ബന്ധമെന്നപദത്തിനെന്തർത്ഥം? (കഥ)
By ഷെരീഫ് ഇബ്രാഹിം.
ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. നാളെ എന്റെ പെണ്ണ്കാണൽ ചടങ്ങ്. ഇത് എത്രാമത്തെ പെണ്ണ്കാണൽ ആണെന്ന് ഒരെത്തുംപിടിയും ഇല്ല. നാല്പതു വരെ എണ്ണം കണക്ക് കൂട്ടിയിരുന്നു. പിന്നെ എണ്ണൽ നിറുത്തി. വയസ്സ് ഇരുപത്തിഒമ്പത് കഴിഞ്ഞിട്ട് നാല് വർഷം ആയി. ഇപ്പോഴും കല്യാണം ആലോചിച്ചു വരുന്നവരോട് ഇരുപത്തിഒമ്പത് എന്നെ പറയൂ. ഇരുപത്തിഒമ്പതും മുപ്പതും തമ്മിൽ ഒരു വർഷത്തെ വ്യത്യാസമേയുള്ളൂവെങ്കിലും കേൾക്കുമ്പോൾ ഒരു അസ്കിത. എന്റെ അനുജത്തി ശ്രീവിദ്യക്ക് ഇരുപത്തിഒമ്പത് വയസ്സായി. അവൾ കാണാൻ കുറച്ചു വെളുത്തിട്ടാണ്. ഞാൻ കറുത്തിട്ടും. ഒന്ന് രണ്ട് കല്യാണങ്ങൾ ഒഴിഞ്ഞു പോയത്, എന്നെ പെണ്ണ് കാണാൻ വരുന്നവർ യാദൃശ്ചികമായി ശ്രീവിദ്യയെ കാണുന്നത് കൊണ്ടാണ്. അതിന്നു ശേഷം എന്നെ പെണ്ണ് കാണാൻ വരുന്ന സമയത്ത് ശ്രീവിദ്യയെ അടുത്ത വീട്ടിലേക്കു പറഞ്ഞയക്കും.ശിരസ്സു താഴ്ത്തി കാൽനഖം കൊണ്ട് വട്ടം വരക്കുന്നതൊക്കെ മടുത്തിരിക്കുന്നു. പഴുവിൽ അമ്പലത്തിൽ നിന്നും രാമായണപാരായണം കേൾക്കുന്നു. ഇവിടെ പളനി മുരുകൻ ആണ്. സമയം അഞ്ചുമണിയായി. അമ്പലക്കുളത്തിന്നടുത്ത ആലിന്റെ ചുവട്ടിൽ വെറുതെ ഇരുന്നു. ആലിന്റെ ചില പ്രത്യേകതകൾ പഠിച്ചത് ഓർത്തു.. ഓസോൺ പാളികൾ ഭൂമിയെ സൂര്യന്റെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു പ്രത്യേക പാളിയാണ്. അതിനു വരുന്ന കേടുപാടുകൾ ഹാനികരമായ അൾട്രാ വയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തി വിടുകയും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ആല്മുരം ഈ പാളികളെ സംരക്ഷിക്കും.
റോഡിലൂടെ നന്ദൻ മാഷ് പോകുന്നത് കണ്ടു. എത്രയോ കുട്ടികളെ വിദ്യ അഭ്യസിപ്പിച്ച നന്ദൻ മാഷ്. സ്കൂളിൽ മാർക്ക് കുറയുന്നവരെ പഠിപ്പിക്കുന്ന മാഷ്. വിദ്യ അഭ്യസിപ്പിക്കൽ ഒരു പുണ്യമാണെന്ന് കരുതുന്ന യഥാർത്ഥ മാഷ്.
‘കുട്ട്യേ, നീ എവിടാ?സന്ധ്യയായില്ലേ. വിളക്ക് വെക്കേണ്ടേ?’ മുത്തശ്ശിയുടെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്.
ഞങ്ങൾ വളരെ വലിയ തറവാട്ടുകാരായിരുന്നു. ഇപ്പോൾ ക്ഷയിച്ചു. മുന്നോക്കക്കാരായത് കൊണ്ട് സംവരണവും ഇല്ല. സാമ്പത്തികസംവരണം ഉണ്ടായിരുന്നെങ്കിൽ പഠിക്കാമായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ ഇളയവനായ അച്ഛന് കിട്ടിയത് ചിതലെടുത്ത ഈ നാല്കെട്ടും. അച്ഛന്നും അമ്മയ്ക്കും മാറാത്ത അസുഖവും.
‘കുട്ട്യേ, നെനക്ക് എന്താ ഒരു വിഷമം?’ മുത്തശ്ശിയുടെ ചോദ്യത്തിന്നു ഒന്നും ഇല്ല എന്ന് മാത്രം മറുപടി കൊടുത്തു.
