രാത്രിമഴ
^^^^^^^^^^
Part 3
പ്രകൃതിയുടെ പ്രണയമായിട്ടായിരുന്നില്ല അന്ന് കാലം തെറ്റി മഴ പെയ്തത്… ആരോടോ ഉള്ള പ്രതിഷേധം….
ജനാലയ്ക്കരികിൽ നിന്ന് അവൾ ആ മഴയെ പ്രണയപൂർവം നോക്കുമ്പോൾ അവളറിഞ്ഞില്ല അവൾക്ക് പിന്നിലായി ഒളിഞ്ഞു നിൽക്കുന്ന രണ്ടു കണ്ണുകളെ… തന്റെ പ്രതികാരം തീർക്കാൻ കൊയ്തു വെച്ച ആ പെൺശരീരത്തെ കാമ കണ്ണുകളാൽ കൊത്തിവലിക്കുന്ന വില്ലന് തന്റെ അച്ഛന്റെ ഛായ ഉണ്ടെന്ന് അവളറിയാതെ പോയ്…
“അനു,, നീ വന്നു കിടക്കുന്നില്ലേ?? ഞാൻ ഉറങാണ് ട്ടോ… കിടക്കാൻ നേരത്ത് ആ ജനാല ഒന്നടയ്ക്കണേ.. “
ഉറങ്ങാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ അഞ്ജു അനുവിനെ നോക്കി വിളിച്ചു പറഞ്ഞു..
“ചേച്ചി കിടന്നോളു… ഞാൻ ഒരല്പ നേരം കൂടി ഇവിടെ ഇങ്ങനെ നിന്നോട്ടെ “
പതിഞ്ഞ ശബ്ദത്തിൽ അവളുടെ നിലപാട് വ്യക്തമാക്കി വീണ്ടും മഴയെ ആസ്വദിക്കുന്ന അവളിൽ നാഴിക പിന്നിടുന്ന നിമിഷങ്ങളെ കുറിച്ച് യാതൊരു ബോധവുമില്ലായിരുന്നു…
അത്രമേൽ ആഴത്തിൽ അവളാ മഴയെ പ്രണയിക്കുകയായിരുന്നു..
‘പ്രകൃതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന കവിതയാണ് മഴ ‘ എന്നാരോ എഴുതി വെച്ചതോർത്തപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു…
എത്ര സത്യമാണ് ആ വരികൾ.. പ്രകൃതി കനിഞ്ഞു നൽകിയ മഴയുടെ കുളിരിൽ മനം നിറയുന്നത് മനുഷ്യന്റേതല്ലേ.. ഒരു കവിത വായിച്ച സംതൃപ്തി പോലെ…
ചിന്തകളോരോന്നും പല വഴിക്ക് പാറി നടന്നപ്പോൾ അവയെ കടിഞ്ഞാണിട്ട് തിരികെ കൊണ്ട് വന്നത് നിദ്രയെ വരവേൽക്കാനൊരുങ്ങിയ മിഴികൾ തന്നെയായിരുന്നു..
ചേച്ചിക്കരികിൽ പോയ് കിടന്നു കൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി തന്റെ ദേഹം മൂടിയത് മഴയുടെ കുളിരിനെ മറികടക്കാനായിരുന്നു…
ആരുടെയോ കരസ്പർശം തന്റെ വയറിനെ തലോടി പോകുന്നതവൾ അറിഞ്ഞപ്പോഴാണ് പതിയെ കണ്ണ് ചിമ്മി തുറന്നത്… ആദ്യമത് ഒരു സ്വപ്നമായിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് ആ കൈകൾ തന്റെ വയറിൽ നിന്ന് മുകളിലോട്ട് സ്ഥാന ചലനം സംഭവിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞെണീറ്റു…
” അച്ഛാ….. “
എന്നുള്ള വിളിയിൽ വേദന മാത്രമായിരുന്നു തങ്ങി നിന്നത്…
അമ്മയുടെ ഉദരത്തിൽ നിന്ന് ഈ മണ്ണിലേക്ക് പിറന്നു വീണത് തന്നെ ആ കൈകളിലേക്കായിരുന്നുവെന്ന് അമ്മ പല വട്ടം പറഞ്ഞിട്ടുണ്ട്…
എന്നിട്ടൊടുവിൽ,,, അതേ കൈ കൊണ്ട് ഞാൻ എന്ന മകളെ മറന്ന് വെറുമൊരു പെണ്ണായി കാണാൻ എങ്ങനെ അച്ഛന് കഴിഞ്ഞു എന്നവള് ചിന്തിക്കുമ്പോഴേക്കും അയാൾ ഒരു ചിരിയോടെ അവൾക്ക് അരികിലേക്ക് ഇരുന്നു…
“പേടിച്ചു പോയോ എന്റെ അനു മോള്?? “
ബെഡിൽ തന്റെ തൊട്ട് മുന്നിലായിരിക്കുന്ന അച്ഛന്റെ ചോദ്യം കേട്ടപ്പോൾ ഭയം കൊണ്ട് ഞാൻ മറുപടി കൊടുത്തില്ല… പകരം ഒരു കൈ കൊണ്ട് ചേച്ചിയെ തട്ടി വിളിച്ചു..
“ഹാ,, എന്റെ അനു മോളെന്തിനാ പേടിക്കുന്നെ… അച്ഛനല്ലേ കൂടെ ഉള്ളത്… മോള് വാ.. അച്ഛനൊന്നും ചെയ്യില്ല ട്ടോ.. “
അവളുടെ കവിളിൽ അരുമയായി തലോടി കൊണ്ട് അച്ഛൻ തന്നെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. തന്റെ തോളോട് ചേർത്ത് പിടിച്ചു മുറിക്കുള്ളിലെ ഡ്രസിങ് അലമാരയുടെ കണ്ണാടിക്ക് മുന്നിൽ തന്നെ കൊണ്ട് നിർത്തിയതും മുറിയിലെ ലൈറ്റ് തെളിയിച്ചതും ഒരുമിച്ചായിരുന്നു…
“പത്തൊമ്പതു വർഷം മുന്നെ എന്റെ ഭാര്യ നിന്നെ ഈ കൈകളിലേക്ക് വെച്ച് തരുമ്പോൾ എന്ത് സോഫ്റ്റ് ആയിരുന്നൂന്നറിയുമോ എന്റെ അനു മോള്.. ദേ,, ഇപ്പഴും അത് പോലെ തന്നെ…”
എന്റെ തൊട്ട് പിന്നിലായി നിന്ന് കൊണ്ട് അച്ഛൻ അത് പറഞ്ഞു തീർന്നതും കെട്ടി വെച്ച എന്റെ മുടിയെ ഒരു കൈ കൊണ്ട് അഴിച്ചെടുത്തതും ഒരുമിച്ചായിരുന്നു..
“അച്ഛായെന്തിനാ എന്നോട് ഇങ്ങനെയൊക്കെ?? “
വിതുമ്പി കൊണ്ട് അത്ര മാത്രമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളു..
അപ്പോഴേക്കും അച്ഛന്റെ ഇടത് കൈ തന്റെ വയറിനെ ചുറ്റി പിടിച്ചിരുന്നു… വലതു കൈ കൊണ്ട് മുടിയിഴകളെ അടർത്തി മാറ്റി ഗന്ധം ആസ്വദിക്കുന്നു..
എന്തോ ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ അവളുടെ ഉപബോധമനസ്സ് സമ്മതിക്കാത്തത് കൊണ്ടാകണം സർവ ശക്തിയുമെടുത്ത് അവൾ അച്ഛനെ പിന്നിലേക്ക് തള്ളിയത്…
ഒരു നിമിഷം പകച്ചു പോയ അയാൾ വീണ്ടും അവൾക്കരികിലേക്ക് നടന്നടുക്കുമ്പോഴേക്കും അവൾ ചേച്ചിക്കരികിലേക്ക് ഓടിയടുത്തിരുന്നു… ആ ഓട്ടത്തിനിടയിൽ അവളുടെ ടോപ്പിന്റെ പിൻഭാഗം അയാളുടെ കൈകൾ പറിച്ചെടുത്തിരുന്നു….
“ചേച്ചി,,, ചേച്ചി… ഒന്നെഴുന്നേൽക്ക് ചേച്ചി.. പ്ലീസ്… അച്ഛൻ… എന്നെ,,, പ്ലീസ് ചേച്ചി… “
കരഞ്ഞു കൊണ്ട് അവൾ ചേച്ചിയെ തട്ടി വിളിക്കുമ്പോഴും ഉറക്കത്തിന്റെ ലഹരിയിൽ അവൾ ഒന്നും അറിഞ്ഞില്ല…
“നീ ആരെയാ അനു മോളെ ഈ വിളിക്കുന്നത്… നാലഞ്ചു ഉറക്ക ഗുളിക പൊടിച്ചു പാലിൽ ചേർത്ത് കുടിച്ച എന്റെ മോളെയോ…. അവൾ ഉണരില്ല… നാളെ കാലത്ത് ഒരു പത്തു മണി വരെ അവൾ ഉറങ്ങും… അവൾ മാത്രമല്ല നിന്റെ അമ്മയും… ഹാ ഹാ ഹാ… “
അച്ഛന്റെ വാക്കുകളും ക്രൂരമായ പൊട്ടിച്ചിരികളും അവളുടെ ഹൃദയത്തെ കീറി മുറിച്ചു… ചേച്ചിക്കരികിൽ നിന്ന് തന്റെ മുടിയിഴകളിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അച്ഛന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് എന്നോട് പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ആ നിമിഷം ഭൂമിയിലേക്ക് ആഴ്ന്നു പോയെങ്കിലെന്ന് ഒരു മാത്ര നിനച്ചു പോയ്…
“നിന്നോടെനിക്ക് സ്നേഹം മാത്രമേയുള്ളു,, നീ ജനിച്ച നാൾ മുതൽ ഇന്ന് വരെയും.. പക്ഷെ,, ഇന്ന് ഞാൻ അവനെ കണ്ടു…
എന്റെ ശത്രുവിനെ…..
എന്റെ ജീവിതം ഇരുമ്പഴിക്കുള്ളിലാക്കിയവനെ…
അവനെ വേദനിപ്പിക്കാൻ എനിക്ക് മുന്നിൽ ഇതേ ഉള്ളൂ മാർഗം…
നീ…….
നീ മാത്രമാണ് എന്റെ ഇര……
ഞാൻ താലോലിച്ച എന്റെ മോള്…
ഞാൻ നെഞ്ചിൽ കിടത്തിയുറക്കിയ എന്റെ മോള്….
ഞാൻ നാണം മറക്കാൻ പഠിപ്പിച്ച എന്റെ രാജകുമാരി…
അല്ല,, നീ,,, നീ ഈ അച്ഛന്റെ രാജകുമാരി അല്ല….
നീ എന്റെ മകളല്ല….
ഞാൻ വളർത്തി വലുതാക്കിയ എന്റെ രാജകുമാരി എന്റെ രക്തമല്ല…”
വേദനയും ദേഷ്യവും കലർന്ന ശബ്ദത്തിൽ അച്ഛൻ പറഞ്ഞു നിർത്തിയ വാക്കുകളുടെ മൂർച്ചയിൽ ഞാൻ പൊള്ളിപ്പിടഞ്ഞു പോയ്…
“അങ്ങനെ പറയല്ലേ അച്ഛാ,,, ഞാൻ അച്ഛന്റെ മോളല്ല എന്ന് പറയല്ലേ,,, അച്ഛന് വേണ്ടത് എന്റെ ശരീരം ആണെങ്കിൽ അതെടുത്തോ?? എന്നാലും എന്റെ മനസ്സിനെ മുറിവേൽപ്പിക്കല്ലേ അച്ഛാ…
ഞാൻ എന്റെ അമ്മയെക്കാളേറെ സ്നേഹിച്ചിട്ടില്ലേ എന്റെ അച്ഛയെ..
പറ…. ഞാൻ അച്ഛന്റെ മോളാണെന്ന് ഒന്ന് പറ അച്ഛാ…”
അച്ഛന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് പലയാവർത്തി അവൾ കരഞ്ഞു പറഞ്ഞപ്പോ അയാളുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു..
“ഞാനും സ്നേഹിച്ചിട്ടില്ലേ, എന്റെ അനു മോളെ… അഞ്ജുവിനേക്കാളേറെ സ്നേഹിച്ചത് എന്റെ അനു മോളെ തന്നെയല്ലേ..
ഇല്ല…. ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല…
സ്നേഹം അഭിനയിച്ചതാ…
നിന്റെ അമ്മയുടെ തനി പകർപ്പാണ് നീ… ആ നിന്നോട് എനിക്ക് സ്നേഹം തോന്നിയപ്പോൾ അതിനേക്കാളേറെ മുകളിൽ പ്രതികാരം എന്നൊരു വികാരം കൂടി ഉടലെടുത്തു…
പത്തൊമ്പത് വർഷം നീണ്ടു നിൽക്കുന്ന പ്രതികാരം…
ആ പ്രതികാരം പൂർത്തീകരിക്കാൻ ഞാൻ രാഖി മിനുക്കിയെടുത്ത ആയുധം മാത്രമാണ് നീ…
ഇന്നത്തെ രാവ് പുലരുമ്പോൾ നാളെ ലോകം അറിയും അനാമികയുടെ ശരീര ശാസ്ത്രം…. ഇല്ലെങ്കിൽ അറിയിക്കും ഞാൻ…
അത് കണ്ടു ചങ്ക് പൊട്ടി മരിക്കണം അവൻ….
നിന്റെ തന്ത…. എന്റെ ആത്മമിത്രമായി ഞാൻ കൊണ്ട് നടന്ന ചതിയൻ… “
അച്ഛന്റെ വാക്കുകളിൽ പൗരുഷം നിറഞ്ഞതും കണ്ണുകൾ ചുവന്നു തുടുത്തതും കണ്ടപ്പോൾ തന്നെ ഞാനൂഹിച്ചു ഇതെന്റെ അച്ഛനല്ല…
ഇത് മറ്റാരോ ആണെന്ന്…
അല്ലെങ്കിൽ എന്റെ അച്ഛന് എന്നെ വേദനിപ്പിക്കാൻ കഴിയുമോ??
നിറഞ്ഞു വന്ന മിഴികളെ തുടച്ചു നീക്കാൻ കഴിയാതെ അശക്തയായി നിൽക്കുമ്പോഴാണ് പാതി കീറി തുടങ്ങിയ എന്റെ വസ്ത്രത്തിനു മുകളിലേക്ക് അച്ഛന്റെ കൈകൾ ചലിച്ചു തുടങ്ങിയത്…
എന്തോ ആ നിമിഷം തന്നെ അയാളുടെ കൈകൾ തട്ടി മാറ്റി ഓടി ചേച്ചിക്കരികിലെ ഫോൺ കയ്യിലെടുത്തു ദേവേട്ടനെ വിളിച്ചു രക്ഷിക്കാൻ പറഞ്ഞതൊക്കെ ഞൊടിയിടയിൽ സംഭവിച്ച കാര്യങ്ങളായിരുന്നു..
അപ്പോഴും അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവ്യക്തമായി തന്നെ മനസ്സിൽ കിടന്നുരുളുന്നുണ്ട്..
അപ്പോഴും അച്ഛന്റെ ഉപദ്രവങ്ങൾ കൂടി കൂടി വരുന്നുണ്ട്… കയ്യിൽ കണ്ടതൊക്കെ തട്ടി മറിച്ചിട്ട് ശബ്ദം ഉണ്ടാക്കുമ്പോഴൊക്കെ ഒന്ന് മാത്രമേ ആഗ്രഹിച്ചുള്ളു,, അമ്മയെങ്കിലും ഒന്ന് ഉണർന്നിരുന്നെങ്കിലെന്ന്… പക്ഷെ അവയൊക്കെ അസ്ഥാനത്താക്കി തിമിർത്തു പെയ്യുന്ന മഴയുടെ ഓളങ്ങളിൽ ആ ശബ്ദങ്ങളൊക്കെ നിർജീവമായിരുന്നു… അന്നാണ് ഞാൻ ആദ്യമായ് മഴയെ ശപിച്ചത്.. കവിതയാണ് മഴ എന്ന് പറഞ്ഞു അല്പ നേരം മുമ്പ് ആസ്വദിച്ച മഴയാണ് ഇന്ന് എനിക്ക് മുന്നിൽ വില്ലനായി വന്നതെന്ന് ഓർത്തപ്പോ സങ്കടം തോന്നി..
ഓരോ തവണ അച്ഛനിൽ നിന്ന് കുതറി ഓടുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു ദേവേട്ടനെങ്കിലും രക്ഷിക്കാൻ വരുമെന്ന്…
പലവട്ടം അച്ഛയുടെ കൈകൾക്കുള്ളിൽ കുടുങ്ങുമ്പോഴും ഈ നിമിഷം മരിക്കാൻ പറ്റിയെങ്കിൽ എന്ന് മോഹിച്ചിട്ടുണ്ട്…
ദേഹത്തുള്ള പാതി വസ്ത്രവും കീറി തുടങ്ങിയപ്പോൾ ഒന്ന് മാത്രമേ ആലോചിച്ചുള്ളു… ടെറസിൽ നിന്ന് താഴേക്ക് ചാടി സ്വയം മരണത്തെ പുൽകുക എന്ന്…
പക്ഷെ,,
ആ കാര്യം ചെയ്യാൻ തുനിയും മുന്നെ ദേവേട്ടൻ എന്റെ രക്ഷകനായി മുന്നിലെത്തിയിരുന്നു…
എന്റെ ശരീരത്തെ പൊതിഞ്ഞു പിടിക്കാൻ എന്നെയും ചേർത്ത് പിടിച്ചു വീട്ടിലെ കർട്ടൻ പൊട്ടിച്ചെടുത്തു ദേഹത്തേക്ക് വാരി ചുറ്റി തന്നപ്പോൾ അന്നാദ്യമായി ഞാൻ ദൈവത്തെ നേരിൽ കാണുകയായിരുന്നു…
പക്ഷെ,,, പിന്നീടങ്ങോട്ട് നടന്ന സംഭവികാസങ്ങളൊക്കെ എന്നെയും ദേവേട്ടനെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള നാടകം ആയിരുന്നെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയിരുന്നു… അപ്പോഴേക്കും ഞാൻ ദേവേട്ടന്റെ ഭാര്യയായി കഴിഞ്ഞിരുന്നു,, ആദ്യം ഒരു ഒപ്പിന്റെ ബലത്തിൽ നിയമപരമായും പിന്നീട് ഒരു താലിയുടെ ശക്തിയിൽ വിശ്വാസപരമായും…..
അപ്പോഴും,, ശരീരം കൊണ്ട് തികച്ചും അന്യനായിരുന്നു….
“വീടെത്തി… നീ ഇറങ്ങുന്നില്ലേ?? “
ദേവന്റെ ശബ്ദമാണ് അനുവിനെ ഓർമകളിൽ നിന്ന് തിരികെയെത്തിച്ചത്…
ദേവേട്ടന്റെ കൂടെ ഭക്ഷണം കഴിക്കാനിരുന്നതും അത് കഴിഞ്ഞു യാത്ര തുടർന്നതും ഒന്നും താൻ അറിഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാണ്…
അവൾക്ക് മുഖം കൊടുക്കാതെ ഓട് പാകിയ ആ കുഞ്ഞ് വീടിനുള്ളിലേക്ക് അവൻ നടന്നു കയറിയപ്പോ പിന്നാലെ അവളും നടന്നു…
“ഇന്നും മൗനം കൊണ്ട് അവനെ ഒരുപാട് വേദനിപ്പിച്ചു അല്ലെ?? “
ദേവ്ജിത്തിന്റെ കൂട്ടുകാരൻ സിദ്ധാർത്ഥിന്റെ ചോദ്യം കേട്ടതും അവളൊന്ന് നിന്നു…
“സിദ്ധുവേട്ട ഞാൻ…. “
“വേണ്ട അനു,,, കൂടുതൽ ന്യായീകരണങ്ങൾ ഒന്നും വേണ്ട… ഈ മണ്ണിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു അവൻ വന്നത് നിനക്കൊരാൾക്ക് വേണ്ടിയാ… അവന്റെ പ്രണയം,, അവന്റെ കുടുംബം എല്ലാം നിനക്ക് വേണ്ടി ഉപേക്ഷിച്ചു വന്നിട്ടും ഇന്ന് വരെ അവനെ ഒന്ന് സ്നേഹത്തോടെ നോക്കാൻ പോലും നിനക്ക് പറ്റുന്നില്ലല്ലോ അനു??
ഇനി എന്താന്ന് വെച്ചാൽ ആയിക്കോ.. ഉപദേശിക്കുന്നതിനും ഒരു പരിധിയില്ലേ….”
ദേഷ്യത്തോടെ സിദ്ധു പറഞ്ഞു നിർത്തിയതും ദേവ്ജിത് അവനരികിലേക്ക് നടന്നടുത്തതും ഒരുമിച്ചായിരുന്നു…
“എനിക്ക് വേണ്ടിയാണ് ഈ വാദമെങ്കിൽ വേണ്ട സിദ്ധു… അവൾക്കീ ജന്മം എന്നെ അംഗീകരിക്കാൻ പറ്റില്ല…പിന്നെ എന്തിനാ നമ്മൾ വാശി പിടിക്കുന്നത്..
മരിക്കുന്നത് വരെ ഇങ്ങനെ അങ്ങ് പോട്ടെ… “
ദേവ്ജിത്തിന്റെ വാക്കുകൾ കേട്ടതും അനുവിന്റെ നെഞ്ചിലൊരു ഉൾക്കിടിലമുണ്ടായി…
എന്തിനാ ഈശ്വരാ ഇങ്ങനെ ഒരു പരീക്ഷണം… എന്റെ ചേച്ചിയുടെ ജീവിതമല്ലേ ഇന്നെന്റെ കഴുത്തിൽ കിടക്കുന്ന താലി…
ഒരു തെറ്റിദ്ധാരണയുടെ പുറത്തല്ലേ ചേച്ചി ദേവേട്ടനെ വേണ്ടെന്ന് പറഞ്ഞത്..
അതൊക്കെ മാറ്റിയാൽ ഒരുപക്ഷെ ചേച്ചിക്ക് ചേച്ചി ആഗ്രഹിച്ച ജീവിതം കിട്ടിയാലോ??
“ഇനിയും നീ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നാൽ ഇന്ന് ഉച്ചയ്ക്ക് നമ്മൾ പട്ടിണിയാകും… അത്കൊണ്ട് മോള് പോയ് കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ നോക്ക്.. ഞാൻ സിദ്ധുവിന്റെ കൂടെ ഒന്ന് പുറത്ത് പോയ് വരാം.. “
അതും പറഞ്ഞു കൊണ്ട് അനുവിന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ സിദ്ധുവിന്റെ ബൈക്കിൽ കയറി ദേവ്ജിത് അവിടം വിടുമ്പോൾ തനിക്ക് മുന്നിൽ തീർത്ത ശൂന്യതയ്ക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് അവൾ…….
ഒരല്പ നേരത്തേക്ക് മാത്രം ദേവേട്ടൻ വിട പറഞ്ഞു പോയപ്പോൾ തന്നെ തനിക്ക് ചുറ്റും ആരുമില്ലാത്ത പോലെ,, എന്താ ഇന്നിപ്പോ ഇങ്ങനെ ഒരു തോന്നൽ…
ഒരുപക്ഷെ അതീ മോതിരത്തിന്റെ മാന്ത്രികത കൊണ്ടാകുമോ???
ഇടത് കൈ വിരലിലെ മോതിരത്തിലേക്ക് അവളറിയാതെ തന്നെ അവളുടെ ചുണ്ടുകൾ ചേരുമ്പോൾ ഹൃദയഭിത്തിയിൽ പലവട്ടം പ്രതിധ്വനിച്ചു നിന്നത് അവൾ ദൈവമായി കണ്ടവന്റെ നാമമായിരുന്നു… ഇനി മറ്റൊരു ഹൃദയത്തിലേക്കും പകുത്തു നൽകാൻ കഴിയില്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്….
താൻ തളർന്നപ്പോഴൊക്കെ താങ്ങായി നിന്നവനാണ് സിദ്ധാർഥ്…
ഇന്നീ കാണുന്ന ഇരു മുറിയുള്ള കുഞ്ഞ് വീട് പോലും വാടകയില്ലാതെ സംഘടിപ്പിച്ചു തന്നത് അവനാണ്…
അനുവിനൊരു ജീവിതം കൊടുക്കാൻ പറഞ്ഞവൻ… അവൾക്കായി താലി പണിയാൻ സ്വന്തം മാല വിൽക്കാൻ ഒരുങ്ങിയപ്പോ കൂട്ടായി നിന്നവൻ..
അവന്റെ സ്വന്തം കാശ് കൊണ്ട് ഒരു ഓട്ടോ എനിക്കായ് സമ്മാനിച്ചവൻ..
ജനിച്ച നാടും വീടും വിട്ട് അനുവിന്റെ കയ്യും പിടിച്ചു ഒന്നുമില്ലാത്തവനെ പോലെ പടിയിറങ്ങിയപ്പോ നിഴലായി നിന്നവൻ…
അന്നും അറിഞ്ഞില്ല,, അവന്റെ ഹൃദയത്തിൽ എപ്പഴോ ചേക്കേറിയ മുഖമാണ് എന്റെ അനുവിന്റേതെന്ന്..
“ഇപ്പോഴും അവൾക്ക് ഒരു മാറ്റവുമില്ല അല്ലെ?? “
സിദ്ധുവിന്റെ ചോദ്യമാണ് അവനെ ബോധമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്..
“ഇല്ലടാ… അതിനി മാറുമെന്ന് ഒരുറപ്പുമില്ല… ഇപ്പോ എനിക്ക് തോന്നുവാ,, അവൾക്ക് അനുയോജ്യൻ നീ തന്നെയാണെന്ന്.. “
“ഡാ ജിത്തു,, വെറുതെ വേണ്ടാതീനം പറയല്ലേ ട്ടോ… എന്റെ മനസ്സിൽ അവളുണ്ടായിരുന്നു എന്നുള്ളത് നേരാ,, പക്ഷെ എന്ന് അവൾ നിന്റെ ജീവിതത്തിലേക്ക് വന്നുവോ,, അന്ന് തൊട്ട് എനിക്ക് അവൾ അനിയത്തികുട്ടി അല്ലേടാ… “
സിദ്ധുവിന്റെ വാക്കുകളിൽ നഷ്ടബോധം നിഴലിച്ചു നിന്നെങ്കിലും പിന്നീട് അതിനെ പറ്റി ഒന്നും ദേവ് ചോദിച്ചില്ല…
“നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട് ജിത്തു,, അവളുടെ മനസ്സിൽ ഇപ്പോഴും പേടി തോന്നാത്ത ഒരു പുരുഷനെ ഉള്ളൂ,, അത് നീയാ… ഈ എന്നെപോലും കാണുമ്പോൾ അവൾ നിന്ന് വിറയ്ക്കുന്നത് കാണാം…
അവളുടെ മനസ്സിനേറ്റ മുറിവിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് നിനക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.. അവൾ പതിയെ മാറും ഡാ… നമുക്ക് കാത്തിരിക്കാം… “
പ്രതീക്ഷയുള്ള വാക്കുകൾ നൽകി അവനൊരു നല്ല കൂട്ടുകാരനാകുമ്പോ ദേവ് മനസ്സറിഞ്ഞു ഒന്ന് പുഞ്ചിരിച്ചു.. നീയെങ്കിലും എന്നോട് ആത്മാർത്ഥത കാണിക്കുന്നുണ്ടല്ലോടാ എന്ന മൗനഭാഷയിൽ അവൻ ഒന്നൂടെ സിദ്ധുവിനോട് ചേർന്നിരുന്നു…
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു വീഴുമ്പോഴും അനുവിന് ദേവ്ജിത്തിനോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല…
പക്ഷെ,, അപ്പോഴും അവന്റെ മനസ്സ് മുറവിളി കൂട്ടുകയായിരുന്നു..
അവന്റെ തോഴിയെ സ്വന്തമാക്കാൻ..
അനു ഉറങ്ങി എന്ന് കണ്ടപ്പോൾ അവൻ പതിയെ അവളുടെ തലമുടിയിഴകളെ തലോടി കൊണ്ടിരുന്നു..
ഒരു കുഞ്ഞ് കട്ടിലാണ് ഈ മുറിക്കുള്ളിൽ.. പിന്നെ ഉള്ളത് ഒരു തടി അലമാരയും…..
അത് കൊണ്ട് തന്നെ താഴെ പായ വിരിച്ചു കിടക്കാനുള്ള സൗകര്യവുമില്ല.. രണ്ടു പേരും ഞെരുങ്ങി ഒരു കട്ടിലിൽ കിടന്നാലും അറിയാതെ പോലും അവൾ തനിക്കരികിലേക്ക് ചേർന്ന് കിടക്കില്ല… അത്രയ്ക്ക് അകലമാണ് പെണ്ണിന്..
പിന്നെ ഉള്ള മുറി ഇന്നേവരെ തുറന്നിട്ടില്ല… അതിൽ എന്തൊക്കെയോ പഴകിയ സാധനങ്ങളാണെന്ന് സിദ്ധു പറഞ്ഞതോർത്തു…
ഉറക്കം വരാതെ അനുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്…
അവളുടെ ഉറക്കിനെ അലോസരപ്പെടുത്തണ്ട എന്ന് കരുതി തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്ത് മറു വശത്ത് നിന്നുള്ള ശബ്ദത്തിനു കാതോർത്തു…
(തുടരും )
By Ramsi faiz
💛💛💛💛👌👌