പുനർജ്ജന്മം

” നിന്നോട് പറഞ്ഞാൽ എന്താ മനസ്സിലാവില്ലെന്നുണ്ടോ ? എനിക്ക് നിന്നെ പ്രണയിക്കാൻ സാധ്യമല്ല…

“മൈഥിലി….?

” അതെ.. അവളെ തന്നെയാ ഇഷ്ടം.. നിനക്കെല്ലാം അറിയുന്നതല്ലേ.. ?

ആ നാലു ചുമരുകൾക്കുള്ളിൽ ഹരിറാമിന്റെ ശബ്ദം പ്രതിധ്വനിച്ചു കേട്ടു. അച്ഛനും ഏട്ടനും ഏട്ടത്തിയും ഒക്കെ തുറന്നിട്ട മുറിയിലേക്കു പാഞ്ഞെത്തി.

” അമ്മാവൻ എന്നോട് ക്ഷമിക്കണം.. ദക്ഷയെ കല്യാണം കഴിക്കാൻ എനിക്കാവില്ല.. മറ്റൊരാളെ എനിക്കിഷ്ടമാണ്..

ഭാവമേതുമില്ലാതെ ഹരി ആ വൃദ്ധനോട്‌ ശബ്ദിച്ചു പുറത്തേക്കിറങ്ങി.. കണ്ണുനീർ കാഴ്ചയെ മറച്ചു കവിൾത്തടത്തെ ഉമ്മവച്ച് താഴേക്കിറ്റുവീണു.

” അച്ഛന്റെ കുട്ടി എല്ലാം മറക്കണം… പണ്ടെങ്ങോ അവന്റച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് കഴിയില്ല.. മോൾടെ മനസ്സിൽ അങ്ങനൊരു ആഗ്രഹം ഉണ്ടാക്കിയതും ഞങ്ങൾ ഒക്കെ തന്നെ.. അതിനൊക്കെ ഈ അച്ഛൻ ക്ഷമ ചോദിക്കുവാ… മോൾ അവനെ മറന്നേക്ക്..

കൈയിൽ പിടിച്ചു അച്ഛൻ പറയുമ്പോൾ ഞാൻ ഏട്ടനെ നോക്കി അവിടെയും അപേക്ഷയായിരുന്നു.. ഇന്നലെ വരെ ഹരിക്കുട്ടന്റെ പെണ്ണെന്നു പറഞ്ഞു നടന്നവരുടെ മുഖത്തെല്ലാം എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ…

” നിക്ക് വിഷമോന്നും ഇല്ല… നിക്കെല്ലാറിയായിരുന്നു… എന്നിട്ടും മോഹിച്ചത് എന്റെ തെറ്റാ…. സ്വന്താക്കണെന്ന് കരുതി പിറകെ കൂടിയതും… ഒക്കെ… ഒക്കെ എന്റെ തെറ്റാ…

കവിളിൽ ഒഴുകി പരന്ന കണ്ണുനീർ പുറം കൈയ്യാലെ തുടച്ചു ചിരിക്കാൻ ശ്രമിച്ചു. മെല്ലെ എല്ലാവരും മുറിവിട്ടിറങ്ങി.. * * * * * *

” ഇനിയിപ്പോ എന്താ ചെയ്ക ? കല്യാണതീയതിയും കുറിച്ചു.. കുറച്ച് പേരെയൊക്കെ ക്ഷണിക്കേം ചെയ്തു..

ചാരുകസേരയിൽ കണ്ണിനു കുറുകെ കൈ വച്ച് കിടന്നുകൊണ്ട് അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു . ആരും മറുപടിയൊന്നും പറഞ്ഞില്ല.. അകത്തെ മുറിയിൽ നിന്ന് കണ്ണുകൾ അമർത്തി തുടച്ചു ദക്ഷ പുറത്തേക്ക് വന്നു.

” അച്ഛാ… എല്ലാവരും ഒരുനിമിഷം എന്നെ നോക്കി ....

” മൈഥിലിടെ വീട് വരെ ഒന്ന് പോണം… ഹരിയേട്ടന് വേണ്ടി അവളെ ചോദിക്കാൻ… നിശ്ചയിച്ച മുഹൂർത്തത്തിൽ അവരുടെ വിവാഹവും നടത്തണം. അകത്തേക്കു തന്നെ തിരിച്ചു കയറുമ്പോൾ വലതു കൈയിലെ മോതിരവിരലിൽ ഹരിയേട്ടൻ അണിയിച്ചു തന്ന മോതിരം തലോടി . അതെന്നെ പരിഹസിക്കുന്നത് പോലെ...

അപ്പച്ചിടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്ന് ഞാനുമായുള്ള നിശ്ചയം നടന്നത്.. അത് കഴിഞ്ഞിട്ടിപ്പോ വർഷം മൂന്നായി.
മൈഥിലിയെ ഇഷ്ടമാണെന്ന് അന്നേ തുറന്നു പറഞ്ഞതാണ്.. എന്നിട്ടും എന്നിലെ പ്രണയം അവൾക്ക് വിട്ടു നൽകാൻ കഴിഞ്ഞില്ല.. എല്ലാം കേട്ടില്ലെന്ന് നടിച്ചു.. നിശ്ചയം കഴിഞ്ഞതോടെ ഹരിയേട്ടൻ എന്നോട് മിണ്ടാതെയായി എന്നോട് ദേഷ്യമായ്… കുഞ്ഞുനാളിൽ ദച്ചൂട്ടിയെന്ന് വിളിച്ചു പിറകെ നടന്നു കിന്നാരം പറഞ്ഞ കുഞ്ഞു ഹരി വലുതായി.. ദച്ചൂട്ടി വെറും ദക്ഷയായ്.. പിന്നീടത് മൗനമായ്… നഷ്ടപ്പെടുമെന്ന ഭയം ഉള്ളിൽ നിറഞ്ഞപ്പോൾ മൈഥിലിയെ കണ്ട് താക്കീതെന്നപോലെ ഹരിയേട്ടൻ എന്റെയാണെന്ന് വെല്ലുവിളിച്ചു. ചോദ്യം ചെയ്യാൻ വന്ന ഹരിയേട്ടന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു വീണ്ടും ഇഷ്ടം പറഞ്ഞു. അടർത്തി മാറ്റി നിർത്തി ആ കൈകൾ കവിളിൽ പതിഞ്ഞപ്പോഴും ഇഷ്ടം പറഞ്ഞു മാത്രം കണ്ണീരൊഴുക്കി. നഷ്ടപ്പെടാതിരിക്കാൻ വീണ്ടും വീണ്ടും ആഴത്തിൽ സ്നേഹിച്ചു.. പക്ഷേ ഉള്ളം കൈയിൽ മുറുക്കെ പിടിച്ച മണൽ തരി പോലെ എന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു..

അല്ലെങ്കിലും ഒരു നാട്ടിപ്പുറത്ത്‌ക്കാരി വെറുമൊരു നൃത്തധ്യാപികക്ക് സമ്പത്തിലും സൗന്ദര്യത്തിലും തന്നെക്കാൾ മുന്നിൽ നിൽക്കുന്ന ഒരുവനെ സ്നേഹിക്കാൻ എന്ത് യോഗ്യതയാണുള്ളത്.. കല്യാണം അടുക്കുന്തോറും മനസ്സിൽ എന്തൊക്കെയോ ചുറ്റി തിരിഞ്ഞു. ഓർമ്മ വച്ച കാലം മുതൽ കേട്ടു പഴകിയ പല്ലവി കാതിനെ കുത്തിത്തുളച്ചുകൊണ്ടിരുന്നു. പ്രാണനായ് കണ്ടവൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് കണ്ട് നിൽക്കാനുള്ള ശക്തിയൊന്നും ഈ ദക്ഷയ്ക്കില്ല..

നൃത്തം പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഒരു ശാഖ അങ്ങ് ഡൽഹിയിൽ തുടങ്ങുന്നുവെന്ന് അറിഞ്ഞത് മുതൽ വല്ലാത്ത സന്തോഷമായിരുന്നു. ടീച്ചറമമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ കൂടെ നിന്നു. നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് എനിക്ക് സ്ഥലം മാറ്റം ചെയ്തു തന്നു.

” നീ ഡൽഹിക്ക് പോവാണെന്ന് കേട്ടു..?

നെല്ലിമരചോട്ടിൽ നോക്കത്ത ദൂരം പരന്നു കിടക്കുന്ന നെൽപാടം നോക്കിയിരിക്കുമ്പോഴായിരുന്നു പരിചിത സ്വരം കാതിലെത്തിയത്. മുഖത്തു നോക്കാതെ അതെ എന്ന് മൂളി.

” എന്തിനാ പോണേ ? പണ്ടേ ഈ നാട് വിട്ടു എങ്ങും പോവാത്തവളല്ലേ ? ഈ നാലുക്കെട്ടിനേയും നാടിനെയും സ്നേഹിച്ചവളല്ലേ …? നാടിന്റെ ഭംഗിയെക്കുറിച്ച് വാ തോരാതെ പറഞ്ഞവളല്ലേ..?

ഹരിയേട്ടൻ ചോദിച്ചതിന് മറുപടി പറയാതെ ഒന്ന് ചിരിച്ചു. നോവ് നിറഞ്ഞൊരു ചിരി..

” എന്നോട്… പെറുക്കണം.. അറിയാതെ….

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വീണ്ടും അകലേക്ക്‌ മിഴികൾ നാട്ടി… നെഞ്ച് പൊടിയുണ്ടായിരുന്നു..

” മൈഥിലിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആയോണ്ട് ആണോ ഇപ്പൊ ഇങ്ങനൊരു യാത്ര ?

” അല്ല… ഓർമ്മകളിൽ നിന്ന് ഒളിച്ചോട്ടം..

” ഞങ്ങൾ ബാംഗ്ലൂർക്ക് മടങ്ങും.. നിന്റെ മുന്നിൽ ഞാൻ ഉണ്ടാവില്ല.. അത് പോരേ ?

” പോരാ… നിങ്ങളുടെ ഓർമ്മകൾ വേട്ടയാടാത്ത ഒരിടത്തേക്ക്… നിങ്ങളുടെ ഗന്ധമില്ലാത്ത ഒരിടത്ത്… നിങ്ങളുടെ സാമീപ്യം ഇല്ലാത്ത ഒരിടത്ത്… തനിയെ പോവാൻ ഒരാഗ്രഹം..

” ഹ്മ്മ്…

” ഈ ജന്മം മുഴുവൻ മൈഥിലിയുടേത് ആയിക്കോട്ടെ… വരുന്ന ജന്മം ഈ ദക്ഷയുടെ മഹാദേവൻ ആയാൽ മതി ഹരിയേട്ടൻ..

മറിച്ചൊന്നും പറയാതെ ഒന്ന് ചിരിച്ചു..

“എപ്പോഴാ പോണേ ?

” കല്യാണത്തിന്റെ തലേന്ന്…

” ഹ്മ്മ്… * * * * *

“പോണോ മോളെ… ?

” വേണച്ഛാ…

ഒരു ദീർഘനിശ്വാസത്തോടെ അച്ഛൻ പുറത്തേക്ക് നടന്നു.

” ഹരി എന്താ പറഞ്ഞത്.. ?

ബാഗിലേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നതിന്റെ ഇടയിൽ മ്പോൾ ഏട്ടത്തി ചോദിച്ചു.

” ഒന്നും പറഞ്ഞില്ല… ഞാനാ പറഞ്ഞത്.

“എന്ത് ?

” ഈ ജന്മം രാമനെ ആ ജാനകി എടുത്തോട്ടെ.. അടുത്ത ജന്മം ഈ പാർവതിയുടെ പരമശിവനായാൽ മതിയെന്ന്..

” രാവണൻ തട്ടികൊണ്ട് പോയ ജാനകിയെ രക്ഷിച്ച രാമൻ പിന്നീടു അവളെ ഉപേക്ഷിച്ചു പോകുന്നുമുണ്ട്..

” എങ്കിലും രാമനൊരു ഭാര്യ മാത്രേയുള്ളൂ.. ജനകപുത്രി ജാനകി..

ചുണ്ട് കൂർപ്പിച്ചു ഏട്ടത്തി പറയുമ്പോൾ നേർത്ത ചിരിയോടെ അതിന് മറുപടി പറഞ്ഞു. * * * * * * * * * " വല്യ അറിയപ്പെടുന്ന ഒരു ഡാൻസർ ആയീല്ലേ...?

ഹരിയേട്ടൻ മുറിയിലേക്കു കടന്നു വന്നു ചോദിച്ചു. വെറുതെയൊന്നു ചിരിച്ചു.

” നീ ആകെ മാറി പോയി… ഒരുപാട് മാറി … മുന്നിലെ കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. ദാവണി ചുറ്റി നടന്ന പഴയ നാട്ടിൽപുറത്തുക്കാരിയിൽ വന്ന മാറ്റം നോക്കി കണ്ടു. നെറ്റിയിൽ വലിയ വട്ടപ്പൊട്ട് കോട്ടൺ സാരി ചുറ്റി കാതിൽ ഒരു ജിമ്മിക്കി കഴുത്ത് ശൂന്യം.. മൂക്കിൻ തുമ്പിൽ വലിയ മൂക്കുത്തി.

” പത്തു വർഷം എത്ര വേഗം ആണ് പോയത്.. ? നീ ഇങ്ങോട്ട് വന്നിട്ടേയില്ലെന്ന് അമ്മാവൻ പറഞ്ഞു.

” തോന്നില്ല്യാ…

” മുറ്റത്ത്‌ കളിക്കുന്നത് ?

” എന്റെ മോളാ… സംശയത്തോടെ എന്നെ നോക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.

” കല്യാണം കഴിക്കണമെന്നില്ലല്ലോ… ? ഒരു മോളുണ്ടാവാൻ.. ?

വീണ്ടും കൂർപ്പിച്ചു നോക്കുന്ന ഹരിയേട്ടനെ നോക്കി ചിരിച്ചു.

” പ്രസവിച്ചില്ലെങ്കിലും അവൾ ഇപ്പോൾ എന്റെ മോളാ..

“ഹ്മ്മ്..

“മൈഥിലി…?

” ഇന്നലെ തിരിച്ചു പോയി.. ബാഗ്ലൂർക്ക്… ലീവ് ഇല്ല.. ഞാനും മോളും ഒരു മാസം കാണും ഇവിടെ..

” അവര് രണ്ട് പേരും പെട്ടെന്ന് കൂട്ടായി.. കളിക്കാൻ അച്ഛനെയും വിളിക്കുന്നത് കണ്ടു..

” ബാക്കി രണ്ട് പേരും ഇപ്പോ വരും..
വാ രണ്ടുപേരും ചായ എടുത്തു വച്ചിട്ടുണ്ട്.

സാരി തുമ്പിൽ കൈതുടച്ചുകൊണ്ട് ഏട്ടത്തി അടുക്കളയിൽ നിന്ന് വാതിൽക്കൽ വന്നു പറഞ്ഞു.

വെറുതെ നെല്ലിചോട്ടിൽ ചെന്നിരുന്നു. കൊയ്ത്തു കഴിഞ്ഞപാടത്തു നോക്കിയിരുന്നു. അങ്ങ് ദൂരെ സൂര്യൻ ആഴങ്ങളിൽ മറയാൻ തക്കം പാത്തിരിപ്പുണ്ട്.

” മോളെ.. സന്ധ്യയായ്.. ഇഴ ജന്തുക്കൾ ഉണ്ടാവും ഇങ്ങ് വന്നേക്ക്..

ഉമ്മറത്തു നിന്ന് ഏട്ടൻ വിളിച്ചു പറയുമ്പോൾ എഴുന്നേറ്റു തിരിഞ്ഞു നടന്നു. അന്ന് അവസാനമായ് ഹരിയേട്ടനെ കണ്ട സ്ഥലം… പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ ഉണ്ട്..

“പഴയ ദക്ഷ ഇങ്ങനെ അല്ലല്ലോ.. ഒരുപാട് സംസാരിക്കുന്ന… കുറുമ്പ് കാട്ടുന്ന… വാശിക്കാരിയായ ഒരാൾ ആയിരുന്നു..

” അന്നത്തെ ഇരുപത്തിയഞ്ചുക്കാരിയല്ലല്ലോ ഹരിയേട്ടാ… ഒരു അമ്മയല്ലേ.. ലോകം അറിയുന്ന ഒരു ഡാൻസർ അല്ലേ..? ഒന്നും മിണ്ടാതെ അവൻ അവളിലെ മാറ്റം കാണുകയായിരുന്നു.. പക്വത നിറഞ്ഞ സംസാരം.. ചുണ്ടിൽ നേരിയ പുഞ്ചിരി.. കണ്ണിൽ എന്തും നേരിടാനുള്ള ധൈര്യം.. താൻ എത്ര വേദനിപ്പിച്ചിട്ടും തന്നോട് ദേഷ്യം തോന്നാത്ത പെണ്ണ്... ഇന്നും ഒരു വാക്ക് കൊണ്ടുപോലും എന്നെ വേദനിപ്പിക്കാത്തവൾ.. കണ്ണ് നിറഞ്ഞിട്ടും ചിരിക്കാൻ പഠിച്ചവൾ... കുന്നോളം സങ്കടങ്ങൾ നെഞ്ചിലൊളിപ്പിച്ച് മറ്റുള്ളവരുടെ മുന്നിൽ സന്തോഷം അഭിനയിച്ചവൾ.. അങ്ങനെ വിശേഷണങ്ങൾ പലതു നൽകേണ്ടി വരും ദക്ഷയെന്ന പെണ്ണിന്.. എല്ലാറ്റിനോടും പൊരുതി ജീവിതത്തിൽ വിജയം കൈവരിച്ച പെണ്ണ്... പ്രണയം കൊണ്ട് ശക്തയായവൾ...

അവൻ എഴുന്നേറ്റ് മുറിയിലേക്കു നടന്നു.. വരും ജന്മം ഉണ്ടെങ്കിൽ അവൾ പറഞ്ഞത് പോലെ ജനിക്കണം.. ദക്ഷയുടെ മഹാദേവനായ്… ദക്ഷയുടെ മാത്രം മഹാദേവനായ്….

ശുഭം..

✍️ വാക പെണ്ണ് ❤️

Leave a Reply

Your email address will not be published. Required fields are marked *