‘പുരനിറഞ്ഞു നിൽക്കുന്ന പെണ്കു ട്ടി വീട്ടിന്നു ശാപമാണ്.’ എന്ന് മുത്തശ്ശി പതുക്കെ പറഞ്ഞത് ഞാൻ കേട്ടിട്ടും കേൾക്കാത്ത പോലെ നിന്നു. ശെരിയല്ലേ ആ പറഞ്ഞത്.
മുത്തശ്ശിയുടെ ഇരു വശങ്ങളിലുമായിട്ടാണ് ഞാനും ശ്രീവിദ്യയും രാത്രിയിൽ ഉറങ്ങാറ്. ഞങ്ങൾക്ക് ഉറക്കം വരുന്നത് വരെ പഴയ കഥകളെല്ലാം മുത്തശ്ശി പറഞ്ഞു തരും. മുത്തശ്ശൻ മുത്തശ്ശിയെ പെണ്ണ് കാണാൻ വന്നതും ഒക്കെ. കേൾക്കാൻ എന്ത് രസമാണെന്നോ.
അച്ഛനും അമ്മയ്ക്കും കഷായം കൊടുത്തു. അമ്മക്ക് കുളിമുറിയിൽ പോകാൻ പിടിച്ചു കൊണ്ട് പോയി. അടുക്കളയിൽ നിന്ന് തന്നെ കിണറ്റിൽ നിന്നും വെള്ളം കോരാനുള്ള സൌകര്യമുള്ളത് കൊണ്ട് രാത്രിയിലും വെള്ളം കോരാൻ എളുപ്പമാണ്.
നേരം വെളുത്തു. ഒരു പുതുമയും തോന്നിയില്ല. മുത്തശ്ശി നീട്ടി വിളിച്ചു ‘കുട്ട്യേ, നീ ഇത്രടം ഒന്ന് വന്നേ’.
മുത്തശ്ശിയുടെ അടുത്ത് ചെന്നു. ‘ഞാൻ നെന്നെയല്ല വിളിച്ചത്. ആ ശ്രീവിദ്യയെയാണ്’. മുത്തശ്ശിക്ക് എല്ലാവരും കുട്ടിയാണ്. വിളികേട്ടു ശ്രീവിദ്യ മുത്തശ്ശിയുടെ അടുത്ത് ചെന്നു. ‘ നീ അവര് വരുമ്പോൾ പടിഞ്ഞാറെ ജമീലൂന്റെ വീട്ടില് പോണംട്ടാ’ പതിവ് പല്ലവി മുത്തശ്ശി ആവർത്തിച്ചു. അതിനാണ് വിളിച്ചതെന്ന് ശ്രീദേവിക്ക് മുൻകൂട്ടി അറിയാം. ഇതെത്ര കേട്ടിരിക്കുന്നു. എന്റെ കല്യാണം കഴിയാൻ എന്നേക്കാൾ തെരക്ക് ശ്രീദേവിക്കാണ്. അത് പിന്നെ അങ്ങിനെയല്ലേ വരൂ.
‘ട്യേ ഇത്രടം ഒന്ന് വന്നെ’.ആ വിളി അമ്മയെയാണ്. അമ്മ കഷ്ടപ്പെട്ട് മുത്തശ്ശിയുടെ അടുത്തെത്തി. കുളിമുറിയിൽ വീണതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ലെന്ന് അമ്മയുടെ ആ നടപ്പ് കണ്ടാൽ അറിയാം. ‘വരുന്നവർക്കുള്ളതൊക്കെ ഒരുക്കിയിട്ടുണ്ടല്ലോ?’ അതും മുത്തശ്ശിയുടെ പതിവ് ചോദ്യം. എല്ലാം ശെരിയാക്കിയിട്ടുണ്ടെന്നും ജമീലു ഇത്ത ചിറ്റയെ അടുക്കളയിലും മറ്റും സഹായിക്കുന്നുണ്ടെന്നും അമ്മ മുത്തശ്ശിയെ പറഞ്ഞു മനസ്സിലാക്കി. അല്ലെങ്കിലും ആ ഇത്തയും ഇക്കയും എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിക്കാറുണ്ട്. അയൽവാസി പട്ടിണി കിടന്നിട്ടു മക്കത്തു പോയി ഹജ്ജ് ചെയ്തിട്ട് പുണ്യമില്ലെന്നു അവരുടെ വേദത്തിൽ പറയുന്നുണ്ടത്രേ. ജമീലു ഇത്താടെ ഭർത്താവ് ഗൾഫിലാണ്. ഒരു പാട് അറിവുണ്ട് ആ ഇക്കാക്ക്. അവരുടെ വേദത്തിൽ 6666 വാക്കുകൾ ഉണ്ട്, അത് പോലെ നമ്മുടെ വേദങ്ങളിലും 6666 ഉപനിഷത്തുകൾ ആണെന്ന് ആ ഇക്ക പറഞ്ഞു തന്നു.
