“നിന്റെ മുടീലെ മുല്ലപ്പൂ ഇത്രേം സമയം ആയിട്ടും വാടീട്ടില്ലല്ലോ നാഫ്യെ..”
നല്ല വെളുത്ത മനസ്സുള്ള അമ്മായിയമ്മ ആയിരിക്കും നിനക്ക് കിട്ടാൻ പോകുന്നേ….
ഒരു കല്യാണമോ കോളേജിലെ പരിപാടിയോ വന്നാൽ മുടി നിറയെ മുല്ലപ്പൂ വെച്ച് ശീലമുള്ള എനിക്ക് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന വാക്കായിരുന്നു ഇത്..
ഏതായാലും ഉമ്മയെ പോലെ ആവൂല്ലല്ലോ എന്നൊരു മറുപടിയായിരുന്നു ഞാനും കൊടുത്തിരുന്നത്…
കല്യാണം കഴിഞ്ഞ വീട്ടിലെയും കൂട്ടുകാരുടെയും വിശേഷങ്ങളിൽ ക്രൂരമായി മാത്രം ചിത്രീകരിക്കപ്പെട്ട് കണ്ടത് കൊണ്ടാവാം അമ്മായിയമ്മ എന്നാൽ മുഖം വീർപ്പിച്ചു നടക്കാനും മരുമോളെ കുറ്റം പറയാനും മാത്രമുള്ള ഒരാളായിട്ടായിരുന്നു അന്നൊക്കെ മനസ്സിൽ…
വീട്ടിൽ കല്യാണാലോചന തകൃതിയായി നടക്കുന്ന സമയം..
പെണ്ണ് കാണൽ ചടങ്ങിന് പകരം എന്റെ അമ്മായിയമ്മ കാണൽ ചടങ്ങാണ് ആദ്യം നടന്നത്..
(ചെക്കനെ മുന്നെ കണ്ട് ബോധിച്ചതാണ്.അത് വേറെ കഥ)
മുഖത്ത് ഗൗരവവും ഫിറ്റ് ചെയ്ത് ചിരിക്കാൻ അറിയാത്ത ഒരാളെ പ്രതീക്ഷിച്ച എന്റെ മുന്നിലേക്ക് ഭംഗിയുള്ള ചിരിയും പാസ്സാക്കി സുന്ദരി സക്കീനുമ്മ വന്ന് സലാം പറഞ്ഞു കൈ പിടിച്ചപ്പോ ദേ വരുന്നു ന്റുമ്മാടെ ചോദ്യം
“ഇങ്ങളാരാ… ഓന്റെ പെങ്ങളാ..?
ഉള്ള പെങ്ങൾ ചെറുതാണെന്ന കേട്ടറിവ് ഉള്ളോണ്ട് അതാവാൻ വഴിയില്ല.. ഞാനും ഓർത്തു..
“അല്ല.. ഞാൻ ഓന്റെ ഉമ്മയാ..
മറുപടിയും വന്നു..
ദേ ആ ഉമ്മയിപ്പോ എന്റെ കൂടെ ഉമ്മയായിട്ട് വർഷം ഏഴു കഴിഞ്ഞിരിക്കുന്നു…
മാറാത്ത മടിയും മടുക്കാത്ത ഉറക്കവും കൂടെപ്പിറപ്പായ എനിക്ക് സ്ഥിരമായി ഉമ്മച്ചീടെ വായീന്ന് കേൾക്കുന്നൊരു ഡയലോഗുണ്ട്..
“കെട്ടിച്ചു വിടുന്ന സ്ഥലത്ത് അമ്മായിയമ്മ എന്നേ പോലെ ആവൂല… മടിയൊക്കെ അങ്ങ് മാറ്റിവെച്ചേക്ക് നാഫിയാന്ന്…
നമ്മക്കുണ്ടോ വല്ല കുലുക്കവും..
പക്ഷെ ഉമ്മച്ചിക്ക് തെറ്റി
മടിയും ഉറക്കവും വിട്ട് പോയതുമില്ല..
അമ്മായിയമ്മ എനിക്ക് ഉമ്മച്ചിക്ക് സമമാവുകയും ചെയ്തു…
സ്വന്തം വീട്ടിലേക്ക് പോകാൻ സമ്മതം ചോദിച്ചാൽ അന്ന് വയ്യായിക വരുമെന്നും കെട്ട്യോന്മാരുടെ കൂടെ പുറത്തൊന്നു പോയാൽ തിരിച്ചു വരുമ്പോൾ കടന്നൽ കുത്തിയ മുഖമായിരിക്കുന്ന അമ്മായിയമ്മ ആണെന്നും.. ഒരിത്തിരി നേരം കിടന്നുറങ്ങിയാൽ അപരാതം ചെയ്ത പോലെ നോക്കുമെന്നും എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രമാണ് കാണുന്നതെന്നുമൊക്കെ സങ്കടം പറയുന്ന കൂട്ടുകാരികൾക്കിടയിലും ബന്ധുക്കൾക്കിടയിലും കുറച്ചഹങ്കരത്തോടെ തന്നെയാണ് ഞാനുമ്മയെ ചൂണ്ടി കാണിക്കാർ…
വന്ന അന്ന് തൊട്ട് ശ്രദ്ധക്കുറവുകൾ ചൂണ്ടി കാണിച്ചും കുഞ്ഞു തെറ്റുകൾ പറഞ്ഞും തിരുത്തിയും ചേർത്ത് നിർത്തുമ്പോൾ ഒരിക്കൽ പോലും മുഖം കറുപ്പിക്കുന്നതായി ഞാൻ കണ്ടിട്ടില്ല..
അഭിപ്രായങ്ങൾ ചോദിച്ചും പറഞ്ഞും കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾക്ക് കൂട്ട് നിന്നും എന്റെ മനസ്സിലെ അമ്മായിയുമ്മ സങ്കൽപം മൂപ്പത്തിയങ് പൊളിച്ചെഴുതി..
മകന്റെ കൈയും പിടിച്ചു വന്ന എനിക്കും ഉമ്മ പ്രസവിച്ച മക്കൾക്കും ആ വീട്ടിൽ ഒരേ സ്നേഹവും ഒരേ പരിഗണനയും തന്ന് കണ്ടപ്പോൾ ഞാനും മനസ്സിലാക്കി… അമ്മായിയമ്മയിൽ നിന്നും ഉമ്മയിലേക്കുള്ള ദൂരം അത്ര വലുതൊന്നുമല്ല എന്നത്..
“കെട്ടി കൊണ്ട് വരുന്ന മരുമകൾ =പണി എടുക്കാനുള്ള യന്ത്രം “
ഇങ്ങനെ കണക്കാക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ട്..
മരുമോൾ വന്നാൽ ഒരു കൈ സഹായം ആവുമല്ലോ എന്ന് ചിന്തിക്കുന്ന ഉമ്മമാരെ ഈ ഗണത്തിൽ പെടുത്താൻ ഒക്കില്ല…
മരുമോളെ പോലെ സമപ്രായത്തിലുള്ള മോൾക്കൊരു നയവും മകന്റെ ഭാര്യക്ക് വേറെ നയവും കാണിക്കുന്നോരുണ്ടെങ്കിൽ ഒന്ന് ചിന്തിച്ചാൽ മതി അവരും മറ്റൊരാളുടെ മകളാണെന്ന്..
സ്വന്തം ഇഷ്ടങ്ങളും വീട്ടുകാരെയും പ്രിയപെട്ടവരെയൊക്കെ മാറ്റി നിർത്തി കെട്ട്യോന്റെ വീടുമായും വീട്ടുകാരുമായും പൊരുത്തപ്പെട്ടു പോകുമ്പോൾ മരുമകളായി കാണാതെ മകളായിട്ട് സ്വീകരിക്കാനുള്ള മനസ്സാണ് ഇങ്ങനുള്ള അമ്മായിയുമ്മമാർ ചെയ്യേണ്ടത്…
ഒരു ചായ വരെ കാച്ചാനറിയാതെയാണ് ഞാനീ വീടിന്റെ പടി കയറുന്നത്…
ചായപ്പൊടിയുടെ സ്പൂൺ ഉമ്മാടെ നേരെ നീട്ടി പലയാവർത്തി ചോദിക്കേണ്ടി വന്നിട്ടുണ്ട്..
“ഉമ്മാ ചായപ്പൊടിയിത് മതിയോ..
പഞ്ചസാര ഇത് മത്യോന്ന്..
തിളച്ചു മറിയുന്ന വെള്ളം നോക്കി ഏത് അരിയാണ് ചോറ് വെക്കാനിടേണ്ടതെന്നറിയാതെ നിസ്സഹായതയോടെ ഉമ്മാടെ മുഖത്ത് നോക്കേണ്ടി വന്നിട്ടുണ്ട്..
ദോശയിൽ വെള്ളം കൂടിയ കാരണം കൊണ്ട് മാവ് അപ്പാടെ കളയേണ്ടി വന്നിട്ടുണ്ട്…
എന്നാലും ഉമ്മ ചിരിച്ചോണ്ട് പറയും..
അങ്ങനെ തന്നെയാ പഠിക്കൽ..
പതിയെ മതിയെന്ന്..
അതിന് പക്ഷെ ഉമ്മയിന്ന് വരെ പരാതി പറഞ്ഞിട്ടുമില്ല..
അളവ് കാണിച്ചു തന്നും പറഞ്ഞും മനസ്സിലാക്കിയും കട്ടൻചായ മുതൽ മട്ടൺ ബിരിയാണി വരെ ഉണ്ടാക്കി പഠിച്ചെങ്കിൽ ഉമ്മ കാണിച്ച ക്ഷമ ഒന്നാലോചിക്കണം..
കെട്ടി കൊണ്ട് വന്നവൾക്ക് ഒന്ന് മീൻ മുറിക്കാനോ ചായയുണ്ടാക്കാനോ അറിഞ്ഞില്ലേൽ അതിന് പഴി കേൾക്കുന്നത് പെണ്ണിന്റെ ഉമ്മി..
അത് മറ്റൊരു കുറ്റമാണ്..
“ഒന്നും പഠിപ്പിക്കാണ്ട് വിട്ടേക്കാ മകളേന്ന്..
മുറ്റമടിക്കുമ്പോ കുനിയുന്നില്ല.. മുക്കും മൂലയും എത്തുന്നില്ല…
മകന്റെ പോക്കറ്റ് കാലിയാക്കാൻ ഓള് ടൂർ പോയേക്കുന്നു..
വിലകൂടിയ വസ്ത്രമേ പറ്റൂ..
ഒന്ന് വീട് വരെ പോയി കഴിഞ്ഞാൽ
“ഓളെ പൊരേൽ പോയാൽ ഓൾക്ക് തിരിച്ചു വരാൻ രണ്ട് മാസമെടുക്കുമെന്നൊക്കെ പിറുപിറുത്തും അയൽവാസികളോട് കുറ്റവും കുറവും പറഞ്ഞും ആനന്ദം കണ്ടെത്തുന്ന അമ്മായിയുമ്മമാരെ…
നിങ്ങളെ പെണ്മക്കളെ അവിടെയൊന്ന് സങ്കല്പിച്ചു കഴിഞ്ഞാൽ തീരാവുന്ന പ്രശനമേയുള്ളൂ.
തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാം..
വഴക്ക് പറയാം.
മുഖം കനപ്പിക്കാം..
പക്ഷെ അതിന്റെ ഭാഷ സ്നേഹമായിരിക്കണമെന്ന് മാത്രം..
കെട്ട്യോന്മാരെ അടക്കി പിടിച്ചു സ്വന്തം ഉമ്മമാരിൽ നിന്നും അടർത്തി മാറ്റുന്ന മരുമക്കളോട് കൂടിയുണ്ട് ചിലത് പറയാൻ…
കാര്യം കെട്ട് കഴിഞ്ഞാൽ കെട്ട്യോന്മാർ തന്നെയാണ് നമ്മുടെയൊക്കെ ലോകം..
പക്ഷെ..
കെട്ട്യോനാവും മുന്നെ വളർത്തി വലുതാക്കി കൈയ്യിലൊരു പെണ്ണിനേം ഏല്പിച്ചു തന്നെങ്കിൽ പറഞ്ഞതും നമ്മളൊക്കെ അറിയാത്തതുമായിട്ടുള്ള കഷ്ടപാടുകളുമുണ്ട് അതിന്റെ പിന്നിൽ…
സ്നേഹത്തിന്റെ പേരിൽ ഒന്ന് ശാസിച്ചെങ്കിൽ തെറ്റുകൾ കാണിച്ചു തന്നിട്ടുണ്ടെങ്കിൽ അതുൾകൊള്ളാനുള്ള മനസ്സാണ് കാണിക്കേണ്ടത്…
ഭാര്യയുടെ കുറ്റം ഉമ്മയും ഉമ്മേടെ കുറ്റം ഭാര്യയും പറഞ്ഞു കേൾപ്പിക്കുമ്പോൾ ഒരു പോംവഴി കാണാനറിയാതെയിരിക്കുന്ന പുരുഷമാരുടെ അവസ്ഥ അതിലും ഭീകരമാണ്..
സ്വന്തം ഉമ്മമാർ എത്ര വഴക്ക് പറഞ്ഞാലും അടിച്ചാലും ഒരു പത്തുമിനുറ്റിനപ്പുറം ഉമ്മാന്ന് വിളിച്ചു ചെല്ലുന്നവരാണ് നമ്മൾ മക്കൾ…
ഊതിപ്പെരുപ്പിച്ചും അതൊരു അപരാധമായി കണ്ടും എന്തൊക്കെ തന്നെയായാലും അവർ അമ്മായിയുമ്മയല്ലേ എന്ന ചിന്ത വരുത്തി തീർക്കാതിരിക്കുക..
അതെന്റെ മരുമോളാണെന്ന് പറയാതെ മോളാണെന്ന് പറഞ്ഞു ചേർത്ത് നിർത്തുക..
അതെന്റെ അമ്മായിയുമ്മയല്ല ഉമ്മയാണെന്ന് പറഞ്ഞു പഠിക്കുക..
പിണക്കങ്ങൾ പത്തു മിനുറ്റിന്റെ ആയുസ്സും മാത്രം നൽകുക…
അഭിപ്രായ വ്യത്യാസങ്ങൾ പരദൂഷണങ്ങളിലേക്ക് എത്തിക്കാതെ പറഞ്ഞു തീർക്കുക..
അനിഷ്ടങ്ങൾ ഇഷ്ടങ്ങളാക്കാൻ സ്നേഹം കൂട്ട് പിടിക്കുക..
എന്റെ മുടിയിലെ മുല്ലപ്പൂവിന്നും വെളുത്തു നിക്കുന്നുവെങ്കിൽ..
മതിയാവാതെ ഞാനിങ്ങനെ ഉമ്മയെ എഴുതുന്നുണ്ടെങ്കിൽ
അതിനൊന്നെയുള്ളൂ കാരണം..
ദേ ഈ സക്കീനുമ്മച്ചി ന്റെ കൂടെ ഉമ്മയാണ്..
ഞാനവർക്ക് മകളും 🥰
Nafiya