
ടോക്കൺ നമ്പർ 10
ചെറുകഥ
പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിച്ചു തുളസി തറയിൽ വെള്ളവുമൊഴിച്ചു വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു വേഗം അടുക്കളയിലേക്ക് കടന്നു അന്നത്തെ പണികൾ വെപ്രാളം പിടിച്ചു ഓടി നടന്നു ചെയ്തു…
ഇളയ മകൾ അതിനിടക്ക് ഉണർന്നു കരയുന്നത് കേട്ടു… രണ്ട് വയസ്സ് ആകുന്നതേ ഉള്ളു അല്ലിമോൾക്ക്…. മൂത്തവൾ ക്കു 10 വയസ്സും അപ്പു…. ഓടിപ്പിടച്ചു മോളെയും എടുത്തു ഓടി വന്നപ്പോഴേക്കും അടുപ്പിലൂടെ പാൽ തിളച്ചു തൂകി പോകുന്നുണ്ടായിരുന്നു…വെപ്രാളത്തിൽ ഗ്യാസ് ഓഫ് ചെയ്യുമ്പോൾ കുഞ്ഞി വിരലിലൂടെ കുറച്ചു പാൽ വീണു പൊള്ളി… കുഞ്ഞിനേയും ഒരു കയ്യിൽ പിടിച്ചു കൊണ്ട് ബാക്കിയുള്ള ജോലി ചെയ്യുന്നതിനിടയിൽ ആണ് ഇടക്ക് വരുന്ന തലവേദന എവിടെ നിന്നോ ഓടി വന്നത്…
അനിയേട്ട ഇങ്ങോട്ട് വന്നേ മോളെ ഒന്നെടുക്കുമോ… കുറെ പ്രാവശ്യം വിളിച്ചിട്ടും അനക്കമൊന്നുമില്ല… വരില്ലെന്ന് അറിയാം എങ്കിലും ചിലപ്പോൾ വന്നെങ്കിലോ എന്നൊരു പ്രതീക്ഷയാണ് ആ വിളിയിൽ.. ജോലിയൊക്കെ വേഗത്തിൽ തീർത്തു ഇടക്ക് തലയിൽ വണ്ട് മൂളുന്ന പോലെയൊക്കെ തോന്നി തുടങ്ങിയപ്പോ ഹാളിലെ കസേരയിൽ ഒന്നിലേക്ക് ചാഞ്ഞിരുന്നു മോളെ ഒരു കൈ കൊണ്ട് മാറോടു അടുക്കിപ്പിടിച്ചു… ഇടക്കിടക്കു മാറിൽ കുഞ്ഞി കൈ പരതാൻ തുടങ്ങിയപ്പോ കുഞ്ഞിപ്പെണ്ണിന് വിശക്കുന്നുണ്ടെന്ന തോന്നലിൽ അവളെ മാറോടു അടക്കി പിടിച്ചു… അവളുടെ ചെറിയ ഞരങ്ങലിലും കുസൃതിയിലും ശരീരത്തിലെ അസ്വസ്ഥതകൾ മറന്നുവെന്നു നടിച്ചു…
ഇന്ദു ഇതുവരെ ചായ ആയില്ലേ… ഇതുവരെ ടിഫിൻ എടുത്തു വച്ചില്ലേ നീ അവിടെ എന്ത് ചെയ്യുകയാ… സമയത്തു ഒന്നും ചെയ്യില്ല എന്ത് മല മറിക്കുന്ന പണിയാ നീ ഇവിടെ ചെയ്യുന്നത്… കുറച്ചു ഉത്തരവാദിത്തം കാണിക്കു ഇന്ദു.. എന്റെ ഷർട്ട് എവിടെ.. വാച്ച് എവിടെ.. ടൈ എവിടെ വച്ചു.. മൊബൈൽ എവിടെ…… എല്ലാത്തിലും ഓടി നടന്നു എടുത്തു കൊടുത്തു.എല്ലാവരെയും കഴിപ്പിച്ചു.. അപ്പു മോളെയും ഒരുക്കി അനിയേട്ടന്റെ കൂടെ വിട്ടു… ഏട്ടൻ പോകുമ്പോൾ മോളെ സ്കൂളിൽ വിട്ടിട്ട് പോകും…. അതിനിടക്ക് എനിക്ക് വയ്യാന്നുള്ളത് ഞാനും മറക്കും… അല്ലെങ്കിൽ തന്നെ എനിക്കെന്താ അസുഖം.. ഇക്കണ്ട ജോലി മുഴുവൻ ചെയ്യുന്ന എനിക്ക് എന്ത് അസുഖം വരാൻ……
