തെരുവിലാക്കപ്പെടുന്ന വാർദ്ധക്യം

തെരുവിലാക്കപ്പെടുന്ന വാർദ്ധക്യം


കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള ഓട്ടം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയപ്പോഴാണ് പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ ഫോൺകോൾ വരുന്നത്. അത്യാവശ്യമാണ് പെട്ടെന്ന് തന്നെ മാറഞ്ചേരി ഹോസ്പിറ്റലിലേക് ചെല്ലാൻ പറഞ്ഞു.വിശദമായി ഒന്നും പറഞ്ഞില്ല. വീട്ടിലാണ് ഉടനെ വരാമെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്ചെയ്തു.വിളിച്ചത് പഞ്ചായത്ത്‌ പ്രസിഡണ്ട് ആയതിനാലും പുള്ളിക്കാരി നിസ്സാര കാര്യങ്ങൾക്ക് അത്ര തിരക്ക്കൂട്ടി വിളിക്കാറില്ലാത്തതിനാലും ഹോസ്പിറ്റൽ കേസായതിനാലും ഉടനെ തന്നെ വണ്ടിയെടുത്ത് ഹോസ്പിറ്റലിലെത്തി. എത്തിയ വിവരം പ്രസിഡണ്ടിനെ വിളിച്ചു പറയുകയും ചെയ്തു. അല്പസമയത്തിന് ശേഷം 90 വയസ്സുള്ളൊരു അമ്മയെ വീൽചെയറിലിരുത്തി പ്രസിഡണ്ട് തന്നെ തള്ളിക്കൊണ്ട് വരുന്നത് കണ്ടു. കൂടെ എന്റെ വാർഡ് മെമ്പറും ഞാനറിയുന്ന ഒരു സഖാവും നാലാം വാർഡിലെ മെമ്പറും ഉണ്ടായിരുന്നു. ആ സഖാവിന്റേയോ മെമ്പറുടേയോ അമ്മയോ ബന്ധുവോ ആണെന്നാണ് ഞാനാദ്യം കരുതിയത്. ആരുതന്നെ ആയാലും അവരെ വണ്ടിയിൽ കയറ്റാൻ ഞാനുംകൂടി സഹായിച്ചു. പിന്നീട് അവരുമായി പോവുമ്പോഴാണ് ആ അമ്മ ആരാണെന്നും അവരുടെ അവസ്ഥയെന്താണെന്നും പ്രസിഡണ്ടും മെമ്പറും വിശദമായി പറഞ്ഞത്. നാലാം വാർഡിലെ താമസക്കാരിയാണ് ആ അമ്മ. വീട്ടിലെ പ്രശ്നങ്ങൾ കാരണം പൊറുതിമുട്ടി രാവിലെ വീട് വിട്ടിറങ്ങിയതാണ്. റോഡിൽ വന്ന് ഏതെങ്കിലും വണ്ടിയുടെ മുന്നിൽ ചാടി ചാവുമെന്നും അല്ലെങ്കിൽ കിണറ്റിൽ ചാടി ചാവുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയ ക്ഷീണിതയായ ആ അമ്മയെ നാലാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സനും കൂടിയായ വ്യക്തി തന്നെയാണ് കാലത്ത് മാറഞ്ചേരി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പ്രസിഡണ്ടിനേയും പോലീസിനെയും വിവരമറിയിച്ചു. അമ്മയുടെ വീട്ടിൽ നിന്ന് മരുമകൾ വന്നെങ്കിലും അമ്മയെ തുടർന്ന് നോക്കാനും പരിചരിക്കാനും കഴിയില്ലെന്ന് മരുമകൾ തീർത്തുപറഞ്ഞ് കയ്യൊഴിഞ്ഞു. അക്കാര്യം പ്രസിഡണ്ട് അവരെക്കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു . ബന്ധുക്കൾ കയ്യൊഴിഞ്ഞ ആ അമ്മയെ ഇനി വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കുക മാത്രമേ അധികൃതർക്ക് വഴിയുള്ളൂ. അതിനാണ് എന്നെ വിളിച്ചത്. തവനൂരുള്ള വൃദ്ധമന്ദിരത്തിലേക്ക് പോവുന്നതിന് മുമ്പ് പൊന്നാനി ഹോസ്പിറ്റലിൽ പോയി മെന്റലി സ്റ്റേബിൾ സർട്ടിഫിക്കറ്റ് അടക്കം പല ടെസ്റ്റുകളും ചെയ്ത് റിസൾട്ട് കിട്ടണം. അതിനായി ഞാനും പ്രസിഡണ്ടും മെമ്പറും കൂടി പൊന്നാനി ഹോസ്പിറ്റലിലെത്തി. അധികം വൈകാതെ മാറഞ്ചേരി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയപെഴ്‌സനും ഒന്നാം വാർഡ് മെമ്പറുമായ ആളും പതിനാലാം വാർഡ് മെമ്പറും അങ്ങോട്ടെത്തുകയും ചെയ്തു. ടെസ്റ്റുകൾ ചെയ്തതിന്റെ റിസൾട്ടുകൾ ഒരു ദിവസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്ന് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു. റിസൾട്ട് കിട്ടിയാൽ മാത്രമേ അമ്മയെ വൃദ്ധ മന്ദിരത്തിലാക്കാനും പറ്റൂ. ഈ ഒരു ദിവസം പ്രസിഡണ്ടിന്റേയും മെമ്പർമാരുടെയും ഉത്തരവാദിത്വത്തിൽ എവിടെയെങ്കിലും താമസിപ്പിക്കുകയോ ഹോസ്‌പിറ്റലിൽ അഡ്മിറ്റാക്കുകയോ വേണം. അതുമല്ലെങ്കിൽ ഏതെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാവണം. പഞ്ചായത്തിന്റെ അധീനതയിൽ അമ്മയെ പാർപ്പിക്കാനുള്ള സ്ഥലം ഇല്ലാത്തതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കാൻ ശ്രമിച്ചു. സാങ്കേതിക കാരണങ്ങളാൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്ന കാര്യം ശെരിയായില്ല. തൽക്കാലം ഒരു ദിവസത്തേക്കെങ്കിലും താമസിപ്പിക്കാൻ അമ്മയുടെ പല ബന്ധുക്കളേയും പ്രസിഡണ്ടും മെമ്പർമാരും ബന്ധപ്പെട്ടു. ആരും തയ്യാറായില്ല. ഒടുക്കം അമ്മ തന്നെയാണ് ഒരു ബന്ധുവിനെപ്പറ്റി പറഞ്ഞതും അങ്ങോട്ട് പോവാമെന്ന് പറഞ്ഞതും. അമ്മ തന്നെ ആ ബന്ധുവിന്റെ പേരും അഡ്രസ്സും സ്ഥലവും കൃത്യമായി പറഞ്ഞുതരികയും ചെയ്തു. വയസ്സ് 90 കഴിഞ്ഞെങ്കിലും അമ്മയുടെ ഓർമ്മശക്തി കണ്ടിട്ട് ഞങ്ങൾ അത്ഭുതപ്പെട്ടുപോയി എന്നതാണ് വാസ്തവം.

