
അലക്സ് മരിക്കുമ്പോൾ ഞാൻ 6 മാസം ഗർഭിണി ആയിരുന്നു.
അന്ത്യകർമ്മങ്ങൾ കഴിഞ്ഞതിനുശേഷം എന്നെ നേരെ എന്റെ വീട്ടിലേക്കാണ് കൊണ്ട് വന്നത്…
പറയത്തക്ക ബന്ധു ബലങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ആരും എതിര് പറഞ്ഞില്ല…
എന്റെ വീട് എന്ന് പറയാമെങ്കിലും അവിടെ ആരുമില്ല…
പപ്പാ എന്നോ മരിച്ചു… എന്റെ വിവാഹം കഴിഞ്ഞ് 8 മാസം പൂർത്തിയാവുമ്പോഴേക്കും സ്വന്തം കടമകൾ കഴിഞ്ഞെന്ന പോലെ ധൃതി പിടിച്ചു മമ്മയും പോയി…
ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മമ്മയുടെ ചില അകന്ന ബന്ധുക്കാരും സുഹൃത്തുക്കളും വന്ന് പോയെങ്കിലും പതിയെ അതും നിലച്ചു…
അലക്സിന്റെ മരണം എന്നിൽ എന്ത് ആഘാതമാണ് ഉണ്ടാക്കിയതെന്ന് വേർതിരിച്ചു അറിയാൻ സാധിച്ചിരുന്നില്ല…
കുഞ്ഞ് ആദ്യമായി വയറ്റിൽ നിന്ന് അനങ്ങിയപ്പോൾ ഓടിവന്ന് ചുടുചുംബനങ്ങൾ തന്നവനാണ്…
അനക്കം പിന്നീട് വർദ്ധിച്ചു വന്നു…
ചെറിയ ചെറിയ ചവിട്ടുകൾ ആയി…
നിർവികാരത എന്നെ വന്ന് മൂടി…
ആദ്യമാദ്യം അവൻ ഇവിടെയൊക്കെ തന്നെ ഉണ്ടെന്ന് വിശ്വസിച്ചു…
അടുത്തുള്ള കടയിൽ…
അല്ലെങ്കിൽ ജോലിസ്ഥലത്ത്…
അതുമല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ ഒരു യാത്ര പോയി എന്നൊക്കെ ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു…
ക്രമേണ…. അത് എന്നിലെ വിങ്ങലിന്റെ ആഴം കൂട്ടി…
പതിവുപോലെ ഒരു ഇടവേളയ്ക്ക് ശേഷം എന്റെ വഴക്കുകൾ അവസാനിപ്പിക്കാൻ…
എന്നെ മുറുക്കെ കെട്ടിപിടിച്ചു ഞെക്കിപ്പൊടിക്കാൻ…
കവിളിലെ കാക്കപ്പുള്ളിയെ ചുവപ്പിക്കാൻ…
ഒരുമിച്ചിരുന്നൊരു കാപ്പി കുടിക്കാൻ….
അലക്സ് വന്നില്ല….
ദിവസങ്ങൾ എണ്ണിത്തീർക്കവേ എന്റെ വയർ വീർത്തുവന്നു…
ഒരുവേള എന്റെ കുഞ്ഞിനോട് ദേഷ്യം തോന്നി…
പെട്ടെന്ന് അത് സ്നേഹമായി പരിണമിച്ചു…
എന്റെ വിധിയെ ഓർത്ത്…
എന്നിലേക്ക് വന്ന ശാപം ഏതാണെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ച്…
ദൈവങ്ങളെ പഴിപ്പറഞ്ഞും…
ഒരു ദിവസം എന്റെ കുഞ്ഞ് എന്നിലേക്ക് വന്നുചേർന്നു…
വേദനയിൽ മുങ്ങിതാഴ്ന്നപ്പോഴും …
പിന്നീട് എന്റെ കുഞ്ഞിന്റെ മുഖം കണ്ടപ്പോഴും ഞാൻ നീറിപുകഞ്ഞു…
അലക്സ് കാണാത്ത മുഖം എന്തിന് ഞാൻ കാണുന്നു എന്ന തോന്നൽ എന്നിൽ ഉയർന്നു…
ജീവിതം അവസാനിപ്പിക്കാൻ തോന്നി…
പതിയെ അലക്സ് ഒറ്റയ്ക്ക് ആക്കിയില്ലല്ലോ എന്നോർത്തു സാധനപ്പെട്ടു…