എല്ലാവരും പോയി കഴിഞ്ഞു ഞാനും അല്ലിമോളും ഒറ്റക്കായി.. മോളെ ഉറക്കി കിടത്തി തുണിയും കഴുകി വീടൊക്കെ തുടച്ചു വന്നപ്പോഴേക്കും മോള് വീണ്ടും ഉണർന്നു കരഞ്ഞു തുടങ്ങി.. അവളെയും എടുത്തു പുറത്തു കൊണ്ട് പോയി കാഴ്ചകൾ കാണിച്ചു ആഹാരം കൊടുത്തു… മോളെ മുഖവും കഴുകിച്ചു തിരിയുമ്പോ വയറ്റിൽ നിന്ന് കുറുകൽ കേൾക്കുന്നുണ്ട് വിശപ്പിന്റെ വിളി…. രാവിലത്തെയും ഉച്ചക്കലത്തേയും ഒന്നിച്ചു കഴിക്കാല്ലോ ഇനിപ്പോ…
ഓരോന്നോർത്ത് ആഹാരം കഴിച്ചു പാത്രം കഴുകി വയ്ക്കുന്നതിനിടയിൽ വീണ്ടും തലയിൽ വണ്ട് മുരളുന്ന ശബ്ദം കേട്ടു തുടങ്ങി… അത് പിന്നെ കൂടിക്കൂടി തല പൊട്ടിത്തെറിക്കും എന്ന രീതിയിൽ ആയപ്പോഴേക്കും അനിയേട്ടനെ ഫോൺ വിളിക്കാൻ തുടങ്ങി.. ആദ്യ ബെൽ കേട്ടപ്പോഴേ നെഞ്ചിടിച്ചു തുടങ്ങി എന്ത് പറയുമെന്ന് പേടിച്ചിട്ട്.. അങ്ങേതലക്കൽ നിന്ന് ഹലോ പറഞ്ഞപ്പോഴേ ഒറ്റ ശ്വാസത്തിൽ തനിക്ക് തീരെ വയ്യാന്നു പറഞ്ഞു…. അവിടെ നിന്ന് ശാസന ആയിരുന്നു കിട്ടിയത്… വെറ്തെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട് തോന്നുന്നതാണെന്നു കേട്ടപ്പോഴേ നെഞ്ചിനുള്ളിൽ നിന്ന് ഒരേങ്ങൽ പുറത്തേക്ക് വന്നു അതൊരു പൊട്ടിക്കരച്ചിലായി മാറി…കണ്ണിൽ ഇരുട്ട് പരന്നത് മാത്രം അറിയാം…
ബോധം വരുമ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ കാശ്വാലിറ്റിയിൽ ആയിരുന്നു… വെപ്രാളത്തിൽ ചാടി എണീറ്റ് മോളെ തിരക്കി ബഹളം തുടങ്ങി… സിസ്റ്റർ വന്നു വഴക്ക് പറഞ്ഞു ശരീരം ഉലക്കാതിരിക്കാനും ഇന്നലെ മുഴുവൻ ബോധം ഇല്ലാതെ icu വിൽ ആയിരുന്നെന്നും….ഈശ്വരാ ഒരു ദിവസം മുഴുവൻ ഞാനിവിടെ കിടന്നെന്നോ ബോധം ഇല്ലാതെ… എന്റെ കുഞ്ഞുങ്ങൾ അനിയേട്ടൻ ഒക്കെ എന്ത് ചെയ്തു കാണും… പെട്ടെന്ന് അവരെ കാണാനുള്ള ആഗ്രഹത്തിൽ സിസ്റ്ററോടു ചോദിച്ചു അവരെ ഒന്നു കാണാൻ പറ്റുമോന്ന്… കുറച്ചു കഴിയുമ്പോ ടെസ്റ്റ് റിസൾട്ട് വരും അപ്പൊ റൂമിലേക്ക് മാറ്റും എന്നും മാത്രമാണ് അവർ പറഞ്ഞത്…. വല്ലാത്തൊരു എകാന്തത തനിക്ക് ചുറ്റും പരക്കുന്നതായി അവൾക്ക് തോന്നി….. വിരസമായ മണിക്കൂറുകൾ കടന്നു പോയി…
ഇടക്ക് ഡോക്ടർമാർ വന്നു പോയി…. നീണ്ട ഒരുറക്കത്തിൽ നിന്ന് ഉണരുമ്പോൾ റൂമിലായിരുന്നു… വലതു വശത്തു അല്ലിയും ഇടതു വശത്തു അപ്പുവും ചേർത്ത് കിടന്നുറങ്ങുന്നു…. സമാധാനം ആയതു അപ്പോഴാണ്.. രണ്ടാളെയും ചേർത്ത് പിടിച്ചു…. അനിയേട്ടൻ അവിടെ എങ്ങും ഉണ്ടായിരുന്നില്ല..
