തനിയെ ഒത്തിരി ദൂരം

തനിയെ ഒത്തിരി ദൂരം
………………🦋

ആകാശത്ത് മിന്നിത്തിളങ്ങുന്ന ഒറ്റനക്ഷത്രത്തെ നോക്കി ബാൽക്കണിയിലിരിക്കുമ്പോൾ ഉള്ളിലൊരു തണുപ്പ് പടരുന്നതറിയുന്നുണ്ടായിരുന്നു മാളവിക.
അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുള്ള മുല്ലപൂവിന്റെ സുഗന്ധവും മുടിയിഴകളെ തൊട്ടുതലോടി കടന്നുപോകുന്ന കുളിർക്കാറ്റും വല്ലാത്തൊരനുഭൂതിയാണ് സമ്മാനിക്കുന്നത്.

നഗരത്തിന്റെ ബഹളങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ആ വലിയ കെട്ടിട സമുചയത്തിന്റെ മുകൾ നിലകളിലൊന്നിലെ തന്റെ ഫ്ലാറ്റ് ജീവിതത്തിനിടയ്ക്ക് എപ്പോയെങ്കിലും താനീ നാട്ടിൻപുറത്തിന്റെ നിശബ്ദതയിൽ അലിയാൻ ആഗ്രഹിച്ചിരുന്നുവോ ?

അത്തരമൊരു ചോദ്യം മനസിൽ ഉരുതിരിഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ ആ ചോദ്യത്തിനുള്ള ഉത്തവും കണ്ടെത്തി.

“ഇല്ല, താനൊരിക്കലും അത് ആഗ്രഹിച്ചിട്ടില്ല, നഗര ജീവിതം പുറമേ ബഹളങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞതാണെങ്കിൽ പോലും തന്റെ ഫ്ലാറ്റിനുള്ളിലെ ഏകാന്ത ജീവിതം സന്തോഷത്തോടെയുള്ളതാണ്.
ബാഹ്യമായ ബഹളങ്ങളൊന്നും തന്നെ ആ ചുവരുകളെ കടന്ന് തന്നിലേകെത്താറില്ല എന്നതാണ് സത്യം , അവിടെ താനും തന്റെ ഇഷ്ടങ്ങളും മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്.

മൂന്നു വർഷത്തോളമായി തനിയെയുള്ള ജീവിതം ആസ്വദിക്കാൻ തുടങ്ങിട്ട് , വളരെ വിരളമായി മാത്രമേ ഈ നാളുകൾക്കിടയിൽ വീട്ടിലേക്ക് വന്നിട്ടുള്ളൂ , ഇവിടെയത്തിയാലും പെട്ടെന്ന് തിരികെ പോകാറാണ് പതിവ് , എന്തുകൊണ്ടോ ഫ്ലാറ്റിലെ തിരക്കുകൾക്കിടയിലെ കുരുങ്ങി കിടക്കുന്ന ജീവിതം തനിക്കിന്ന് അത്രമേൽ പ്രിയപ്പെട്ടതാണ്.

പക്ഷേ , പ്രിയപ്പെട്ട തിരക്കുകൾ തനിക്ക് അന്യമായിട്ട് ഇന്നേക്ക് നാലുദിനമായിരിക്കുന്നു.
തന്റെ റൂമിലെ ഒരു കോർണറിൽ മനോഹരമായി പണികഴിപ്പിച്ച ഷെൽഫിൽ വൃത്തിയിൽ അടുക്കിവെച്ചിട്ടുള്ള ഓഫീസ് ഫയലുകൾ തന്റെ സ്പർശനമേൽക്കാതെ പൊടി പിടിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത പോലും ആ നിമിഷം മനസിനെ ഒന്നുപിടിച്ചുലച്ചു.

പഠിച്ച പണി പതിനെട്ടും നോക്കിയതാണ് പെട്ടന്ന് തിരിച്ച് പോകാൻ , പക്ഷേ ഇത്തവണ അതിന് സാധിച്ചില്ല. കുറച്ചു ദിനങ്ങൾ തിരക്കുകളൊഴുവാക്കി അവർക്കൊപ്പം കൂടാൻ ഏവരും നിർബന്ധിച്ചപ്പോൾ തനിക്കു മുന്നിൽ ഇവിടെ നിൽക്കുകയല്ലാതെ മറ്റുമാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ലതാനും.

