പഞ്ചമിയുടെ പർണ്ണശാല

പഞ്ചമിയുടെ പർണശാല

ചുട്ടുപഴുത്ത പാറയുടെ മുകളിലൂടെ വീർത്തവയർ താങ്ങിപ്പിടിച്ചുകൊണ്ടവൾ നടന്നു… സൂര്യൻ എന്നത്തേക്കാളും ദേഷ്യത്തിലാണെന്നവളോർത്തു…കാൽപാദങ്ങൾ നിലത്തതുറപ്പിക്കാനാകാത്ത വിധം പൊള്ളുന്നുണ്ട്… മുമ്പിൽ നടക്കുന്ന ആ പണ്ഡിതശ്രേഷ്ഠന്റെ കാലിലെ മെതിയടിയിലേക്കവൾ നിസ്സായാതയോടെ നോക്കി…

” ഒന്ന് നിൽക്കൂ… എനിക്കിനി ഒരടി നടക്കവയ്യ “

” നടക്കാതെ ഇവിടെ ഇരിക്കാൻ സാധിക്കുമോ.. സാധിക്കുമെങ്കിൽ ആകാം… “

തിരിഞ്ഞു നോക്കാതെ നടപ്പ് നിർത്തി അയാൾ പറഞ്ഞു.. മറുപടിയ്ക്കായി ഒരു നിമിഷം ശ്രദ്ധിച്ചു.. തുടർന്ന് തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു… പിന്നാലെ അവളും..

അടിവയറൊന്നു കൊളുത്തി വലിച്ചു… മേൽവയർ ഉരുണ്ട് മുഴക്കുന്നത് പോലെയവൾക്ക് തോന്നി.. മിന്നൽപിണർ പോലെ വന്ന വേദനയിൽ അവൾ ഉച്ചത്തിൽ നിലവിളിച്ചുപോയി…ശബ്ദംകേട്ട് തിരിഞ്ഞു നോക്കിക്കൊണ്ടയാൾ പുച്ഛഭാവത്തിൽ കിറികോട്ടി…

” അടക്കവുമൊതുക്കവും കുലസ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണ്… ശബ്ദമുണ്ടാക്കാതെ ഇങ്ങട് നടക്ക.. “

” എനിക്ക് പേറ്റു നോവ് തുടങ്ങി..വയ്യ… “

“ഇവിടെന്നു താഴെക്കിറങ്ങു.. എന്നിട്ടാകാം “

ഞരമ്പ് കൊളുത്തിവലിക്കുന്ന വേദനയോടെ ആ കത്തുന്ന വെയിലിൽ അവൾ ഏങ്ങിയും വലിഞ്ഞും നടന്നു.. താങ്ങാൻ ഒരു വടിയെങ്കിലും.. അവൾ ചുറ്റിനും പരതി.. ആ പാറയുടെ മുകളിൽ എന്തുണ്ടാകാൻ… നടന്നും ഇരുന്നും അവൾ ആപാറമുകളിൽ നിന്നും താഴേയ്ക്കെത്തി..

” അതാ ആ കാണുന്ന വള്ളിക്കാട്ടിലേക്ക് കയറി പ്രസവിച്ചോളു.. “

അവൾ ദയനീയതയോടെ അയാളെയൊന്നു നോക്കിയിട്ട് ആ വള്ളിക്കട്ടിലേക്ക് നടന്നു.. അപ്പോഴേക്കും കാലിൽകൂടി എന്തോ ഒഴുകുന്നതുപോലെ അവൾക് തോന്നി.. ആ വള്ളിക്കാട്ടിൽ കിടന്നവൾ വേദനകൊണ്ട് പുളഞ്ഞു…പഞ്ചമിയുടെ രക്ഷയ്ക്കായി പരതി. ഒടുവിൽ ആരുമില്ലാതെ ഒരമ്മയാകുന്ന നോവിന്റെ പാരമ്യത്തിൽ ഒരു കുരുന്നിന്റെ വാവിട്ടുള്ള കരച്ചിൽ..

