മിലി–
വീട്ടിലേക്കുള്ള വഴികൾ നീളെ വണ്ടികളും ആളുകളും പരക്കം പായുന്നു. പലരും തന്നെ നോക്കി പിറുപിറുക്കുന്നു.
മുന്നിലുള്ള ആളുകളെ തള്ളി മാറ്റി തിണ്ണയിലേക്ക് നുഴഞ്ഞു കയറിയപ്പോൾ വാവിട്ടു കരയുന്ന അച്ഛമ്മയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. തൊട്ടടുത്ത് കുഞ്ഞോളുമിരിപ്പുണ്ട്, വിതുമ്പിക്കൊണ്ട്. അച്ഛനും ഇളയച്ഛനും ദുഃഖമൊളിപ്പിച്ച് പര്പരേ പാഞ്ഞു നടപ്പുണ്ട്.
മിക്ക സിനിമകളിലെയും സ്ഥിരം ഡയലോഗ് ഇവിടെയും മുഴങ്ങുന്നത് കേട്ടു.
” നല്ല മനുഷ്യനായിരുന്നു, പ്രായം പത്തറുപത്തഞ്ച് കഴിഞ്ഞെങ്കിലും നല്ലപോലെ അധ്വാനിക്വേo കുടുംബം നോക്വേo ചെയ്യുന്നയാള്. ഈ പിള്ളേർടെ കൂടെ എപ്പഴും കാണാം.. “
കുട്ടേട്ടൻ രാമായണം വയ്ക്കാൻ സ്പീക്കർ തപ്പി നടപ്പുണ്ട്.
‘മോളെ മിലീ.., കുളിച്ചു യൂണിഫോമൊക്കെ മാറ്റി ഈ പായേല് വന്ന് ചമ്രം പടിഞ്ഞിരിക്ക്.’ – പുറകീന്ന് ആരോ വിളിച്ചുപറഞ്ഞു.
കത്തിച്ചുവച്ച വിളക്കിനരികിലൂടെ അടുക്കള ഭാഗത്തെത്തി, ബാഗും അഴിച്ചുവെച്ച് ബാത്റൂമിൽ കയറി.
പൊട്ടിയ കണ്ണാടിയിലൂടെ നോക്കിയപ്പോൾ മുഖത്തിന് വല്ലാതൊരു തെളിച്ചം തോന്നി. ടാപ്പും തുറന്നുവച്ച് ചിരിച്ചു, പൊട്ടിപ്പൊട്ടി ചിരിച്ചു. വർഷങ്ങളായി അടക്കിവെച്ച ഭാവം..
മരിച്ചത് കൃഷ്ണൻ നായർ. കുടുംബ സ്നേഹി, അധ്വാനിക്കുന്നവൻ, എന്റെ അച്ഛച്ചൻ.
തോളത്തിരുത്തി ഉത്സവപറമ്പിൽ കൊണ്ടുപോയിയും ഓലപ്പീപ്പിയും കളിത്തോണിയുമൊക്കെ ഉണ്ടാക്കിത്തന്നും നൊസ്റ്റാൾജിയ സമ്മാനിച്ചയാൾ. അതു മാത്രമോ..! വേറെ പലതും സമ്മാനിച്ചയാൾ.. !!
തന്റെ ഏഴാം വയസിൽ അമ്മ മരിച്ചപ്പോ തൊട്ട് മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല. ഒന്നര വയസ്സുള്ള കുഞ്ഞോളുടെ അമ്മയായി പക്വമുള്ള ജീവിതം. ഉറങ്ങാൻ നേരത്ത് മാത്രമാണ് അച്ഛനെ കാണാറുള്ളത്. കുഞ്ഞോളെ മാത്രമെടുത്ത് അച്ഛൻ കിടന്നുറങ്ങും. അവൾക്കും അതായിരുന്നു ഇഷ്ടം.
സ്നേഹത്തോടെ അച്ഛമ്മയും കാമത്തോടെ അച്ഛച്ചനും അവരുടെ കൂടെ കിടക്കാൻ എന്നെ നിർബന്ധിച്ചു. കരണ്ടും ഇന്റർനെറ്റും ഇല്ലാത്ത ആ കാലത്ത് 7 വയസ്സുള്ള ഒരു പെൺകുട്ടിക്ക് എന്തറിയാനാണ്..!
രാവിലെ 5 മണി ആകുമ്പോഴേക്കും പശുവിനെ കറക്കാൻ അച്ഛമ്മ എണീക്കും.
