പരസ്യത്തിന് പിന്നാലെ

മകൻ നാല് ദിവസം മുമ്പ് ബാംഗ്ലൂർ പോയി. പോകാനൊരുങ്ങാൻ ലഗേജ് റെഡിയാക്കുമ്പോൾ പുതിയൊരെണ്ണം വാങ്ങുന്നതിനെക്കുറിച്ച് ഞങ്ങൾ മൂന്നുപേരും സംസാരിക്കുകയുണ്ടായി.

അതും കഴിഞ്ഞ് അവൻ മൊബൈൽ തുറക്കുമ്പോൾ മൊബൈലിൽ പലപല മോഡലിലുള്ള ബേഗിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ഒളിഞ്ഞുനിന്ന് കേട്ട് ഓരോ വ്യക്തിയുടെയും സ്വകാര്യതയിൽ കടന്നുകയറി സ്പൈവ൪ക്ക് ചെയ്യുന്ന പണി മൊബൈൽ ഇങ്ങനെ തുട൪ന്നാൽ എന്തൊക്കെ അബദ്ധങ്ങൾ സംഭവിക്കാനിടയുണ്ട് എന്ന് ഞാൻ ചിന്തിച്ചുനോക്കി.

ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങൾ, അതിലെ തുകയും പാസ് വേ൪ഡ്, മറ്റ് കാര്യങ്ങൾ എന്നിവയും ചോ൪ന്നാൽ എന്തൊക്കെ കുഴപ്പങ്ങൾ സംഭവിക്കാം ലോകത്ത്..

ചില രസകരമായ പരസ്യങ്ങൾ ഇനി മൊബൈലിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളത് ചിലപ്പോൾ ഇങ്ങനെയുമായിരിക്കാം:

കുടുംബനാഥൻ: എന്റെ മുണ്ട് എല്ലാം നരച്ചുതുടങ്ങി. നീയിനി കടയിൽ പോകുമ്പോൾ രണ്ടെണ്ണം വാങ്ങണേ..

ഭാര്യ: ദേ, മൊബൈലിൽ പരസ്യം വന്നിരിക്കുന്നു, സാനി ടെക്സ്റ്റൈയിൽസ്, സിറ്റി മാൾ.

വയസ്സായ മുത്തശ്ശി:

മോനേ എനിക്ക് ഇത്തിരി കുഴമ്പും എണ്ണയും വാങ്ങിവരാമോ വൈകുന്നേരം?

അച്ഛന്റെ മൊബൈലിൽ പരസ്യം: കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ഇതാ നിങ്ങളുടെ തൊട്ടടുത്ത്.. റോഡിൽക്കയറി വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ കട.

മകളുടെ മൊബൈലിൽ ബോയ്ഫ്രന്റ് ചാറ്റുന്നു:

നീ എന്തെങ്കിലും പറഞ്ഞ് അവിടുന്ന് ചാട്, നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം..

പരസ്യം: ഊട്ടിയിലെ മികച്ച ടൂറിസ്റ്റ് ഹോം ……. ഫോൺ നമ്പർ …..

മകൻ വന്ന് അമ്മയോട്: എനിക്ക് അത്യാവശ്യമായി ഒരു പതിനഞ്ചായിരം രൂപ വേണം, അച്ഛനറിയണ്ട, രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുതരാം..
ഒരു കൂട്ടുകാരനുവേണ്ടിയാ..

അമ്മ: എന്റെ കൈയിൽ പൈസയൊന്നുമില്ല..
ആ അരിക്കലത്തിൽ ഒരു മുന്നൂറ്റമ്പത് ഉറുപ്പിക കാണും ആകെക്കൂടി..

മകൻ: അത് സാരമില്ല, അമ്മയുടെ വള ഒന്ന് പണയം വെക്കാൻ തന്നാൽമതി…

പരസ്യം: കെ പി കെ ആന്റ് സൺസ് ജ്വല്ലറി, ബസ് സ്റ്റാൻഡിന് സമീപം.

✍ ഭാഗ്യലക്ഷ്മി. കെ. സി.

Leave a Reply

Your email address will not be published. Required fields are marked *