” പഞ്ചമീ… “

മുക്തയുടെ കരച്ചിൽ കേട്ട് സ്വരൂപ്‌ ബെഡ് ലാമ്പ് ഓൺ ചെയ്തു…

” എന്താ.. എന്തിനാ നീ കരഞ്ഞത്… “

” പഞ്ചമി.. അവൾ തനിച്ച്.. ആ കാട്ടിൽ “

പൂർത്തിയാക്കാനാകാതെ അവൾ കിതച്ചു.. തൊണ്ടവരളുന്നതായി തോന്നി..
സൈഡ് ടേബിളിൽ നിന്നും വെള്ളം എടുത്ത് സ്വരൂപ്‌ അവൾക്ക് കൊടുത്തു.. ആ ജഗ്ഗിലെ വെള്ളം അവൾ വായിലേക്ക് കമിഴ്ത്തി..

” ഇന്നും സ്വപ്നം കണ്ടല്ലേ… എന്താ കണ്ടത്.. ഇന്നും പ്രസവമാണോ..പഞ്ചമിയുടെ എത്രാമത്തെ പ്രസവമായിരുന്നു ?”

അവൻ ബ്ലാങ്കറ്റ് ദേഹത്തേക്ക് വലിച്ചിടുന്നതിനിടയിൽ ചോദിച്ചു..

” രൂപ്… ഇതെന്താ ഇങ്ങനെ.. എത്രയായി ഞാൻ ഇങ്ങനെ പഞ്ചമിയുടെ ജീവിതം സ്വപ്നം കാണുന്നത്?”

” ബെസ്റ്റ്.. എല്ലാം ഒപ്പിച്ചു വെച്ചിട്ടിപ്പോൾ.. നീ കിടന്നുറങ്ങാൻ നോക്ക്യേ.. നാളെ ഓഫ്‌ ആണല്ലോ എന്ന സമാധാനത്തിൽ കിടക്കുവായിരുന്നു.. എല്ലാം നശിപ്പിച്ചു.. “

” രൂപ്.. നീ ഒരുമാതിരി വരരുചിയെപോലെ മൂരാച്ചി സ്വഭാവം കാണിക്കരുത്.. ഞാൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് അവന്റെ ഉറക്കം”

മുക്ത അവന്റെ ദേഹത്തുനിന്നും ബ്ലാങ്കറ്റ് വലിച്ചുമാറ്റി..

” എന്റെ പൊന്നു മുത്തു.. പ്ലീസ് ഉപദ്രവിക്കരുത്.. ഞാൻ വരരുചി അല്ല.. ഞാൻ പാവം സ്വരൂപ്‌. വെറുതെ വിടണം. നമുക്ക് രാവിലെ സംസാരിക്കാം.ഇപ്പോ ഒന്ന് ഉറങ്ങിക്കോട്ടെ.. “

മുക്ത ദേഷ്യത്തോടെ എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു.. വാഷ് റൂമിന്റെ വാതിൽ അവളുടെ ദേഷ്യത്തെ ഏറ്റെടുത്തപോലെ ശബ്ദത്തിൽ അടഞ്ഞു.

” ഓരോരോ ഗതികേടെ. സത്യായിട്ടും എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുവാ ഭഗവാനെ ഈ പെണ്ണിന് ശരിക്കും വട്ടാണോ.. ഏതോ ഒരു വരരുചിയും പഞ്ചമിയും കാരണം എത്ര ദിവസമായി മനുഷ്യനൊന്നു ഉറങ്ങിയിട്ട്.. ഹോ.. ഒരു വരരുചി.. താൻ എന്തൊരു ചെറ്റയാണെടോ.”

