സൗമ്യ മുഹമ്മദ്.
ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാതൃകാ ദമ്പതികളെ അനുമോദിക്കുന്ന ചടങ്ങിലേക്ക് മിസ്റ്റർ രഘു നാഥ പണിക്കർ വളരെ ആത്‍മവിശ്വാസത്തോടെയും അഭിമാനത്തോടെയും ആണ് ഭാര്യ സീമന്തിനിയുമായി കടന്ന് ചെന്നത്.
ജോലിയിലും ജീവിതത്തിലും ഒരേ പോലെ കൃത്യനിഷ്ഠ പാലിക്കുകയും, മറ്റാർക്കും ഒരു അലോസരവും ഉണ്ടാക്കാതെ വളരെ കണിശതയോടെയും ചിട്ടയോടെയും ജീവിച്ചു പോരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ രഘു നാഥന് ഇതിന് മുൻപും പല അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.
തന്റെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളെ കുറിച്ചും, ഔദ്യോഗിക ജീവിതത്തിലെ ചുവടുവയ്പ്പുകളെ കുറിച്ചും വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും മിതമായ ഭാഷയിൽ സ്വാതവേയുള്ള ഗൗരവത്തിൽ സംസാരിച്ച അദ്ദേഹം ഒന്നോ രണ്ടോ വാക്കിൽ തന്റെ സഹധർമ്മിണിയെ കുറിച്ചും, തന്റെ ഭാര്യ മാതൃകയോടെ പ്രവർത്തിക്കുന്നതിനെ കുറിച്ചും കുടുംബാന്തരീക്ഷത്തെ കുറിച്ചും വളരെ നിസ്സാരമായി പറഞ്ഞു തീർത്തു.
തന്റെ ഭാഗം സംസാരിച്ച് തീർത്ത് മുഴങ്ങുന്ന കരഘോഷങ്ങൾക്കിടയിലൂടെ നന്ദി പ്രസംഗത്തിനായി അടുത്തത് തന്റെ ഭാര്യയെ വിളിക്കുന്നത് കേട്ട് അയാൾ ഗൗരവം ചോർന്നു പോകാതെ തന്നെ കസേരയിലെക്കമർന്നിരുന്നു.
ഇന്നോളമുള്ള ഈ മുപ്പത്തി രണ്ട് വർഷത്തെ ജീവിതത്തെ കുറിച്ച് അവൾക്കെന്തായിരിക്കും പറയാനുണ്ടാകുക?
എന്ത് പറയാൻ?
നല്ലതല്ലാതെ അവൾക്ക് ഒന്നും പറയാനുണ്ടാകില്ല.
സുന്ദരനും, സൽസ്വഭാവിയും, ഉയർന്ന നിലയിൽ ജോലി നോക്കുകയും സർവ്വോപരി നാടിനും നാട്ടുകാർക്കും സമ്മതനായ താൻ ഇന്നോളം അവൾ ആവശ്യപ്പെട്ടതൊന്നും നൽകാതിരുന്നിട്ടില്ല.
ഒരു ചെറു ചിരിയോടെ അയാൾ അവളെ കേൾക്കാൻ സാകൂതം ചെവിയോർത്തു.
“പ്രിയരേ എന്റെ ഭർത്താവ് ഞാനൊരു മാതൃക ഭാര്യയാണെന്ന് പറഞ്ഞ് കേട്ടതിൽ ഞാൻ അശേഷം സന്തോഷിക്കുന്നില്ല!”
അല്പം ഫോർമലായുള്ള മുഖവുരക്ക് ശേഷം സീമന്തിനി സാവധാനത്തിൽ പറഞ്ഞത് കേട്ട് സദസ്സ് ഒന്നിളകിയിരുന്നു.
പതറാത്ത ശബ്ദത്തിൽ അവൾ തുടർന്നു.
“ഇക്കാലമത്രയും ഉള്ള ജീവിതത്തിൽ അദ്ദേഹം എന്നെ ശരീരികമായി ഉപദ്രവിച്ചിട്ടില്ല; കാരണം ഞാൻ അദ്ദേഹത്തോട് ഒരിക്കലും എതിർത്തിട്ടില്ല. എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഭാര്യ എന്നാൽ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നു.
പൊരുത്തപ്പെട്ടു ജീവിക്കേണ്ടത് വളരെ വളരെ അത്യന്താപേക്ഷിതമായ ഒരു സാഹചര്യത്തിൽ നിന്നും ദാമ്പത്യത്തിലേക്ക് കാലെടുത്തു വച്ച എനിക്ക് ഉപാധികളില്ലാതെ എല്ലാറ്റിനോടും സമരസപ്പെട്ടു ജീവിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല.
അദ്ദേഹം എന്നെ പരസ്യമായി അപമാനിച്ചിട്ടില്ല…കാരണം എനിക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല.
അദ്ദേഹമാകട്ടെ ഒരിക്കൽ പോലും എന്നോട് ഒന്നും ചോദിച്ചുമില്ല.
അപ്പോൾ പിന്നെ കേൾവിക്കാരില്ലാത്ത വാക്കുകൾക്കും അഭിപ്രായങ്ങൾക്കും എന്ത് വില?
