ശിരസ്സിൽ നിന്റെ കാൽപാദമൊന്നമർത്തുക.. അറിവില്ലായ്മയെന്ന മഹാശാപവും അഹംബോധമെന്ന അപരാധവും നിന്റെ മണ്ണിൽ കാലുകുത്തും മുൻപ് എന്നിൽ നിന്ന് ഓടിയകലട്ടെ… നീയ്യിരിക്കുന്ന ആ മണ്ണിൽ ഞാനെത്തുമ്പോൾ എന്നിൽ അൽപ്പംപോലും ലൗകീകചാപല്യം അവശേഷിക്കരുത്..
നീലാംബരാ, നിന്റെ തിരുജഡയിൽ നിന്നൊഴുകുന്ന പുണ്യത്തിനോട്‌ എന്നിലേക്കൊഴുകി എന്നെയൊന്ന് പുണ്യാഹം ചെയ്യാൻ പറയൂ…
ആനന്ദത്താൽ അകം തുള്ളുന്നു..
അമൃതം കുടിച്ച അനാദികാലമൂർത്തികളെ പോലെ..
ഹേ കാർത്തികേയാ താണ്ഡവമാടുവാൻ തോന്നുന്നുവല്ലോ.. ആനന്ദമതികരിച്ച് ആപത്തുണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നുവല്ലോ..
കാലുകൾ നിലത്തുറക്കാത്തതു പോലെ… കൈവിരലുകൾ വായുവിൽ മൃദംഗങ്ങളെ പരിണയിക്കുന്നുവല്ലോ.
എന്താണിങ്ങനെ.? പാടില്ല..
ശാന്തനായേ പറ്റൂ, ഈ ഉന്മാദം എനിക്ക് യോജിച്ചതല്ല..
ശാന്തനാവുക..
ശാന്തനാവുക..
“എങ്ങുനിന്നോ പറന്നുവന്നൊരു ചകോരം ചിരിച്ചുകൊണ്ട് പറഞ്ഞു, എന്തിനീ ആനന്ദത്തെ അടിച്ചമർത്തുന്നു, ഇതാണ് കുണ്ഡലിനിയിൽ നിന്നും ഉടലെടുക്കുന്ന യഥാർത്ഥ ആനന്ദം, നീയിത്രകാലം തേടിയ, നിനക്ക് വിധിക്കപ്പെട്ട, പഞ്ചഭൂതങ്ങൾ അനുഗ്രഹിച്ചയച്ച ബ്രഹ്മാനന്ദമാണിത്.. അതിനെ സ്വീകരിക്കൂ
നിന്റെ കൈകാലുകളെ സ്വാതന്ത്ര്യമാക്കൂ ,
അത് നടരാജന്റെ താണ്ഡവത്തിനൊത്ത് ചലിക്കാൻ പടിക്കട്ടെ… അവക്കൊപ്പം നിന്റെ ആത്മത്തേയും ആനന്ദിക്കാനുവദിക്കൂ…വായുവിൽ ഉയർന്നും ,ഭൂമിയെ താഡിച്ചും, ആലകളിൽ കെട്ടിയിട്ട നിന്റെ മോഹങ്ങളെ നിയന്ദ്രിച്ചിരുന്ന പേശികളെ അഴിച്ചുവിട്ടുകൊണ്ടും ആനന്ദം കൊള്ളൂ…
ആനന്ദം കൊള്ളൂ..
ആവട്ടെ.. അങ്ങനെയാവട്ടെ.. ഞാൻ നൃത്തം തുടങ്ങി..
ഡമരുവിൽ ഉറക്കെ കൊട്ടി “അവൻ” മേളം തീർത്തു..
നിർത്താതെ.. നിർത്താതെ..
കാലുകൾ കുഴയും വരെ..
അപ്പോത്തിക്കിരിമാർ തലചോറിൽ നിന്ന് അകന്നുപോകും വരെ..
കുണ്ഡലിനിയും കടന്ന്.. താണ്ഡവം..
ഉഗ്രതാണ്ഡവം.. മഹാശിവതാണ്ഡവം…. പിന്നെ കുഴഞ്ഞുകൊണ്ട് ഗംഗയിലേക്ക്.. അവിടെനിന്നും പാതാളഗംഗയിലേക്ക്… പിന്നെ ശിവനിലേക്ക്..
മൃത്യുoജ്ഞയനിലേക്ക്… നിത്യതയിലേക്ക്
ചകോരം പോയി..!
പാതാളഗംഗയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകുമ്പോഴും ദൂതിലെ അക്ഷരങ്ങളിലൂടെ വീണ്ടുമയാൾ കണ്ണോടിച്ചു
“പ്രിയ പുത്രാ, വരിക, നിന്നെ ഞാൻ കാത്തിരിക്കുന്നു, നിന്റെ ദുരിതപർവ്വങ്ങൾ തീർക്കാൻ സമയമായി, വരൂ, വന്നെന്റെ കമണ്ഡലുവിലെ തീർത്ഥമാകൂ..
ഹേ, പുത്രാ, നിന്നെ ഞാനെന്റെ നീലകണ്ഠത്തിലെ സർപ്പഹാരമാക്കാം..
എന്റെ കാൽതളവളകളിലെ സംഗീതമാക്കാം..
എന്റെ പഞ്ചമുഖരുദ്രാക്ഷമാലയിലെ മന്ത്രമണികളാക്കാം..
വരൂ, വന്നെന്റെ വില്ലൊപത്രമാകൂ.. എന്റെ കൈവെള്ളയിലെ ഓംകാരമാകൂ പുത്രാ.. നമുക്ക് ആകാശഗംഗയിൽ കുളിക്കണ്ടേ
വരൂ…
വരൂ…
ഗംഗ ഒഴുകികൊണ്ടേയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *