നിങ്ങൾക്ക് വേണേൽ ഒരു പുതിയാപ്പിളയെ എനിക്ക് എടുത്ത് തരാൻ കഴിയും, മക്കൾക്ക് ഉപ്പാനെ എടുത്ത് കൊടുക്കാൻ കഴിയില്ലല്ലോ.

Writing Sadiqrbou

ഉമ്മ:

“നിങ്ങൾക്ക് വേണേൽ ഒരു പുതിയാപ്പിളയെ എനിക്ക് എടുത്ത് തരാൻ കഴിയും, മക്കൾക്ക് ഉപ്പാനെ എടുത്ത് കൊടുക്കാൻ കഴിയില്ലല്ലോ. അത് കൊണ്ട് എനിക്ക് മൂപ്പരെ തന്നെ ഇണക്കി തന്നാൽ മതി…..” എൻ്റെ ഉമ്മാൻ്റെ ദൃഢമായ ആ നിലപാട് ഇന്നത്തെ അവസ്ഥയുമായി ആലോചിച്ച് നോക്കൂ..!!!

അക്കാലത്ത് സ്ത്രീധനവകയിൽ ഉമ്മാക്ക് കിട്ടിയ10,000 രൂപ വിലവരുന്ന സ്ഥലം ഗവൺമെൻ്റ് അക്വയർ ചെയ്തപ്പോൾ സ്ഥലത്തിൻ്റെ അവകാശി എന്ന നിലയ്ക്ക് ഉമ്മായ്ക്ക് കിട്ടേണ്ടതായ പ്രതിഫലത്തുകയ്ക്ക് വേണ്ടി, ഉമ്മ ഒപ്പ് വെച്ച് കാർണവന്മാരെ ഏല്പിക്കുമ്പോൾ താനിടുന്ന ഒപ്പിൻ്റെ വില നിരക്ഷരയായ എൻ്റെ ഉമ്മയ്ക്കറിയില്ലാ
യിരുന്നു.
തറവാട്ടിൽ ഒരു പെണ്ണും കാർണോർ പറയുന്നതിനെ തിരെ ഒരക്ഷരം
ഉരിയാടാറില്ല..
അതാണ് പോലും തറവാടിത്തം.
സ്ത്രീധനത്തിന് ആ പേര് തന്നെ
വന്നത് സ്ത്രീ സുരക്ഷിതത്വത്തിന്
വേണ്ടി അവളുടെ പേരിൽ എഴുതി
കൊടുക്കുന്ന സ്വത്ത് എന്നതത്രേ.
അത് പറമ്പോ വയലോ സ്ഥലമോ
തരിശ് ഭൂമി തന്നെയോ ആകാം.
.അങ്ങനെ എൻ്റെ ഉമ്മായ്ക്കും സുമാർ പതിനായിരം രൂപ വിലവരുന്ന സ്ഥലം കുടുംബസ്വത്തായി കൊടുത്തിരുന്നു…….

തരിശായി കിടക്കുന്ന ആ ഭൂമി വേർഹൗസിന് വേണ്ടി ഗവൺമെൻറ് അക്വയർ ചെയ്തപ്പോൾ അതിൻ്റെ അവകാശി എന്ന നിലയ്ക്ക് ഉമ്മ ഉടമസ്ഥാവകാശം വിറ്റതായി ഒപ്പ് വെച്ച് കൊടുത്തു.
ആ ധനം കാർണവന്മാരുടെ
പോക്കറ്റിലുമായി. ഈ സംഭവം
ഉപ്പയെ വല്ലാതെ ചൊടിപ്പിച്ചു.
ഇതിനെ ചോദ്യം ചെയ്ത്, ഉപ്പ ആ
വീട് വിട്ട് ഇറങ്ങുകയായിരുന്നു……

അങ്ങനെ പടിയിറങ്ങുമ്പോൾ നാലും
അഞ്ചും വയസ്സ് പ്രായമുള്ള എന്നെയും ജ്യേഷ്ഠനെയും കൂടെ കൂട്ടി……!!

മുട്ടുങ്ങൽ പ്രദേശത്ത് മണ്ണയോടൻ കുടുംബത്തിലെ ….. ഉപ്പോമ്മയുടെ അനുജത്തിയും മക്കളും താമസിക്കുന്ന അങ്ങാടിയിലെ ചോയിമാടത്തുമ്മൽ …..
(. Dr C M അബുബക്കറിൻ്റെ ഭാര്യ വീട്ടിൽ) കൊണ്ടാക്കി…..
ഈ വീടാണ് കുട്ടിക്കാലത്തെ ഓർമ്മ
കളിലാകെ ഇന്നും എന്നുംനിറഞ്ഞ് നിൽക്കുന്നത്…..!!
അതിൽ ആദ്യം ഓർമ്മ വരിക
കളിസ്ഥലവും ആ വീടും പരിസര
പ്രദേശവുമാണ്.’

