രാത്രിമഴ Part 9

രാത്രിമഴ
^^^^^^^^^^

Part 9


“ഷർട്ടിൽ നിന്ന് പിടി വിട് മോളെ,, അല്ലേൽ ഇപ്പോ ഡിവോഴ്സ്ന്റെ സമയത്ത് നിന്റെ ഉദരത്തിൽ ഒരാൾ കൂടെ കാണും… “

വീണ്ടും ദേവ് സംസാരിച്ചു തുടങ്ങിയപ്പോൾ അനു പതിയെ അവനിലുള്ള പിടിത്തം ഒന്നയച്ചു..

“എന്താ അനുസരണ… “

എന്നും പറഞ്ഞു അവൻ യഥാസ്ഥാനത്തു കിടന്നതും അനു അതേ സ്പോട്ടിൽ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നതും ഒരുമിച്ചായിരുന്നു…

ഇവിടെ ഇപ്പോ എന്താ സംഭവിച്ചതെന്ന മട്ടിൽ ദേവ് തല ഒരല്പം ഉയർത്തി നോക്കിയപ്പോൾ അനു തന്റെ നെഞ്ചിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്..

“ഇവിടെ ഇങ്ങനെ കിടന്നാൽ ഡിവോഴ്സ്ന്റെ സമയത്ത് ഒരാൾ എന്റെ ഉദരത്തിൽ ഉണ്ടാകുവോ?? “

അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി കുറുമ്പൊടെ അനു ചോദിച്ചതും ദേവ് ഒന്ന് ഞെട്ടി…

അനു തന്നെയാണോ ഇതെന്ന ഭാവത്തിൽ അവൻ ഒന്നൂടെ അവളെ നോക്കി… സംസാരമൊക്കെ ആകെ മാറിയിരിക്കുന്നു.. ഇനിയിപ്പോ പെണ്ണിന്റെ ദേഹത്ത് വല്ല ബാധയും കേറി കാണുമോ?? സന്ധ്യ നേരത്ത് കുളിക്കാനിറങ്ങിയതല്ലേ,, ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.. ഏതായാലും ബാധ ഒഴിഞ്ഞു പോകുന്നതിന് മുമ്പേ മാക്സിമം പെണ്ണിനെ പിടിച്ചടുപ്പിക്കാം എന്നൊക്കെ മനസ്സിൽ കരുതി ദേവ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“അനു മോൾക്ക്‌ ഇപ്പോ എന്താ വേണ്ടേ?? ഒരു വാവയെ വേണോ?? എന്നാ അത് ചേട്ടനോട് നേരത്തെ പറയണ്ടേ??? “

ഞെട്ടി… അനു വീണ്ടും ഞെട്ടി.. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു കടുത്ത തീരുമാനം ദേവേട്ടൻ എടുക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല…

പക്ഷെ,, ആ ഞെട്ടൽ അവൾ ദേവ് കാണാതെ ഒരു കണ്ണിറുക്കലിൽ ഒളിപ്പിച്ചു വെച്ചു…

“ഓഹ്,, എന്നിട്ട് എന്തിനാ?? വാവയ്ക്ക് അച്ഛനില്ല എന്ന് പറയാനാണോ?? ഡിവോഴ്സ് ഒക്കെ നടന്നാൽ നമ്മൾ തമ്മിൽ കാണുക കൂടി ഇല്ല.. പിന്നെ വെറുതെ എന്തിനാ വാവയെ സങ്കടപ്പെടുത്തുന്നെ??? “

ദേവിനുള്ള മറുപടി കൊടുക്കുമ്പോ അവളുടെ കൈ വിരലുകൾ അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കുന്ന തിരക്കിലായിരുന്നു.. അവന് മുഖം കൊടുക്കാതെയാണ് അവൾ ഓരോന്നും പറയുന്നത്…

ഇവളിതെന്താണ് ഈശ്വരാ കാട്ടുന്നത്.. വസ്ത്രാക്ഷേപമോ?? അയ്യോ എന്റെ ചാരിത്ര്യം.. എന്തായാലും ദേഹത്ത് കയറിയ ബാധ കൂടിയ ഇനമാണ്.. അപ്പോ അതിനേക്കാൾ കൂടിയ ഇനമായി താൻ മാറണ്ടേ?? മാറണമല്ലോ..

സ്വയം ഓരോന്ന് ആലോചിച്ചു കൊണ്ട് ദേവ് ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു….