അങ്ങനെ അമ്മ പറഞ്ഞതനുസരിച്ച് ഞങ്ങൾ ആ സ്ഥലത്തെത്തി. ബുദ്ധിമുട്ടില്ലാതെ ആ ബന്ധുവിനെ കണ്ടെത്തുകയും ചെയ്തു. അയാളോട് കാര്യം പറഞ്ഞപ്പോ അമ്മയെ കാണാൻ വണ്ടിയിലേക്ക് വന്ന് എന്തുപറ്റിയെന്ന് അമ്മയോട് ചോദിച്ചപ്പോ, കരഞ്ഞുകൊണ്ടാണ് ആ അമ്മ ഇന്നൊരു രാത്രി എനിക്ക് താങ്ങാനൊരിടം തരണമെന്ന് പറഞ്ഞത്. അത് കേട്ടപ്പോ ചങ്ക് തകർന്ന് പോയി. ഇത് തന്റെ അമ്മയുടെ അമ്മായിയാണെന്നും വർഷങ്ങളായി അമ്മ അവരുടെ കൂടെയായിരുന്നെന്നും അദ്ധേഹവും ഭാര്യയുമാണ് അമ്മയെ നോക്കിയിരുന്നതെന്നും ആ ബന്ധു പറഞ്ഞു. അത് ശെരിയാണെന്ന് അമ്മ സമ്മതിക്കുകയും ചെയ്തു. പിന്നീട് അമ്മയുടെ മരുമകൾ വന്ന് കൂട്ടിക്കൊണ്ട് പോയെന്നും കുറച്ച് കഴിഞ്ഞു മരുമകൾക്ക് ബാധ്യതയായി തോന്നിയപ്പോ മുമ്പ് വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കിയിരുന്നെന്നും ആ ബന്ധു പറഞ്ഞറിയാൻ കഴിഞ്ഞു. തൽക്കാലം രണ്ട് ദിവസത്തേക്ക് അമ്മയെ അവിടെ താമസിപ്പിക്കാൻ പറഞ്ഞപ്പോ രണ്ട് ദിവസമല്ല ഒരാഴ്ചയോ ഒരു മാസമോ താൻ നോക്കിക്കോളാമെന്ന് അദ്ധേഹം സമ്മതിച്ചു. എന്നിരുന്നാലും സ്ഥിരമായി നോക്കാനുള്ള പ്രയാസവും വിഷമത്തോടെ അദ്ധേഹം തുറന്ന് പറഞ്ഞു. അങ്ങനെയെങ്കിലും അദ്ദേഹമത് സമ്മതിച്ചപ്പോഴാണ് ഞങ്ങൾക്കും സമാധാനമായത്. തുടർന്ന് അമ്മയെ ആ വീട്ടിലാക്കി രണ്ട് ദിവസം കഴിഞ്ഞാൽ വൃദ്ധമന്ദിരത്തിലേക്ക് കൊണ്ടുപോയ്ക്കോളാം എന്ന് ഉറപ്പ് കൊടുത്ത് ഞങ്ങൾ അവിടന്നിറങ്ങി. തിരിച്ചു വരുമ്പോ ഒന്നാം വാർഡ് മെമ്പറെ അവരുടെ വീടിനടുത്തും, നാലാം വാർഡ് മെമ്പറേയും പ്രസിഡണ്ടിനേയും നാലാംവാർഡിലുള്ള ഒരു പുതിയ റോഡ് ഉത്ഘാടനസ്ഥലത്തും ഇറക്കി. പ്രസിഡണ്ട് സ്വന്തം കയ്യിൽ നിന്ന് വണ്ടി വാടകയും തന്ന് പതിനാലാം വാർഡ് മെമ്പറായ ടീച്ചറെ അവരുടെ സ്ഥലത്തേക്ക് കൊണ്ടുവിടാൻ പോവുന്നവഴി ടീച്ചർ ഒരു ബേക്കറിയിൽ കേറി കുറച്ച് ഐസ്ക്രീം വാങ്ങുന്നത് കണ്ടു. തന്റെ വാർഡിലെ ഏതോ പരിപാടിക്ക് ധൃതിപ്പെട്ട് പോവുന്ന ടീച്ചറെന്തിനാ ഐസ്ക്രീം വാങ്ങാൻ നിർത്തിയത് എന്ന് ചിന്തിച്ച എന്റെ മനസ്സ് വായിച്ചെന്നോണം ടീച്ചർ ഐസ്ക്രീം വാങ്ങാനുള്ള കാരണം പറഞ്ഞു. ടീച്ചർ അപ്പൊ പോവുന്നത് തന്റെ വാർഡിൽ നടക്കുന്ന പഠന ലിഖ്‌ന അഭിയാൻ പരിപാടിയിലേക്കാണ്. അതായത് പ്രായമായവർക്ക് അവരുടെ പേരും മേൽവിലാസവുമെങ്കിലും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നൊരു പദ്ധതി. അവിടെ വരുന്നൊരു അമ്മ ടീച്ചറോട് പങ്കുവെച്ച സങ്കടം കേട്ടിട്ടാണ് ടീച്ചർ ഐസ്ക്രീം വാങ്ങിയത്. അതായത് ആ അമ്മയുടെ വീട്ടിൽ മക്കളും പേരക്കുട്ടികളും ഐസ്ക്രീമും മറ്റുള്ള സാധനങ്ങളും വാങ്ങിക്കൊണ്ട് വന്ന് കഴിക്കും. അമ്മക്ക് കൊടുക്കാറില്ലെന്ന് മാത്രമല്ല വേണോ എന്നൊരു ചോദ്യം പോലും ഉണ്ടാവാറില്ലത്രേ. തനിക്കും ഐസ്ക്രീം കഴിക്കാനൊക്കെ ആഗ്രഹമുണ്ടെന്നും പെൻഷൻ കിട്ടുന്ന പൈസ കൊണ്ട് ആ ആഗ്രഹം തീർക്കാമെങ്കിലും ഐസ്‌ക്രീം വാങ്ങാൻ അടുത്ത വീട്ടിലെ കുട്ടികളോട് പറയുമ്പോ അവർ തന്റെ വീട്ടിലെ പ്രശ്നം അറിയില്ലേ അതുകൊണ്ട് ആ ആഗ്രഹം വേണ്ടെന്ന് വെക്കുകയാണ് എന്ന ആ അമ്മയുടെ വാക്കുകളാണ് ഐസ്ക്രീം വാങ്ങി ആ അമ്മമാർക്ക് കൊടുക്കാൻ ടീച്ചറെ പ്രേരിപ്പിച്ചത്. തങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത ആ 90 വയസ്സുള്ള അമ്മക്ക് വേണ്ടി തങ്ങളുടെ ഔദ്യോഗികമായ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഭക്ഷണം പോലും കഴിക്കാതെ ഒരു പകൽ മുഴുവനും ആ അമ്മക്ക് വേണ്ടി ഓടിനടന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റേയും മെമ്പർമാരുടേയും അർപ്പണബോധത്തിന്റേയും കരുണയുടെയും ആത്മാർത്ഥതയുടേയും നൂറിലൊരംശം ആ അമ്മയുടെ മരുമകൾക്കും അവരുടെ മക്കൾക്കും ഉണ്ടായിരുന്നെങ്കിൽ ആ അമ്മക്ക് തെരുവിലേക്കിറങ്ങേണ്ട ഗതികേട് വരില്ലായിരുന്നു. തന്റെ വാർഡിലെ ഒരമ്മയുടെ സങ്കടം കേട്ട് ടീച്ചർക്ക് അവരോട് തോന്നിയ അലിവിന്റെ നൂറിലൊരംശം ആ അമ്മയുടെ മക്കൾക്കും പേരക്കുട്ടികൾക്കും തോന്നിയിരുന്നെങ്കിൽ ആ അമ്മക്ക് ടീച്ചറോട് സങ്കടം പറയേണ്ടിവരികയോ ടീച്ചർ ഐസ്ക്രീം വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിക്കേണ്ടിയും വരില്ലായിരുന്നു. ഇതുപോലെ എത്രയെത്ര അമ്മമാർ തെരുവിലേക്കും വൃദ്ധസദനങ്ങളിലേക്കും വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടാവും. എത്രയെത്ര അമ്മമാർ തങ്ങളുടെ സങ്കടങ്ങൾ മറ്റാരോടും പറയാതെ ഉള്ളിലൊതുക്കി നടക്കുന്നുണ്ടാവും. അല്ലെങ്കിലും