വാഷ്റൂം തുറന്നടയുന്നതറിഞ്ഞു രൂപ് ആത്മഗതം നിർത്തി മിണ്ടാതെ കിടന്നു.. അവൾ കിടക്കുന്നില്ലെന്നറിഞ്ഞു അവനും എഴുന്നേറ്റ് കട്ടിലിൽ ചാരിയിരുന്നു…

” മുത്തു.. എന്താടോ തനിക്ക് പറ്റിയെ.. ഇത്രയും കാലപ്പഴക്കം ചെന്ന ഒരു സംഭവമോർത്ത് എന്തിനാണിങ്ങനെ ടെൻഷനടിക്കുന്നത്… അല്ലെങ്കിൽ തന്നെ ഇതൊക്കെ നേരാണൊന്നു ആർക്കറിയാം.. “

” രൂപ്.. എനിക്കറിയില്ല ഞാൻ എങ്ങനെയാണ് ഇതിലേക്ക് എത്തുന്നതെന്നു.. ഇതെന്റെ ഒരു സബ് ടോപ്പിക്ക് മാത്രമാണ്..ഐ മീൻ റഫറൻസ്ന് വേണ്ടി മാത്രം നോക്കിയ ഒന്ന്.. പക്ഷേ, പഞ്ചമിയെക്കുറിച്ച് പഠിക്കുന്ന ഓരോ നിമിഷവും ഞാൻ അവളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്… അവളെപ്പോലെ ദുരിതമനുഭവിച്ച ഏത് പെണ്ണുണ്ട്… “

” എടൊ ഇതൊക്കെ ഐതിഹങ്ങൾ അല്ലെ… അതിനെ അങ്ങനെ കണ്ടാൽ മതി. അതൊക്കെ വായിക്കുമ്പോൾ സ്വഭാവികമായും ഒരു പെണ്ണിന് തോന്നാവുന്ന കാര്യങ്ങളെ നിനക്കും തോന്നിയുള്ളു.. നീയത് ആലോചിച്ചു പെരുപ്പിച്ചു കൂട്ടുമ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്… “

” ശരിയാണ്.. പക്ഷേ, എനിക്കതിൽ നിന്നും ഇറങ്ങാൻ സാധിക്കുന്നില്ല രൂപ്. പഞ്ചമി എന്റെ ആരോ ആണെന്നൊരു തോന്നൽ.. കരയാതെ നോവുള്ളിൽ അടക്കി മെല്ലെ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് അവൾ ഉള്ളതുപോലെ… “

” നീ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്… നീ നാളെതുടങ്ങി മെഡിറ്റേഷൻ റീസ്റ്റാർട്ട് ചെയ്തോ.. മൈൻഡ് ഒന്ന് റീലാക്സ്ഡ് ആകും “

” നിനക്ക് കിടക്കണമെങ്കിൽ കിടന്നോളു… എനിക്കിനി ഉറങ്ങാൻ സാധിക്കില്ല… “

” എന്ന പിന്നെ ഞാനും ഉറങ്ങുന്നില്ല… ഭാര്യ വിഷമിച്ചിരിക്കുമ്പോൾ പുതച്ചുമൂടി കിടന്നുറങ്ങാൻ ഞാൻ വരരുചി അല്ലല്ലോ .. “

അവന്റെ സംസാരം കേട്ട് മുക്ത അവന്റെ മുഖത്തേക്ക് നോക്കി..
“നീ കുറെ സഹിക്കുന്നുണ്ടല്ലേ എന്റെ ഭ്രാന്ത്..”

” ഹേയ്.. അങ്ങനെ നീ വിചാരിക്കേണ്ട.. പക്ഷേ നീ ടെൻഷനാകുന്നതും വിഷമിക്കുന്നതും ഒരു കാര്യവുമില്ലാത്ത കാര്യത്തിനുവേണ്ടി ആണല്ലോ എന്നോർക്കുമ്പോഴാണ്… ആ ദുഷ്ടൻ വരരുചി ജീവിച്ചിരിക്കുന്നയാൾ ആണെങ്കിൽ നമുക്ക് അവനെ അഴി എണ്ണിക്കായിരുന്നു.. ഇതിപ്പോ നീ വെറുതെ ടെൻഷനാകുന്നു.. അത് തന്നെ ഓർത്തു കിടന്നു ഉറക്കം പോലും കളയുന്നു..”

” ഉം.. എന്റെ മനസ്സ് അങ്ങനെയായിപ്പോയി.. നിനക്കറിയോ പഞ്ചമിയെപ്പോലെ ദുരിതമനുഭവിച്ച ഒരു പെണ്ണും നമ്മുടെ പുരാണങ്ങളിൽപ്പോലുമില്ല..ചിലർ സീതയെ വാഴ്ത്തുമ്പോൾ ചിലർ ഊർമിളയെ വാഴ്ത്തും, ചിലർ പഞ്ചാലിയെ വാഴ്ത്തും… ചിലർ കുന്തിയെയും.. ഇവരൊക്കെ എന്താണ് ചെയ്തത്.. സ്നേഹനിധിയായ ഭർത്താവിന്റെ കൂടെ കാട്ടിൽ കഴിഞ്ഞതാണോ സീത അനുഭവിച്ച ദുരിതം? അതോ ലക്ഷ്മണന്റെ വാക്ക് ധിക്കരിച്ചതിന്റെഫലമായി രാവണന്റെ കൈകളിൽ അകപ്പെട്ടതോ.. അവിടെയും പരിചാരകർക്ക് നടുവിൽ വിരഹദുഃഖത്താൽ കഴിഞ്ഞതോ? അതോ പാതിവൃത്യം ചോദ്യം ചെയ്യപ്പെട്ടതോ..? അവസാനം പറഞ്ഞത് ഒരു പെണ്ണും സഹിക്കുന്നതല്ല.. പക്ഷേ അത് മനസ്സിന്റെ വേദനയാണ്.. ശരീരവും മനസ്സും ഒരുപോലെ ഉരുകിയിട്ടുണ്ടോ…?

ഊർമിള അനുഭവിച്ചത് എന്താണ്? ഭർതൃവിരഹം അനുഭവിച്ചുകൊണ്ട് രാജകോട്ടാരത്തിൽ പരിചാരകർക്ക് നടുവിൽ കഴിഞ്ഞു ഭർതൃമാതാവിനെ പരിചരിച്ചതോ..?

അഞ്ചു ഭർത്താക്കന്മാരെ സ്വീകരിച്ചു കൃഷ്ണൻ എന്ന സർവരക്ഷകന്റെ തണലിൽ കഴിഞ്ഞ ദ്രൗപതി . ദുര്യോദ്ധനലാൽ അപമാനിക്കപ്പെട്ടതൊഴിച്ചാൽ ദ്രൗപതിയും എന്തനുഭവിച്ചു..

നിനക്ക് മഹാഭാരതത്തിൽ ഏറ്റവും ഇഷ്ടം കർണ്ണനെയല്ലേ..എനിക്കും അതെ..പക്ഷേ നമ്മൾ അറിയാത്ത ഒരു കാര്യമുണ്ട്.. എന്തുകൊണ്ടാണ് നമുക്ക് കർണ്ണനോട് ഇത്രയും ആരാധന തോന്നുന്നത്. കർണ്ണൻ സൂതപുത്രനായത്കൊണ്ട് നേരിടേണ്ടി വന്ന അപമാനങ്ങളെ ഓർത്തിട്ടാണോ? ഒരിക്കലുമില്ല. കൗരവർക്കും,പാണ്ഡവർക്കും ഒപ്പം തുല്യനായ, സൂര്യപുത്രൻ സ്വന്തം അമ്മയിൽ നിന്ന് പോലും അധിക്ഷേപം നേരിടുന്നത് കണ്ടപ്പോൾ തോന്നിയ വികാരമല്ലേ അത്.. കർണ്ണൻ അതിരഥന്റെയും, രാധികയുടെയും സ്വന്തം പുത്രനായിരുന്നുവെങ്കിൽ നമ്മളിൽ ഈ വേദന ഈ തീവ്രതയിൽ ഉണ്ടാകുമായിരുന്നോ. ചിലപ്പോൾ ജയിക്കാൻ വേണ്ടി പറയും ഉണ്ടാകും എന്ന്. പക്ഷേ ഇത്തരത്തിലുള്ള മറ്റ് സന്ദർഭങ്ങൾ ഓർത്തു നോക്കിയാൽ അറിയാം.. ആ തീവ്രത എത്ര ഉണ്ടായിരുന്നു എന്ന്…നമ്മൾപോലും അറിയാതെ നമ്മളിൽ അന്തർലീനമായിട്ടുള്ള ചില വികാരങ്ങളാണിത്.