“ഷർട്ട് മുഴുവൻ അഴിച്ചെടുക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്ന് മോളെ സന്ധ്യ സമയം ആണെന്നൊന്നും ഞാൻ നോക്കില്ല… തിരിച്ചു ഇത് പോലെ ഞാനും പലതും അഴിച്ചെടുക്കും.. “

അതും പറഞ്ഞു കൊണ്ടവൻ അവളിലുള്ള പിടിത്തം ഒന്ന് മുറുക്കി.. ഒരു ഞെട്ടലോടെ അവൾ തലയുയർത്തി ദേവിനെ നോക്കിയതും അവൻ ഒരു കണ്ണിറുക്കി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

അവന്റെ ദേഹത്ത് നിന്ന് അനു എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴാണ് ദേവിന്റെ ഫോൺ റിങ് ചെയ്തത്… അവന്റെ കൈകൾ അനുവിനെ വിരിഞ്ഞു മുറുക്കിയതിനാലും ഫോൺ അവന്റെ തലയിണക്കരികിൽ ആയതിനാലും വിളിക്കുന്നത് ചേച്ചിയായിരിക്കുമെന്ന് ഊഹിച്ചതിനാലും മറുത്തൊന്നും ചിന്തിക്കാതെ അനു ഫോൺ കയ്യിലെടുത്ത്‌ കോൾ അറ്റൻഡ് ചെയ്തു. ഉടനെ ലൗഡ് സ്പീക്കർ ഓൺ ആക്കി ….

“ഡാ അളിയാ,, എന്തായി കാര്യം?? അനു സെറ്റ് ആയോ??? “

ഒരു ഹലോ പോലും പറയാതെ മറു വശത്ത് നിന്നുള്ള സിദ്ധുവിന്റെ ചോദ്യം കേട്ടതും രണ്ടു പേരും പരസ്പരം ഞെട്ടി…

ആ ചോദ്യത്തിൽ നിന്ന് തന്നെ അനുവിന് കാര്യങ്ങൾ ഏകദേശം മനസ്സിലായിരുന്നു… ദേവും സിദ്ധുവും തമ്മിൽ യാതൊരു പിണക്കവുമില്ലെന്ന്.. കയ്യിലെടുത്ത ഫോൺ ബെഡിൽ വെച്ചിട്ട് അവൾ ദേവിന്റെ മറുപടിക്കായി കാതോർത്തു.. കണ്ണ് കൊണ്ട് അവന് മറുപടി കൊടുക്കാൻ പറയുമ്പോൾ ദേവ് ആകെ പെട്ട അവസ്ഥയിലായിരുന്നു..

ഈ പൊന്നു മോൻ എല്ലാം വിളിച്ചു കൂവി കുളമാക്കിയാൽ ഇപ്പോ അവളുടെ ദേഹത്ത് കയറിയ ബാധ എന്നെ കൊന്നിട്ടേ തിരിച്ചു പോകൂ എന്ന നിഗമനത്തിലായിരുന്നു ദേവ്..

“ആഹ് മോനെ,, അവൾ ഇപ്പോ സെറ്റ് ആയി… സെറ്റ് ആയീന്നു മാത്രമല്ല എന്റെ നെഞ്ചത്താണ് ഇപ്പോ അവളുള്ളത് പോലും… അത്കൊണ്ട് മോൻ ഫോൺ വെച്ചാട്ടെ.. “

സിദ്ധു കൂടുതലൊന്നും പറയാതിരിക്കാൻ ദേവ് അങ്ങനെ പറഞ്ഞൊഴിഞ്ഞു..

“ഹാവൂ,, സമാധാനമായി,, അപ്പോ ഇനി നിന്റെ അമ്മയെ കൂടി സെറ്റ് ആക്കിയ മതി… അതിനിപ്പോ എന്റെ മുന്നിൽ ആകെ ഒരു വഴിയേ ഉള്ളൂ.. നീ ഒരച്ഛൻ ആവുക… നിനക്ക് ഒരു കുട്ടി ജനിച്ചാൽ പിന്നെ നിന്റെ അമ്മ എല്ലാം മറക്കും.. ആദ്യത്തെ പേര കുട്ടിയെ കാണാൻ ഓടി വരില്ലേ നിന്റരികിലേക്ക്.. “

സിദ്ധുവിന്റെ മറുപടി കേട്ടതും അനു ചുണ്ടുകൾ കടിച്ചു പിടിച്ചു അവളുടെ ചിരിയെ ഒതുക്കുന്നുണ്ട്.. ദേവ് ആണേൽ എല്ലാ പ്ലാനും അവൻ പൊളിച്ചടുക്കിയതിന്റെ ദേഷ്യത്തിലും..