പതുക്കെ മക്കളെ ഉണർത്താതെ എഴുന്നേറ്റ്, മരുന്ന് വച്ചേക്കുന്ന മേശക്ക് അരികിലെത്തി കുറച്ചു മരുന്നുകളും ടോക്കൺ നമ്പർ 10 എന്നെഴുതിയ സ്ലിപ്പും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്…. ഹോസ്പിറ്റലിന്റെ വാസന അസഹനീയമായി തോന്നി… ഇത് വരെ ഹോസ്പിറ്റലിൽ വന്നിട്ടില്ല…. വയ്യായ്ക വരുമ്പോൾ പാരസെറ്റമോളിൽ ഒതുക്കിയിരുന്നു… എത്രയും പെട്ടെന്ന് വീട്ടില് എത്തി അവിടെയൊക്കെ ഒതുക്കി പറക്കി മക്കളെയും കുളിപ്പിച്ച് തനിക്കുമൊന്ന് കുളിച്ചു ഒന്നുറങ്ങണം എങ്കിലേ പൂർണ്ണമായും സമാധാനമാകുള്ളൂ……
ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നു എന്ന് തോന്നിയപ്പോ മക്കളെ ഇറുകെ കെട്ടിപ്പിടിച് കിടന്നു…. പിറ്റേന്ന് കലപില ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്… ആശുപത്രി വീണ്ടും സജീവമായി 2 ഡോക്ടർ മാരും മാലാഖ മാരും റൂമിലേക്ക് വന്നു തലയിൽ പിടിച്ചു നോക്കി റിസൾട്ട് അടങ്ങിയ പേപ്പർ വായിക്കാൻ തുടങ്ങി… എന്റെ നെഞ്ചിടിക്കുന്ന ശബ്ദവും ഭിത്തിയിൽ തൂക്കിയ ഘടികാരത്തിന്റെ ശബ്ദവും മാത്രമായി റൂമിൽ…. ഡോക്ടർസ് പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഇടക്ക് സഹതാപത്തോടെ നോക്കുന്നു…. നെഞ്ച് വല്ലാതെ പിടയാൻ തുടങ്ങി… മാറിയിരുന്നു കളിക്കുന്ന മക്കളിലേക്ക് കണ്ണുകൾ പിടഞ്ഞു വീണു… മിസ്റ്റർ അനിരുദ് ഇന്ദുവിന് ബ്ലഡ് ക്യാൻസർ ലാസ്റ്റ് സ്റ്റേജ് ആണ്…. ചികിൽസിക്കാനുള്ള സമയം കടന്നു പോയിരിക്കുന്നു….
