ഭാര്യ എട്ടുംപൊട്ടുംതിരിയാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നാണ് രമേശൻ വിചാരിച്ചിരുന്നത്. സോഷ്യൽ മീഡിയ യെന്നാൽ ചക്കയാണോ മാങ്ങയാണോ എന്നറിയാത്തവളാണ് സ്വഭാര്യ എന്ന വിശ്വാസമാണ് രമേശൻ വച്ച് പുലർത്തിയിരുന്നത്.
ആ വിശ്വാസത്തിലാണ് രമേശൻ Fb യിൽ കഥകളും കവിതകളും എഴുതിത്തുടങ്ങിയത്. കഥയും കവിതയും എഴുതുന്നവരെ രമേശൻ്റെ ഭാര്യക്ക് വെറുപ്പാണ്. അവർ കള്ളുകുടിയൻമാരും പെണ്ണുപിടിയൻമാരുമാണെന്നാണ് ഭാര്യയുടെ പക്ഷം. അതുകൊണ്ട് ഭാര്യ അറിയാതെ പാതിരാത്രിയിലൊക്കെയാണ് രമേശൻ FB യിൽ എഴുതിയിരുന്നത്. കുറേ നാൾ അത് സുഖകരമായി മുന്നോട്ട് പോയി.
അങ്ങനെയിരിക്കെ ഒരു നാൾ രമേശൻ FB യിൽ ഒരു കവിതയെഴുതി:
”കുണുങ്ങി നടക്കും പെൺകൊടിയെ
കുണ്ടനിടവഴിയിൽ
നിന്നൊളിച്ചു നോക്കി ഞാൻ “
ഇതായിരുന്നു കവിത. ഉടനെ വന്നു ഛഠ പഠാന്ന് നൂറ് കമൻ്റ്.
കുണ്ടോ… കുണ്ടാ … നീ കുണ്ടനാണോടാ… എന്നൊക്കെയായിരുന്നു കമൻറ്റുകൾ. കുണ്ടനിടവഴിയിലാണ് അവൻമാർ കേറി പിടിച്ചത്! പത്ത് കമൻ്റ് തികച്ച് കിട്ടാറില്ല തൻ്റെ കവിതകൾക്ക് .ഇതിപ്പോൾ നൂറ് കമൻ്റ് .അതും അശ്ലീലം …! തനിക്കെതിരെ ആരോ കളിക്കുന്നുണ്ടെന്ന് അന്ന് രമേശന് സംശയം തോന്നിയിരുന്നു.
ഒരു ദിവസം ഭാര്യ കാണാതെയിരുന്ന് ‘ ഭാര്യ ഒരു വിഷക്കട്ട ‘എന്ന നീണ്ടകഥ എഴുതി പോസ്റ്റിയതിനു ശേഷം ആത്മഹർഷത്തോടെ രമേശൻ കിടന്നുറങ്ങി. അമിതമായി മധുരം കഴിച്ചാലും ,അമിതമായിസന്തോഷം വന്നാലും ഉടനെ രമേശന് ഉറക്കം വരും. സൂഖകരമായ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ രമേശൻ ആദ്യം തല തടവിനോക്കി. തലയാണ് തൻ്റെ ഏറ്റവും വിലപിടിച്ച സ്വത്ത് എന്ന് രമേശൻ കരുതുന്നു.അതു കൊണ്ട് അതവിടെയുണ്ടോയെന്ന് എപ്പഴും തടവിനോക്കും.
തടവിനോക്കിയപ്പോൾ തലയുണ്ട്, പക്ഷേ വേറെ എന്തോ കൂടി ഉണ്ട്. കണ്ണാടിയിൽ നോക്കിയപ്പോൾ തലയിൽ കൊഴുക്കട്ട പോലുള്ള വലിയൊരു മുഴ!
ഇതെങ്ങനെ വന്നു..? രമേശൻ ഒരുപാട് ആലോചിച്ചു .കട്ടിലിൽ തല തട്ടിയതായിരിക്കുമെന്ന നിഗമനത്തിലാണ് അന്ന് രമേശൻ എത്തിച്ചേർന്നത്-
മാൻ മിഴിയാളെ നിൻ്റെ മാരനരികിലുണ്ടോ
ചൊല്ലുക ചൊല്ലുക നീ
ചൊല്ലുക ചൊല്ലുക നീ
ഉത്തരം ചൊല്ലിയാൽ ഞാൻ
പഞ്ചാരയുമ്മ തരാം
ചൊല്ലുക ചൊല്ലുക നീ
ചൊല്ലുക ചൊല്ലുക നീ
ഇങ്ങനെയൊരു കവിത ,ആവർത്തനവിരസതാ വൃത്തത്തിൽ എഴുതി പോസ്റ്റു ചെയ്ത ദിവസമാണ് രമേശനെ ഞെട്ടിച്ചു കൊണ്ട് ഭാര്യ ഇങ്ങനെ ചോദിച്ചത്:
ഏവൾക്കാണ് കെട്ട്യോൻ വീട്ടിലില്ലേ എന്ന് ചോദിച്ചോണ്ട് നിങ്ങൾ കത്തെഴുതിയത്?