“മര്യാദക്ക് ഫോൺ വെച്ചിട്ട് പോടാ പന്ന…. ##.$$… അവന്റെ ഒരു കോപ്പിലെ ഉപദേശം… “

അനുവിനെ പൊതിഞ്ഞു പിടിച്ച കൈ മാറ്റി അവൻ ഫോൺ എടുക്കാൻ തുനിയുമ്പോഴേക്കും അവൾ അവന്റെ നെഞ്ചിലെ രണ്ടു രോമത്തിൽ പിടിച്ചു ഒരൊറ്റ വലി വലിച്ചു…

“അമ്മേ…….. “

എന്നൊരു അലർച്ചയോടെ ദേവ് അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു…

“ഡാ,, അമ്മ വന്നോ… ഇത്ര പെട്ടന്ന് അമ്മയും സെറ്റ് ആയോ??? “

ബെഡിൽ വെച്ച ഫോണിൽ നിന്ന് സിദ്ധുവിന്റെ ചോദ്യം ഏതോ ഗുഹയ്ക്കകത്തു നിന്നെന്ന പോലെ കേൾക്കുന്നുണ്ട്…

പിന്നെ കോൾ കട്ട്‌ ആയ ശബ്ദവും കൂടി കേട്ടപ്പോഴാണ് അനുവിന് മനസ്സിലായത് താൻ ആ ഫോണിന്റെ മുകളിലാണ് ഉള്ളതെന്ന്.. അതൊന്ന് എടുക്കണമെങ്കിൽ ദേവേട്ടൻ തന്റെ മുകളിൽ നിന്ന് ഒന്ന് മാറണം..

“ദേവേട്ടാ ഫോണിന്റെ മുകളിലാ ഞാൻ ഉള്ളത്… ഒന്ന് മാറിക്കെ.. “

വളരെ പതിഞ്ഞ ശബ്ദത്തിൽ അനു ദേവിനെ നോക്കി സംസാരിച്ചപ്പോൾ അവൻ അത് കേൾക്കാത്ത ഭാവത്തിൽ അവളുടെ നടുവിനടിയിലേക്ക് പതിയെ തന്റെ ഒരു കൈ ചലിപ്പിച്ചു കൊണ്ട് ഫോൺ എടുത്തു മാറ്റി… അവന്റെ കയ്യിന്റെ ചൂടറിഞ്ഞ അനു ഒന്ന് ഉയർന്നു പൊങ്ങി…

“അപ്പോ ചേട്ടൻ ചോദിക്കട്ടെ,, എന്തിനായിരുന്നു അനു മോള് ദേവേട്ടനെ വേദനിപ്പിച്ചത്??? “

ചോദ്യത്തോടൊപ്പം ദേവിന്റെ മുഖം അനുവിന്റെ മുഖത്തോടടുത്തു വന്നു..

അവന്റെ ശ്വാസനിശ്വാസം തന്റെ മുഖത്ത്‌ പതിയുന്നതിനനുസരിച്ചു അവളുടെ മിഴികൾ വിറ കൊള്ളുന്നുണ്ട്.. നാവ് കൊണ്ടൊരു മറുപടി കൊടുക്കാൻ മനസ്സ് കൊതിക്കുന്നുവെങ്കിലും കണ്ഠനാളത്തിൽ കൂടി ഉമിനീരിറക്കി കൊണ്ടിരിക്കുന്ന അവളിലെ പരവേശം അതിന് സമ്മതിക്കുന്നില്ല…

“ഹാ പറ അനു,,, എന്തിനായിരുന്നു ദേവേട്ടനെ വേദനിപ്പിച്ചത്??? “

അനുവിന്റെ കവിളിലൂടെ മുഖം ചലിപ്പിച്ചു ദേവ് അവളുടെ കാതോരം പതിയെ ചോദിച്ചപ്പോൾ അവളൊന്ന് പിടഞ്ഞു…

“സോറി…. ഇനി വേദനിപ്പിക്കില്ല… “

മിഴികൾ ഇറുകെയടച്ചു,, അവന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു കൊണ്ട് അങ്ങനെ ഒരു മറുപടി കൊടുക്കാനെ അപ്പോ അവൾക്ക് കഴിഞ്ഞുള്ളു…

“ഇതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി “

വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി അവൻ കുസൃതിയോടെ ചോദിച്ചു…

“അത് പിന്നെ ദേവേട്ടനും സിദ്ധുവേട്ടനും കൂടി അന്ന് ഡ്രാമ കളിച്ചതാണല്ലോ എന്നോർത്തപ്പോ ദേഷ്യം വന്നു… അന്ന് ഞാൻ എത്ര മാത്രം വേദനിച്ചൂന്നറിയുവോ ദേവേട്ടന്.. നിങ്ങൾ തമ്മിൽ തെറ്റി പിരിഞ്ഞത് ഞാൻ കാരണമാണല്ലോ എന്നോർത്തിട്ട് ………. “

ബാക്കി പറയാൻ സമ്മതിക്കാതെ അനുവിന്റെ വാ ദേവ് കൈ കൊണ്ട് പൊത്തി പിടിച്ചു…

“എന്റെ പൊന്ന് അനു,, ദയവ് ചെയ്തു ഈ ഒരു ഡയലോഗ് മാത്രം പറയല്ലേ.. പിന്നെ നിനക്ക് വേദനിച്ചൂന്നു പറഞ്ഞില്ലേ,, അപ്പോ എന്റെ അവസ്ഥ എന്തായിരുന്നു എന്നറിയുമോ നിനക്ക്?? ,, ഈ ഒരു വർഷം നീ എന്നോട് അകലം കാണിച്ചപ്പോൾ എനിക്ക് വേദന തോന്നിയെങ്കിലും നിനക്ക് എന്നെ ഉൾകൊള്ളാൻ കുറച്ചു സാവകാശം വേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് ആ വേദനയെ ഞാൻ കാര്യമാക്കിയില്ല..

