വിശ്വാസം

വിശ്വാസം
~arJun
അഹങ്കാരം ആണ് അല്ലാതെ എന്താ…..കൈയിൽ ഇഷ്ടം പോലെ പൈസ ഇരിപ്പുണ്ടല്ലോ…ബസിൽ തിരക്കും കുറവാണ്..എനിക്ക് തരാൻ ഉള്ള ബാക്കി ഇപ്പൊൾ തന്നെ അയാൾക്ക് തന്ന് കൂടെ….അയാള് കണ്ടക്ടർനെ രൂക്ഷമായി നോക്കി കൊണ്ട് ചിന്തിച്ചു…
ഉം…. കുഴപ്പമില്ല ഏറ്റവും പിന്നിൽ അല്ലേ ഇരിക്കുന്നത്…ടിക്കറ്റ് കൊടുത്ത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചോദിച്ച് മേടിക്കാം..അല്ല എന്ത് വിശ്വാസത്തിൽ ആണ് ഒരു പരിചയവും ഇല്ലാത്ത അയാളുടെ കൈയിൽ എൻ്റെ പൈസ ഇരിക്കുന്നത്..ഞാൻ എന്തിന് അയാളെ വിശ്വസിക്കണം…? ബസിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ ടിക്കറ്റ് എടുക്കാം എന്ന് പറഞ്ഞാല് അയാള് എന്നെ വിശ്വസിച്ചു അത് സമ്മതിക്കുമോ..? എനിക്ക് അയാളോട് ഉള്ള വിശ്വാസം എന്താണ് അയാൾക്ക് എന്നോട് ഇല്ലാത്തത്….. ഹോ…എന്ത് സമൂഹമാണ് ഇത്…ഇവിടെ ആർക്കും ആരെയും വിശ്വാസം ഇല്ല…
അയാളുടെ ചിന്തകൾക്ക് രസം പിടിച്ച് തുടങ്ങിയിരുന്നു. കൊള്ളാം നല്ല വിഷയം വിശ്വാസം…നാളെ ക്ലാസ്സിൽ പിള്ളേരോട് ഇതിനെ പറ്റി സംസാരിക്കണം…അവരും ഇതിനെ പറ്റി അലോചിക്കട്ടെ…ഒരു നല്ല അധ്യാപകൻ എന്ന നിലയിൽ സാമൂഹികമായ കുറച്ച് കാര്യങ്ങളും താൻ പിള്ളേരെ പഠിപ്പിക്കേണ്ടത് അത്യാവശ്യം ആണ്…..
അയാള് വീണ്ടും ചിന്തകളിലേക്ക് മുഴുകി..
ബസ്സ് വളരെ പെട്ടന്ന് ആണ് പോകുന്നത്.. സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഈ വിഷയത്തെ പറ്റി വളരെ അധികം ചിന്തിക്കേണ്ടി ഇരിക്കുന്നു….
ബാങ്കിൽ പോയിട്ട് വരുന്ന വഴി ആണ്..രൂപ അമ്പതിനായിരം ആണ് ബാങ്കിൽ ഇട്ടത്..ബാങ്കിൽ അയാള് ഉപയോഗിച്ച പേന നൂലിൽ കെട്ടി ഇട്ടിരിക്കുന്നത് അയാള് ഓർത്തു…അമ്പതിനായിരം രൂപ അവരെ വിശ്വസിച്ച് അവിടെ ഇട്ട തന്നെ അഞ്ചു രൂപയുടെ പേനയുടെ കാര്യത്തിൽ പോലും ബാങ്കുകാർ വിശ്വസിക്കുന്നില്ലല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു…അല്ല സമ്പാദ്യം മാത്രം അല്ലല്ലോ ജീവൻ പോലും നമ്മൾ വിശ്വസിച്ച് മറ്റുള്ളവരെ ഏൽപ്പിക്കാറില്ലേ…തൻ്റെ ജീവൻ ഇപ്പം താൻ എന്ത് വിശ്വസിച്ച് ആണ് ഈ ബസിൻ്റെ ഡ്രൈവറെ ഏല്പിച്ചിരിക്കുന്നത്..അയാളുടെ കൈയിൽ അല്ലേ എൻ്റെ ജീവൻ… ഇത്രയും വിശ്വാസം അന്യരോട് കാണിക്കേണ്ട കാര്യം ഉണ്ടോ….പെട്ടന്ന് അയാളുടെ ചിന്തകളെ കീറി മുറിച്ച് കൊണ്ട് ആ ചോദ്യം എത്തി…

“സാർ…ഇവിടെ എവിടെ എങ്കിലും ഒരു നൂറു രൂപ കിടക്കുന്നത് കണ്ടോ…?”

