മറവി

മറവി


ഒന്നര കൊല്ലത്തെ കാത്തിരിപ്പിനൊ ടുവിൽ എന്റെ ഇക്ക (കെട്ടിയോൻ )നാളെ ഷാർജയിൽ നിന്നും വരുകയാണ്..സന്തോഷം അടക്കാൻ ആവുന്നില്ല..

തറവാട്ടിൽ നിന്നും പുതിയ വീട് വെച്ച് മാറിയതിൽ പിന്നെ ആദ്യമായി ആണ്ഇക്ക ലീവിന് വരുന്നത്..

വീട് താമസത്തിനു വന്നു പുതിയ വീട്ടിൽ ആകെ പത്തു ദിവസം ആണ് നിന്നത്..

പോയിട്ടിപ്പോ ഒന്നര വർഷം ആയി..

ഉപ്പയെയും ഉമ്മയെയും കുട്ടികളെയും കൂട്ടി എയർപോർട്ടിലേക്ക് വിളിക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്..

ഈ എയർപോർട്ടിലേക്കുള്ള വിളിക്കാൻ പോക്ക് പതിവുള്ളതല്ല..

ആള് അവിടുന്ന് ഒരു ടാക്സി വിളിച്ചു വരാറാണ് പതിവ്..

ചുമ്മാ എന്തിനാ ഇങ്ങള് അവിടെ വരെ യാത്ര ചെയ്തു വരുന്നേ…

ഞാൻ വീട്ടിലേക്ക് തന്നെ അല്ലെ വരുന്നേ എന്നൊരു ന്യായവും മൂപ്പര് പറയും..

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

ഇത് ഇപ്പൊ എന്താണാവോ ഇങ്ങനെ തോന്നാൻ..

എന്തായാലും അത് കേട്ടപ്പോ ഭയങ്കര സന്തോഷം ആയി എന്നുള്ളത് സത്യം..

എന്തായാലും കിടക്കാൻ നോക്കട്ടെ….

രാവിലെ നേരത്തെ എണീക്കാൻ ഉള്ളതാണ്..

പണികളെല്ലാം തീർത്തിട്ട് വേണം എയർപോർട്ടിൽ പോവാൻ..

കുറച്ചു ജോലികളെല്ലാം ഇന്ന് തന്നെ ചെയ്തു വെച്ചു..

നേരത്തെ വിളിച്ചപ്പോ തന്നെ ഇക്ക പറഞ്ഞു..ഞാൻ ഉച്ചയാകും വരാൻ..

ഫുഡ്‌ ഒന്നും നീ ഉണ്ടാക്കേണ്ട… നമുക്ക് വരുമ്പോ കഴിച്ചിട്ടു വരാമെന്ന്…

ഞാൻ സമ്മതിച്ചില്ല..
ഇക്കാക്ക് ഇഷ്ടം ഉള്ള വിഭവങ്ങൾ എല്ലാം ഉണ്ടാക്കി വെക്കണം…

നോൺവെജ് ആണ് ഇക്കാക്ക് ഏറെ ഇഷ്ടം..

അത് കൊണ്ട് തന്നെ മീൻകാരനോട് പറഞ്ഞു ഇക്കാക്ക് ഇഷ്ടം ഉള്ള ചൂരയും കൂന്തളും എല്ലാം വാങ്ങി ക്‌ളീൻ ചെയ്തു ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്..

ഉപ്പയെ കൊണ്ട് ബീഫും വാങ്ങിപ്പിച്ചു ഫ്രിഡ്ജിൽ വെച്ചു..

ബീഫ് തേങ്ങാ കൊത്തിട്ട് വരട്ടിയത് ഇക്കാക്ക് ഭയങ്കര ഇഷ്ടം ആണ്..

സാധാ ചോറ് മതി എന്ന് പ്രേത്യേകം പറഞ്ഞിട്ടുണ്ട്..

ചൂര കറിയും ചൂര ഫ്രൈയും കൂന്തൾ റോസ്റ്റും മോര് കാച്ചിയതും ബീഫ് വരട്ടിയതും.. കാരറ്റ് ഉപ്പേരിയും ഉണ്ടായാൽ ഇക്കാക്ക് കുശാൽ ആയി..

എന്താണാവോ ഉറക്കവും വരുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം കഴിച്ചു കൂട്ടി..

പുലർച്ചെ നാല് മണിക്ക് അലാറം അടിച്ചപ്പോ എണീറ്റു നേരെ അടുക്കളയിൽ കേറി..

എത്ര കാലമായി ഇക്ക എന്റെ കൈ കൊണ്ട് ഉണ്ടാക്കിയത് കഴിച്ചിട്ട്..

എല്ലാം പെട്ടെന്ന് റെഡി ആക്കണം..

എട്ടരക്ക് ഉപ്പയും ഉമ്മയും കൂടി വണ്ടിയുമായി വരും…

തറവാടിന്റെ അടുത്തുള്ള ഷെക്കീറിന്റെ വണ്ടി ഏല്പിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു..

