മുറ്റമടി

അമ്പിളി

പെട്ടെന്നൊരു വീടുമാറ്റം അത്യാവശ്യം ആയി വന്നു. ഇനി താമസിക്കാൻ പോവുന്ന വീട് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ആകപ്പാടെ വൃത്തികെട്ട അവസ്ഥ…അവിടെ താമസിച്ചിരുന്നവർ വളരെ മോശമാക്കി ഇട്ടിരുന്നു പരിസരം മുഴുവൻ.

പിന്നെ അല്പം ആശ്വാസം തോന്നിയത് തിങ്ങി ഞെരിഞ്ഞു ഞങ്ങൾ താമസിച്ച സ്ഥലത്തേക്കാൾ സൗകര്യം ഉണ്ട് എന്നതായിരുന്നു.വീടിനും ചുറ്റുമുള്ള മുറ്റം കണ്ടപ്പോൾ പണ്ട് നാട്ടിലെ മുറ്റമടിയാണ് ആദ്യം ഓർമ വന്ന്.

ഇന്നാരും സമ്മതിച്ചു തരില്ല. അന്ന് ആ ചെറുപ്രായത്തിൽ അടിച്ചു കൂട്ടിയ കഥനകഥ… അമ്മച്ചിയുടെ കണ്ണിനു ഇന്നത്തെ cc tv യെക്കാൾ പവർ ആണ്.ഒരു പുളിയില കിടന്നാൽ കൂടി കണ്ട് പിടിക്കുമായിരുന്നു. ഒന്നും രണ്ടും അല്ല പത്തു പതിനഞ്ചു സെന്റ് ആണ് അടിക്കേണ്ടത്…10thil പഠിക്കുമ്പോ രാവിലെ ഉള്ള ട്യൂഷൻ, പിന്നേ ദൈവാനുഗ്രഹം പോലെ വന്ന പൊടി അലര്ജി കൂടി ആയപ്പോൾ ആണ് മുറ്റമടിയിൽ നിന്നും മോചനം കിട്ടിയത്.

എങ്കിലും സന്ധ്യാ സമയത്തുള്ള മുറ്റമടിയെന്ന മനോഹരമായ ആചാരം എന്നും നാട്ടുനടപ്പ് പോലേ തുടർന്ന് പോന്നിരുന്നു.ഭാഗ്യത്തിന് അത് പകുതി മതി.

അങ്ങിനെ ഏകദേശം പതിനേഴു വർഷം ആയി ചൂലെടുത്തു മുറ്റം അടിച്ചിട്ട്. പണ്ട് അടിച്ച വൈരാഗ്യം കൊണ്ടാണോ എന്തോ ഇപ്പോഴും നാട്ടിലെ മുറ്റവും ചൂലും കണ്ടാൽ എനിക്ക് പാക്കിസ്ഥാനിൽ ചെന്ന ഒരു ഫീൽ ആണ്.
പരിസരം വൃത്തി ആക്കിയെങ്കിലും ചുറ്റും ഉള്ള മരങ്ങൾ ഒരു വാശി എന്നപോലെ ഇലകൾ പറിച്ചിടുവാൻ തുടങ്ങി…

മാത്രമല്ല മുറ്റം കണ്ടപ്പോൾ ഐശ്വര്യം വിളിച്ചു കേറ്റുവാൻ എന്റെ മനസ്സും തുടിച്ചു… വേഗം ഞാൻ മുറ്റത്തേക്കിറങ്ങി ചൂലെടുത്തു.ആഹഹാ എത്ര നാളായി മുറ്റം അടിച്ചിട്ട്…ഒന്ന് സാധകം ചെയ്തേക്കാം. പതിനഞ്ചു കൊല്ലം ആയി ഊതികാച്ചിയ എന്റെ വണ്ണവും ബീൻ ബാഗ് പോലത്തെ എന്റെ വയറും ഇനി അങ്ങ് കുറയും അതൊക്ക സ്വപ്നം കണ്ടു ഞാൻ അങ്ങ് തുടങ്ങി..

അപ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി വിളിച്ചു പറഞ്ഞത്..
“മോളെ ആഞ്ഞിലിടേം, പ്ലാവിന്റേം ഇലയാ. മഴ പെയ്തോണ്ട് പോരാൻ പാട് ആയിരിക്കും. മോളെ കൊണ്ട് പറ്റില്ല. നിന്നടിക്കുന്ന ഒരു ചൂൽ ഉണ്ടെങ്കിൽ അത് വച്ചു അടിച്ചൂടായിരുന്നേന്ന്.”

ഇത് കേട്ട ഞാൻ ഇതൊക്ക എന്ത് എന്ന ഭാവത്തോടെ “ഓ…ഇത് കുറച്ചല്ലേ ഉള്ളൂ ചേച്ചി ഇതിലും കൂടുതൽ പണ്ട് വീട്ടിൽ അടിച്ചിട്ടുണ്ട്. ഇപ്പോ എന്തോ ഒരു കൊതി തോന്നി”.. മറുപടി പറഞ്ഞപ്പോൾ ചേച്ചി ചിരിച്ചോണ്ട് നിന്നു.ഞാൻ വീണ്ടും മാസ്സ് ആയി ഐശ്വര്യം ഉണ്ടാക്കുവാൻ മുറ്റം അടി തുടങ്ങി.അഞ്ചാറു വീശു വീശിയപ്പോ തന്നെ ചെറുതായി പന്തികേട് തോന്നി.പക്ഷെ ഐശ്വര്യം ഓർത്തപ്പോൾ വീണ്ടും ആവേശത്തോടെ വീശി വീശി മുറ്റം അടിച്ചു.പക്ഷെ ഇലകൾ എന്നെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കിടക്കുന്നതല്ലാതെ അനങ്ങുന്നില്ല മന:സാക്ഷിയില്ലാത്ത ജന്തുക്കൾ.

കൂട്ടിൽ കിടക്കുന്ന പട്ടി വരെ ഇതൊന്നു കണ്ടിട്ട് തന്നെ ഭാവം എന്നപോലെ എന്നേ നോക്കി നില്ക്കുന്നു. ഐശ്വര്യം നാളെ വിളിച്ചു കേറ്റിയാൽ കുഴപ്പൊണ്ടാന്ന് ഞാൻ ഒന്നൂടി ആലോചിച്ചതാണ്.പക്ഷെ അപ്പുറത്തെ വീട്ടിലെ ചേച്ചി ടെ മുന്നിൽ ഡയലോഗ് അടിച്ചത് ഓർത്തപ്പോൾ ശോ വേണ്ടാരുന്നെന്ന് തോന്നി.

ആത്മഗതിച്ചു കൊണ്ട് പിന്നേം ഞാൻ അഭ്യാസം തുടങ്ങി.നടു പൊട്ടും ന്നു തോന്നിയപ്പോ പയ്യെ പൊങ്ങി നോക്കിയതു പട്ടിടെ മുഖത്തേക്കായിരുന്നു.പുച്ഛത്തോടെ അത് എന്നെ നോക്കി “കയ്ഞ്ഞാ” എന്ന ഭാവത്തിൽ നിക്കുന്നു.മനസ്സിൽ പട്ടിടെ തള്ളക്കു വിളിച്ചോണ്ട് പടച്ചോനെ ഇങ്ങള് കാത്തോളി……………എന്നുപറഞ്ഞു കൊണ്ട് ഓടി നടന്നു ഞാൻ ഒരു വിധത്തിൽ അടിച്ചു തീർത്തു.

ആഞ്ഞൊരു ശ്വാസം വലിച്ചു കൊണ്ട് ഞാൻ നിവരാൻ നോക്കി…ഉംഹും.. പറ്റണില്ല.പിന്നേ അവിടുന്ന് കുനിയാനും നിവരാനും പറ്റാതെ പകുതിക്ക് വന്ന് നിക്കുവാ.ഒരുകണക്കിന് അപ്പുറത്തെ ചേച്ചി കാണാതെ വീടിനുള്ളിൽ കയറിപ്പറ്റി….

കരയണോ കിടക്കണോ എന്ന് അറിയാൻ മേലാതെ മോളിലോട്ടും നോക്കി ഞാൻ ആ നിലത്തു തന്നെ കിടന്നു.ഇത്രയ്ക്കും ആവേശം വേണ്ടാരുന്നു.ഞാൻ എന്നെത്തന്നെ ഉപദേശിച്ചു.

കിതപ്പ് ഒന്ന് അടങ്ങിയപ്പോ ഫോൺ എടുത്തു വലിയ കാര്യത്തിൽ ഫാമിലി ഗ്രൂപ്പിൽ പറഞ്ഞു “നിങ്ങക്കൊക്കെ ഒരു കാര്യം അറിയോ ഞാൻ മുറ്റം അടി തുടങ്ങി എന്ന്”.എന്റെ കഷ്ടപ്പാട് ഓർത്തു ഒരു ആശ്വാസത്തിനു പറഞ്ഞത് ആണ്.പക്ഷെ ഒറ്റ ഒരെണ്ണത്തിന് കണ്ണില് ചോര ഇല്ല.”കണക്കായി പോയി, നന്നായി” എന്നൊക്ക എന്നേ ആക്കി കൊണ്ടുള്ള മറുപടിയും.പോരാത്തതിന് ഒരുമാതിരി ഓഞ്ഞ ചിരിയും. കൊലച്ചിരി ആയിട്ടാണ് എനിക്കത് തോന്നിയത്. “പറയേണ്ടർന്നു” പിന്നേം ആത്മഗതം.

അങ്ങിനെ വിഷമിച്ചു പണ്ടാരടങ്ങി ഇരിക്കുന്ന നേരത്താണ് പ്രപഞ്ചത്തിലെ പോരാളി വിളിച്ചത് (അമ്മച്ചി). അല്ലെങ്കിലും നമ്മുടെ വിഷമം അവരെ പോലെ ആരും മനസ്സിലാക്കില്ലല്ലോ.വളരെ അധികം സന്തോഷത്തോടെ ആശ്വാസം തേടി ഞാൻ ഫോൺ എടുത്തു.ഹെലോ പറഞ്ഞപ്പോൾ ആണ് പോരാളിടെ ഫോണിൽ നിന്ന് തേരാളിയാണ്(അച്ഛ) വിളിച്ചതെന്ന് മനസ്സിലായത്.

ഞാൻ വിഷമിച്ചാൽ അത് ചങ്കിൽ കൊള്ളുന്ന ഒരേ ഒരാൾ. ഉള്ളതിലും കുറച്ചൂടെ വിഷമം വരുത്തി ഞാൻ കാര്യം പറഞ്ഞു.എന്നേ ഞെട്ടിച്ചു കൊണ്ട് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപുറത്ത്. കൂട്ടത്തിൽ പോരാളിയുടെ ചിരി കൂടി ഞാൻ കേട്ടു.പകച്ചു പോയി ഞാൻ…കൂടെ മറുപടിയും വന്നു “നല്ല കാര്യം അച്ചക്ക് ഇഷ്ട്ടപ്പെട്ടു സന്തോഷം ആയി.അങ്ങിനെ എങ്കിലും അച്ചേടെ പെണ്ണിന്റ ശരീരം ഒന്ന് അനങ്ങട്ടെ.കുറച്ചൂടെ നേരത്തെ ആവേണ്ടത് ആയിരുന്നെന്ന്.”

എന്റെ സർവ്വ നിയന്ത്രണവും വിട്ടു.എന്റെ ഉള്ളിൽ ഞാൻ തന്നെ അടക്കി നിർത്തിയ സിംഹം സടകുടഞ്ഞെണീറ്റു “ഓഹോ അച്ചക്ക് ഈ ബോധം ഇപ്പഴാണോ ഉണ്ടായത്. എന്നിട്ടെന്താ പിന്നേ സ്വന്തം പെണ്ണുമ്പിള്ളേടെ ശരീരം അനക്കാഞ്ഞത്. പണ്ട് മുതലേ ആളെ വച്ചു മുറ്റം അടിപ്പിച്ചപ്പോ ഇതൊന്നും ഓർത്തില്ലേ ആദ്യം സ്വന്തം വീട്ടിൽ ഉള്ള ആളെ നന്നാക്കു എന്നിട്ട് എന്നെ നന്നാക്കിയാൽ മതി.” എൻ്റെ മറുപടി കേട്ടപ്പോൾ ഇത്തവണ പകച്ചു പണ്ടാരണ്ടങ്ങിയത് അച്ചയാണ്. അങ്ങനെ രണ്ട് വർത്താനം പറഞ്ഞപ്പോ എനിക്കും കുറച്ചു ആശ്വാസം തോന്നുന്നുണ്ട്. കുറച്ചല്ല നല്ല ആശ്വാസം ഉണ്ട്… പക്ഷെ നാളെ ഐശ്വര്യം വരാൻ വീണ്ടും മുറ്റമടിക്കണല്ലോ ന്നു ഓർത്തപ്പോ വന്ന ആശ്വാസം യൂബർ വിളിച്ചു പോയിക്കളഞ്ഞു😭.

അമ്പിളി

Leave a Reply

Your email address will not be published. Required fields are marked *