ഞാൻ ആവശ്യപ്പെടുന്നത് എല്ലാം എന്റെ ഭർത്താവ് എനിക്ക് വാങ്ങി തന്നു. എന്റെ ആവശ്യങ്ങൾ എന്നും വളരെ പരിമിതമായിരുന്നു എന്ന് അദ്ദേഹത്തിനറിയാം.
പക്ഷേ എന്റെ ഇഷ്ടങ്ങൾ…
എന്റെ ഇഷ്ടങ്ങൾ അതിൽ ഒന്ന് പോലും ഈ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന് അറിയില്ല എന്ന് എനിക്കുറപ്പുണ്ട്.
പറയാതെയും ആവശ്യപ്പെടാതെയും അപേക്ഷിക്കാതെയും ചെയ്തു തരേണ്ട ചിലതെങ്കിലും ഇല്ലേ ഈ ജീവിതത്തിൽ?”
നെറ്റിയിലെ വിയർപ്പ് കണങ്ങൾ പതിയെ തുടച്ച് നേർത്തു പോയ സ്വരം വീണ്ടും നേരെയാക്കി അവൾ തുടർന്നു.
“എന്റെ ദിനചര്യകൾ മുഴുവനായും ഞാൻ അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് ക്രമീകരിച്ചു.
എന്റെ വായനയും സൗഹൃദങ്ങളും എന്റെ ഉറക്കം പോലും അദ്ദേഹത്തെ അലോസരപ്പെടുത്താതെ ഞാൻ ശ്രദ്ധിച്ചു.
അപ്പോൾ നിങ്ങൾ കരുതും എന്തുകൊണ്ട് ഇതിത്രയും കാലം ഇരുവരും തുറന്നു സംസാരിച്ചില്ല എന്ന്.
വെളുപ്പിന് മൂന്ന് മണിക്ക് നല്ല ചൂടുള്ള കാപ്പി കുടിക്കുന്ന ശീലമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ കുറേ വർഷങ്ങളായി വെളുപ്പിനുള്ള ആ കാപ്പി ഇടലും എന്റെ ദിനചര്യയാണ്.
സുഖകരമായ എന്റെ അപ്പോഴത്തെ ഉറക്കം വെടിഞ്ഞ് ഓരോ രാത്രിയും കാപ്പി തയ്യാറാക്കി കൊടുക്കുന്നതിൽ ഇന്നേ വരെ എന്റെ ഭർത്താവ് എന്നോട് നന്ദിയോടെ ഒരു വാക്കും സംസാരിച്ചിട്ടില്ല. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒരു കുറ്റബോധം ഉള്ളതായും എനിക്ക് തോന്നിയിട്ടില്ല. അതിന്റെ അർഥം അദ്ദേഹത്തിന്റെ സുഖങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി മാത്രമാണ് ഞാൻ ജനിച്ചതും ജീവിക്കുന്നതും എന്നാണ് എന്റെ ഭർത്താവ് ധരിച്ചു വച്ചിരിക്കുന്നത് എന്നല്ലേ?
എനിക്കും കൂടി ഉള്ളതാണ് ഈ പകലും രാത്രിയും എന്ന് മനപ്പൂർവ്വം മറന്നു കളഞ്ഞ ആളോട് എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
അപ്പോൾ പിന്നെ ഇതെല്ലാം ഇപ്പോൾ ഇവിടെ പറയുന്നത് എന്തിന് എന്നൊരു ചോദ്യം ന്യായമായും നിങ്ങൾക്കുണ്ടാകും.”
അവൾ ചെറു ചിരിയോടെ സദസ്സിനെ നോക്കി.
“നിങ്ങൾ നൽകിയ ഈ ബഹുമതി അതിന്റെ എല്ലാ വിധ ആദരവോടും കൂടി ഞാൻ നിരസിക്കുന്നു. കാരണം എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ചിന്തകളും എന്തിനേറെ എന്റെ ചിരി പോലും ബലി കഴിച്ച് കിട്ടിയതാണ് ഈ മാതൃകാ ദമ്പതി പട്ടം. അതുകൊണ്ട് ഞാനിത് അംഗീകരിച്ചാൽ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും. ഇനിയുള്ള കാലത്തിൽ ഒരു പെണ്ണും അത് എന്റെ മകളായാലും മരുമകളായാലും…
അവളുടെ രാവും പകലും ഇല്ലാതാക്കി സമൂഹം നൽകുന്ന ഇത്തരം അംഗീകാരങ്ങൾക്ക് പിന്നാലെ പോകരുത് എന്ന് ഞാൻ ആശിക്കുന്നു.”
ചെറിയൊരു കിതപ്പോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.
അവിചാരിതമായി അവളെ കേട്ട് അയാളും സദസ്സും അമ്പരന്നിരിക്കുമ്പോൾ നിമിഷങ്ങൾക്കകം മറുഭാഗത്ത് നിന്നും
കരഘോഷമുയർന്നു തുടങ്ങിയിരുന്നു. അതിന് നേതൃത്വം കൊടുത്തതാകട്ടെ അവളുടെ മരുമകളും.
സൗമ്യ മുഹമ്മദ്.