ജനകീടെ മോൻ

കറുത്ത മെല്ലിച്ച ഒരു രൂപത്തെ പ്രസവിച്ചിടുമ്പോൾ… കൂടെ നിന്ന ആരൊക്കെയോ നെറ്റി ചുളിച്ചു…..

വീടിനുള്ളിൽ നിന്ന് വയറ്റാട്ടി പുറത്തേക്കു ഇറങ്ങി അയാളുടെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കാൻ നേരം ഒന്നുകൂടി അയാൾ കുഞ്ഞിനെ ഒന്നു നോക്കിയ ശേഷം മുറ്റത്തിരുന്ന ചോറ്റു പാത്രത്തിൽ ഒരു ചവിട്ട് കൊടുത്തിട്ട്…
വായിൽ ഇരുന്ന മുറുക്കാൻ ചവച്ചു തുപ്പി പുറത്തേക്ക് പോയി

പക്ഷെ അവനെ പത്തുമാസം ചുമന്നവൾക്കു ഒന്നും തോന്നിയില്ല….. അവൾ അവനെ നെഞ്ചോട് ചേർക്കുകയും…
മുല കൊടുക്കകയും….
നെറ്റിയിൽ തുരു തുരാ ചുംബിക്കുകയും ചെയ്തു…..
അവന്റെ കാതിൽ ആ അമ്മ മെല്ലെ വിളിക്കുന്നുണ്ടായിരുന്നു…

“അമ്മയുടെ പൊന്നെ “

……………………..

6 മാസത്തിനും അപ്പുറം കുഞ്ഞിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാഞ്ഞപ്പോ ആണ് അമ്മയ്ക്ക് എന്തോ സംശയം തോന്നിയത്……

വിളിക്കുമ്പോഴോ കൊഞ്ചുമ്പോഴോ തന്നെ മിഴിച്ചു നോക്കി കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോ അവൾക്കു ഭയം തോന്നി…..

ഒരു നട്ടുച്ച നേരത്തു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ഇരുന്നപ്പോൾ ആണ് ഒരു വലിയ കാറ്റ് വീശുകയും കാതു പൊട്ടിപ്പോവുന്ന തരത്തിൽ ജനൽ പാളികൾ വന്നടയുകയും ചെയ്തത്……

അപ്പോഴും പ്രതികരണം ഇല്ലാതെ കിടന്ന കുഞ്ഞിനെ നോക്കി ആരോ പറഞ്ഞു.

“ചെവി പൊട്ടനാ…….. ജാനകിടെ കൊച്ചു പൊട്ടനാ……….. പൊട്ടനാ…. “

അവളുടെ ഹൃദയത്തിൽ ഒരു മുള്ളു തുളച്ചു കയറുന്ന പോലെ തോന്നി……..


വിനായകൻ എന്ന അവന്റെ പേര് എല്ലാരും മറന്നു തുടങ്ങിയിരിക്കുന്നു…
ഒരാൾ ഒഴിച്ച് ബാക്കി എല്ലാരും അവനെ വിളിച്ചു. “പൊട്ടാ…………….

മറ്റുള്ളോരുടെ ചുണ്ടിൽ വിരിയുന്ന അക്ഷരങ്ങളെ അവൻ വായിച്ചെടുക്കുമായിരുന്നു…..

പലപ്പോഴും അവന്റെ നാവ് പുറത്തേക്കു ഇട്ട് അവൻ സംസാരിക്കാൻ ശ്രെമിക്കുകയും തൊണ്ടയിൽ നിന്നും അത്‌ പുറത്തു വരാതെ വിമ്മിഷ്ടപെടുകയും ചെയ്തു…

അവൻ ശബ്ദം ഉണ്ടാക്കാൻ ശ്രെമിക്കുമ്പോൾ കെട്ടു പിണഞ്ഞ നാവിൽ നിന്ന് അവ്യക്ത ശബ്ദം പുറത്ത് വരാൻ തുടങ്ങി…
ചുറ്റും ഉള്ളവരെ എത്രത്തോളം അത്‌ അലോസരപ്പെടുത്തുന്നുണ്ട് എന്ന് അന്ന് അവന് അറിയില്ലാരുന്നു…..