അതിനു ശേഷമുള്ള ഓരോ സെക്കൻഡുകളും ശ്വാസമടക്കിപ്പിടിച്ചു കൊണ്ടുള്ളതായിരുന്നു.. വെളുപ്പാൻകാലത്തെ തണുപ്പിൽ അച്ഛചന്റെ വീതികുറഞ്ഞ ആ കരിമ്പടം എന്നെയും മൂടും. എന്നിട്ട് മുറുക്കെ എന്നെയൊന്നടുപ്പിക്കും. ഉറക്കം നടിച്ച് ശ്വാസത്തെ പിടിച്ചമർത്തി അനങ്ങാതെ കിടക്കും. തന്റെ പാവാടയ്ക്കുള്ളിലൂടെ ഇറങ്ങിയ വിരലുകളെ ചവച്ചരക്കാൻ കഴിയാത്തതിലുള്ള അമർഷം സ്വന്തം വിരലുകൾ കടിച്ചുപറിച്ചു തീർത്തു. ഒന്നുറക്കെ കരയണമെന്നുണ്ടായിരുന്നു. പക്ഷേ പേടിയാണ്.. എല്ലാവരെയും.. എല്ലാത്തിനെയും..
എന്റെ കുഞ്ഞോള്. ! സുഖമില്ലാത്ത അച്ഛമ്മ…
എത്ര ദിവസം വെള്ളം കുടിക്കാതെ യിരുന്നു, മൂത്രമൊഴിക്കുമ്പോഴുള്ള വേദന പേടിച്ച്.. !
ഉണങ്ങാത്ത മുറിവുകൾ ഒരേസമയം ശരീരത്തെയും മനസ്സിനെയും താളം തെറ്റിച്ചു. എന്തിന്റെ പേരിലായാലും ആത്മഹത്യ ചെയ്ത് രക്ഷപെട്ട അമ്മയോട് വെറുപ്പും വൈരാഗ്യവും തോന്നി..
വയസ്സറിയിച്ചതു വരെ ആ കരിമ്പടം വീണ്ടും വീണ്ടും വെളുപ്പാൻകാലത്തെ പേടിസ്വപ്നമായി മാറി.
പിന്നീട് ആ വിരലുകൾ ബ്ലൗസിനുള്ളിലേക്കും കടക്കാൻ തുടങ്ങിയപ്പോൾ അച്ഛമ്മയുടെ പണികൾ സ്വന്തം ഏറ്റെടുത്തു. പശുവിന്റെ അടുത്ത് പോകാൻ പേടിച്ച എട്ടാം ക്ലാസ്സുകാരി കറവയും പുല്ല് ചെത്തലും തൊഴുത്ത് വൃത്തിയാക്കലുമെല്ലാം പഠിച്ചു. ബീഡിയുടെ മണം അടുത്തു വരുമ്പോഴെല്ലാം കുഞ്ഞോളേം കൊണ്ട് ഓടി പറമ്പിലെ കശുമാവിന്റെ മുകളില് അഭയം കണ്ടെത്തി. അടച്ചുറപ്പുള്ള കതകില്ലാത്ത വീട്ടിൽ എങ്ങനെ ഇരിക്കാനാണ്.. !
സ്കൂളിലെ വരാന്തയിലും ക്ലാസ് മുറികളിലും നടവഴികളിലുമെല്ലാം പ്രണയങ്ങൾ അരങ്ങേറുമ്പോൾ അതിലൊരു പ്രണയം ആഗ്രഹിച്ച നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ അപ്പോഴും ഭയമായിരുന്നു..
അച്ഛമ്മയുടെ ശരീരം എപ്പഴും ചൂടാണ്. അതോണ്ട് തൊട്ടു കിടക്കുന്നതൊന്നും ഇഷ്ട്ടല്ല. സ്നേഹത്തോടെയുള്ള ഒരാലിംഗനം എത്ര കൊതിച്ചതാണ്.. !
ഞാൻ മാറി കിടക്കാൻ തുടങ്ങിയതോടെ പേടിപ്പിക്കുന്ന കരിമ്പടം കുഞ്ഞോളുടെ നേർക്കും.. !!!
‘മിലീ.. മിലീ.. കഴിഞ്ഞില്ലേ ഇതുവരെ? കുളിക്കാൻ കേറീട്ട് എത്ര നേരായി?? ‘
ദാ വരുന്നു ചേച്ചീ..
കുളി കഴിഞ്ഞ് നേരെ അച്ഛച്ചന്റെ മെഡിസിൻപാക്ക് എടുത്ത് ആരും കാണാതെ അരയിൽ തിരുകി വച്ചു. ഇന്റെര്നെറ്റിനുള്ളിൽ ജീവിക്കുന്ന ഈ കാലത്ത് ഓപ്പോസിറ്റ് റിയാക്ക്ഷനുള്ള ഗുളികകൾ മാറ്റി വയ്ക്കാനാണോ ബുദ്ധിമുട്ട്.. !
അൽപം കുനിഞ്ഞ് തുപ്പലും കണ്ണിൽ തേച്ച് അച്ഛച്ചന്റെ മൃതശരീരത്തിന് മുന്നിൽ അനുസരണയുള്ള കൊച്ചുമകളായി ചമ്രം പടിഞ്ഞിരുന്നു, എന്നിട്ട് കുഞ്ഞോളെ ചേർത്തുപിടിച്ച് ചെവിയിൽ പറഞ്ഞു: “മോളെ ഇനി നീ സേഫ് ആണ്.. !!”
-Sruthilaya