അന്നൊരു ആഗസ്റ്റ് പതിനഞ്ച്,
ത്രിവർണ്ണ പതാകയൊക്കെ
പിടിച്ച് ഞാനും ജ്യേഷ്ഠനും,
‘നെഹ്റു തൊപ്പിയും’ ധരിച്ച് രണ്ട്
കുരുന്നുകൾ മുന്നിലും കുട്ടിപ്പട്ടാളങ്ങളൊന്നാകെ പിന്നിലും അണിനിരന്ന് മുദ്രാവാക്യം വിളിച്ച് നടന്ന് പോയൊരു പ്രകടനം……!!|

അവിടെനിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്…. ആ ജാഥയും കഴിഞ്ഞ്
ഉപ്പയുടെ ബന്ധുവീട്ടിൽ
പിന്നെ കാണുന്ന രംഗം ….. വീട്ടിലെ
എല്ലാ പെണ്ണുങ്ങളും ഞങ്ങളെ വളരെ വ്യസനത്തോടെ നോക്കിനിൽക്കുകയും
വല്ലാതെ വാൽസല്യം കൊണ്ട് പൊതിയുകയുമായിരുന്നു. അത്രയും ഊഷ്മളമായ സ്നേഹം കിട്ടിയ ഒരു മുഹൂർത്തമായിരുന്നു അത്. “
മക്കളേ നിങ്ങളെ ഉപ്പ വേറെ കല്യാണം കഴിച്ച്”….എന്ന് വളരെ ഖേദത്തോടെ
ഞങ്ങളെ നോക്കി പെണ്ണുങ്ങൾ അത് പറയുമ്പോൾ, അതെല്ലാം കൗതുകത്തോടെ കേട്ടിരുന്ന ഞാനും കഥയറിയാതെയാണെങ്കിലും ആ സദസ്സിലെ കരച്ചിലിൽ പങ്ക് ചേർന്നു……..

പിന്നെ ഉമ്മയെ കാണണമെന്ന് പറഞ്ഞ്
രണ്ടാളും കരച്ചിൽ …. കളിക്കാൻ ത്രിവർണ്ണ പതാക,ആ പ്രദേശത്തെ എല്ലാ കുട്ടികളെയും കളിക്കാൻ കൂടെ കിട്ടി, പോരെങ്കിൽ സൈക്കിളും.. എല്ലാം കൂടി ആ കാലത്ത് സാധാരണ കുട്ടികൾക്ക് ചിന്തിക്കാൻ
കഴിയാത്ത കളിക്കോപ്പുകൾ…
എല്ലാം ഉപ്പ വാങ്ങി തന്നിട്ടും.. അതൊന്നും ആസ്വദിക്കാൻ കഴിയാത്ത ഒരസ്വസ്ഥത
ഞങ്ങളുടെ കുഞ്ഞുമനസ്സുകളെ
വല്ലാതെ വിഷമിപ്പിച്ചു കൊണ്ടേയിരുന്നു…..

ഉമ്മയെ കാണണം എന്നത് മാത്രമായിരുന്നു അപ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്ന
ഒരേയൊരു ചിന്ത…!!

50 വർഷം മുമ്പ് ഉമ്മ കാർണവന്മാരോട് അങ്ങനെ വാശി പിടിച്ചിരുന്നില്ലെങ്കിൽ
ഞങ്ങൾ 4 മക്കളുടെ അവസ്ഥ ഓർക്കാൻ പോലും കഴിയുന്നില്ല ……
ഉമ്മയുടെ രണ്ടാം ഭർത്താവിനെ എളാപ്പ എന്ന് വിളിച്ച് അയാൾ തരുന്ന എന്തും അനുഭവിക്കേണ്ടി വന്നേനെ. അദ്ദേഹത്തിൻ്റെ ആത്മാർത്ഥ സ്നേഹം പോലും സംശയത്തിൻ്റെ കണ്ണിൽ മാത്രമേ കാണാൻ കഴിയു.
മൊബൈൽ ആയാലും വാച്ച് ആയാലും അങ്ങനെ
എന്ത് തന്നെ ആയാലും
അത് കോപ്പി ആണെങ്കിൽ അത് രണ്ടാം നമ്പർ തന്നെ… പിന്നെ ഉപ്പയുടെ കോപ്പി ഒന്ന് ആലോചിച്ച് നോക്ക് ചിന്തിക്കാൻ കഴിയില്ല അല്ലേ!!