അഞ്ചാം വയസ്സിൽ ക്ലാസ്സിലെ ഓരോ ബെഞ്ചിന്റെയും അറ്റത്തു അവൻ ചെന്നു നിന്നു….

ഓരോ വരിയിലെയും കുട്ടികൾ അടക്കം പറയുണ്ട്

“പൊട്ടനാ പൊട്ടൻ ഇവിടെ ഇരുത്തണ്ട…….. “

അവസാന വരിയിൽ ഒരറ്റത്ത് അവൻ ചെന്നിരിക്കുമ്പോൾ…. ആരും തുണയില്ലാത്തവന്റെ വേദന ആ 5വയസ്സുകാരന്റെ മുഖത്ത് ഉണ്ടായിരുന്നു…….

അവൻ ഒറ്റയ്ക്കായിരുന്നു …
തനിയെ നടക്കാനും….
തനിയെ കഞ്ഞി മേടിക്കാൻ പോവാനും….
തനിയെ കളിക്കാനും…..
അവൻ ആ ഒറ്റപ്പെടലിൽ നിന്നും പഠിച്ചു കഴിഞ്ഞിരുന്നു…..

അവന്റെ വസൂരി വന്ന കാലിൽ നോക്കി മുന്നിൽ ഇരുന്ന സോഡാ ഗ്ലാസ്സ് വെച്ച ഒരു ചെക്കൻ വിളിച്ചു പറഞ്ഞു…..

” അയ്യേ പൊട്ടന്റെ കാലിൽ ചൊറി……….

ചുറ്റും നിന്ന സഹപാഠികൾ മുഴുവൻ അവനെ നോക്കി ചിരിച്ചു… തന്നെ കളിയാക്കുകയാണ് എന്ന ചിന്തയിൽ അവൻ തല കുനിച്ചു നിൽക്കുമ്പോൾ എല്ലാ കുട്ടികളും ഏറ്റു പാടി………

“ചൊറി പൊട്ടൻ “………..

“വിശക്കുണ്ടമ്മേ ‘എന്ന് വയറിൽ തൊട്ടു ആംഗ്യം കാണിച്ചപ്പോ…

അമ്മ പറഞ്ഞു” ഇപ്പൊ തരാട്ടോ”….

അരികത്തു കിടക്കുന്ന ചേച്ചി വിശന്നു ഉറക്കമായിരുന്നു…..

ഉയർന്നു വന്ന ചീത്ത വിളി കേട്ടപ്പോ ആണ് അമ്മ അവനെ വലിച്ചു നെഞ്ചോട് ചേർത്തത്…….

കുടിച്ചു വരുന്ന ദിവസങ്ങളിൽ എല്ലാം അച്ഛൻ അവനെ നോക്കി ചീത്ത വിളിക്കും…. കാർക്കിച്ചു തുപ്പും…. ചെകിട് നോക്കി അടിക്കും… കാണുന്ന പോലും വെറുപ്പാണെന്ന് പറയും…….

അമ്മയുടെ മടിയിൽ ഇരുന്നു പാതി വെന്ത ചോറ് ഉരുള ആക്കി തിന്നപ്പോ ആണ് അച്ഛൻ മാടി വിളിച്ചത്…

അറച്ചു അറച്ചു ചെല്ലുമ്പോ, കയ്യിൽ ഇരുന്ന ചോറിനെ തട്ടി തെറിപ്പിച്ചു
കഴുത്തിൽ പിടിച്ചു മേല്പോട്ട് പൊക്കിയത്

ശ്വാസം കിട്ടാതെ കുതറിയ അവനെ മൂലയ്ക്കോട്ട് തള്ളിയിട്ട് അച്ഛൻ പറഞ്ഞു…..