‘കുട്ട്യേ, ആ വെറ്റ്ല ചെല്ലം ഒന്നെടുത്തെ’.ഞാൻ മുത്തശ്ശി പറഞ്ഞ പോലെ ചെയ്തു. കൂടാതെ മുത്തശ്ശിയുടെ കട്ടിലിന്നടിയിലുള്ള കോളാമ്പിയും മുത്തശ്ശിക്ക് കയ്യെത്താവുന്ന അടുത്തേക്ക് നീക്കി വെച്ച്. ‘ടാ രാഘോ, നീ ജനുവിനോട് പറഞ്ഞില്ലേ’ അച്ഛനോടാണ് ചോദ്യം.
രാഘവൻ എന്ന അച്ഛൻ, അച്ഛന്റെ അനുജൻ ജനാർധനനോട് പെണ്ണ് കാണൽ ചടങ്ങ് പറഞ്ഞില്ലേ എന്നാണു ചോദ്യം ‘ഉവ്വ് പറഞ്ഞു അമ്മെ’ എന്ന് കോലായിലുള്ള അച്ഛൻ മറുപടി കൊടുത്തു.
‘ആ മുസ്ലിം പെണ്ണ് നമ്മുടെ വേലക്കാരത്തി ഒന്നും അല്ല, അവരെ പണിയെടുപ്പിച്ച് കഷ്ടപെടുത്തരുത്. കേട്ടോ കുട്ട്യേ’. മുത്തശ്ശി അങ്ങിനെയാണ്. എല്ലാം ശ്രദ്ധിക്കും.
‘അവരോട് ഒരു പണിയും എടുക്കേണ്ടായെന്ന് പറഞ്ഞാലും ഇതെന്താ എന്റെ വീട് പോലെ തന്നെയാണ് എന്നാണു അവർ പറയുന്നത് അമ്മെ’.
അമ്മയുടെ മറുപടി കേട്ടപ്പോൾ മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ല.
‘ശ്രീദേവ്യേ, ഒന്ന് വന്നെ’.ജമീലു ഇത്തയാണ്.
എന്താ ഇത്താ എന്ന് ചോദിച്ചു ഞാന്‍ അടുക്കളയിലേക്കു ചെന്നു.
‘നീ എന്താ സ്വർണം ഒന്നും ഇടാത്തേ’.ഇത്താടെ ചോദ്യം.
കുറച്ചു നാൾ കമ്പ്യൂട്ടർ പഠിപ്പിക്കാൻ ചെന്നപ്പോൾ കിട്ടിയ ശമ്പളത്തിൽ നിന്നും വീട്ടിലെ ചിലവും അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും മരുന്ന് വാങ്ങിയതും കഴിച്ചു മിച്ചം വന്നത് എടുത്തു വാങ്ങിയ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ മോഹമായിരുന്ന ആലിലകണ്ണന്റെ ചിത്രമുള്ള ഒരു ലോക്കറ്റും അത് ഇടാനുള്ള ഒരു മാലയും. അത് മാത്രമേ ഈ വീട്ടിൽ പൊന്നിൻതരിയായിട്ടുള്ളൂ എന്ന് ഞാൻ മറുപടി കൊടുത്തു.
‘ശെരി, നീ വേഗം കുളിച്ചു ആ മാല ഇട്ടിട്ടു വാ, അവര് വരാറായി.’ ജമീലു ഇത്ത പറഞ്ഞ പോലെ ഞാൻ ചെയ്തു.
കുളി കഴിഞ്ഞെത്തിയപ്പോൾ ജമീലു ഇത്ത എന്റെ കൈ പിടിച്ചു ഓരോ കയ്യിലും ഓരോ വള വീതം ഇട്ടു.
‘ദേ, അവരിങ്ങെത്തി’ അച്ഛന്റെ ശബ്ദം. മുത്തശ്ശി പെട്ടെന്ന് ശ്രീവിദ്യയെ പിന്നിലെ വാതിലൂടെ ജമീലു ഇത്താടെ വീട്ടിലേക്കു പറഞ്ഞയച്ചു.
കോലായിലേക്ക് നോക്കി. അവിടെ മനക്കലെ തിരുമേനിയും ഷാരത്ത് നിന്നും ഷാരടിയും വന്നിട്ടുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ ചെറുക്കനും വീട്ടുകാരും എത്തി. ആദ്യത്തെ കാഴ്ചയിൽ തന്നെ എനിക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടമല്ലല്ലോ വിഷയം. ചെറുക്കന്നും വീട്ടുകാര്ക്കും എന്നെ ഇഷ്ടപെടുമോ എന്നതാണല്ലോ നോക്കേണ്ടത്.
‘മോളെ, ഈ ചായ അങ്ങോട്ട് കൊണ്ട് കൊടുക്ക്’.ജമീലു ഇത്താടെ നിർദേശം കേട്ടപ്പോൾ ട്രേയിൽ ചായയുമായി അവരുടെ അടുത്തേക്ക് ചെന്നു.
‘അവർക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോട്ടെ’.ചെക്കന്റെ അടുത്തുള്ള ആരോ ആരോടെന്നില്ലാതെ പറഞ്ഞു.
ചെറുക്കൻ എഴുനേറ്റു അകത്തോട്ട് വന്നു. ഞാനും കൂടെ ചെന്നു.
‘എന്റെ പേര് ഗോകുൽ. എന്നെ ഇഷ്ടമായോ?’ എല്ലാം പെട്ടെന്ന് പറഞ്ഞു.
പെരുത്ത് ഇഷ്ടമായി എന്ന് പറയാനാണ് നാവ് പൊന്തിയത്. ശബ്ദം കുറച്ചു ‘ഉം’ എന്ന് മാത്രം പറഞ്ഞു
പിന്നെ എന്തൊക്കെയോ ചോദിച്ചു. ഒറ്റവാക്കിൽ എന്തൊക്കെയോ മറുപടിയും കൊടുത്തു.
അദ്ദേഹം സിറ്റിംഗ് റൂമിലേക്ക് പോയി.
അദ്ദേഹത്തിന്റെ അടുത്തിരുന്ന ആളോട് അദ്ദേഹം എന്തോ സ്വകാര്യമായി പറയുന്നത് കണ്ടു.
‘സാധാരണ പിന്നെ പറയാം എന്നാണല്ലോ എല്ലാ പയ്യന്മാരും അവരുടെ ബന്ധക്കാരും പറയാറ്. പക്ഷെ ഗോകുലിന്ന് ശ്രീദേവിയെ ഇഷ്ടമാണെന്ന് പറയുന്നു. ഞാൻ ഗോകുലിന്റെ അളിയനാണ് ഗോപാലൻ നായർ’.
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. ഗോകുൽ അകത്തേക്ക് കള്ളനോട്ടം നോക്കുന്നത് കണ്ടു. എന്നെയാണെന്ന് മനസ്സിലായി. ഞാൻ ചിരിച്ചു, അത് കണ്ടു ഗോകുലും ചിരിച്ചു.
അപ്പോഴാണ് ഗോകുലിന്റെ മൊബൈൽ ഫോണ്‍ റിംഗ് ചെയ്തത്. ഒരു പാട് പ്രാവശ്യം ഹലോ എന്ന് ഗോകുൽ പറയുന്നത് കേട്ടു. റേഞ്ച് ഇല്ലെന്നു തോന്നുന്നു. അല്ലെങ്കിലും വീടിന്റെ പുറത്തു പോയാലെ റേഞ്ച് കിട്ടൂ. ഗോകുൽ പുറത്തേക്കു നടന്നു.
ഫോണ്‍ വിളി കഴിഞ്ഞു ഗോകുൽ തിരിച്ചു വന്നു. അളിയനോട് എന്തോ പറഞ്ഞു. രണ്ടു പേരും കൂടെ വീണ്ടും പുറത്തേക്കു പോയി. അവർ തിരുമേനിയെ വിളിച്ച് എന്തോ പറഞ്ഞു. വന്നവരെല്ലാം യാത്ര പറഞ്ഞു പോയി. പോകുമ്പോൾ ഗോകുൽ എന്നെ നോക്കുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല.
അവർ പൊയതിന്ന് ശേഷം ബ്രോക്കർ, അച്ഛനുമായി സംസാരിച്ചു
‘പറയുന്നതിൽ വിഷമം തോന്നരുത്. വിഷമം തോന്നുകയില്ലെന്നറിയാം. ഗോകുൽ ഫോണ്‍ വിളിക്കുമ്പോൾ റേഞ്ച് ഇല്ലാത്തത് കൊണ്ട് പുറത്തു പോയിരുന്നല്ലോ, അപ്പോൾ അടുത്ത വീട്ടിൽ ഒരു കുട്ടിയെ കണ്ടു. അവനു വളരെയധികം ഇഷ്ടപ്പെട്ടു. അന്വേഷിച്ചപ്പോൾ ഇവിടെത്തെ ഇളയകുട്ടിയാണെന്ന് മനസ്സിലായി. അവനു ആ കുട്ടിയെ ആണ് ഇഷ്ടം. എന്തായാലും ഈ വീട്ടിലെ തന്നെ കുട്ടിയാണല്ലോ? ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.’ ബ്രോക്കറുടെ വാക്ക് കേട്ടപ്പോൾ ഭൂമി പിളരുന്ന പോലെ എനിക്ക് തോന്നി.