പക്ഷെ,,,

അന്ന് നീ ഡിവോഴ്സ് വേണമെന്ന് പറഞ്ഞപ്പോ തകർന്നു പോയിരുന്നു അനു ഞാൻ.. എന്നെക്കാളേറെ ഒരു പക്ഷെ വേദനിച്ചത് എന്റെ സിദ്ധു ആയിരിക്കും….

നമ്മുടെ ജീവിതം സന്തോഷകരമായി കാണാൻ അവൻ എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അറിയുമോ.. “

അത്രയും പറഞ്ഞു കൊണ്ടവൻ അനുവിന്റെ കഴുത്തിടുക്കിൽ അവന്റെ മുഖം ഒളിപ്പിച്ചു…

“ഇനിയും എന്നെ അകറ്റല്ലേ പെണ്ണെ”

എന്ന് പറഞ്ഞു കൊണ്ടവൻ ഒന്നു കൂടെ അവളോട്‌ ചേർന്നു..

പറയാനൊരുപാട് ദേവേട്ടാ.. ഈ ഹൃദയം തുറന്നു ഇന്ന് വരെ അനു സംസാരിച്ചിട്ടില്ല ദേവേട്ടനോട്….സ്വയം തീർത്തൊരു തടവറയിൽ ഒതുങ്ങി കൂടിയത് എന്തിനെന്നറിയുമോ ദേവേട്ടന്… ആ ഹൃദയമിടിപ്പ് മുഴുവൻ ചേച്ചിയോട് നിറഞ്ഞു നിന്ന സ്നേഹത്തിന്റെ മായിക ലോകത്തിന്റെ വ്യാപ്‌തി വിളിച്ചോതുന്നത് കേട്ടത് കൊണ്ട് മാത്രമാണ്… എത്രയോ തവണ ഈ അനു ആ ഹൃദയത്തോട് ചേർന്ന് നിന്നിട്ടില്ലേ,, അപ്പോഴൊക്കെ ആ ഹൃദയതന്ത്രികളിൽ നിന്നുയർന്ന രാഗം എന്നോടുള്ള പ്രണയമായിരുന്നില്ല… ചേച്ചിയെ മനഃപൂർവം അല്ലെങ്കിലും അകറ്റി നിർത്തിയ സഹതാപം ആയിരുന്നില്ലേ..

അവന്റെ മുടിയിഴകളിൽ തലോടി അനു ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴും തന്റെ മനസ്സ് മുഴുവൻ ദേവേട്ടന് മുന്നിൽ തുറക്കാനുള്ള സമയം ആയില്ലെന്ന് കരുതുകയായിരുന്നു അവൾ..

“അയ്യോ ദേവേട്ടാ,, വിളക്ക് വെച്ചിട്ടില്ല.. സന്ധ്യ നേരത്ത് ഇങ്ങനെ കിടക്കുന്നത് നല്ലതല്ല ട്ടോ… “

തന്റെ കഴുത്തിടുക്കിൽ നിന്ന് അവനെ അടർത്തി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പറഞ്ഞു…

“മര്യാദക്ക് തനിച്ച് കിടന്നിരുന്ന എന്നെ പ്രലോഭിപ്പിച്ചത് നീയല്ലെടി… അപ്പോ മോൾക്ക്‌ അറിയില്ലായിരുന്നോ ഇത് സന്ധ്യ സമയമാണ്,, ഇങ്ങനെ കിടന്നൂടാ എന്നൊക്കെ?? “

അവളിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ ആദ്യം എഴുന്നേറ്റിരുന്നു,, ചെറിയൊരു പരിഭവത്തോടെ…

“വിളക്ക് വെച്ച് പ്രാർത്ഥിച്ചു വരട്ടെ.. “

അവന്റെ ചോദ്യത്തിനൊരുത്തരം കൊടുക്കാതെ അവളും കട്ടിലിൽ നിന്നെഴുന്നേറ്റു മുറിക്ക് വെളിയിലേക്കിറങ്ങാൻ ഒരുങ്ങിയപ്പോ പിന്നിൽ നിന്ന് ദേവ് വിളിച്ചു…

“അനു,,, നീ പ്രാർത്ഥന കഴിഞ്ഞാൽ അഞ്ജുവിനെ ഒന്ന് വിളിക്ക് ട്ടോ… അവൾക്ക് അവളുടെ അനിയത്തി കുട്ടിയോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞു.. “

“ഉം… “

ഉത്തരം ഒരു മൂളലിൽ ഒതുക്കി അവൾ മുറിക്ക് വെളിയിലേക്കിറങ്ങി..