ചിന്തകളുടെ തുടർച്ച നഷ്ടപെട്ട ദേഷ്യത്തോടെ അയാള് മുഖം ഉയർത്തി നോക്കി. പതിമൂന്നു – പതിനാല് വയസ് പ്രായം വരുന്ന ഒരു പെണ്ണ് കുട്ടിയാണ്. സ്കൂൾ വിട്ട് വരുകയാണ് എന്ന് തോന്നുന്നു. അയാള് അവളെ അടിമുടി ഒന്ന് നോക്കി… ടെൻഷൻ കൊണ്ടാണ് എന്ന് തോന്നുന്നു അവള് വിയർത്തു കുളിച്ചിരിക്കുന്നു. അയാള് കുറച്ച് ഗൗരവത്തോടെ പറഞ്ഞു…
“ഇല്ല മോളെ…”

“ഇങ്ങോട്ട് ആണ് അത് പറന്നു വന്നത്…ഒന്ന് നോക്കാമോ…?”
അവള് അയാളുടെ മുഖത്ത് നോക്കാതെ ചുറ്റും കണ്ണ് ഓടിച്ച് കൊണ്ട് പറഞ്ഞു.

അയാള് ഗൗരവം കൈ വിടാതെ അവിടെയും ഇവിടെയും ഒകെ ഒന്ന് നോക്കി എന്ന് വരുത്തി…എന്നിട്ട് പറഞ്ഞു.
“ഇവിടെ എങ്ങും ഇല്ല….”

“ഇവിടേക്ക് എവിടെയോ ആണ് പറന്നു വന്നത്…എനിക്ക് ഉറപ്പാ..”
അവള് വിയർപ്പ് തുടച്ച് കൊണ്ട് പറഞ്ഞു…കുനിഞ്ഞ് ഇരുന്നു സീറ്റിൻ്റെ അടിയിലേക്ക് ഒകെ അവള് നോക്കി.

അയാള് കുറച്ച് കൂടെ ഗൗരവം ശബ്ദത്തിൽ വരുത്തി…
” പൈസ ഒകെ നല്ല ഉത്തരവാദിത്വത്തോടെ സൂക്ഷിക്കേണ്ട മോളെ….”

അവള് മുഖം ഉയർത്തി അയാളെ ഒന്ന് നോക്കി… എന്നിട്ട് ഒന്നും പറയാതെ വീണ്ടും പൈസ തിരയാൻ ആരംഭിച്ചു…
കണ്ടക്ടർ അപ്പോഴത്തേക്കും അവിടേക്കെത്തി.
“കൊച്ചേ നീ ടിക്കറ്റ് എടുക്കുന്നുണ്ടോ കുറെ നേരം ആയല്ലോ……”

ആ കണ്ടക്ടർ കുറച്ച് പരുഷം ആയി തന്നെ ചോദിച്ചു…അത് കേട്ട് അവള് അയാളെ ദയനീയമായി ഒന്ന് നോക്കി
“എൻ്റെ കൈയിൽ ആകെ ഉണ്ടായിരുന്നത് ആ നൂറുരൂപ ആയിരുന്നു…അത് ഇവിടെ എവിടെയോ പോയി…..”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“വേറെ പൈസ ഒന്നുമില്ലേ കൈയിൽ…. ടിക്കറ്റ് എടുത്തില്ല എങ്കിൽ ഇപ്പം തന്നെ ഞാൻ ഇറക്കി വിടും…..”

“എൻ്റെ കൈയിൽ വേറെ പൈസ ഇല്ല…..”
നിസ്സഹായത മാത്രമാണ് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നത്…അവള് ഏത് നിമിഷവും കരഞ്ഞു പോയേക്കും എന്ന് അയാൾക്ക് തോന്നി..

