✍️✍️ റ്റിജോ
- ഇനി അയാളുടെ കൂടെ ജീവിക്കാൻ എനിക്കാവില്ല അമ്മേ. കയ്യിലെ ബാഗ് ഉമ്മറത്തെ കസേരയിലേക്ക് ഇട്ടു കൊണ്ട് ജയന്തി പറഞ്ഞു.
എന്താ മോളെ എന്താ ഇപ്പോ ഉണ്ടായേ..?
ജയ കൃഷ്ണൻ എവിടെ? അവൻ വന്നില്ലേ.
അയാൾ വന്നില്ല, ഇനി വരികേം വേണ്ട.
എനിക്ക് ഇനി അയാൾക്കൊപ്പം വയ്യ. മടുത്തു ഈ നശിച്ച ജീവിതം.അവളുടെ ശബ്ദം ഇടറി.
എന്താ മോളെ നീ കാര്യം തെളിച്ചു പറ.
അമ്മക്ക് ആധി കയറി തുടങ്ങി.
അച്ഛൻ എവിടെ..?
അച്ഛൻ പറമ്പിലെ വാഴക്കുല എല്ലാം വെട്ടി അത് കൊടുക്കാൻ പോയേക്കുവാ.
നീ കാര്യം പറ ജയന്തി.
അമ്മ ചോദിച്ചിരുന്നില്ലേ മുൻപ് നിങ്ങൾക്ക് ഇപ്പോൾ കുട്ടികൾ വേണ്ട എന്നാണോ തീരുമാനിച്ചിരിക്കുന്നെ എന്ന്. അതെ എന്നു ഞാൻ അമ്മയോട് അന്ന് കള്ളം പറയുകയായിരുന്നു.എനിക്കൊരു കുഞ്ഞു വേണം എന്നുണ്ട്. പക്ഷെ അയാൾക്ക് അത് വേണ്ട. അയാൾക്ക് ഞാൻ പ്രസവിക്കുന്നത് ഇഷ്ടമില്ല. എന്റെ ഇപ്പോഴുള്ള സൗന്ദര്യം പോകും രൂപമാറ്റം വരും വണ്ണം വയ്ക്കും എന്നൊക്കെയുള്ള വിചിത്ര ന്യായീകരണങ്ങൾ ആണ് അയാൾ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഇത് കേൾക്കുന്നു. അയാൾക്ക് താല്പര്യം തോന്നുമ്പോൾ കിടന്നു കൊടുക്കാനൊരുത്തി.ഒരു ഭോഗവസ്തു.ഒരുവട്ടം എന്നെകൊണ്ട് നിർബന്ധിച്ചു അബോഷൻ ചെയ്യിച്ചു. മറ്റൊരു വട്ടം കുഞ്ഞിന്റെ വളർച്ചക്കുള്ള മരുന്ന് ആണെന്ന് പറഞ്ഞു എന്തോ ഒരു മരുന്നു തന്ന് ഗർഭം അലസിപ്പിച്ചു.ഒരുതരം സൈക്കോ പോലെ എനിക്കയാളെ തോന്നുന്നു. ഒരു ഭോഗവസ്തു മാത്രമായി തുടരാൻ എനിക്കിനി വയ്യ.
എല്ലാം കേട്ട് ജയന്തിയുടെ അമ്മ ഒന്നും പറയാനാവാതെ നിന്നു.അച്ഛൻ വരട്ടെ എന്തായാലും.
ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന പുരുഷന്മാർ ഉണ്ടാകുമോ? ജയന്തിയുടെ അച്ഛൻ സംശയത്തോടെ ചോദിച്ചു.
അതാ ഞാനും ആലോചിക്കുന്നെ.നമുക്കറിയുന്ന ജയകൃഷ്ണൻ അങ്ങനെ അല്ല. അവന് കുട്ടികൾ എന്നൊക്കെ വച്ചാൽ ജീവനാണ്.ഇവിടെ വരുമ്പോൾ അടുത്ത വീട്ടിലെ കുട്ടികളുമൊക്കെയായി കളിയും ബെഹളവുമായി നടക്കുന്ന അവൻ ഇങ്ങനെയൊക്കെ ചെയ്യുമോ.
ജയന്തിയുടെ അമ്മ ഒന്നും വിശ്വസിക്കാനാവാത്ത പോലെ പറഞ്ഞു.
അല്ല അവളിപ്പോ എന്താ പറയുന്നേ..
അവൾക്കിപ്പോ അവനെ വേണ്ടാന്ന്. ഡിവോഴ്സ് വേണമത്രേ.
എടുത്തു ചാടി നമ്മളൊന്നും ചെയ്യണ്ട.