രാമനാമം ജപിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചതിനു ശേഷം അവൾ അഞ്ജുവിനെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചിരുന്നു…

പരാതികളും പരിഭവങ്ങളും പറഞ്ഞു തീർത്തപ്പോ രണ്ടു പേർക്കും തമ്മിൽ കാണാനും പഴയത് പോലെ ചേർന്നുറങ്ങാനും കൊതി തോന്നി…

പക്ഷെ,, അപ്പോഴും അനുവിന്റെ മനസ്സിൽ ദേവേട്ടൻ ഒരു ചോദ്യ ചിഹ്നമായി ഉയർന്നു വന്നു…

“ഇനിയും എന്നെ അകറ്റല്ലേ പെണ്ണെ “

എന്ന വാക്കുകൾ തന്റെ കാതുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നത് പോലെ… ഇത്രയും ദിവസം താൻ അകന്ന് നിന്നതിന്റെ പരിഭവം ഇന്നൊരു രാവ് കൊണ്ട് തീർത്തു കൊടുക്കണം എന്നൊക്കെ ചിന്തിച്ചുവെങ്കിലും എന്തോ ഒരു പരവേശം അവളെ മൂടുന്നത് അവളറിഞ്ഞു…

“അനു മോളെ,, നാളെ വരാൻ പറ്റുമോ നിനക്ക്?? ഇനി ഒരാഴ്ച തികച്ചില്ല കല്യാണത്തിന്… അതുവരെ എന്റെ അനു മോളായി എന്റെ മാത്രം അനു മോളായി ഇവിടെ എന്റെ കൂടെ നിൽക്കുമോ… ഈ കാലമത്രയും ചേച്ചി കാണിച്ച നെറികേടിന് ഇങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ഞാൻ ചെയ്തോട്ടെ.. പ്ലീസ് അനു… എതിര് പറയല്ലേ ട്ടോ.. “

ചേച്ചിയുടെ ദയനീതയോടെയുള്ള വാക്കുകൾ കേട്ടപ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ അവൾ ആകെ കുഴഞ്ഞു….

‘”ഞാൻ ദേവേട്ടനോട് ഒന്ന് ചോദിക്കട്ടെ… എനിക്കും ആഗ്രഹം ഉണ്ട് എന്റെ ചേച്ചി പെണ്ണിനോട് ചേർന്ന് കിടക്കാൻ.. ഒരുപാട് കാര്യം പറയാനുമുണ്ട്… പരമാവധി ഞാൻ നേരത്തെ വരാൻ നോക്കാം…

അപ്പോ ശരി ട്ടോ… ഞാൻ വിളിക്കാം.. “

ചേച്ചിയെ നിരാശപ്പെടുത്താത്ത ഒരു മറുപടി നൽകി കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്ത് അവൾ ദേവിനെ തിരക്കി ഇറങ്ങി…

കോലായിലെ അരഭിത്തിയിൽ കാല് നീട്ടി തൂണിനോട് ചാരിയിരിക്കുന്ന ദേവേട്ടനെ കണ്ടപ്പോൾ അവളൊരു നിമിഷം നോക്കി നിന്നു…

“എന്തെടി,, അവിടെ തന്നെ നിന്ന് കളഞ്ഞത്… വാ,, വന്നിവിടെ ഇരിക്ക്… “

തനിക്കരികിലെ തിണ്ണയിലേക്ക് അവളെ സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ട് അവൻ നീട്ടി വെച്ച കാൽ താഴ്ത്തിയിട്ടു… നീരസമൊന്നും കൂടാതെ അവനരികിലേക്ക് അവൾ നടന്നടുത്തു… ദേവിനരികിലായി ഇരിപ്പുറപ്പിച്ച അനുവിന്റെ വലതു കരത്തെ അവൻ തന്റെ ഇടത് കൈക്കുള്ളിലൊതുക്കി പിടിച്ചു അവൻ…

“നിന്റെ വീട്ടിലേക്ക് നാളെ കൊണ്ട് വിടാം… കല്യാണത്തിനുള്ള ഡ്രസ്സ്‌ ഒക്കെ വാങ്ങിയിട്ട് തന്നെ നമുക്ക് പോകാം…കല്യാണം കഴിഞ്ഞു തിരിച്ചു നീ സിദ്ധുവിന്റെ കൂടെ വന്നാൽ മതി.. “

തന്റെ ആഗ്രഹം വാക്കുകളിലൂടെ അവനോട് പറയാനൊരുങ്ങുമ്പോഴേക്കും അത് കണ്ടറിഞ്ഞു തിരിച്ചു ഇങ്ങോട്ട് പറഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ… അതിനേക്കാളുപരി കല്യാണം കഴിഞ്ഞു തിരിച്ചു സിദ്ധുവേട്ടന്റെ കൂടെ വന്ന മതി എന്ന് പറഞ്ഞതിനർത്ഥം ദേവേട്ടൻ കല്യാണം കൂടാൻ ഇല്ലെന്നാണോ എന്നൊരു സംശയവും അവളിൽ നിഴലിച്ചു…അതവൾ ചോദിക്കുകയും ചെയ്തു