. “പൊട്ടൻ പിറന്നേൽ പിന്നെ ഗോണം പിടിച്ചിട്ടില്യ”……….

അച്ഛൻ കാരണമില്ലാതെ തല്ലിയതിലും സങ്കടം വിശന്ന വയറിനാരുന്നു……..

ഒരിക്കൽ ഒറ്റയ്ക്ക് ക്ലാസ്സിൽ ഇരുന്നപ്പോൾ ആണ് അവന്റെ കണ്ണിൽ അതുടക്കിയത്….
വർണ്ണ ചിത്രങ്ങൾ ഉള്ളൊരു പെൻസിൽ…… അതിന്റെ അറ്റത്തായി ഇളം ചുവന്ന നിറത്തിൽ ഉള്ള ഒരു മായ്പ്പ് റബ്ബറും..

കൗതകത്തിനു ഒന്ന് തൊട്ടു…. മെല്ലെ എടുത്തതാണ്… പിന്നിൽ നിന്നു ഒരു തള്ള് കിട്ടിയപ്പോ ആണ് തിരിഞ്ഞു നോക്കിയത്……

കലിതുള്ളി നിൽക്കുന്ന അവളുടെ മുഖഭാവത്തേക്ക് നോക്കിയപ്പോൾ എടുത്തതല്ല എന്ന ഭാവത്തിൽ ഞാൻ തിരികെ നൽകിയപ്പോൾ അവൾ പറഞ്ഞു….

“കള്ളൻ……… പൊട്ടൻ……… “

ചുറ്റും നിന്നവർ അടക്കം പറഞ്ഞു കള്ളൻ കള്ളൻ…..

എടുത്തിട്ടില്ലെന്ന് ഒരു നൂറു തവണ പറയണം എന്നുണ്ടായിരുന്നു…. പക്ഷെ തടിച്ച നാവിൽ ശബ്ദം പുറത്ത് വരാൻ ആവാതെ തരിച്ചു നിന്നു…….

അന്ന് നിർത്തിയത് ആയിരുന്നു പഠനം……….

അമ്മ എന്ന കോടതിക്കുമുന്നിൽ മാത്രം തന്റെ നേര് ഉയർത്തിപിടിച്ചാൽ മതി എന്ന തോന്നൽ മാത്രം മതിയാരുന്നു മുന്നോട്ട് പോവാൻ………

നാട്ടിൽ അവന് ആകെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ ആയിരുന്നു കിച്ചു…. ജീവിതത്തിലെ ആദ്യ സൗഹൃദം…..

അതുകൊണ്ട് തന്നെ അത് മിഴിവേകിയത് ആയിരുന്നു…. അവൻ വിളിച്ചില്ലേലും കൂടെ ഉണ്ടാവും….
തോട്ടിൽ നിന്ന് പിടിക്കുന്ന വരാലിൽ കൂടുതലും അവന് കൊടുക്കും….

നാട്ടിലെ ഒരു നമ്പൂതിരി പെണ്ണുമായുള്ള ഇഷ്ടത്തിന് കൂട്ട് നിൽക്കേണ്ടി വരുന്നതും ഇവനായിരുന്നു…

അവർ തമ്മിലുള്ള സ്നേഹം കണ്ടപ്പോഴാണ് ആദ്യമായ് പ്രണയിക്കണം എന്ന തോന്നൽ ഉണ്ടാവുന്നത്….

അമ്പലത്തിൽ പോയി വരുമ്പോൾ കാമുകിയായവളെ കാത്തു നിൽക്കണം…

ഇരു മിഴികൾ കൊണ്ടു നൂറായിരം കഥകൾ പറയണം….. ചേർത്ത് വെക്കണം….

