((മിണ്ടാപ്രാണികളുമായുള്ള എൻ്റെ സൗഹൃദം))
2016 ജൂൺ ആറിനാണ് ഞാൻ ഖത്തറിലെ റൗളത്തുൽഹമാമ എന്ന സഥലത്തെത്തുന്നത്,
ദോഹയിൽ നിന്ന് സുമാർ നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഹമാമയിലെത്താം..
കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽ കൂനകൾക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന സൂഖ്ഫർസാനെന്ന ചെറിയ ചെറിയ മാർക്കറ്റുകൾ
ആറായിരത്തോളം പുതിയ വീടുകളുടെ പണികൾ പുരോഗമിക്കുന്നു അവയിൽ അൽപ്പം പണി കഴിഞ്ഞ വീടുകൾ,,
2022ലെ വേൾഡ്കപ്പിൻ്റെ ഫൈനൽ കളിക്കാനെന്ന് പറയുന്ന ലുസൈൽ സ്റ്റേഡിയത്തിൻ്റെ നിർമാണ പ്രവർത്തനം മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നു,
പുതിയൊരു പ്രദേശം ഡവലപ്പ് ചെയ്തു വരുകയാണ്,
ഫർസാൻ സൂഖ് 21 ഫാരിസ്റ്റ് റെസ്റ്റോറെൻ്റിലാണെൻ്റെ നിയമനം,
സുഹൃത്തുക്കളായോ അറിയാവുന്നവരായോ ആരുമില്ല
കൂടെ ജോലിചെയ്യുന്നവർ അയൽപ്രദേശത്തുകാരും അയൽരാജ്യക്കാരും
മനസ്സ് തുറന്ന് സംസാരിക്കാൻ പോലും
അടുത്തറിയാവുന്ന ആരുമില്ലാത്ത അവസ്ഥ,
[തൊട്ടടുത്ത കട ഫരീദ് കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുന്ന ചെറുപ്പറമ്പ്കാരൻ കക്കോട്ട് സാലി യുമായുള്ള സൗഹൃദം എന്നെ ഇവിടെ പിടിച്ചു നിർത്തിയതിൽ നല്ലൊരു പങ്ക് വഹിച്ചിരുന്നു സാലി പിന്നീട് സഥലം മാറി പോയെങ്കിലും ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ഇന്നും നിലനിൽക്കുന്നു]
മേൽ പറഞ്ഞ ഒറ്റപ്പെടലിലൂടെ കടന്ന് പോകവെ എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്ന അതിഥികളാണിവർ
അഞ്ചു പേർ,
നമ്പർ 1,
ഒരമ്മയും വ്യത്യസ്ഥ ഇനങ്ങളിലുള്ള നാലഞ്ച് മക്കളേയും ആരോ ഇവിടെ ഉപേക്ഷിച്ച് പോയതിൽ ഇവ രണ്ടെണ്ണത്തെ ഒഴിച്ച് ബാക്കി എല്ലാത്തിനേയും ആരോ പിടിച്ചു കൊണ്ടുപോയി,
ശേഷിച്ച രണ്ട് പെൺപൂച്ചകൾ ഒരു ഫ്രീക്കത്തിയും ഒരു നാടനും നാടന് കല്ല്യാണിയെന്നും ഫ്രീക്കത്തിക്ക് ക്ളാരയെന്നും ഞാൻ പേര് വിളിച്ചു
ഇവർ ഞാനുമായി നന്നായടുത്തു
രണ്ട് പേരും സമയത്ത് ഭക്ഷണത്തിനെത്തും രാത്രികളിൽ ഒരു കാർട്ടൂണിന് ദ്വാരമുണ്ടാക്കി കടയുടെ മുമ്പിൽ വെച്ച് കൊടുക്കും കല്ല്യാണി അതിൽ കയറി കിടക്കും രാവിലെ ഞാൻ കട തുറക്കുമ്പോൾ മൂപ്പർ ഇറങ്ങി പോകും