“അപ്പോ ദേവേട്ടൻ കല്യാണത്തിന് വരില്ലേ?? “

“ഇല്ലല്ലോ… എന്റെ അനു മാത്രം പങ്കെടുത്താൽ മതി… ഞാൻ വന്നാൽ ശരിയാവില്ല പെണ്ണെ,, എന്നെ അംഗീകരിക്കാത്ത ഒരുപാട് പേരുടെ മുന്നിൽ ഞാൻ ഒരു കരടായി നിൽക്കുന്നതിനേക്കാൾ നല്ലത് എന്റെ ഒഴിഞ്ഞു മാറ്റം തന്നെയാ.. “

എന്തോ ദേവേട്ടന്റെ ആ വാക്കുകളിൽ ദുഃഖം നിഴലിച്ചിരുന്നു.. അത് പുറത്ത് കാണിക്കാതിരിക്കാനാകണം തന്റെ കയ്യിലുള്ള പിടിത്തം വിട്ട് ഇടുപ്പിലൂടെ തന്നെ ചേർത്ത് പിടിച്ചു തോളിലേക്ക് ചായ്ച്ചത്…

“ദേവേട്ടന്റെ അമ്മയെയും അച്ഛനെയും ഉദ്ദേശിച്ചല്ലെ അങ്ങനെ പറഞ്ഞത്… അവരോട് നമുക്ക് സംസാരിച്ചാൽ പോരേ ദേവേട്ടാ,, ഇപ്പോ എന്റെ ചേച്ചിയോട് സംസാരിച്ചത് പോലെ… ചേച്ചിയുടെ മനസ്സിലെ തെറ്റിദ്ധാരണ മാറ്റിയ ദേവേട്ടന് സ്വന്തം അച്ഛന്റെയും അമ്മയുടെയും തെറ്റിദ്ധാരണ മാറ്റാൻ പറ്റൂലെ?? “

അവനോട് ചേർന്നിരുന്ന് അങ്ങനെ ഒരു ചോദ്യം അനു ഉന്നയിക്കുമ്പോൾ അവൻ അവളുടെ ഇടുപ്പിൽ ഒന്ന് ചെറുതായി നുള്ളി..

“എടി കള്ളി,, അപ്പോ അതായിരുന്നല്ലേ നേരത്തെ എന്നോട് കാണിച്ച സ്നേഹ പ്രകടനം….”

“അതല്ലല്ലോ ഞാൻ ചോദിച്ചത്… “

ഒരല്പം നീരസത്തോടെയാണ് അനു പറഞ്ഞത്…

“ഒരിക്കൽ സംസാരിച്ചപ്പോൾ അവരുടെ തെറ്റിദ്ധാരണ മാറിയോ?? ഇല്ലല്ലോ??? പിന്നെ എന്തിനാ വീണ്ടും എന്നെ കൊണ്ട് നീ വിഡ്ഢി വേഷം കെട്ടിക്കുന്നത്??”

ദേവിന്റെ മറുപടിയിൽ അവൾക്കൊരല്പം സങ്കടം തോന്നി… എങ്കിലും അവളത് പുറമെ കാണിച്ചില്ല..

“എന്നാ നമുക്ക് സിദ്ധുവേട്ടൻ പറഞ്ഞത് പോലെ അമ്മയെ സെറ്റ് ആക്കാൻ നോക്കാം.. “

അവന്റെ തോളിൽ ചാഞ്ഞിരുന്ന അനു തലയുയർത്തി അവനെ നോക്കി കൊണ്ട് പറഞ്ഞു..

“ഒരാഴ്ച കൊണ്ട് ഒരു പേര കുട്ടിയെ അമ്മയ്ക്ക് കൊടുക്കാൻ ഉള്ള മാന്ത്രിക വിദ്യയൊന്നും എന്റെ കയ്യിൽ ഇല്ല മോളെ,,, അല്ലെങ്കിലും അതുപോലുള്ള മണ്ടൻ ഉപദേശങ്ങൾ നൽകാൻ എന്റെ സിദ്ധുവിനെ കഴിഞ്ഞേ ഉള്ളൂ ആരും.. “

“ആഹ്,, ഇനിയിപ്പോ ആ പാവം സിദ്ധുവേട്ടനെ പറഞ്ഞോ… ” അനു ഒന്ന് ചിണുങ്ങി…

“ഓഹ്.. ഇപ്പോ അവൻ പാവമായി.. ഞാനോ?? “

“ദേവേട്ടൻ പാവമൊന്നുമല്ല.. ചതിയനാ.. കൊടും ചതിയൻ… “

അതും പറഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ട് ഒന്ന് കുത്തി….