സമയം ഏറേ കടന്നുപോയിരിക്കുന്നു.
ദിശയറിയാതെ തനിയെ കൊടുംകാട്ടിൽ അകപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അലയുന്ന സഞ്ചാരിയെ പോൽ മനസിലെ ചിന്തകളും ലക്ഷ്യമില്ലാതെയലയുന്നു …
✨✨✨✨✨✨✨✨✨✨✨✨
മാളു ….
പുറകിലെ കാല്ലൊച്ച കേട്ടാണ് ചിന്തകളിൽ നിന്ന് വിട്ടുണർന്നത്. കാലടികളോടൊപ്പം കാതിൽ വന്നു പതിഞ്ഞ സ്വരം ഏട്ടന്റെ വരവറിയിക്കുന്നതായിരുന്നു.

“നിന്റെ തീരുമാനം ഉറച്ചതണോ?”

തനിക്ക് അഭിമുഖമായിരുന്നതിൽ പിന്നെ അല്പനേരത്തെ ആലോചനകൾക്ക് ശേഷമാണ് ഏട്ടനിൽ നിന്നൊരു ചോദ്യം എന്നെ തേടിയെത്തിയത്.

പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നതു കൊണ്ടുതന്നെ മറുപടി നൽകാൻ താമസം വേണ്ടി വന്നില്ല.

“”””അതെ ഏട്ടാ, എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ല, എന്റെ ജീവിതമല്ലേ, അതെന്റെ ഇഷ്ടപ്രകാരം ജീവിക്കുവാൻ അനുവദിച്ചു കൂടെ , എന്തിനാണ് ഇഷ്ടമില്ലാത്തൊരു ജീവിതം തിരഞ്ഞെടുക്കാൻ നിങ്ങളെല്ലാം എന്നെ ഇങ്ങനെ നിർബന്ധിക്കുന്നതെന്ന് മനസിലാവുന്നില്ല. “”””

“”””മ്മ് , ശരിയാണ് നിന്റെ ജീവിതമാണ് .നിന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടതും. അതെല്ലാം ഞാനും അംഗീകരിക്കുന്നു.
പക്ഷേ ,ഒന്നു ചോദിച്ചോട്ടെ ഞാൻ .
നിന്റെ ഏട്ടനായ എനിക്കും നിന്നെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനും അമ്മയ്ക്കും ഒന്നും നിന്റെ ജീവിതത്തിൽ സ്ഥാനമില്ലേ ?നിന്നെ കുറിച്ച് സ്വപ്നങ്ങൾ കാണാൻ ഞങ്ങൾക്ക് അവകാശമില്ലേ ? നീയൊരു വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് തെറ്റണോ? നിനക്ക് ദോഷമായി വരുന്നതെന്തങ്കിലും ഞങ്ങൾ ചെയ്യുമോ?””””

“””” ഏട്ടാ…പ്ലീസ് എന്നെയൊന്ന് മനസിലാക്കാൻ ശ്രമിക്കൂ. എനിക്കറിയാം നിങ്ങളെനിക്കെന്നും നല്ലത് വരാൻ മാത്രമേ ആഗ്രഹിക്കൂ എന്ന് , എന്റെ ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ നിങ്ങൾക്ക് അവകാശമുണ്ട്.
പക്ഷേ …
ഇത് സ്വപ്നങ്ങളുടെയും അവകാശങ്ങളുടെയും പ്രശ്നമല്ല ഏട്ടാ..
ജീവിതമല്ലേ , എനിക്ക് കൂടി തോന്നണ്ടേ ആ സ്വപ്നങ്ങളെ എന്റേതൂകൂടിയാകാൻ . “””