വീട്ടിൽ ചർച്ചക്ക് വന്നപ്പോൾ പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഒടുവിൽ ഞാൻ തന്നെ ജമീലു ഇത്താട് എന്റെ അഭിപ്രായം പറഞ്ഞു. ‘ശ്രീദേവിയുടെ കല്യാണത്തിന്നു എനിക്ക് സമ്മതമാണ്. എനിക്ക് ഒരു വിഷമവും ഇല്ല. ഞാൻ കാരണം അവളുടെ ജീവിതം നശിക്കരുത്’. കരയരുതെന്ന് വിചാരിച്ചിട്ടും….
‘മോളെ, നിനക്ക് വിഷമമില്ലെന്നു പറഞ്ഞാലും വിഷമമുണ്ടെന്നു ഞങ്ങൾക്കറിയാം. സാരമില്ല. അള്ളാഹു എന്തെങ്കിലും നല്ല മാർഗം കാണുന്നുണ്ടാവും’. ജമീലു ഇത്താടെ വാക്ക് കേട്ടപ്പോള്‍ എന്തോ ഒരു സമാധാനം.
ശെരിയാണ് ആ വിശ്വാസമാണ് എന്നെ ജീവിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ ഭഗവത് ഗീതയിൽ പറയുന്നുണ്ടല്ലോ ‘സംഭവിച്ചതെല്ലാം നല്ലതിന്ന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്ന്, സംഭവിക്കാൻ പോകുന്നതും നല്ലതിന്ന്’ എന്ന്.
അവർക്ക് ഡിമാന്റ് ഒന്നും ഇല്ലെന്നു പറഞ്ഞാലും എന്തെങ്കിലും സ്വർണം ഇടാതെ എങ്ങിനെയാ ശ്രീവിദ്യയെ പറഞ്ഞയക്ക്യ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടപ്പോൾ എന്റെ കയ്യിലുള്ള ആലിലക്കണ്ണന്റെ ലോക്കറ്റും മാലയും ഞാൻ തന്നെ ശ്രീവിദ്യയുടെ കഴുത്തിലിട്ടു.
‘വേണ്ട ചേച്ചി, അത് ചേച്ചി മോഹിച്ചിട്ടു വാങ്ങിയതല്ലേ?’
‘അത് സാരമില്ല, നിനക്കാണത് ഇപ്പോൾ വേണ്ടത്’.എന്ന് പറഞ്ഞു ഞാൻ നിർബന്ധിച്ചു അവളുടെ കഴുത്തിൽ മാലയിട്ടു.
‘എന്റെ കല്ല്യാണം കഴിഞ്ഞാലും ഈ കടം ഞാൻ വീട്ടും’
‘വേണ്ട മോളെ, ഇത് കടമല്ല, എന്റെ കടമയാണ്. നമ്മൾ തമ്മിൽ കണക്കു പറയാവുന്ന ബന്ധമല്ലല്ലോ?’
അങ്ങിനെ ശ്രീവിദ്യയുടെ കല്യാണം കഴിഞ്ഞു. ഒരു മാസ്സത്തിന്നു ശേഷം ശ്രീവിദ്യയും ഗോകുലും ഗൾഫിലേക്ക് പോയി. ഇതിനിടെ ശ്രീവിദ്യ ഗൾഫിൽ വെച്ച് ഒരു ആണ്കുിട്ടിയെ പ്രസവിച്ചു എന്നറിഞ്ഞു. ശേഷം അവർ നാട്ടിൽ വന്നിട്ടില്ല. വീട്ടുചിലവിന്ന് പണം ഉണ്ടാക്കാനും എന്റെ മാനസിക സമാധാനത്തിന്നും വേണ്ടി കമ്പ്യൂട്ടർ പഠിപ്പിക്കുന്ന ജോലിക്ക് വീണ്ടും പോയി തുടങ്ങി.
മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്. അന്ന് പഴുവിൽ ഷഷ്ടി ദിവസം വൈകീട്ട് മറ്റുള്ളവരോടൊപ്പം ആൽത്തറയിൽ കയറി നിൽക്കുമ്പോൾ ‘വെല്ല്യമ്മേ’ എന്ന് വിളിച്ചു ഒരു കുട്ടി എന്റടുത്തു വന്നു. ഞാൻ പിന്തിരിഞ്ഞു നോക്കി. അതു ശ്രീവിദ്യയുടെ മകനായിരുന്നു.
