നിന്റെ പേര്

നിൻ്റെ പേര്


എനിക്ക് ഇനിയും പ്രണയിക്കണം…
അങ്ങനെ ആരെയെങ്കിലും അല്ല…
നിൻ്റെ അതെ പേരുള്ള ഒരാളെ പ്രണയിക്കണം…
അയാളിൽ നിന്നെ തേടാനല്ല, എന്നിൽ നിന്നെ ഇല്ലാതാക്കാൻ….

ജീവനുള്ളിടത്തോളം നിന്നെ മറക്കാനാവാത്ത വിധമാണ് ഞാൻ നിന്നെ പ്രണയിച്ചത്.

നിൻ്റെ പേര് ചൊല്ലി വിളിച്ചിടത്തോളം, ഞാൻ മറ്റൊന്നും എൻ്റെ നാവുകൊണ്ട് ഉരിയാടിയിട്ടില്ല.

നീ എൻ്റെ ജീവിതത്തിൽ ഇല്ലാതെയാവുമ്പോൾ, നീ എന്നിൽ ഇല്ലാതെയാവുന്നില്ലല്ലോ…

എത്രയൊക്കെ വേണ്ടെന്നു വെച്ചാലും, ആ ഓർമ്മകൾ തിരമാലകൾ പോലെ വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടേ ഇരിക്കും….

നിൻ്റെ പേര് കേൾക്കുമ്പോൾ എൻ്റെ ഉള്ളം വിങ്ങുന്നത് എനിക്ക് നിറുത്തണം.

എന്നിൽ പടർന്നു പിടിച്ചിരിക്കുന്ന നീ എന്ന വ്യാധിയെ ഇല്ലാതാക്കാൻ എനിക്ക് നിൻ്റെ അതെ പേരുള്ള ഒരാളെ വേണം.

നിന്നെ സ്നേഹിച്ചതിനേക്കാൾ പതിന്മടങ്ങു എനിക്ക് അയാളെ സ്നേഹിക്കണം.

നിന്നെ ആ പേര് വിളിച്ചതിനേക്കാൾ തീവ്രമായി എനിക്ക് അയാളെ ആ പേര് വിളിക്കണം…

പതിയെ പതിയെ നിൻ്റെ പേരിനോട് ചേർത്ത് നിർത്തിയ ഓർമ്മകൾ എല്ലാം എനിക്ക് മായ്ച്ചു എഴുതണം. അവിടെ മനോഹരമായ പുതിയ ഓർമ്മകൾ നട്ടു നനച്ചു വളർത്തണം.

പിന്നീട് നിൻ്റെ പേര് കേൾക്കുമ്പോൾ ഒരിക്കലും നിന്നെ ഓർക്കാൻ കഴിയാത്ത വിധം എനിക്ക് നിന്നെ മറക്കണം….

NB: ചിന്തകൾ മാത്രം… പേരും ചോദിച്ചു ആരും വരണ്ട…

2 comments

Leave a Reply

Your email address will not be published. Required fields are marked *