എനിക്ക് ദേഷ്യമോ സങ്കടമോ എന്തോക്കെയോ തോന്നുന്നുണ്ടായിരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ എന്താണിപ്പോ പ്രശ്നം. വിവാഹമാണോ ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവിവാഹിതയായി ജീവിക്കുന്നതിൽ എന്തിനാണിത്ര എതിർപ്പ് എല്ലാർക്കും ?
ഉള്ളിൽ ചോദ്യങ്ങളുടെ പ്രവാഹം തന്നെയുണ്ടായിരുന്നെങ്കിലും കുറച്ച് സമയം മൗനം പാലിച്ചിരുന്നു ,
ഞാൻ ഇനിയെന്തങ്കിലും പറയാൻ തുടങ്ങിയാൽ അതിനൊരവസാനം കാണാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.

“””മാളു … മോള് പറയുന്നത് ഏട്ടനു മനസിലാവുന്നുണ്ട്.
അനിയത്തി എന്നതിലുപരി നീയെന്റെ മോളല്ലേ . . ആ നിന്നെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ആളുകളോരൊന്ന് പറയണത് കേൾക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലാണ് .
അതുകൊണ്ടാണ് ഞാ….”””

“””ഏട്ടാ…. ഒന്ന് നിർത്തുമോ ….”””

ഇത്ര നേരം ഉള്ളിൽ പിടിച്ചു വെച്ചതെല്ലാം പുറത്തുചാടാൻ അധിക നേരം വേണ്ടി വന്നില്ല.

“എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും ഇന്നും നമ്മുടെ സമൂഹം പെണ്ണിനു നൽകുന്ന ചില വിലക്കുകളുണ്ട്.
ഒരു സ്ത്രീ മാന്യമായി ഒറ്റക്ക് ജീവിക്കുന്നത് ചിലരുടെ കണ്ണിന് പിടിക്കില്ല.
അവളെ കുറിച്ച് കഥകൾ മെനയാൻ തുടങ്ങും , ചെന്നായ്ക്കളെപ്പോലെ കൂട്ടമായിരുന്ന് അവൾക്കെതിരെ കരുക്കൾ നീക്കും.
ഏറ്റവും മോഷപ്പെട്ട സ്ത്രീയായി അവളെ മുദ്രകുത്തും.
അവൾക്കില്ലാത്ത കുറ്റങ്ങും കുറവുകളും ഉണ്ടാകില്ല.
സമൂഹത്തിലെ ഏറ്റവും നീചയായ ജന്മം അവളുടെതായി കൊട്ടിയാഘോഷിക്കും.

വയസ്സ് ഇരുപത്തിയെട്ട് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ, വീട്ടിൽ നിന്ന് മാറി, ദൂരെ ടൗണിൽ ഫ്ലാറ്റെടുത്ത് ഒറ്റക്ക് തമാസിക്കുന്ന ഞാനും ചിലരുടെ കണ്ണിലെ കരടാണ്.
എന്നെ കുറിച്ചും ഒരുപാട് കഥകൾ ഇറങ്ങിട്ടുണ്ടാവാം അത് സ്വാഭാവികമാണ്. കാരണം നമ്മുടെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ അങ്ങനെയൊന്നാണ്.

പക്ഷേ …. ഞാനതൊന്നും കാര്യമായി എടുക്കുന്നില്ല. അതിന്റെ ആവിശ്യം ഇല്ല താനും.
എനിക്കറിയാം ഞാൻ എന്താണെന്ന് അത് എന്റെ കുടുംബത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം.
ആരുടേയും ഇടുങ്ങിയ ചിന്തഗതികളെ ഭയന്ന് ഇഷ്ടമില്ലാതൊരു ജീവിതം സ്വീകരിച്ച്, എന്റെ സന്തോഷങ്ങളെ തല്ലികെടുത്താൻ ഞാനൊരുക്കമല്ല.
വിവാഹം, രണ്ടു പേരുടെ പൂർണ്ണ മനസോടെ നടക്കേണ്ട ഒന്നാണ്. മറ്റുള്ളവരുടെ പ്രരണയാൽ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതിൽ എന്ത് യുക്തിയാണുള്ളത്. രണ്ടുപേരുടെ ജീവിതം അറിഞ്ഞു കൊണ്ട് കുരുതി കൊടുക്കുന്നതിന് സമമാണത്. “

” അച്ഛന്റെയും ഏട്ടന്റെയും സംരക്ഷണ തണലിൽ , നിങ്ങൾ രണ്ടുപേരുടെയും കൈപിടിച്ച് നടന്നാണ് ഞാനിതുവരെ എത്തിയത്.