‘വാ മോനെ’.അവൻ ഓടി വന്നു എന്റെ ഒക്കത്ത് കയറിയിരുന്നു.
‘കണ്ണാ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ വൃത്തിയില്ലാത്തിടത്തോന്നും നടക്കരുതെന്ന്’ എന്ന് കണ്ണനോട് പറഞ്ഞിട്ട് ശ്രീവിദ്യ എന്നോട് മറ്റൊന്നാണ് പറഞ്ഞത് ‘ചേച്ചി, അല്ലെങ്കിൽ തന്നെ ഇന്നലെ രാത്രി മോനെ ഒരു പാട് കൊതുക് കടിച്ചു എന്തൊരു വൃത്തികെട്ട മണമാണ് നമ്മുടെ വീടിന്നുള്ളിൽ’
ശ്രീവിദ്യ കണ്ണനേയും കൊണ്ട് വീട്ടിലേക്കു പോയി. ഞാൻ എടുത്തത്കൊണ്ടാണ് അവൾ കണ്ണനെ കൊണ്ട് പോയത് എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
‘മോളെ, ഇവിടെ ചെലവ് വളരെ കൂടുതലാണ്. പിന്നെ മരുന്നിന്നും ഒരു പാട് പണം വേണം. ഇപ്പോൾ തന്നെ ജോലി സ്ഥലത്ത് നിന്നും ലോണ്‍ എടുത്തിരിക്കുകയാണ്. ഒരു അയ്യായിരം ഉറുപ്പിക അമ്മയ്ക്കും അച്ഛന്നും മുത്തശ്ശിക്കും കുറച്ചു മരുന്ന് വാങ്ങാമായിരുന്നു.’ ഞാൻ ശ്രീദേവിയോട് ചോദിച്ചു.
‘ചേച്ചി, ചേട്ടന്റെ വിഷമം ചേച്ചിക്കറിയാത്തത് കൊണ്ടാണ്. ഇപ്പോൾ തന്നെ പുതുതായി പണിയുന്ന ഞങ്ങളുടെ വീടിന്ന് മൂന്ന് ലക്ഷത്തിന്നു മാർബിൾ എടുക്കാൻ രാജസ്ഥാനിലേക്ക് പോയിരിക്കുകയാണ് ഗോകുലേട്ടൻ. അല്ലാതെ പൈസ ഉണ്ടായിട്ടു തരാത്തതല്ല.’
ശ്രീവിദ്യയുടെ മറുപടി കേട്ട് കൊണ്ട് ജമീലു ഇത്ത കടന്നു വന്നു. ഒന്നും പറയാതെ തിരിച്ചു പോയി വീണ്ടും വന്നു. കയ്യിൽ എന്തോ ഉണ്ട്.
‘മോളെ, അനുജത്തിക്ക് പൈസക്ക് ബുദ്ധിമുട്ട് ആയതു കൊണ്ടായിരിക്കും. വിഷമം തോന്നണ്ട. മോൾക്ക് എത്ര പൈസയാ വേണ്ടത്? ഞാൻ തരാം. ആത് മോൾക്ക് ഇഷ്ടമുള്ളപ്പോൾ മടക്കി തന്നാൽ മതി. അഥവാ തരാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ പൊരുത്തപ്പെട്ടോളാം. പിന്നെ ഇത് കുറച്ചു ചോറാണ്. ഇന്ന് മദ്രസയിലെ കുട്ടികൾക്ക് ഭക്ഷണം കൊടുത്തിരുന്നു. ഇക്ക ഇക്കൊല്ലം അബൂദാബിയിൽ നിന്നും ഹജ്ജിനു പോകുന്നുണ്ട്. അയൽവാസി പട്ടിണി കിടന്നിട്ടു ഹജ്ജിനു പോയാൽ അതിന്റെ പുണ്യം കിട്ടൂല എന്നാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്’. ജമീലു ഇത്താടെ സംസാരം കേള്ക്കാ ന്‍ നല്ല രസം.
‘ഇക്ക എന്നാ വരുന്നത്?’.ഞാന്‍ ചോദിച്ചു.
‘ഹജ്ജ് കഴിഞ്ഞു അടുത്ത മാസം വരുന്നുണ്ട്’
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലിസ്ഥലത്ത് നിന്നും വീട്ടിൽ എത്തിയതേയുള്ളൂ, ശ്രീവിദ്യയുടെ ഉറക്കെയുള്ളൂ കരച്ചിൽ കേട്ട് ഓടിച്ചെന്നു. അവളുടെ മൊബൈൽ ഫോണ്‍ ദൂരെ കിടക്കുന്നു. അവൾ വാവിട്ടു കരയുകയാണ്. ഇടയ്ക്കിടെ അവൾ പറയുന്നുണ്ട് ‘എന്റെ ചേട്ടൻ……എന്റെ ചേട്ടൻ ………’
പിന്നെയും അവളുടെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
അടുത്ത വീട്ടിലെ ഷാരടി ഫോണ്‍ അറ്റെന്റ് ചെയ്തു.
‘ന്റെ ….. ഗുരുവായൂരപ്പാ …’ അദ്ദേഹം ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട് പറഞ്ഞു. ‘ഗോകുൽ സഞ്ചരിച്ചിരുന്ന മാർബിൾ കയറ്റി രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് വന്ന ലോറി ആക്സിടെന്റിൽ പെട്ടു. ഗോകുലിന്റെ ദേഹത്തെക്കാണ് ലോറി മറിഞ്ഞത്. എല്ലാം അപ്പോൾ തന്നെ കഴിഞ്ഞു.’
രണ്ട് മാസത്തിന്നു ശേഷം പുലർച്ചെ അഞ്ചു മണിയായിക്കാണും. അമ്പലത്തിൽ നിന്നും അധികം ദൂരമില്ലാത്ത മുസ്ലിം പള്ളിയിൽ നിന്നും പ്രഭാത നമസ്കാരത്തിന്നുള്ള ബാങ്ക് വിളി കേൾക്കുന്നു. ബാങ്ക് വിളി കഴിഞ്ഞതിന്നു ശേഷം അമ്പലത്തിൽ നിന്ന് സുപ്രഭാതഗീതങ്ങൾ കേട്ടു.
അടുത്ത വീട്ടിലെ ജമീലു ഇത്താടെ ഭർത്താവ് ജബ്ബാർക്ക എത്തിയെന്നറിഞ്ഞു. ഉച്ചതിരിഞ്ഞു ജബ്ബാർക്കയും ജമീലു ഇത്തയും വീട്ടിൽ വന്നു. അവരെ കണ്ടപ്പോൾ അച്ഛനും മുത്തശ്ശിക്കും വല്ലാത്ത സന്തോഷം. വളരെ രസികനും ഒരുപാട് പൊതു കാര്യങ്ങൾ അറിയുന്ന ആളാണ് ജബ്ബാർക്ക. രാഷ്ട്രീയം മാത്രം അദ്ധേഹതിന്നു ഇഷ്ടമില്ലാത്ത വിഷയം. വിദ്യക്കും കുട്ടിക്കും ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊടുത്തു, ജബ്ബാർക്ക. മറ്റെല്ലാവർക്കും ഇഷ്ടമുള്ള ഡ്രസ്സ് എടുത്തോളാൻ പറഞ്ഞു അച്ഛന്റെ കയ്യിൽ പൈസ കൊടുത്തു.
ഒന്നും വേണ്ടായെന്നു അച്ഛൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ ‘എനിക്കും രണ്ടു കുട്ടികളില്ലേ? അവർ പെരുമ്പിലാവിൽ ഹൊസ്റ്റലിൽ നിന്ന് പഠിക്കുകയല്ലേ’ എന്നാണു ജബ്ബാർക്ക പറഞ്ഞത്
കുറച്ചു കഴിഞ്ഞപ്പോൾ നന്ദൻ മാഷും ഷാരടിയും വന്നു. നന്ദൻ മാഷെ കണ്ട ഉടനെ ജബ്ബാർക്ക പറഞ്ഞു. ‘മാഷെ പറ്റി ഞാൻ കേട്ടിരിക്കുന്നു. എനിക്കും ചെറുപ്പത്തിൽ അദ്ധ്യാപകൻ ആകണമെന്നായിരുന്നു മോഹം പക്ഷെ നടന്നില്ല.’
നന്ദൻ മാഷ് ചെറുതായൊന്നു ചിരിച്ചു.
‘പിന്നെ ഞാനൊരു കാര്യം പറയാനാണ് വന്നത്. തെറ്റാണെങ്കിൽ ക്ഷമിക്കണം. മാഷോടും കൂടിയാണ് പറയുന്നത് ‘
‘എന്തായാലും ജബ്ബാര്ക്കപ പറയൂ’.നന്ദൻ മാഷാണ് അത് പറഞ്ഞത്.