രമേശൻ കാര്യമറിയാതെ പകച്ചു .
നീയെന്താണ് പറയുന്നതെന്ന് മനസിലായില്ല ….
നിങ്ങൾ ഫെയ്സ് ബുക്കിൽ എഴുതിവിട്ട കാര്യമാ പറഞ്ഞേ.. ഭർത്താവ് വീട്ടിലില്ലെങ്കിൽ വന്ന് ഉമ്മ തരാം എന്നാണല്ലോ എഴുതിവിട്ടിരിക്കുന്നത്!
നീയിതെങ്ങനെ അറിഞ്ഞു. നീ ഫെയ്സ് ബുക്കിലുണ്ടോ?
ഏയ്.. ഞാനതിലൊന്നുമില്ല. കൂട്ടുകാരികൾ പറഞ്ഞതാ.
അപ്പോൾ രമേശന് ഒരു കാര്യം മനസിലായി തൻ്റെ കവിതക്ക് അശ്ലീല കമൻ്റുകൾ ഇട്ടത്, ഇവൾ പറഞ്ഞതനുസരിച്ച്, ഇവളുടെ കൂട്ടുകാരികളാണ്. തന്നെ നിരീക്ഷിക്കാനും, പുകച്ചുപുറത്തുചാടിക്കാനും FB യിൽ ഇവൾക്ക് ചാരൻമാരുണ്ട്! ഭഗവാനേ ഭാര്യയുടെ കൂട്ടുകാരികളുടെ ഫോണെല്ലാം മിന്നലേറ്റ് നശിച്ചുപോണേ..!
ഇനി മുതൽ ഫെയ്സ് ബുക്കിൽ ഒന്നും എഴുതില്ല എന്ന് കാലു പിടിച്ച് കരഞ്ഞതുകൊണ്ടാണ് രമേശൻ അന്ന് ജീവനോടെ രക്ഷപെട്ടത്.
രമേശന് മറ്റൊരു കാര്യം കൂടെ ബോധ്യമായി,തൻ്റെ തലയിൽ കൊഴുക്കട്ട പോലുള്ള മുഴവന്നത് കട്ടിലിൽ ഇടിച്ചതുകൊണ്ടല്ല, ഭാര്യ ഒരു വിഷക്കട്ട എന്ന നീണ്ട കഥയാണ് തൻ്റെ തലയിൽ കൊഴുക്കട്ട സൃഷ്ടിച്ചത്. ചിരവാത്തടി കൊണ്ടാണോ അതോ ഉലക്ക കൊണ്ടാണോ അടിച്ചത് എന്ന കാര്യം മാത്രമേ അറിയാനുള്ളു.
അതിന് ശേഷം രമേശൻ എഴുത്ത് നിർത്തി. ജീവൻ പണയം വച്ച് എഴുതിയിട്ടെന്ത് കിട്ടാനാ?
രമേശൻ ചാറ്റിങ്ങിലേക്ക് തിരിഞ്ഞു. പല പെണ്ണുങ്ങൾക്കും ഗോപ്യമായി ‘ഹായ്’ വിട്ടു.ഒരെണ്ണം കൊത്തി. ഒരു അഞ്ജു നായർ. ചാറ്റിങ് കസറി.ചാറ്റ് ചെയ്യുന്നത് ഭാര്യയുടെ കൂട്ടുകാർ അറിയില്ലല്ലോ.
അഞ്ജുനായർ രമേശനെ കൂട്ടാ എന്ന് വിളിക്കും.രമേശൻ അവളെ പൂമ്പാറ്റേ എന്നാണ് വിളിക്കുന്നത്. ചാറ്റ് ചെയ്ത് ചെയ്ത് രമേശൻ പൂമ്പാറ്റയുമായി ഏറെ അടുത്തു .നമുക്ക് ഇനിഒരുമിച്ച് ജീവിക്കാം എന്ന് രമേശനാണ് അങ്ങോട്ട് പറഞ്ഞത്. ഇന്നലെ രാത്രിയാണ് ഒളിച്ചോടി ദൂരെ തിരുവനന്തപുരത്തെങ്ങാനും പോയി ജീവിക്കാം എന്ന തീരുമാനത്തിൽ രമേശനും അഞ്ജൂവും എത്തിച്ചേർന്നത്.തിരുവനന്തപുരത്ത് കടലുണ്ട്, ഭാര്യ അന്വേഷിച്ച് വന്ന് കണ്ടു പിടിച്ചാൽ, കടലിൽ ചാടി നീന്തി ഗൾഫിലേക്ക് രക്ഷപ്പെടാം. ഇതായിരുന്നു രമേശൻ്റെ പ്ലാൻ.