“നീ ഇങ്ങനെയൊക്കെ സംസാരിക്കുമോ അനു?? ആളാകെ മാറിയത് പോലെ… “

അവളുടെ വാക്കുകളും പ്രവർത്തികളും ദേവിന്റെ മനസ്സിൽ ഒരു അത്ഭുതം സൃഷ്ടിച്ചിരുന്നു..

“ഇല്ല… ഇതുവരെ ആരോടും ഇങ്ങനെ സംസാരിച്ചിട്ടില്ല… പിന്നെ ഇപ്പോ ഇവിടെ എന്റെ ദേവേട്ടനോട് സംസാരിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ.. “

അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കൊണ്ട് അവൾ പതിയെ പറഞ്ഞു നിർത്തിയതും അനുവിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു..

“അനൂപ് കോളിങ്” എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ അവൾ ദേവിനരികിൽ നിന്ന് ഒരല്പം മാറിയിരുന്നു…

നേരത്തെ സിദ്ധുവിന്റെ കോൾ വന്നപ്പോൾ അനു ചെയ്തത് പോലെ ദേവ് അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്തു കൊണ്ട് ലൗഡ് സ്പീക്കറിലിട്ടു… കണ്ണ് കൊണ്ട് അനുവിനോട് സംസാരിക്കാൻ കല്പിക്കുകയും ചെയ്തു കൊണ്ട് അവൻ അവളെ കാല് കൊണ്ട് ലോക്കാക്കി…

“അനു,, ജിത്തേട്ടൻ ഉണ്ടോടി അടുത്ത്… “

“ഹാ ഉണ്ടല്ലോ അനൂപേട്ടാ… എന്താ ഞാൻ ഫോൺ കൊടുക്കണോ “

“ആഹ്,, ഒന്ന് കൊടുത്തേക്ക്.. അമ്മയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.. “

മറുതലയ്ക്കൽ നിന്ന് അനൂപിന്റെ ആവിശ്യം കേട്ടതും അവൾ ദേവിന്റെ കാലിനെ വകഞ്ഞു മാറ്റി തിണ്ണയിൽ നിന്നെഴുന്നേറ്റു… അമ്മയും മകനും സംസാരിക്കുന്നതിനിടയിൽ താൻ ഉണ്ടാകാതിരിക്കുന്നതാ ഇപ്പോ എന്ത് കൊണ്ടും നല്ലത് എന്നാലോചിച്ചു കൊണ്ടാണ് അനു അവിടെ നിന്നും പിന്മാറാൻ ഒരുങ്ങിയത്…

പക്ഷെ,,

തിരിഞ്ഞു നടക്കും മുന്നെ ദേവ് അവളെ പിടിച്ചു വലിച്ചു അവന്റെ മടിയിലേക്കിരുത്തിയിരുന്നു…

“ആരുടെ അമ്മയ്ക്ക്?? .. നിന്റെ അമ്മയ്ക്കാണോ അനൂപേ?? ..എന്നാ ഫോൺ കൊടുത്തേക്ക്…. എനിക്കാരോടും സംസാരിക്കുന്നതിൽ വിരോധമില്ല.. “

“ജിത്തേട്ടാ,, എന്താ ഇങ്ങനെയൊക്കെ പറയുന്നേ?? നമ്മുടെ അമ്മയല്ലേ.. “

അനൂപിന്റെ വാക്കുകൾ ദയനീയമായിരുന്നു…

“എന്റെ അമ്മയല്ല എന്ന് ഞാൻ പറഞ്ഞില്ല….അമ്മയ്ക്ക് ഞാൻ മകനല്ല എന്ന് അമ്മ തന്നെയാണ് പറഞ്ഞത്… വാക്കുകൾ കൊണ്ട് കീറി മുറിച്ച ഹൃദയത്തിന്റെ മുറിവ് ഞാൻ മായ്ച്ചു കളയാൻ പലയാവർത്തി ഞാൻ ശ്രമിച്ചു… പക്ഷെ അപ്പോഴും ശാപവാക്കുകൾ കൊണ്ട് അമ്മ എന്നെ സൽക്കരിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലൊ എന്നാലോചിക്കുമ്പോൾ സഹിക്കാൻ പറ്റണില്ലഡാ… “

അങ്ങനെയുള്ള വാക്കുകൾ പറയരുതെന്ന രീതിയിൽ അനു ദേവിനെ നോക്കി പതിയെ തലയാട്ടുന്നുണ്ട്… അത് കാണാത്ത ഭാവത്തിൽ അവന്റെ നോട്ടം ഇരുട്ടിലേക്ക് തിരിച്ചു വിട്ടു..