ഇന്നും ഞങ്ങൾ മക്കൾ ഉമ്മായിൽ നിന്നും ആ കരുതൽ അനുഭവിക്കുന്നുണ്ട്.
ഉപ്പ വേറെ കല്യാണം കഴിച്ചിട്ടും മക്കൾ അനാഥരാകുമെന്ന മാതൃസ്നേഹം ഒന്ന്മാത്രമാണ് ആ ഉപ്പയെ തന്നെ മതിയെന്ന് ഉമ്മയെ വാശിപിടിപ്പിച്ചത്.അതാണെ ൻ്റെ ഉമ്മ.

എന്റെ ഉമ്മയുടെ ദീർഘ വീക്ഷണം എല്ലാം തികഞ്ഞ ഇന്നത്തെ പെൺകുട്ടികൾ ക്കില്ലെന്ന് തന്നെ പറയാം.
മദ്രസ്സയിൽ ഇരുണ്ട യുഗത്തേക്കുറിച്ച് ഉസ്താദ് ക്ളാസ്സെടുക്കുമ്പോൾ എനിക്ക് അതേക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.കാരണം ആ യുഗത്തിൽ തന്നെയാണ് എൻ്റെ ജനനവും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു തറവാടിന്റെ ചുമരുകൾക്കുള്ളിൽ പുരുഷാധിപത്യത്തിൻ്റെ ഗീർവാണം മുഴക്കുന്ന ഒരു കൂട്ടം ആളുകൾ……

ഉപ്പൂപ്പാൻ്റെ ആനക്കഥയിൽ പറയുന്ന പോലെ, ജോലിയും വിദ്യാഭ്യാസവും ഇല്ലാത്ത തൊഴിലെടുക്കാത്ത കുട്ടി മാമന്മാരുടെ ലോകത്ത്,
കുട്ടികളായ ഞങ്ങളും വീരകഥകൾ കേട്ട്
വയറ് എരിയുമ്പോഴും
ഇല്ലാത്ത ഇല്ലത്തിൻ്റെ കഥകൾ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരുന്നു!!

പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയപ്പോഴാണ്
ആ ഇരുളടഞ്ഞ ലോകത്ത് നിന്ന് ഞങ്ങൾക്ക് കര കയറാനായത്…..

മോൾടെ പ്രസവശുശ്രൂഷയ്ക്ക് എത്തിയ സുബൈച്ച പൊരയിൽ വന്നപ്പോൾ പറഞ്ഞൊരു വിശേഷം ഇങ്ങനെയായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് എൻ്റെ കയ്യും ജ്യേഷ്ഠൻ്റെ കൈയ്യും പിടിച്ച് എൻ്റെ ഉപ്പയുടെ വരവും പോക്കും
പറഞ്ഞ് ഉപ്പായ്ക്ക് വേണ്ടി ഉമ്മ എപ്പോഴും ദുആ ചെയ്യുമായിരുന്നുവെന്നും
അന്ന് നാട്ടിലെ ജനങ്ങൾക്കെല്ലാം അതൊരു കൗതുകമുള്ള കാഴ്ചയുമായിരുന്നുവത്രേ.
വലത് കയ്യ് പിടിച്ച് ജ്യേഷ്ഠനും ഇടത് കയ്യ് പിടിച്ച്‌ ഞാനും ഉപ്പയുടെ കൂടെ നടക്കുന്ന ആ കാഴ്ച ഇന്നും പഴമക്കാർ ഓർമ്മപ്പെടുത്താറുണ്ട്.

ഉമ്മയും ഉപ്പയും പിണങ്ങി നിന്ന സമയത്ത് ഞങ്ങൾ രണ്ട് പേരും ഉപ്പയുടെ കൂടെ ആയിരുന്നു…..

ഇന്നത്തെ കാലത്ത് ഉമ്മയെ ഉപ്പ മൊഴിചൊല്ലുമ്പോൾ മക്കൾക്ക് വലിയ പ്രയാസം തോന്നുന്നില്ല …..
അതിന് കാരണം മക്കളുമായി ചെറുപ്പത്തിൽ ഉപ്പമാരുടെ ഇടപെടൽ നടക്കുന്നില്ല ……..

കുട്ടിക്കാലത്തെ ഞങ്ങളുടെഎല്ലാ ആവശ്യങ്ങളും നടത്തി തന്നിരുന്നത് ഉപ്പയായിരുന്നു. …..
വീട്ടിലെ കാര്യങ്ങളാകട്ടെ,വളരെ ദയനീയവും. തറവാട് വീടിൻ്റെ തലയെടുപ്പൊന്നും അടക്കള ഭാഗത്തില്ലായിരുന്നു. എല്ലാം ‘മോഡിയുടെ’ തിളക്കം പോലെ…..!!