” കുഞ്ഞേ.. നീയിത് എന്തൊക്കെയാണ് പറഞ്ഞു വരുന്നത്? “

അവളുടെ ഭാവത്തിലും സംസാരത്തിലും രൂപിന് ഭയം തോന്നി.. അവളുടെ മനസ്സ് എത്രത്തോളം കലുഷിതമാണെന്നോർത്തപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു..

” രൂപ് ഇവരെയൊക്കെ ലോകം വാഴ്ത്തും കാരണം ഇവരൊക്കെ ഉന്നതകുല ജാതരാണ്..പക്ഷേ പഞ്ചമിയെപ്പോലെ ഒരു പറയിപ്പെണ്ണിനെ വാഴ്ത്താൻ ആരുമില്ല… ഞാൻ ഇപ്പോൾ നടത്തിയ താരതമ്യംപോലും പലരിലും അസഹിഷ്ണുത ജനിപ്പിക്കും.. ശരിയല്ലേ?

വരരുചിയെ പണ്ഡിതൻ എന്ന് പറയാൻ എനിക്കാകുന്നില്ല. ജീവിതമൂല്യങ്ങൾ കൂടി ഉള്ളവരാണ് യഥാർത്ഥ പണ്ഡിതർ … വേദങ്ങളും, ഉപനിഷത്തുക്കളും, പുരാണങ്ങളും മനഃപാഠമാക്കിയ വരരുചിയ്ക് എന്തുകൊണ്ട് ജീവിതമൂല്യം ഉണ്ടായില്ല… അപ്പോൾ നമ്മുടെ വേദങ്ങളും, പുരാണങ്ങളുമൊക്കെ അതിന് അപര്യാപ്തമായത്കൊണ്ടല്ലേ…അല്ലേ രൂപ്?”

” ഞാൻ ഒരു കോഫി ഇട്ടുകൊണ്ട് വരട്ടെ?”

മറുപടിയ്ക്കായി കാത്തുനിൽക്കാതെ അവൻ ബെഡിൽ നിന്നിറങ്ങി അടുക്കളയിലേക്ക് നടന്നു…രണ്ട് കപ്പ്‌ കോഫിയുമായി തിരിച്ചുവന്ന രൂപ് കാണുന്നത് ലാപ്പിൽ എന്തോ തിരയുന്ന മുക്തയെയാണ്…

“മുത്തുമണി..ന്നാ അസ്സൽ ബ്രൂ കോഫി കുടിക്ക്…”

അവനെ നോക്കാതെ തന്നെ അവൾ കോഫിയ്ക്കായി കൈ നീട്ടി…

” ഇനി പറ..നിനക്കെന്തൊക്കെ പറയാനുണ്ടോ അതൊക്കെ പറ..”

അവൾക്ക് ഇപ്പോൾ ആവശ്യം നല്ലൊരു കേൾവിക്കാരനെയാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു…

അവൾ ലാപ്പ് അടച്ചു കോഫി ചുണ്ടോടടുപ്പിച്ചുകൊണ്ട് അവനെ നോക്കി…

” ഡീ മുത്തു.. കാലം ഒരുപാട് മുന്നോട്ട് പോയി.. പറയിപെറ്റ പന്തീരുകുലത്തിൽ നിന്നും ഒരുപാട്. ആ മാറ്റമല്ലേ നീ ഇപ്പോൾ കുടിക്കുന്ന കോഫി.. വരരുചി പഞ്ചമിയ്ക് ചായ ഇട്ട് കൊടുക്കോ..? “