പള്ളിവക മഠത്തിൽ എന്റെയും കുഞ്ഞിന്റെയും പൂർണ്ണ ഉത്തരവാദിത്വവും വന്നുചേർന്നു…
അമ്മയും അച്ഛനും ഞാൻ തന്നെ ആണെന്ന തിരിച്ചറിവ്…
എന്നെപോലെ തന്നെ എന്റെ കുഞ്ഞും അച്ഛന്റെ സുരക്ഷിതത്വം ഇല്ലാതെ വളർന്നു…
ആദ്യാക്ഷരങ്ങൾ പകർന്നു നൽകുമ്പോൾ “അമ്മ ” എന്ന് നൂറാവർത്തി പറഞ്ഞുകൊടുത്തു…
അവൾക്ക് മനസ്സിലായെങ്കിലും എനിക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല…
അമ്മ ഞാൻ ആണെന്ന് പറയുമ്പോഴും അവൾക്ക് അച്ഛൻ ഇല്ല എന്ന സത്യം എന്നെ വേട്ടയാടി…
പഴകിയ ഒരു ഫോട്ടോ കാണിച്ച് അച്ഛൻ ഇതാണെന്ന് പറഞ്ഞുകൊടുത്തത് അവളുടെ നാലാം വയസ്സിൽ ആണ്…
എന്നേക്കാൾ ഭാഗ്യവതി ആണ് അവൾ എന്ന് തോന്നിപോയി…
എനിക്ക് കാണാൻ ഫോട്ടോ പോലുമില്ലായിരുന്നു…
പതിയെ ജീവിതത്തിന്റെ ഒഴുക്ക് ഞാൻ തിരിച്ചുപിടിച്ചു…
അവളിൽ മാത്രം ഒതുങ്ങാതെ…. എന്നെയും സ്നേഹിക്കണം എന്ന് ഞാൻ എന്നോട് തന്നെ ആവിശ്യപെട്ടു…
എനിക്ക് വേണ്ടി അത്രമേൽ ആഗ്രഹത്തോടെ ഞാൻ തന്നെ വാങ്ങുന്ന മിട്ടായിപൊതികൾ…
നഷ്ടപെട്ട ജോലി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ…
അവളിലൂടെ ഞാൻ എന്നിലേക്ക് പകരുന്ന പുഞ്ചിരികൾ…
അവളില്ലായ്മയിലൂടെയും ജീവിക്കാൻ സാധിക്കുമെന്ന വിശ്വാസം…
അത്ര എളുപ്പമല്ലെങ്കിലും…
ഒരേ ദിശയിലേക്ക് നീണ്ടുകിടക്കുന്ന രണ്ടുവഴികൾ ആയി ഞങ്ങൾ…
ഞാൻ അവളെയോ…
അവൾ എന്നെയോ അനുകരിക്കുന്നില്ല…
ആശ്രയിക്കുന്നില്ല…
അവഹേളിക്കുന്നില്ല…
അവളിലേക്കുള്ള ദൂരം ഞാൻ കൂട്ടുന്നില്ല…
കുറയ്ക്കുന്നില്ല…
അവൾക്ക് അച്ഛൻ ആവാൻ എനിക്കാവില്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നു…
പക്ഷേ…. അച്ഛനോളം ഇല്ലെങ്കിലും അച്ഛനെപോലെ ആവാമല്ലോ…
പലപ്പോഴും ഓർത്ത് ഓർത്ത് ദ്രവിച്ച ചിന്തയാണ്… എന്തുകൊണ്ടാണ് എനിക്ക് മാത്രം എല്ലാവരെയും പോലെ സന്തോഷിക്കാൻ സാധിക്കാത്തത് എന്ന്…
കുഞ്ഞിന്റെ ചിരി കാണുമ്പോൾ എല്ലാം മറന്ന് പോവാത്തത് എന്ന്…
ജീവിതം ഒരിക്കലും നാല് മിനിറ്റിൽ അവസാനിക്കുന്ന പാട്ട് പോലെ അല്ലല്ലോ…
അത് ലാഗ് അടിപ്പിക്കും…
ഉറക്കം തൂക്കും…
ദേഷ്യം പിടിപ്പിക്കും…
വലിച്ചെറിയാൻ തോന്നിപ്പോകും….
അങ്ങനെയങ്ങനെ…
എന്നോ…. ജീവിച്ചുതീരും….💔
Your point of view caught my eye and was very interesting. Thanks. I have a question for you.