പതിനൊന്നു മണിക്ക് ഇക്ക എയർപോർട്ടിൽ ഇറങ്ങും..

വീട്ടിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് രണ്ടര മണിക്കൂർ പോവാനുണ്ട്..

തിരിച്ചു വീട്ടിൽ
എത്തുമ്പോഴേക്കും ഏകദേശം രണ്ടര മൂന്നു മണിയെങ്കിലും ആവും..

പെട്ടെന്ന് തന്നെ പോയി വർക്കേരിയയിലെ വിറകടുപ്പിൽ ചോറിന് തീ കൂട്ടി വെച്ചു..

ഞാനും മക്കളും ഉള്ളപ്പോ കുക്കറിലാണ് ചോറ് വെക്കാറ്..

ഇന്ന് ആള് കൂടുതൽ ഉണ്ടല്ലോ.. ഇക്കയെ കൂടാതെ ഡ്രൈവറും ഉപ്പയും ഉമ്മയും ഉണ്ടാവും ഉച്ച ഭക്ഷണത്തിന്..

വേഗം തന്നെ അരി കഴുകി അടുപ്പത്ത് ഇട്ടു..മറ്റുള്ള പണികൾ എല്ലാം വേഗത്തിൽ തന്നെ ചെയ്തു തുടങ്ങി..

രാവിലത്തെ ചായക്ക് പഴവും മുട്ടയും പുഴുങ്ങി വെച്ചു..

പണികൾ എല്ലാം ഒതുക്കി വീടൊന്ന് അടിച്ചു വാരി തുടച്ചിട്ടു..

അപ്പോഴേക്കും മക്കൾ എണീറ്റു വന്നിരുന്നു..

എല്ലാരും കൂടി ചായ കുടിച്ചു..

മക്കളെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി കൊടുത്തു..

ഇക്കാക്ക് ഇഷ്ടമുള്ള മെറൂൺ കളർ ചുരിദാറിട്ട് ഞാനും നന്നായി തന്നെ ഒരുങ്ങി..

കണ്ണാടിയിൽ നോക്കി.. സുന്ദരി ആയെന്ന് ഒന്ന് കൂടി ഉറപ്പിച്ചു..

അപ്പോഴേക്കും പുറത്ത് വണ്ടിയുടെ ഹോൺ അടിക്കുന്നത് കേട്ടു.. വേഗം തന്നെ വീടും പൂട്ടി ഇറങ്ങി..

വണ്ടിയെക്കാൾ മുന്നേ തന്നെ എന്റെ മനസ് എയർപോർട്ടിൽ എത്തിയിരുന്നു..

മനസ് നിറയെ ഇക്കായെ കാണുമ്പോഴുള്ള നിമിഷങ്ങൾ ആണ്..

ഓരോന്ന് ആലോചിച്ചും സംസാരിച്ചും എയർപോർട്ടിൽ എത്തിയത് അറിഞ്ഞില്ല..

കൃത്യം 11 മണിക്ക് തന്നെ ഫ്ലൈറ്റ് ഇറങ്ങി. ഇക്കാ പുറത്ത് വരുമ്പോ പതിനൊന്നര കഴിഞ്ഞു..

എല്ലാർക്കും സലാം പറഞ്ഞു ..

ഉപ്പയെയും ഉമ്മയെയും കെട്ടിപിടിച്ചു..

കുട്ടികളെ എടുത്തു ഉമ്മ വെച്ചു എനിക്ക് നേരെ ഒരു പുഞ്ചിരിയുമെറിഞ്ഞു ആള് വണ്ടിയിൽ കയറി..

നല്ല വിശപ്പും ക്ഷീണവുമുണ്ട്.. നമുക്ക് പോവുന്ന വഴി ഏതെങ്കിലും ഹോട്ടലിൽ നിന്നും ഫുഡ്‌ കഴിച്ചാലോ..ഇക്ക പറഞ്ഞു..

അള്ളാഹ്.. അത് വേണ്ട. ഞാൻ വീട്ടിൽ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്..

ഓഹ്‌.. ആയിക്കോട്ടെ.. ന്നാ അവിടെ ചെന്നിട്ട് കഴിക്കാം ല്ലേ..

ആ മോനേ അതാണ് നല്ലത്.. ഉമ്മ പറഞ്ഞു.. ന്നാ അങ്ങനെ ആയിക്കോട്ടെ..
ഇക്കാ ചിരിയോട് കൂടി പറഞ്ഞു..

പോകുന്ന വഴി ഒരു തട്ടുകടയുടെ അവിടെ നിർത്തി പഴം പൊരിയും ചായയും കുടിച്ചു യാത്ര തുടർന്നു..

വീട്ടിൽ എത്തുമ്പോ രണ്ടര മണി ആവാറായി..

ഞാനൊന്ന് കുളിച്ചു വരാം… അപ്പോഴേക്കും ഫുഡ്‌ എടുത്തു വെച്ചോ എന്നും പറഞ്ഞു ആള് ബാത്‌റൂമിൽ കേറി..

ഞാൻ ഡ്രസ്സ്‌ മാറി നേരെ കിച്ചണിലേക്കും…

പാത്രം എടുത്തു കറികൾ എല്ലാം വിളമ്പി.. ചോറ് എടുക്കാൻ ചെന്ന ഞാൻ ഞെട്ടിത്തരിച്ചു പോയി..

യാ.. റബ്ബേ.. ചോറ് അരിയായി തന്നെ ചെമ്പിലെ വെള്ളത്തിൽ കിടക്കുന്നു..

വെള്ളത്തിൽ കിടന്നു ഒന്ന് കുതിർന്നിട്ടുണ്ട് എന്നതൊഴിച്ചാൽ ബാക്കി അരി അങ്ങനെ തന്നെ..

ഇനി ഇപ്പൊ എന്ത് ചെയ്യും.. എല്ലാർക്കും ഒരാനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്..

ഉണ്ടായത് എന്താണെന്ന് വെച്ചാ അരി കഴുകിയിട്ടു മറ്റുള്ള ജോലി തീർക്കാൻ നിന്ന ഞാൻ അത് പാടെ മറന്നു പോയി..

വർക്ക്‌ ഏരിയയിൽ അടുപ്പ് ആയത് കൊണ്ടും വിറകടുപ്പിൽ ചോറ് വെക്കാറില്ലാത്തത് കൊണ്ടും പിന്നെ ആ വഴിക്ക് പോയില്ല..

ഇനി ഇപ്പൊ എന്ത് ചെയ്യും റബ്ബേ.. ഞാൻ നിന്ന് ഉരുകി..

എന്തായി മോളെ ചോറ് വിളമ്പിയില്ലേ എന്ന് ചോദിച്ചു കിച്ചണിലേക്ക് വന്ന ഉമ്മ കാണുന്നത് എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്ന എന്നെയാണ്..

എന്താ.. മോളെ..എന്ത് പറ്റി..
ഉമ്മാ ചോറ്.. ഞാൻ കലത്തിലെക്ക്‌ കൈ ചൂണ്ടി കാണിച്ചു..

ന്റെ മോളെ. ഇനി ഇപ്പൊ എന്താ ചെയ്യാ..

അപ്പോഴേക്കും ഇക്കാ കുളി കഴിഞ്ഞു കിച്ചണിലേക്ക് വന്നു..

രണ്ടാളും കഥ പറഞ്ഞു നിക്കേണോ.. ആ ഷെക്കീറിന് പോണം. ചോറെടുത്തോ..

എന്റെ മുഖത്തേക്ക് നോക്കിയ ഇക്കാക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടാണെന്ന് തോന്നുന്നു..

എന്താ പ്രശ്നം.. എന്ന് ചോദിച്ചതും ഞാൻ സങ്കടം കൊണ്ട് വിതുമ്പി പോയി..

എന്താടി.. എന്താ പറ്റിയെ..

അത് മോനേ ചോറ് വെന്തിട്ടില്ല.. കറി എല്ലാം റെഡി ആക്കുന്നതിനിടയിൽ ഓള് അത് മറന്നു പോയി.. അതാണ്..ഉമ്മ പറഞ്ഞു..

ഇക്കാ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

അത് ശെരി.. നീ ടെൻഷൻ ആവേണ്ട..

നമുക്ക് ഷെക്കീറിനെ വിട്ട് ഹോട്ടലിൽ നിന്നും വാങ്ങിപ്പിക്കാം..

അത് കേട്ടപ്പോ കുറച്ചു ആശ്വാസമായി..

സമയം വെയ്കിയത് കൊണ്ട് തന്നെ മൂന്നു നാലു ഹോട്ടലിൽ കേറി ഇറങ്ങി..

കിട്ടിയ നെയ്ച്ചോറും ബിരിയാണിയും എല്ലാം വാങ്ങി അവൻ വരുമ്പോഴേക്കും സമയം നാലു മണി ആയി..

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഇക്ക പറഞ്ഞു..

ഞാൻ അപ്പഴേ പറഞ്ഞതാ വരുമ്പോ കഴിച്ചിട്ട് വരാമെന്ന്..

ഞാൻ ഒരു ഇളിഞ്ഞ ചിരിയോടെ ഇക്കായെ നോക്കി..

അതിനു ശേഷം ഇന്ന് വരെ എയർപോർട്ടിൽ നിന്ന് വരുമ്പോ ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചിട്ടേ വീട്ടിലേക്ക് വരാറുള്ളൂ..

ഉണ്ടാക്കി വെച്ച മറ്റു വിഭവങ്ങൾ ഞങ്ങൾ പത്തിരി ഉണ്ടാക്കി അതിനോടൊപ്പം രാത്രി കഴിച്ചു ട്ടോ..

ചെറിയ ഒരു മറവിയൊക്കെ എല്ലാർക്കും പറ്റും ല്ലേ.. അല്ല പിന്നെ..

സ്നേഹത്തോടെ :-
ബുഷ്‌റ ജമാൽ ✍️

One comment

Leave a Reply to Sallyt Cancel reply

Your email address will not be published. Required fields are marked *