” ആർക്കറിയാം.. വരരുചി തന്നെപ്പോലെ ബുദ്ധിമതിയായ പഞ്ചമിയെ സ്നേഹിച്ചിരുന്നു.. അവർ പ്രണയിച്ചിരുന്നു. അവൾ താൻ നാടുകടത്തിയ പറയപ്പെൺകൊടി ആണെന്ന് അറിയും വരെ. ആ പിഞ്ചുകുഞ്ഞിനെ എത്ര ക്രൂരമായിമായിട്ടാണ് അയാൾ നാടുകടത്തിയത്. എന്നിട്ട് കാലങ്ങൾക്കിപ്പുറം തന്റെ വയസ്സിന്റെ പകുതി പോലും ഇല്ലാത്ത ആ പെൺകുട്ടിയുടെ പാണ്ഡിത്യം കണ്ട് അവളെ കൂടെ കൂട്ടി. ഒടുവിൽ എല്ലാം തിരിച്ചറിഞ്ഞപ്പോൾ വിധിയെതോൽപ്പിക്കാനാകില്ലെന്ന പരമ സത്യം അംഗീകരിച്ചു അവളെ സ്നേഹിക്കാൻ അയാൾക്കായില്ല.”

” ഈ മിത്തിന്റെ കോൺസെപ്റ്റ് എന്താണെന്ന് നിനക്കറിയില്ലേ? ഈ പന്ത്രണ്ട് കുലവും ഒന്നാണെന്നും.. ഇതെല്ലാം ഒരമ്മപെറ്റ മക്കളാണെന്നും അല്ലെ.?”

” എന്നിട്ട് ഈ പന്ത്രണ്ട് കുലവും പിന്നീടുള്ള കാലങ്ങളിൽ ഒരുമയോടെ ആണോ കഴിയുന്നത്. വിശപ്പടക്കാൻ ശ്രമിച്ച ഒരു പാവം ചെക്കനെ തല്ലിക്കൊന്ന ശ്രേഷ്ഠ ജാതികൾ ഈ കാലത്തുമുള്ളതല്ലേ..?

” നിന്നോട് തർക്കിക്കാൻ ഞാനില്ല..നീ പറഞ്ഞോ ഞാൻ കേട്ടോളം.. അത് പോരെ?”

” പോരാ..ഞാൻ പറയുന്നതെല്ലാം ശരിയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല… നിനക്ക് വിമർശിക്കാം..അല്ലാതെ മിണ്ടാതിരുന്നു കേൾക്കുന്നത് ഒരു തരം വിധേയത്വമല്ലെ..”

” ജാങ്കോ..നീ അറിഞ്ഞാ.. ഞാൻ ശരിക്കും പെട്ട്..”

” രൂപ്.. തമാശ കളിക്കല്ലേ… “?

” ഇല്ല..ഞാൻ സീരിയസ് ആണ്..ഞാൻ ഒന്ന് ചോദിക്കട്ടെ? നീ പറയുന്നത് ഞാൻ അംഗീകരിക്കുന്നു..പക്ഷേ ഇപ്പോൾ നിനക്ക് ഈ കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയും…അതാണ് എനിക്ക് അറിയേണ്ടത്..? “

അവൾ ആ ചോദ്യം കേട്ട് മിണ്ടാതിരുന്നു…

” എനിക്ക് ആൻസർ വേണം.. ഇതൊക്കെ എന്തിനാണ്.. വെറുതെ ഒരു കാര്യവുമില്ലാതെ എന്തിന് മനസ്സ് വിഷമിപ്പിക്കണം..”