അപ്പോഴും മറുതലയ്ക്കൽ ദേവിന്റെ അമ്മ ഒന്ന് കരയാൻ പോലുമാകാതെ നിർജീവമായി ഇരിക്കുകയായിരുന്നു..

“ഹേയ് ഓട്ടോക്കാര,, എന്റെ ഏട്ടത്തിയമ്മ അവിടെ ഇല്ലേ?? ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ ട്ടോ ഈ വീട്ടിലേക്ക് വലത് കാൽ വെച്ച് കയറി വരാൻ…

അഞ്ജു ചേച്ചി വിളിച്ചു ജിത്തേട്ടന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ തൊട്ട് അമ്മ ഇവിടെ നിലവിളക്ക് ഒക്കെ തുടച്ചു മിനുക്കി വെച്ചിട്ടുണ്ട്.. അച്ഛൻ ആണെങ്കിൽ ഒരു മകളെ കിട്ടിയ സന്തോഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്… ഞാൻ ആണെങ്കിൽ ഏട്ടത്തി വന്നിട്ട് എന്തൊക്കെ ചെയ്യിപ്പിക്കാമെന്ന് പ്ലാൻ ചെയ്തു കൊണ്ടിരിക്കുവാ..

പിന്നെ അനൂപേട്ടന്റെ കാര്യം എനിക്കറീല… എന്തായാലും രണ്ടു പേരും കുറ്റക്കാരല്ലാന്നു അമ്മ കോടതിക്കും അച്ഛൻ കോടതിക്കും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ തെളിഞ്ഞ സ്ഥിതിക്ക് രണ്ടു പേരും ഇങ്ങോട്ട് പോരാൻ റെഡി ആയ്കോളൂ ട്ടോ… “

ദേവിന്റെ ഇളയ അനുജൻ അശ്വിന്റെ വാക്കുകൾ ഫോണിലൂടെ കേട്ടപ്പോൾ അനുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ആ വാക്കുകൾ കേട്ട ആവേശത്തിൽ അവൾ ദേവിന്റെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു..

അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ ദേവ് ഒന്ന് ഞെട്ടി… അതിനേക്കാൾ ഞെട്ടൽ തോന്നിയത് അശ്വിന്റെ വാക്ക് കേട്ടപ്പോഴാണ്…

“ജന്മം നൽകിയ സ്വന്തം മകൻ പറഞ്ഞപ്പോ വിശ്വസിച്ചില്ല… ഇപ്പോ അഞ്ജു പറഞ്ഞപ്പോ വിശ്വസിച്ചു എന്ന് കേൾക്കുമ്പോൾ ഞാൻ എന്താ കരുതേണ്ടത്… പറ അച്ചൂട്ടാ എനിക്കും ഒരു മനസ്സില്ലെ?? എന്റെ വേദനകളൊക്കെ അത്ര പെട്ടെന്ന് മാഞ്ഞു പോകുന്നതാണോ… അച്ഛൻ നൽകിയ അടിയുടെ വേദന ഞാൻ അന്നേ മറന്നു… പക്ഷെ,, അമ്മ…,,

അമ്മയുടെ വാക്കുകൾ… അതെന്നെ… “

വാക്കുകൾ പൂർത്തിയാക്കാനാകാതെ ദേവിന്റെ വാക്കുകൾ ഇടറുന്നത് കണ്ടപ്പോൾ അനുവിന്റെ ഹൃദയാന്തരങ്ങളിൽ ഒരു നോവ് സമ്മാനിച്ചു കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകി…

“ജിത്തു മോനെ….. ആ കാൽക്കൽ വീണ് ഈ അമ്മ മാപ്പ് പറഞ്ഞോളാം.. അമ്മയുടെ കുട്ടി എന്നെ ഇങ്ങനെ ശിക്ഷിക്കല്ലേ…. നിന്നെ വേദനിപ്പിച്ചപ്പോഴും ഈ അമ്മയ്ക്ക് വേദനിച്ചില്ലെടാ.. അതെന്തേ എന്റെ മോൻ മനസ്സിലാക്കാതെ പോയ്‌…?? “

ജിത്തു മോനെ എന്നുള്ള ഒരൊറ്റ വിളിയിൽ അലിഞ്ഞില്ലാതായിരുന്നു ദേവിന്റെ നോവുകളൊക്കെ… അത്കൊണ്ട് തന്നെ അതിന് ശേഷം അമ്മ പറഞ്ഞ വാക്കുകൾ ഒന്നും തന്നെ അവന്റെ കാതിൽ പതിഞ്ഞില്ല… അപ്പോഴും അവനൊരു കാര്യം തീരുമാനിച്ചിരിക്കുന്നു…

ഈ സ്വർഗം വിട്ട്,, ദേവ്ജിത്തിനു ആ മണിമാളികയിലേക്ക് ഒരു മടക്കമില്ലെന്ന്…

(തുടരും )

By

Ramsi faiz

Leave a Reply

Your email address will not be published. Required fields are marked *