വരട്ടെ നോക്കാം.
അന്ന് രാത്രി ജയന്തിയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച ചില സംസാരങ്ങൾ കേട്ട്. പാതിരാത്രി വരെ അവൾ ഫോണിൽ തന്നെ തോണ്ടിക്കൊണ്ടിരിക്കുന്നു.
ജയന്തിയുടെ അമ്മ അത് ശ്രദ്ധിച്ചിരുന്നു.
പിറ്റേന്ന് രാവിലെ അവർ അത് ചോദിക്കുകയും ചെയ്തു.
അതോ, അത് അമ്മേ കോളേജ് ഗ്രൂപ്പിൽ ഞങ്ങൾ വെറുതെ സംസാരിച്ചതാ. അല്ലാതെ വേറെയൊന്നുമില്ല.അവൾ മറ്റൊന്നും പറയാതെ അകത്തേക്കു പോയി.
അന്ന് ഉച്ചയോടെ ജയന്തിയുടെ അച്ഛൻ ജയകൃഷ്ണനെ കാണാൻ പോയി.അയാൾ കാര്യങ്ങൾ വിശദമായി ജയന്തിയുടെ അച്ഛനോട് സംസാരിച്ചു.
വൈകുന്നേരത്തോടെ അയാളെയും കൂട്ടി ജയന്തിയുടെ അച്ഛൻ വീട്ടിലേക്ക് വന്നു.
ഇയാളെ എന്തിനാ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്.അയാളെ കണ്ടപാടെ ജയന്തി ചോദിച്ചു.
ജയകൃഷ്ണൻ എന്നോട് ചിലതൊക്കെ പറഞ്ഞു. അതിന്റെയൊക്കെ സത്യാവസ്ഥ ഒന്നറിയണമല്ലോ.
അച്ഛനോട് ഇയാൾ എന്ത് കള്ളമാ പറഞ്ഞു തന്നിരിക്കുന്നത്.
പണ്ട് കോളേജിൽ വച്ചു നിനക്കൊരുത്തനോട് പ്രേമം ഉണ്ടായിരുന്നല്ലോ. ഒരു വിനോദ്. അവൻ നിന്നെ കളഞ്ഞിട്ട് വേറെ കെട്ടിപോയിരുന്നല്ലോ. ഇപ്പോ അവനുമായി നിനക്കെന്താ ബന്ധം.
അച്ഛൻ രാമകൃഷ്ണന്റെ ആ ചോദ്യം ജയന്തിയിലൊരു ഞെട്ടലുണ്ടാക്കി.
ഇല്ല അയാളുമായി എനിക്കൊരു ബന്ധവുമില്ല. അവൾ വിക്കി വിക്കി പറഞ്ഞു.
ജയന്തി ഞാൻ കുറച്ചു സ്ക്രീൻ ഷോട്ടുകൾ കാണിക്കാം. നീയും അവനുമായി സംസാരിച്ചത്, ദാ ഇന്നലെ രാത്രി നിങ്ങൾ സംസാരിച്ച കോൾ റെക്കോർഡ് പോലും എന്റെ കൈയിലുണ്ട്. ഇത് അവൻ ത്തന്നെ എനിക്ക് മെസ്സഞ്ചർ വഴി അയച്ചു തന്നതാ. എന്നിട്ട് എന്നോട് പറഞ്ഞു നിന്നെ എത്രയും വേഗം ബന്ധം ഒഴിയാൻ. ആ കൂടെ അവൻ നിന്നോട് പ്രേമം അഭിനയിച്ചു നിന്നെ എന്നിൽ നിന്നും അകറ്റി. പ്രേമിച്ച കാലത്ത് നീ അവന്റെ കൂടെ ഇറങ്ങി ചെല്ലാത്തതിന്റെ പ്രതികരമാണ് നിന്റെ കുടുംബ ജീവിതം നശിപ്പിക്കുക എന്ന് ഒരിക്കൽ അടിച്ചു പാമ്പായി അവൻ എന്നെ വിളിച്ചു പറഞ്ഞു. ആ കോൾ ഞാനും റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ അവൻ വിളിച്ചു സോറിയും പറഞ്ഞു. വെളിവില്ലാതെ എന്തൊക്കെയോ പറഞ്ഞതാണെന്നും പറഞ്ഞ്.
എന്നെ ഒഴിവാക്കാൻ നീ വീട്ടുരോട് ഇത്രയും വലിയ കള്ളമൊന്നും പറയേണ്ടിയിരുന്നില്ല ജയന്തി. കുട്ടികൾ എന്ന് വച്ചാൽ എനിക്ക് ജീവനാണെന്ന് നിനക്കും അറിയാല്ലോ. അവന്റെ കൂടെ പോകാൻ ആണേൽ നീ പൊക്കോ.സത്യങ്ങൾ എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് നീ പൊക്കോ.
ജയൻ ഈ പറഞ്ഞതൊക്കെ സത്യമാണോടി.
രാമകൃഷ്ണൻ അവളുടെ നേരെ നോക്കി ചോദിച്ചു.
അത് അച്ഛാ.. അവൾ നിന്നു പരുങ്ങി.
ഓരോരുത്തര് ഒരു ജീവിതം കിട്ടാൻ പെടാപ്പാട് പെടുവാ അപ്പോ നീയൊക്കെ കിട്ടിയ ജീവിതം നശിപ്പിക്കാൻ നോക്കുന്നു.നീ വന്നു പറയുന്നതൊക്കെ അപ്പാടെ അങ്ങ് വിശ്വസിക്കാൻ നിന്റെ അച്ഛനും അമ്മയും അത്ര വിവരദോഷികളല്ല. ഒന്നുമല്ലെങ്കിൽ ഞാനും ഒരു സ്കൂൾ മാഷ് ആയിരുന്നു എന്ന് മോളോർക്കണമായിരുന്നു.
വിനോദിനെ ഞാൻ വിളിച്ചിരുന്നു. അവന്റെ നമ്പർ ഒക്കെ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോ അവൻ തന്നു. നിന്റെ ജീവിതം തകർക്കുക ആ ഒരൊറ്റ ലക്ഷ്യമേ അവനുണ്ടായിരുന്നുള്ളു.അല്ലാതെ അവൻ അവന്റെ കുടുംബം കളഞ്ഞിട്ടു നിന്റെ കൂടെ പോരാനൊന്നും പോണില്ല. അവന്റെ രണ്ട് കുഞ്ഞുങ്ങളെ ഓർത്താ ഞാനിതു കേസാക്കാതെ വിട്ടത്, അതും അവൻ കാലു പിടിച്ചിട്ട്.
അതിന് ജയനെപ്പറ്റു നീ എന്തൊക്കെ കഥകളാ ഞങ്ങളോട് പറഞ്ഞത്. ഒറ്റദിവസം കൊണ്ട് ജയനെ നീ മോശക്കാരനാക്കി.
ഇനി ജയന് തീരുമാനിക്കാം എന്തും.ഞങ്ങടെ മോളെ കൊണ്ടുപോകണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കില്ല കാരണം ശരി നിങ്ങളുടെ ഭാഗത്താണ്.
നല്ല രീതിയിൽ എന്റെ നല്ല ഭാര്യയായി മുന്നോട്ടു പോകാൻ പറ്റുമെങ്കിൽ ജയന്തിക്ക് എന്റെ കൂടെ വരാം. അല്ലെങ്കിൽ ഇവിടെത്തന്നെ നിൽക്കാം. എന്ത് പറയുന്നു.
തെറ്റുകൾ പറ്റിയതെനിക്കാണ്. ഏത് കാര്യവും നല്ല രീതിയിൽ ഉപയോഗിച്ചാൽ ഗുണവും അല്ലാതെയാണെങ്കിൽ ദോഷവും ഉണ്ടാകുമെന്ന് എനിക്ക് മനസിലായി. വിനോദിന്റെ മനസ്സിൽ ഇങ്ങനെയൊരു ചതിയുണ്ടന്ന് ഞാൻ മനസ്സിലാക്കിയില്ല. കപട സ്നേഹത്തിൽ ഞാൻ എല്ലാവരെയും മറന്ന് വീണുപോയി.എനിക്ക് മാപ്പ് തരൂ.
ജയന്തി കൈ കൂപ്പികൊണ്ട് ജയകൃഷ്ണനോട് പറഞ്ഞു.
അച്ഛാ ഞാൻ ഇവളെ കൊണ്ട് പോകുവാ. ഈ തെറ്റൊക്കെ പൊറുക്കാൻ എനിക്ക് കഴിയും. കാരണം ഞാൻ ഇവളെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു.
അവർ നടന്നകലുന്നതും നോക്കി ആ അച്ഛനും അമ്മയും നിന്നു. ജയന്റെ മനസ്സ് വലുതാണ്. അവൾ ഇനിയെങ്കിലും അത് മനസിലാക്കിയാൽ മതിയായിരുന്നു.
ഏറെ താമസിയാതെ അവർക്കൊരു കുഞ്ഞു പിറന്നു. ആരോമൽ എന്നവന് പേരിട്ടു.അവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.
✍️✍️ റ്റിജോ