” ഓരോ കുഞ്ഞിനേയും ഗർഭം ധരിക്കുമ്പോൾ പഞ്ചമി സ്വപ്നം കണ്ട് കാണില്ലേ ആ കുഞ്ഞിനെയെങ്കിലും വളർത്താനാകുമെന്ന്.പതിഭക്തയായ അവൾ, ഓരോ കുരുന്നിന്റെ മുഖത്ത് നോക്കി അതിനെ ഉപേക്ഷിച്ചു പോരുമ്പോൾ ആ അമ്മയുടെ ഹൃദയം പൊട്ടിത്തകാരാഞ്ഞതെന്തായിരുന്നു എന്ന് മാത്രമാണ് സംശയം. അമ്മിഞ്ഞപാൽ നിറഞ്ഞു ശരീരം വിങ്ങി വേദനിക്കുമ്പോഴും അവളെയും കൊണ്ട് അയാൾ ഊര് ചുറ്റുകയായിരുന്നു.. ഒരു ചെറിയ പെൺകുട്ടി.. ചെറുതായാലും വലുതായാലും.. പ്രസവം എന്നത് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്.. അതിന് പോലും ഒരു തുണയെ കണ്ടെത്തി കൊടുക്കാത്ത, പ്രസവശേഷം വലിഞ്ഞഴഞ്ഞ ഞാരമ്പുകൾക്കും കീറിമുറിഞ്ഞ ശരീരത്തിനും ഒരു രക്ഷയും കൊടുക്കാതെ.. കൊണ്ടുനടന്ന അയാൾ പണ്ഡിതൻ എന്ന പേരിന് അർഹനല്ല.. പറയിപ്പെണ്ണിനെ പന്ത്രണ്ടു പ്രാവശ്യം പ്രാപിച്ചപ്പോൾ ഒരിക്കൽ പോലും അയാൾക്ക് അവളോട് പ്രണയം തോന്നി കാണില്ല.. അയാൾക്കത് പ്രതികാരമായിരുന്നു..ക്രൂര പ്രതികാരം… തന്റെ ഒരേയൊരു മോളെ ഉപേക്ഷിച്ചു പോന്നപ്പോൾ ആ അമ്മയുടെ മനസ്സ് കല്ലായി മാറിയിരുന്നിരിക്കണം… അവസാനത്തെ കുഞ്ഞിന് വായില്ലെന്നു കള്ളം പറഞ്ഞപ്പോൾ ഉണ്ടായിരുന്ന വായ എങ്ങനെ ഇല്ലാതായി… ഒരുപക്ഷേ വരരുചി അവനെ കൊന്നതായിക്കൂടെ.. ജീവനുള്ള കുഞ്ഞിനെ പ്രതിഷ്ഠിക്കുന്നതെങ്ങനെ.. അങ്ങനെ അങ്ങനെ ക്രൂരത നിറഞ്ഞ ഒരു കാട്ടുമൃഗത്തേക്കാൾ നീചനായ ഒരാളാണ് വരരുചി.. അയാൾ ഒരിക്കലും ഒരു ഉന്നതകുലജാതനെന്ന നിലയിൽ അഹങ്കരിക്കേണ്ടതില്ല.. വെറും കാട്ടുമൃഗമാണയാൾ.. “

അവൾ കിതക്കുകയായിരിന്നു.. സ്വരൂപ്‌ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു..

” നീ ഒന്ന് റിലാക്സ് ചെയ്യ്..”

അവൻ അവളുടെ മുടിയിൽ തലോടി..

നീ പറഞ്ഞതൊക്കെയും ശരിയാണ്… പക്ഷേ ഞാൻ ചോദിച്ചതിന് ഒരു ഉത്തരം കിട്ടിയില്ല.. “

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൻ ചോദിച്ചു..

അവൾ തന്റെ ലാപ്ടോപ് അവന് നേരെ തിരിച്ചു.. ” പഞ്ചമിയുടെ പർണ്ണശാല ” എന്നെഴുതിയ ലോഗോ ആയിരുന്നു ആത്.
അതിന് താഴെ ” ഈ ജന്മം പഞ്ചമി ” എന്നൊരു ഡിസ്ക്രിപ്ഷനും..

” വരരുചി നൂറ്റാണ്ടുകൾക്ക്മുൻപ് ആഗ്രഹിച്ചതും നടപ്പിലാക്കിയതും ഹീനജാതിയിൽപെട്ട ഒരു പെണ്ണിനെ ഒന്നുമല്ലാതാക്കുക എന്നായിരുന്നു.. എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറവും പഞ്ചമിയെ നെഞ്ചിലേറ്റുന്നവർ ഉണ്ട്.. ആദ്യം പഞ്ചമിയ്ക്കായൊരു ക്ഷേത്രം പണിയണം.. അത് വെറും പ്രഹസനം മാത്രം.. അതിൽ ഒരു ബ്രാഹ്മണൻ തന്നെ പൂജ അർപ്പിക്കണം.. അത് പ്രതികാരം…
ഇതെല്ലാമോരു പ്രഹസനമാണെങ്കിൽ ഇനി പഞ്ചമിയ്ക്കായുള്ള ഒരു കൂട്ടായ്മ രൂപപ്പെടുകയാണ്. ഈ നൂറ്റാണ്ടിലും ചത്ത്‌ ജീവിക്കുന്ന പഞ്ചമിമാരെ കണ്ടെത്തി അവർക്ക് താങ്ങും തണലുമാകാൻ എന്നെപ്പോലെ ഭ്രാന്തുള്ള കുറച്ചു പേരുടെ സംഘടന..പ്രതികരിച്ചാൽ മക്കൾക്ക് അച്ഛനില്ലാതാകുമെന്ന് ഭയന്ന് സ്വയം നരകിച്ചു കഴിയുന്ന പഞ്ചമിയുടെ പുതിയ പതിപ്പുകൾ, സമൂഹത്തെ ഭയന്ന് എല്ലാം ഉള്ളിലൊതുക്കുന്ന മറ്റ് ചില പഞ്ചമിമാർക്കായി, ഇനിയുമുണ്ട് കുറേപ്പേർ..എത്രയൊക്കെ വീട്ടുകാരോട് നാട്ടുകാരോടും തന്റെ ദുരിതങ്ങൾ പറഞ്ഞാലും ആരും ചെവിക്കൊള്ളാതെ പിന്നെയും ദുരിതത്തിന്റെ ചെളിക്കുണ്ടിൽ കഴിയുന്നവർ, പീഡന വീരന്മാരേക്കാൾ ദുരിതമനുഭവിക്കുന്നത് ജീവിച്ചിരിക്കുന്ന ഇരകൾക്കായി..തീർന്നില്ല.. ആഗ്രഹിക്കുന്ന വിദ്യാസം ലഭിക്കാതെ പോകുന്നവർക്ക് തണലാകാൻ.. അങ്ങനെ പലർക്കും..പഞ്ചമിയുടെ പർണശാല എന്നും തുണയായിരിക്കും…. “

” ഹോ… ഇതുവരെ നീ പറഞ്ഞതൊക്കെ എനിക്ക് പൂർണ്ണമായും മനസ്സിലാകുന്നില്ലായിരുന്നു. പക്ഷേ ഇപ്പോൾ നീ പറഞ്ഞത്..ഹാറ്റസ് ഓഫ് യു ഡിയർ. ഇതൊരു അടിയുറച്ച തീരുമാനമായി മാറട്ടെ…എന്നും എപ്പോഴും എന്നെക്കൊണ്ടാകുംപോലെ ഞാനും കൂടെയുണ്ടാകും..

” പഞ്ചമിയുടെ പർണശാല ” ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ഒരു കൂട്ടായ്മയായി മാറുവാൻ മാസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു… നേരിട്ടും, അല്ലാതെയും ദുഃഖങ്ങൾ പങ്കുവെച്ചും, പരിഹാരമാർഗങ്ങൾ തേടിയും, പഞ്ചമിമാർ ആ പർണശാലയിലേക്ക് എത്തിക്കൊണ്ടിരുന്നു… ഇതിനോടകം പല ഉന്നത സ്ഥാനത്തിരിക്കുന്നവരും ഈ കൂട്ടായ്മയിൽ ചേർന്നതോടെ പ്രശ്നങ്ങൾക്ക് കൃത്യമായ ഒരു പരിഹാരമുണ്ടായി..കൂണുപോലെ മുളച്ചുപൊങ്ങുന്ന കൂട്ടായ്മകൾക്കിടയിൽ “പഞ്ചമിയുടെ പർണശാല ” ഒരാൽ മരമായി വളരും.. കാരണം അതിന്റെ ഉദ്ദേശ്യം നന്മയാണ്… നന്മ മാത്രം…

നമി©

3 comments

Leave a Reply

Your email address will not be published. Required fields are marked *