ഇനി തനിയെ ഒരിത്തിരി ദൂരം ഞാൻ നടക്കട്ടെ …
തളർന്നു വീഴില്ലെന്നെനിക്ക് ഉറപ്പാണ്, ഇനി ഒരുപക്ഷേ തളർന്നു വീഴുമെന്ന് തോന്നിയാൽ ഒരു കൈ സഹായത്തിനായി എനിക്കോടി വരാൻ എന്റെ കുടുംബം ഇല്ലേ ഇവിടെ ? ഏട്ടൻ ഉണ്ടാവില്ലേ എന്നെ ചേർത്തുപിടിക്കാൻ ?ഞാൻ പിന്നെ എന്തിന് സൂഹത്തെ ഭയക്കണം എന്റെ ഇഷ്ടങ്ങളെ ഇല്ലാതാകണം.
ജീവിതത്തിൽ കൂട്ടിന് ഒരു പങ്കാളി വേണമെന്ന് എന്നെങ്കിലും എനിക്ക് സ്വയം തോന്നുകയാണെങ്കിൽ അന്ന് ഞാൻ പറയാം.എനിക്ക് പറ്റിയ ഒരാളെ ഏട്ടൻ തന്നെ കണ്ടുപിടിച്ച് തന്നാൽ മതി. അതുവരെ വിവാഹത്തിന്റെ പേര് പറഞ്ഞ് എന്നെ ടോർച്ചർ ചെയ്യല്ലേ, ഈ ഒരൊറ്റ കാരണ കൊണ്ടാണ് വീട്ടിൽ വന്നു നിൽക്കാൻ പോലും എനിക്ക് മടി “”””

കുറേ നാളായി ഉള്ളിലൊതുക്കി വെച്ചതെല്ലാം തുറന്നു പറഞ്ഞപ്പോൾ എന്തന്നില്ലാത്ത ഒരാശ്വാസം തോന്നുന്നു. മനസ് ശാന്തമായിരിക്കുന്നു.
ചെയറിൽ നിന്നെണീച്ച് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് ആകാശത്തേക്ക് നോക്കിയപ്പോൾ ആ ഒറ്റ നക്ഷത്രത്തിന് കൂടുതൽ തിളക്കം വന്നതുപോലെ തോന്നി.

“”മാളു….””

തനിക്കു പിറകിൽ ഇരുകൈകളും വിടർത്തി പിടിച്ചുകൊണ്ട് വിളിച്ച ഏട്ടന്റെ മാറിലേക്ക് ചേരുമ്പോൾ ഞാൻ ഏട്ടന്റെ പഴയ കുഞ്ഞി മാളൂട്ടിയായിരുന്നു.
ഇത്തിരിയല്ല ഒത്തിരി ദൂരം ഏട്ടന്റെ മോള് മുന്നോട്ട് നടന്നോ ട്ടോ. ഏട്ടൻ ഉണ്ടാകും നിന്റെ തീരുമാനങ്ങളുടെ കൂടെയെന്നും . തലയിലരുമയായി തഴുകി കൊണ്ട് ഏട്ടനതു പറഞ്ഞപ്പോൾ സ്വർഗം കീഴടക്കിയ സന്തോഷം തോന്നി. നമ്മളെ മനസിലാക്കി ചേർത്തുപിടിക്കാൻ ഒരാളുണ്ടെങ്കിൽ അതിൽപരം സന്തോഷം നൽകുന്ന മറ്റെന്തുണ്ട്.

ഇനി തനിയെ ഒത്തിരി ദൂരം …

അവസാനിച്ചു❣️

One comment

  1. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *