മൗനമുണ്ടായത്

നമ്മൾ പരസ്പരം
മിണ്ടാതിരുപ്പോഴല്ല ,

മഴ പെയ്യുമ്പോൾ
പിന്നരങ്ങിൻ നേർത്ത രണ്ടു
വിതുമ്പലുകളിലല്ല,

പകൽ മുഴുവൻ മറക്കാൻ ശ്രെമിക്കുന്ന
ഓർമ്മകളിൽ നോവുമ്പോഴല്ല ,

ഉറങ്ങാതെ ഉണർന്നു
കിടക്കുന്ന രാത്രികളില്ല ,

അടഞ്ഞ നാലു ചുമരുകൾക്കുള്ളിൽ
നിമിഷങ്ങൾ നീണ്ടു നിരങ്ങി
പോകുമ്പോഴും അല്ല ,

വാക്കുകളുടെ കാട്ടിൽ ,
കാഴ്ചയുടെ ഇരുട്ടിൽ ഒറ്റയായി-
മാറിയപ്പോഴും അല്ല ,

നമ്മുടെ ചിരിപ്പൂക്കൾ
വേർപാടിൽ പൊഴിയുന്ന
ഉഷ്ണകാലങ്ങളിൽ ,
രണ്ടിടങ്ങളിൽ ,
രണ്ടു കാലങ്ങളിൽ ,
തനിച്ചു നിൽക്കുമ്പോഴും അല്ല ,

പിന്നെയെപ്പോഴാണ്
മൗനമുണ്ടായത് …?

സ്നേഹമെന്നു ചൊല്ലി നമ്മൾ
ചൊരിഞ്ഞ വർണ്ണങ്ങൾ വറ്റിയപ്പോൾ ,
പ്രണയമെന്നു കുറിച്ച വരികളിലെ
കൈയ്യക്ഷരങ്ങൾ മറഞ്ഞപ്പോൾ……

അമ്പാടി ..!!

Leave a Reply

Your email address will not be published. Required fields are marked *