നമുക്ക് നേരിട്ട് സംഭവിക്കാത്ത കാര്യങ്ങളെല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണല്ലോ. വാർദ്ധക്യമെന്നത് രണ്ടാം ബാല്യമാണ്. കൊച്ചുകുട്ടികളെ പരിചരിക്കുന്നത് പോലെ മരണം വരെ അവരെ പരിചരിച്ചേ മതിയാവൂ. അല്ലാതെ അവരുടെ ചോരയും നീരും കളഞ്ഞ് നമ്മളെ പോറ്റി വളർത്തി വലുതാക്കിയിട്ട് അവരിൽനിന്ന് കിട്ടാവുന്ന സ്വത്തും കൈക്കലാക്കി അവരെ തെരുവിലേക്കെറിയുകയല്ല വേണ്ടത്. ഗർഭമായിരിക്കുമ്പോൾ അവരുടെ വയറ്റിൽ വെച്ചോ ജനിച്ചതിനു ശേഷമോ നമ്മളെ അവർ ഇല്ലാതാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്ന് അവരെ സങ്കടപ്പെടുത്താനും തെരുവിലേക്കിറക്കാനും നമ്മളുണ്ടാവുമായിരുന്നോ എന്ന് ചിന്തിക്കണം. ജന്മം തന്നവരെ ഉപേക്ഷിച്ചിട്ട് ജീവിതത്തിൽ എന്ത് നേടിയിട്ടെന്താ കാര്യം. അവരുടെ ശാപം കിട്ടിയാൽ ഏത് പുണ്യ നദിയിൽ മുങ്ങിയാലും എത്ര ഹജ്ജ് ചെയ്താലും ശാപമോക്ഷം കിട്ടില്ല. ഇന്ന് സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി വൃദ്ധരായ മാതാപിതാക്കളെ അകറ്റിനിർത്തുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നവർ നാളെ അവരുടെ മക്കൾ അവരോട് അങ്ങനെ ചെയ്യുമ്പോഴേ പഠിക്കൂ. ഒരു കണക്കും ചോദിക്കാൻ ബാക്കിവെച്ചിട്ട് കാലം കടന്ന് പോയിട്ടില്ല. ജന്മംകൊണ്ടും കർമ്മംകൊണ്ടും ബന്ധംകൊണ്ടും സ്ഥാനംകൊണ്ടും പല ഉമ്മമാരും അമ്മമാരും ഉപ്പയും ഉപ്പയുടെ സ്ഥാനം കൊടുക്കുന്നവരുമുണ്ട് എന്റെ ജീവിതത്തിൽ. അവരോടൊക്കെ കയർക്കുകയും പിണങ്ങുകയും ചെയ്യുന്ന സാധാരണക്കാരൻ തന്നെയാണ് ഞാനും. ഇനി മറ്റെന്തൊക്കെ നേടിയാലും ആരൊക്കെ ജീവിതത്തിൽ വന്നാലും അവരുടെയൊക്കെ തട്ട് താണ് തന്നെയിരിക്കും. ഞാനും എന്റെ ഭാര്യയും അവരെയൊക്കെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് കണ്ടുവേണം ഞങ്ങളുടെ മക്കൾ വളരാൻ. അല്ലെങ്കിൽ ഞങളുടെ ഗതിയും അധോഗതി തന്നെയായിരിക്കും എന്ന ഉത്തമബോദ്ധ്യമുണ്ട്. പലർക്കും ആ ബോദ്ധ്യമുണ്ടായാൽ പൂട്ടേണ്ടിവരുന്ന വൃദ്ധമന്ദിരങ്ങളേ നമ്മുടെ നാട്ടിലുള്ളൂ.

✍️ റിയാദ് മാറഞ്ചേരി

ഫോട്ടോ കടപ്പാട് ഗൂഗിൾ

Leave a Reply

Your email address will not be published. Required fields are marked *