അതെ പേടിച്ചിരുന്ന വാക്കുകൾ തന്നെ ഡോക്ടർ പറഞ്ഞു….. നെഞ്ചിടിപ്പു കൂടി… മൂക്കിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നു മക്കളെ കണ്ട് കൊതി തീർന്നിട്ടില്ല…. അവരെ ഓമനിച്ചു കൊതിതീർന്നിട്ടില്ല…. ഇനിയും ഇനിയും അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ കാണണം… അവരെ കൊഞ്ചിക്കണം കുസൃതിത്തരങ്ങൾ കാട്ടുമ്പോ പിന്നാലെ ഓടണം.. അതിനു അതിനു ഞാൻ വേണ്ടേ… വേണമല്ലോ അനിയേട്ടന് ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല.. ഞാൻ ഞാനില്ലാതെ എങ്ങനെയാ…. ഒരു അലറി കരച്ചിലോടെ ഓടിച്ചെന്ന് മക്കളെ ഇറുക്കി കെട്ടിപ്പിടിച് അലറി കരയാൻ തുടങ്ങി….. ഞാൻ ഞാൻ എങ്ങോട്ടും പോകില്ല ന്റെ മക്കൾക്കു ആരാ ഞാൻ പോയാൽ… അവർക്ക് ചോറ് വാരി കൊടുക്കണ്ടേ…വാരിക്കൊടുക്കാതെ അവര് കഴിക്കില്ല… പഠിപ്പിക്കണ്ടേ.. ഒടുവിൽ ഒരാളുടെ കൈ പിടിച്ചേൽപ്പിക്കുന്നെ കാണാൻ ഞാൻ വേണ്ടേ….പോകില്ല ഞാൻ പോകില്ല ഡോക്ടറേ എന്നെ എന്നെ രക്ഷിച്ചൂടെ …. അവളുടെ കരച്ചിൽ കേട്ട് മക്കളും കൂടെ കരയാൻ തുടങ്ങി… മൂത്തമോൾ പറയുന്നുണ്ട് അമ്മ എങ്ങും പോകണ്ടമ്മേ അമ്മേടെ അസുഖമൊക്ക മാറും ഞാൻ പാതിച്ചിട്ടാമ്മേ വന്നേ.. ന്റെ പൊന്നു മക്കളെ അമ്മക്ക് നിങ്ങളെ വിട്ടു പോകണ്ടാടാ… ഞാനില്ലാതെ നിങ്ങളുടെ അച്ഛന് പറ്റില്ല നിങ്ങളെ നോക്കാൻ അതെങ്ങനെ അനിയേട്ടനെ നോക്കാനും ഞാൻ തന്നെ വേണ്ടേ… ബാ അനിയേട്ട നമുക്ക് പോകാം ബാ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അനിയുടെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി അവൾ…
പെട്ടെന്ന് കൈ വിട്ടിട്ട് പറഞ്ഞു, ഏട്ടന് ഇന്ന് ഓഫീസിൽ പോകണ്ടേ.. ഏട്ടൻ പൊയ്ക്കോ ഞാൻ മക്കളെ കൊണ്ട് പൊയ്ക്കോളാം വീടാകേ നാശായിക്കാണും ഇപ്പൊ…കണ്ട് നിന്നവരുടെ ഒക്കെ കണ്ണിൽ നിന്നും ഈറൻ പൊടിഞ്ഞു… ചുറ്റും സഹതാപത്തോടെ ഉള്ള നോട്ടം അവൾക്ക് അരോചകം തോന്നി…. അയാളെ മുറുകെ പിടിച്ചു അവൾ വലിക്കാൻ തുടങ്ങി പോകാമെട്ടാ ബാ പോകാം.. അയാൾ ഒരു പ്രതിമ പോലെ അനങ്ങാതെ നിന്നു…. കഴിഞ്ഞ ദിവസങ്ങൾ അയാളിൽ വന്നു പല്ലിളിക്കാൻ തുടങ്ങി..പൊട്ടിക്കരച്ചിൽ തൊണ്ടക്ക് വന്നു നിൽക്കുന്നു… ഉറക്കെ അലറികരയാൻ തോന്നി അയാൾക്ക്.. താനൊന്ന് പരിഗണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു… അവൾ വയ്യാന്നു പറഞ്ഞപ്പോഴൊക്കെ തനിക്കൊന്നു ശ്രെദ്ധിക്കാമായിരുന്നു…. അവളെ വഴക്ക് പറയുമെങ്കിലും അവളില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാനാവില്ല… ചേർത്ത് പിടിച്ച കൈകൾ അയയുന്നുവെന്ന് തോന്നിയപ്പോഴാണ് ഓർമ്മയിൽ നിന്ന് ഉണർന്നത്….. കുഴഞ്ഞു കൈയിലേക്ക് വീണവളെ പരിഭ്രാന്തിയോട് തട്ടിവിളിക്കാൻ തുടങ്ങി…. ചുറ്റും ആൾക്കാർ ഓടിക്കൂടി അറ്റെൻഡർമാർ തന്റെ കയ്യിൽ നിന്നും അവളെ പിടിച്ചു വാങ്ങി icu വിലേക്കു കയറ്റിയപ്പോഴും ഒന്നു ചലിക്കാൻ പോലും ആകാതെ ശില പോലെ നിൽക്കുവാനേ അയാൾക്ക് കഴിഞ്ഞുള്ളു… മക്കളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. അമ്മയേ കൊണ്ട് പോയ വഴിയിലേക്ക് നോക്കി ഉച്ചത്തിൽ കരയുകയാണ് രണ്ടാളും …. ഓടിപ്പോയി ചേർത്ത് പിടിച്ചു. രണ്ടാളുടേം കരച്ചിൽ ഉച്ചതിലായ് ..
