“ദേ ഇതെങ്ങിനുണ്ട്..
എനിക്ക് നന്നായി ചേരുന്നില്ലേ..
ലോക്ക് ഡൗണായി വീട്ടിലിരിപ്പ് തുടങ്ങീട്ട് ഇന്നേക്ക് ഒരു മാസം ആവാറായി..
ഒരു പത്തു കൊഴിമുട്ട സോഫമേൽ വെച്ചിരുന്നേൽ വിരിഞ്ഞു കുഞ്ഞുങ്ങളായേനെ..
അമ്മാതിരി ഇരിപ്പാണ്..
അതിനിടെലാണ് അലമാരെൽ കിടന്നിരുന്ന പഴയ മിഡിയും ടോപ്പുമിട്ടോണ്ടുള്ള
അവളുടെ ചോദ്യം..
“മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്നു പോയിത്തരോ..
ഈ പ്രായത്തിലാ അവളുടെ മിഡി ടോപ്പ്..
“ഹും നിങ്ങളോട് ചോദിക്കാൻ വന്ന എന്നെപ്പറഞ്ഞാൽ മതി..
രാത്രിയാവുമ്പോ മണപ്പിച്ചോണ്ടു അങ്ങു വാ” എന്നും പറഞ്ഞവൾ ചവുട്ടിക്കുലുക്കി അകത്തേക്കു പോയി..
“ഡീ പണിയൊക്കെ തീർന്നേൽ ഒരു കട്ടൻചായ..
“തന്നത്താനെ ഇട്ട് കുടിച്ചോണ്ടാ മതി..
പടച്ചോനെ..
ഇന്നത്തെ കാര്യോം തീരുമാനായി..
ദേഷ്യപ്പെടാതെ നല്ല രണ്ടു വാക്കു പറഞ്ഞിരുന്നേൽ ചായ മാത്രല്ല ബൂസ്റ്റ് വരെ കലക്കിത്തന്നെനെ..
പോട്ടെ ഇനി പറഞ്ഞിട്ടെന്ത് കാര്യമാ..
അല്ലെങ്കിലും നിങ്ങളോട്ടും റൊമാന്റിക്കല്ലാന്ന് അവളും പറഞു തുടങ്ങീട്ടുണ്ട്..
ശരിയാരിക്കും..
അവൾക്ക് മഴാന്ന് കേക്കുമ്പോ തന്നെ ഭ്രാന്താണ്..
മഴ പെയ്യണ നേരം കൊച്ചു കുട്ടികളെപ്പോലെ മഴയത്തിറങ്ങി നനയലാണ് മെയിൻ ഹോബി..
ഞാനിതൊക്കെ കണ്ടോണ്ടു തൂക്കം പിടിച്ച കോയീന്റെ മാതിരി ഇരിക്കുന്നതല്ലാതെ ഒപ്പം നനയാനൊന്നും നിക്കാറില്ല..
വെറുതെ ജലദോഷം വിളിച്ചു വരുത്തണ്ട കാര്യമുണ്ടോ..
വർഷത്തിൽ മുഴുവനും മഴയില്ലാത്തോണ്ട് ഈ ഭ്രാന്ത് സഹിക്കണ്ടാല്ലോ എന്നാശ്വസിക്കാനും വയ്യ..
മഴയില്ലെങ്കി പിന്നെ നിലാവാണ് ഓൾടെ കൂട്ട്..
പോരാത്തതിന് അല്പസ്വല്പം കവിതയുടെ
അസ്കിതയുമുണ്ട്..
അതിലും കഞ്ഞിക്കൊപ്പം പപ്പടമെന്ന പോലേ കൊറെ മഴയും നിലാവും ചേർക്കാറുമുണ്ട്..
എനിക്കിതൊന്നും രസിക്കാറില്ല താനും..
വെറുതെയല്ല ഞാൻ അൺ റൊമാന്റിക്കായെ..
വൈന്നേരം ചായ കുടിച്ചോണ്ടിരിക്കുമ്പൊ അവളടുത്തേക്ക് വന്ന്..
മുഖത്ത് പതിവില്ലാത്ത സന്തോഷവും കാണുന്നുണ്ട്..
എന്താണാവോ കാര്യം..
ഇനീപ്പോ വിശേഷം വല്ലതും..