ക്ളാര പുറത്തെവിടെയോ കിടന്നുറങ്ങും കട തുറന്നാൽ ഓടിയെത്തും,
മാസങ്ങൾ കഴിഞ്ഞു രണ്ട് പേരും വലുതായി എൻ്റെ സമ്മതത്തിന് കാത്തു നിൽക്കാതെ രഹസ്‌യമായി വിവാഹം കഴിച്ചു കാണണം
രണ്ട് പേരും ഒരേ സമയം ഗർഭിണികളായി,
പ്രസവമടുത്തപ്പോൾ ക്ളാരയെ ആരോ തട്ടികൊണ്ട് പോയി,
കല്ല്യാണി കടയുടെ പിറകിൽ ഞാൻ വെച്ച് കൊടുത്ത കാർട്ടൂണിൽ സുഖപ്രസവം 6 കുട്ടികൾ
രണ്ടെണ്ണം വെളിച്ചം കാണാതെ വിടവാങ്ങി,
ബാക്കി നാല് മക്കളെ കടയുടെ മുന്നിലും പിറകിലും മാറ്റി മാറ്റി വെച്ച് കല്ല്യാണി വളർത്തി
കുസൃതി കുടുക്കകളായ കുട്ടികളിൽ രണ്ടെണ്ണത്തെ ആരോ തട്ടി കൊണ്ട് പോയി,
ബാക്കിയുള്ള രണ്ട് കുട്ടികളേയും അമ്മയേയും ഒരു അറബി ചോദിച്ചപ്പോൾ ഞാനവയെ അറബിയോടൊപ്പം യാത്രയാക്കി,
നമ്പർ 2.
ലവൻ ഒരു സുപ്രഭാതത്തിൽ അതിഥിയായി വന്നു,
ശാന്തസ്വഭാവക്കാരൻ സൗമ്യശീലൻ
കുറേ ദിവസങ്ങൾ സമയത്ത് വന്ന് ആഹാരം കഴിച്ച് കുറച്ചവിടെ ഇരിക്കും പിന്നെ എങ്ങോട്ടോ പോകും
ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം മൂപ്പരും അപ്രത്യക്ഷമായി,
നമ്പർ 3.
പെട്ടെന്നൊരു ദിവസം ഇവൾ ഞങ്ങളോടൊപ്പം ചേർന്നു മുമ്പ് പരിജയമുള്ളത് പോലെയുള്ള പെരുമാറ്റവും അധികാര ഭാവത്തോടെയുള്ള ഇടപെടലും കണ്ടപ്പോൾ രണ്ട് വർഷം മുമ്പ് ഞാനറബിക്ക് കൊടുത്ത കല്ല്യാണിയാണിവളെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു,
ഒന്ന് രണ്ട് മാസം അവൾ ഞങ്ങളുടെ സന്തോഷത്തോടെ കഴിഞ്ഞു
ഈ കഴിഞ്ഞാഴ്ച ഒരു കാറിനടിയിൽ പെട്ട് കല്ല്യാണിയുംവിട പറഞ്ഞു,
അവളുടെ ദാരുണമായ അന്ത്യം ഞങ്ങളെ എല്ലാവരേയും വേദനിപ്പിച്ചു,,,
നമ്പർ,4.
കിങ്ങിണി,
കല്ല്യാണിയുടെ വിയോഗത്തിൽ മനം നൊന്ത് കഴിയുന്ന ഞങ്ങൾക്കിടയിലേക്ക് പുതുതായി എത്തിയ അതിഥി, ക്ഷീണിച്ച് അവശയായി
ശോഷിച്ച ശരീരവുമായി എത്തിയ കിങ്ങിണി ഇപ്പോൾ അൽപ്പം ഒാടാനും ചാടാനും തുടങ്ങിയിട്ടുണ്ട്,,
ഇന്ന് ഞങ്ങളും കിങ്ങിണിയും സന്തോഷത്തിൽ കഴിയുന്നു,,,
വീണ്ടും ഞങ്ങൾ കാത്തിരിക്കുകയാണ് പുതിയ അതിഥികൾക്കായി,,,,,
സസ്നേഹം
=അബ്ദുല്ല വാണിമേൽ=