ഏറെ നേരത്തെ നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പു അയാളെ ഒരുപാട് ക്ഷീണിപ്പിച്ചു… രണ്ട് മക്കളെ ആശ്വസിപ്പിക്കുവാനും കൊണ്ട് നടക്കുവാനും ആഹാരം കൊടുക്കുവാനും അയാൾ നന്നേ ബുദ്ധിമുട്ടി…. അപ്പോഴൊക്കെ അയാൾ അവളെ ഓർക്കുകയായിരുന്നു.. ഇതൊക്കെ തന്മയത്തോടെ ചെയ്തിരുന്നവളെ.. ക്ഷമയോടെ തങ്ങളെ കാത്തു സൂക്ഷിച്ചവളെ തന്റെ ഇന്ദുവിനെ
Icu ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് ഇറങ്ങി… തോളിൽ കിടന്നുറങ്ങിയ ഇളയ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എഴുന്നേറ്റ് നിന്നു ആശ്വാസത്തിന്റെ ഒരു വാക്ക് അദ്ദേഹത്തിൽ നിന്ന് കേൾക്കുവാനായി….sorry mr അനിരുധ് ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രെമിച്ചു പക്ഷെ…………….
നെഞ്ചിൽ നിന്നൊരു വെള്ളിടി വെട്ടി അത് ശരീരത്തിൽ ആകമാനം പരന്നു…. ശരീരം ആടി ഉലഞ്ഞു വിതുമ്പൽ ചുണ്ടിനാൽ കടിച്ചു പിടിച്ചു… ഒരുഫ്രാന്തനെ പോലെ മോളെ അടക്കി പിടിച്ചു ചുമരിലൂടെ വഴുതി താഴേക്കിരുന്നു… അപ്പോഴും അയാളുടെ കയ്യിൽ ടോക്കൺ നമ്പർ 10 ഭദ്രമായി ചുരുട്ടി പിടിച്ചിരുന്നു…. അവളില്ലാത്ത ലോകത്തു അവളുടേതെന്നു പറയാൻ രണ്ട് മക്കളും ആ 10 ആം നമ്പറും മാത്രമേ ശേഷിക്കുന്നുള്ളു… ഓർമ്മകൾ പോലും മനോഹരമായ ഒന്നില്ല… എല്ലാം ഭംഗിയായി ചെയ്തു തീർത്തു ഒരു നല്ല വാക്കിനായി തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അവളുടെ മുഖം മാത്രം ഓർമ്മയിൽ…
മക്കളെയും ചേർത്തു പിടിച്ചു ആ മഴയിൽ അവളെ പറഞ്ഞു വിടാൻ ഉള്ള ചടങ്ങിൽ നനഞ്ഞു കുതിർന്നു നിൽക്കുകയാണ് അവർ… അവളുടെ കണ്ണുനീർ മഴയായി അവരിൽ വീണലിയുകയാണ്….
ഇനി എന്തെന്ന ചിന്തയിൽ അനിരുധും…. അമ്മയെ കാണാനുള്ള ആധിയിൽ മക്കളും… ഇനിയും അവരോടൊപ്പം ജീവിച്ചു മതിയായില്ലെന്ന അടങ്ങാത്ത ആഗ്രഹത്തിൽ ഇന്ദുവിന്റെ ആത്മാവും
സ്നേഹത്തോടെ
❤️ ലക്ഷ്മി ❤️
അവസാനിച്ചു 🤷