അങ്ങനെ സംഭവിക്കാനും വഴീല്ലാലോ..
ചിന്തകൾ കാടുകയറുന്നതിനിടെ അവൾ മൊബൈല് എനിക്ക് നേരെനീട്ടി..
പടച്ചോനെ..
നേരത്തേ അവളിട്ട മിഡിയും ടോപ്പും
ഫോട്ടൊക്ക് ആളുകള് പ്രശംസ കൊണ്ടു മൂടിയെക്കാണു..
കൊട്ടക്കണക്കിന് ലൈക്കും..
അതിലൊരു സാമദ്രോഹിയുടെ കമന്റ്..
ചേച്ചിയെക്കണ്ടാൽ കോളെജ് സ്റ്റുഡന്റാണെന്നേ തോന്നുള്ളൂന്നു..
“എടീ..
ആളുകളിങ്ങനെ പലതും പറയും..
നീയത് വിശ്വസിക്കാനൊന്നും പോവണ്ടാ..
“ഓ പിന്നെ..
ഇതൊക്കെ വിശ്വസിക്കാൻ മാത്രം മണ്ടിയൊന്നുമല്ല ഞാൻ..
എന്നുംപറഞ്ഞവള് മൊബൈൽ തിരികെ വാങ്ങിച്ചു..
“ഇങ്ങക്കോർമ്മയുണ്ടോ..
കല്യാണം കഴിഞ്ഞ പാടൊക്കെ കിടക്കാൻ നേരം നിങ്ങളെന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടു വാതോരാതെ സംസാരിക്കാറുണ്ടാരുന്നു..
എന്റെ കണ്ണുകളുടെ ഭംഗിയെപ്പറ്റി..
എന്തിനധികം പറയണം എത്രതവണ കണ്ണെഴുതി തന്നിട്ടുണ്ടെന്നറിയോ..
എന്നെക്കൊണ്ട് പാട്ടുപാടിപ്പിക്കും..
ഇപ്പഴെന്റെ കണ്ണിലെക്ക് ഒന്നു നോക്കി മിണ്ടാൻ പോലും നേരമില്ലാണ്ടായി..
എന്റെ ശബ്ദംപോലും അരോചകമായിത്തുടങ്ങി..
പറഞു മുഴുമിപ്പിക്കുന്നതിനു മുമ്പെയാ കണ്ണുകള് നിറയുന്നുണ്ടാരുന്നു..
സത്യത്തിലെനിക്കും വിഷമം തോന്നി..
ഇത്തിരി നേരം അവൾക്കു മാത്രമായി മാറ്റിവെക്കാൻ സമയമില്ലാഞ്ഞിട്ടൊന്നുമല്ല..
സമയം കണ്ടെത്താഞ്ഞിട്ടാണ് ശരിക്കും..
“എടീ ഞാൻ..
“ഒന്നും പറയണ്ട..
ഞാനിക്കാനേ വിഷമിപ്പിക്കാനൊന്നും പറഞ്ഞതല്ല..
എനിക്കറിയാം ആ മനസ് നിറയേ സ്നേഹമാണെന്നു…
നമുക്ക് ഏറെ പ്രിയപ്പെട്ടവരിൽ നിന്നുളള പരിഗണനകൾ അഭിനന്ദനങ്ങൾ ഒക്കെ കേൾക്കുമ്പൊ കിട്ടുന്നൊരു സന്തോഷമുണ്ടല്ലോ..
അതുമതി മറ്റെല്ലാ വേദനകളും മറക്കാൻ..
അത്രയെ കൊതിച്ചിട്ടുമുള്ളൂ..
പറഞ്ഞു മുഴുമിപ്പിക്കും മുമ്പെ ഞാനവളെ ചേർത്തുപിടിച്ചു..
നഷ്ടപ്പെട്ടു പോയതെന്തോ തിരികെ കിട്ടിയ സന്തോഷമാരുന്നു മനസ്സിലപ്പോൾ..
പുറത്ത് നാല്ല കാറ്റുണ്ടെന്നു തോന്നുന്നു..
ജനാലകൾ ശക്തിയായടയുന്ന ശബ്ദം..
ദൂരെയെവിടെയൊ മഴ പെയ്യുന്നുണ്ടാവാം..
ഒപ്പമെന്റ മനസ്സിലും.