ഉപ്പയുംഉമ്മയും തമ്മിൽ ഒരു സൗന്ദര്യപ്പിണക്കം പോലും ഉണ്ടായിട്ടില്ലന്ന് പറയാൻ പറ്റില്ല….അല്ലറ ചില്ലറ പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട് ഉപ്പയുടെ മുമ്പിൽ ഭക്ഷണം വെച്ചിട്ട് മക്കൾ വിളിച്ചാൽ തീരുന്ന പ്രശ്നം മാത്രം ….

കാർണവന്മാരും ഉപ്പയും തമ്മിൽ നിയമപോരാട്ടത്തിലാണെങ്കിലും… ഉമ്മായ്ക്ക് മക്കളെ സ്നേഹിക്കുന്ന ഈ ഉപ്പയെ തന്നെ മതി….!!
കേസ് കെട്ടുമായി നടക്കുന്ന വലിയൊരു ആൾക്കൂട്ടത്തെ കണ്ട ആ ചെറുപ്പകാലം ഇനിയൊരിക്കലും വരല്ലേയെന്ന് മനസ് എപ്പോഴും മന്ത്രിച്ച് കൊണ്ടിരിക്കുന്ന ഭൂതകാലം !!!
മൂന്ന് നില മാളിക വീട്ടിൽ രണ്ടാം കല്യാണം കഴിച്ച ഉപ്പ വീരഗാഥയിൽ ജയിച്ച് നിന്ന സമയത്തും ഉപ്പയുടെ കൂടെ അഞ്ചും ആറും വയസുള്ള രണ്ട് മക്കൾ കയ്യിൽ തൂങ്ങി പ്പിടിച്ച് നിൽക്കുന്ന രംഗം :… ഉപ്പ ഉപ്പയുടെ എളാമയുടെ വീട്ടിൽ നിന്നും പടിയിറങ്ങി പിന്നെ ഞങ്ങളെ രണ്ട് പേരെയും
കൊണ്ട് പോയത് വലിയ കുളമൊക്കെയുള്ള മൂന്ന് നില മാളിക വീട്ടിലേക്ക്.ആ വീട്ടിലെ വലിയ വരാന്തയിൽ കൂടിയുള്ള സൈക്കിൾ സവാരി,.. കുളത്തിലെ നീന്തൽ അങ്ങനെ അവിടെയും അടിപൊളി ജീവിതം തന്നെയായിരുന്നു…..
ഉപ്പായിൽ അവിടെ പിറന്ന രണ്ട് മക്കളോട് തന്നെയാണ് മറ്റ് സഹോദരന്മാരെക്കാളും എനിക്ക് പിരിശം കൂടുതൽ.. ”..
ഉമ്മയുടെ വാശിയിൽ ഉപ്പയുടെ അവകാശങ്ങൾ വിട്ടുകൊടുത്ത് ഉപ്പയെ ഇണക്കി ഇണയുടെ കൂടെ താമസിക്കാനവസരം ഒരുക്കിയ വേണ്ടപ്പെട്ടവർക്കെല്ലാം പ്രത്യേക നന്ദിയും സ്നേഹവും.
ഇക്കാലത്തെ വിവാഹ മോചനങ്ങളിൽ ബലിയാടാകുന്ന പിഞ്ചു മക്കളെ ഓർക്കാത്ത പുതിയ തലമുറയ്ക്ക് ഇതൊരു സന്ദേശവുമാകട്ടേയെന്ന് ആശംസിക്കുന്നു..!!!

വിവാഹാനന്തരം മാനസിക രോഗി എന്ന കാരണത്താൽ വിവാഹബന്ധം വേർപെടുത്തിയ എൻ്റെ സ്നേഹിതൻ്റെ മകളുടെ പിഞ്ച് മകനെ കാണുമ്പോൾ ഈ കഥയും ഞാൻ അതിനോട് ചേർത്ത് വായിക്കാറുണ്ട്.

ആദ്യ ഭാര്യയെ മൊഴിചൊല്ലിയാലേ
രണ്ടാമത്തേതിനെ ഇന്ന്
കെട്ടിച്ച് കൊടുക്കു…. അതിൽ ജനിച്ച മക്കളെയാകട്ടെ, ആരും ഗൗനിക്കാറുമില്ല …..!!

Sadiqrbou

Leave a Reply

Your email address will not be published. Required fields are marked *