ഒരു നിമിഷം പോലും പാഴാക്കാതെ കണ്ടക്ടർ ബെല്ലടിച്ചു. അത് കേൾക്കാൻ കാത്തിരുന്നത് പോലെ ആ ഞൊടിയിൽ തന്നെ ഡ്രൈവർ വണ്ടി നിർത്തി…. കണ്ടക്ടർ അവളെ നോക്കി പറഞ്ഞു
“എന്നാ പിന്നെ മോളു ഇറങ്ങിക്കോ…”

അവള് ദയനീയമായി ആ ബസിൽ ഇരുന്ന ആളുകളെ ഒന്ന് നോക്കി… ആരും ഇതൊന്നും ഞങ്ങൾ കണ്ടില്ല എന്ന ഭാവത്തിൽ ഇരുന്നു… അയാളും.

അവള് ബസിൽ നിന്ന് പതിയെ ഇറങ്ങി.. കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു. എന്നിട്ട് അയാള് പുറകിൽ അയാളുടെ സീറ്റിൽ വന്നു ഇരുന്നു…ബസ്സ് പതിയെ നീങ്ങി തുടങ്ങി.

“ഡോ എൻ്റെ ബാക്കി മുപ്പത് രൂപ താ…” അയാള് പറഞ്ഞു.. കണ്ടക്ടർ തല തിരിച്ചു അയാളെ ഒന്ന് നോക്കി…എന്നിട്ട് ബാഗിൽ നിന്ന് പൈസ എടുത്ത് എണ്ണാൻ തുടങ്ങി…എന്നിട്ട് ആരോട് എന്ന് ഇല്ലാതെ അയാള് ഉറക്കെ പറഞ്ഞു..

“കള്ളി..ഈ ഇട്ടാവട്ടത്തിൽ അവളുടെ പൈസ കളഞ്ഞു പോയി എന്ന് പറഞ്ഞാല് ആരെങ്കിലും വിശ്വസിക്കുമോ..മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അതിന് മുമ്പ് തുടങ്ങി കള്ളത്തരം….” കണ്ടക്ടർ പൈസ അയാൾക്ക് കൊടുത്തു.

“കണ്ടാൽ പറയുമോ കൈയിൽ ഇരുപ്പ് ഇങ്ങനെ ആണ് എന്ന്…” മുന്നിൽ ഇരുന്ന ആരോ ഉറക്കെ പറഞ്ഞു… കണ്ടക്ടർ എഴുന്നേറ്റ് മുൻപിലേക്ക് നടന്നു.. കണ്ടക്ടർ പറഞ്ഞു.
“ശരിയാ…ഞാൻ ഇങ്ങനെ എത്ര എണ്ണത്തിനെ ദിവസവും കാണുന്നതാ..”

അയാള് മുന്നിൽ നടക്കുന്ന ചർച്ച ശ്രദ്ധിച്ചില്ല… കണ്ടക്ടർ തന്ന പൈസ എണ്ണി നോക്കി അയാള് പോക്കറ്റിൽ ഇട്ടു…എന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി.
ബസ്സ് പറത്തി പോയ പൊടികൾക്ക് ഇടയിൽ അയാള് അവളെ കണ്ടു…രണ്ടു കൈകൾ കൊണ്ടും കണ്ണീർ തുടച്ചു കൊണ്ട് അവള് ബസിനു പുറകെ പതിയെ നടന്നു വരുന്നു…

അയാള് നേരെ ഇരുന്നു..ചുറ്റും ഒന്ന് നോക്കി…എന്നിട്ട് ആരും കാണാതെ കാൽ പതിയെ മാറ്റി…ചെരുപ്പിൻ്റെ അടിയിൽ അയാള് ചവിട്ടി പിടിച്ചിരുന്ന ആ മുഷിഞ്ഞ നൂറു രൂപ നോട്ട് എടുത്ത് പോക്കറ്റിൽ ഇട്ടു. എന്നിട്ട് നാളെ ക്ലാസ്സിൽ പറയാൻ ഉള്ള വിശ്വാസത്തിനെ പറ്റി ഉള്ള ചിന്തകളിലേക്ക് മടങ്ങി.

One comment

Leave a Reply

Your email address will not be published. Required fields are marked *