‘ശ്രീദേവിക്ക് ഒരു കല്യാണകാര്യമാണ്. എന്റെ കൂടെ ജോലിചെയ്യുന്ന ഒരു രവീന്ദ്രനുണ്ട്. മുളംകുന്നത്ത്കാവിന്നടുത്ത് അത്താണിയിലാണ് വീട്. അവൻ ഞങ്ങളുടെ കമ്പനിയിൽ അക്കൌണ്ടന്റാണ്. ഗൾഫിൽ അവനെ പറ്റി എനിക്ക് നന്നായി അറിയാം. ഒരു ചീത്ത സ്വഭാവങ്ങളും ഇല്ല. നാട്ടിലെ കാര്യങ്ങൾ എനിക്കറിയില്ല. അത് നിങ്ങൾ അന്വേഷിക്കണം. വയസ്സ് മുപ്പത്തിയാറ് ആയി. ജാതകവശാൽ മുപ്പത്തഞ്ച് വയസ്സിന്നു മുമ്പ് കല്യാണം കഴിക്കാൻ പാടില്ലാത്തത് കൊണ്ടാണ് കല്യാണം നീണ്ടു പോയത്. അച്ഛനും അമ്മയ്ക്കും ഒരു മകൻ മാത്രമേയുള്ളൂ. പേരുകേട്ട നായർ തറവാട്ടുകാരാണ്.’ ജബ്ബാർക്ക പറഞ്ഞു നിർത്തി.
‘ജാബ്ബാർക്ക പറഞ്ഞ കാര്യമാണെങ്കിൽ ഞങ്ങള്ക്ക് അന്വേഷിക്കേണ്ടതില്ല. അവർക്ക് ഞങ്ങളെ ഇഷ്ടപെടുമോ എന്നാണു അറിയേണ്ടത്.’ അച്ഛന്റെ ജ്യേഷ്ടനാണ് അത് പറഞ്ഞത്
‘അവർക്ക് നിങ്ങളേയും ശ്രീവിദ്യയേയും ഇഷ്ടമാണ്. ഒരിക്കൽ എന്റെ വീട്ടിൽ രവീന്ദ്രൻ വന്നപ്പോൾ ശ്രീദേവിയെ കണ്ടിട്ടുണ്ട്.’
എല്ലാ ദു:ഖത്തിന്നും ഒരു സുഖമുണ്ട് എന്ന വാചകം ഞാൻ ഓർത്തു.
‘ചേച്ചി കണ്ണനെ ഒന്ന് എടുത്തേ. ഞാൻ കുളിക്കട്ടെ’ എന്ന ശ്രീവിദ്യയുടെ വാക്കാണ് പരിസരബോധം വീണ്ടെടുത്തത്.
അച്ഛന്റെ ബന്ധക്കാരും നന്ദൻ മാഷും കൂടിയാണ് അത്താണിയിലേക്ക് പോയത്. അവർ തിരിച്ചു വന്നത് എന്റെ കല്യാണം ഉറപ്പിച്ചു എന്ന വാർത്തയും കൊണ്ടാണ്.
ജീവിതത്തിലെ ഒരു അസുലഭമുഹൂർത്തം ഇങ്ങെത്താറായി. ഏതൊരു പുരുഷന്റേയും സ്ത്രീയുടെയും ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ജാതകം നോക്കി എല്ലാം നല്ലതാണെന്ന് പറഞ്ഞു.
കല്യാണപന്തലിൽ ആളുകൾ വന്നു തുടങ്ങി. ആരൊക്കെയോ ചേർന്ന് മണ്ഡപത്തിലേക്ക് എന്നെ ആനയിച്ചു.
താലി കെട്ടുമ്പോൾ മണവാളൻ എന്റെ കാലിന്മേൽ ചവുട്ടിയോ എന്നൊരു സംശയം. മണ്ഡപത്തിൽ നിന്ന് ഇറങ്ങി. അച്ഛനെയും അമ്മയെയും മറ്റും കാൽ തൊട്ടു വന്ദിച്ചു. ജമീലു ഇത്താടെയും ജബ്ബാർക്കാടെയും കാൽ തൊട്ടു വന്ദിക്കാൻ കുനിഞ്ഞപ്പോൾ അത് തടഞ്ഞു കൊണ്ട് അവർ പറഞ്ഞത് ഈ ദിവസം അവരുടെയും ജീവിതത്തിലെ സന്തോഷമുള്ള ദിവസമാണെന്നാണ്.
കല്യാണം കഴിഞ്ഞു അത്താണിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ അത്ഭുദപ്പെട്ടുപോയി. ഒരു വലിയ വീട്. ഇത്രയൊക്കെ ഐശ്വര്യം കിട്ടാൻ താൻ എന്ത് പുണ്യമാണ് ചെയ്തിട്ടുള്ളത് എന്ന് ആലോചിച്ചു.
കുറച്ചു നാളുകൾകൊണ്ട് ഒരു കാര്യം മനസ്സിലായി. മരുമകളെ സ്വന്തം മകളെ പോലെ കാണുകയും പെരുമാറുകയും ചെയ്യുന്ന ഒരമ്മയും അച്ഛനുമാണ് രവീന്ദ്രേട്ടന്റെത്