ഇന്ന് പത്ത് മണിക്ക് റയിൽവേസ്റ്റേഷനിൽ ചെല്ലാം എന്നാണ് അഞ്ജുവിന് കൊടുത്ത വാക്ക് .
രമേശൻഅണിഞ്ഞൊരുങ്ങിക്കൊണ്ടിരുന്ന സമയത്താണ് ഭാര്യ പിറകിൽ വന്ന് ഇങ്ങനെ ചോദിച്ചത്:
ഒളിച്ചോടാൻ പോവുകയാ അല്ലേ?
രമേശൻ മിന്നൽപിണർ ഏറ്റത് പോലെ വെട്ടി വിറച്ച് മരവിച്ച് നിന്നു പോയി.
ഹേ .. ഭഗവൻ…അഞ്ജുവുമായി ചാറ്റ് ചെയ്തത് ഇവളെങ്ങനെ അറിഞ്ഞു?!
ഭാര്യ തുടർന്ന് പറഞ്ഞതാണ് രമേശൻ്റ സപ്തനാഡികളെയും തകർത്തത്:
കുട്ടാ…. പൂമ്പാറ്റ ഇപ്പം വരാം കേട്ടോ…
അത് പറഞ്ഞ് ഭാര്യ ധൃതിയിൽ അടുക്കളയിലേക്ക് പോയി.
രമേശന് കാര്യങ്ങളെല്ലാം മനസിലായി. FB എന്താണെന്നറിയാത്ത മന്ദബുദ്ധിയാണ് ഭാര്യ എന്ന് വിചാരിച്ചത് വെറുതെ .അവൾ തനിക്കു മുമ്പേ FB കണ്ടവളാണ്. അവളാണ് അഞ്ജുനായർ എന്ന പേരിൽ വന്ന് തന്നോട് ചാറ്റ് ചെയ്തത്.
ഭാര്യ അടുക്കളേന്ന് ഇപ്പോൾ വരും. ചിരവയാണോ ഉലക്കയാണോ അതോ വെട്ടുകത്തിയാണോ അവൾടെ കൈയിലുണ്ടാവുക?
ദേഷ്യം വന്നാൽ കഴുത്തറുത്ത് കൊല്ലാൻ പോലും മടിക്കാത്തവളാണ്.
ചിന്തിച്ചു നിൽക്കുന്നത് അബദ്ധമാണ്. കാലുകളേ അതിവേഗം ചലിക്കു ..കമോൺ..
രമേശൻ വീടിന് പുറത്തേക്ക് ചാടി 120 km സ്പീഡിൽ കാലുകളെ പറപ്പിച്ചു വിട്ടു.
അന്തംവിട്ട് ഓടുന്നതിനിടയിൽ എതിരേ വരുന്ന അമ്മയെ രമേശൻ കണ്ടു.
എങ്ങോട്ടാടാ ഓടുന്നത്? അമ്മചോദിച്ചു.
ദൂരേക്ക്.. രമേശൻ പറഞ്ഞു.ങ്ഹാ.. പിന്നെ അമ്മേ.. രണ്ട് മാസം ഞാൻ അണ്ടർ ഗ്രൗണ്ടിലായിരിക്കും…. ശത്രു ശക്തനാണ്, ഒളിവിൽ പോകാതെ തരമില്ല. അപ്പോ രണ്ട് മാസം കഴിഞ്ഞ് കാണാം..
ഇത്രയും പറഞ്ഞു രമേശൻ അണ്ടർ ഗ്രൗണ്ട് ലക്ഷ്യമാക്കി ഓട്ടം തുടർന്നു.
വിവാഹാനന്തര ജീവിതത്തിൽ ഇടക്കിടക്ക് ഒളിവിൽ പോകേണ്ടി വരുന്നത് ,ഭർത്താക്കൻമാർക്ക് ഒരു പുതുമയൊന്നുമല്ലല്ലോ! അല്ലേ? ▫️
ശിവൻ മണ്ണയം