ആരുമില്ലാത്ത ഒരിടവഴിയിൽ പിടിച്ചുലച്ചു ഒരു നറു ചുംബനം നൽകണം….. ജീവന്റെ പാതിയാക്കണം
അവന്റ ആഗ്രഹം കുന്നോളം എത്തിയിരുന്നു…

പതിനേഴാം വയസ്സിൽ ആണ് ആദ്യമായ് ഒരു പെണ്ണിനോട് അവന് അനുരാഗം തോന്നുന്നത്…….

വിയർത്തു കുളിച്ചു അവള്ക്കു നീട്ടിയ കടലാസ് മുഖത്തേക്ക് വലിച്ചെറിഞ്ഞു അവൾ കൂട്ടുകാരോടായി അവൾ പറഞ്ഞു…..

“ഈ പൊട്ടന് പ്രേമം ആണത്രേ എന്നോട്…….പ്രേമം……. ..

അമ്മയോളം എന്നെ സ്നേഹിച്ചൊരു പെണ്ണില്ലമ്മേ എന്ന് മനസ്സിൽ പറഞ്ഞ സമയം ആയിരുന്നു അത്‌…..

അന്നൊരു ശിവരാത്രയിൽ ആണ് കിച്ചുവിന്റെ കൂടെ ആൽത്തറയിൽ ഇരുന്നത്…….
സന്ധ്യ കഴിഞ്ഞ സമയം ആയിരുന്നു……..

അല്പം ഭയത്തോടെ കിച്ചുവിന്റെ പെണ്ണ് അവനെ കാണാൻ വന്ന സമയം….
ഒരു തെല്ലു നാണത്തോടെ അവളുടെ കൈ പിടിച്ചു കാവിലേക്കു കയറിപോയപ്പോ കാവലായി നിർത്തിയത് അവനെ ആയിരുന്നു…..
ഉയർന്നു വന്ന സീൽകാരത്തെ കീറി മുറിച്ചു കൊണ്ട് ആരൊക്കെയോ ഓടി വരുകയും…

കാവിനുള്ളിക്കു നോക്കി” ആരാ അവിടെ “എന്ന് ചോദിക്കുകയും ചെയ്തപ്പോ ആണ് അവൾ കരഞ്ഞു വിളിച്ചുകൊണ്ടു അവരുടെ മുന്നിലേക്ക് ഓടി വന്നത്……

ഇരുളിൽ മറഞ്ഞു നിന്ന അവനെ നോക്കി അവൾ അലറി……

“ആ പൊട്ടൻ എന്നെ നശിപ്പിക്കാൻ നോക്കി വല്യച്ചാ എന്ന്….. “

ഒന്നും മനസ്സിലാവാതെ നിന്ന അവന്റെ ചെകിടിൽ ആദ്യം കൈ പതിച്ചത് കിച്ചുവിന്റെ ആയിരുന്നു……

“നായിന്റെ മോനെ “എന്നാക്രോശിച്ചു കൊണ്ട് അവനെ പിടിച്ചു തള്ളിയപ്പോ കിച്ചു അവന്റെ മുഖത്തേക്ക് നോക്കിയില്ല…..

ഒരായിരം കാര മുള്ളുകൾ തറച്ചു കയറുന്ന വേദനയിൽ അവനെ തരിച്ചു നോക്കുമ്പോൾ ഹൃദയത്തിൽ മെല്ലെ പറഞ്ഞു…..

” ഒരായിരം നാവുണ്ടെങ്കിലും നിന്നെ ഞാൻ ഒറ്റില്ലടാ അത്രമേൽ ജീവൻ ആണെനിക്ക് നീ “എന്ന്…..

ഒരായിരം ചോദ്യങ്ങൾക്കു ഉത്തരമില്ലാത്തവനെ പോലെ നിന്ദിതനായി നിൽക്കേണ്ടി വന്നപ്പോ ചങ്ക് പൊടിയുന്നുണ്ടായിരുന്നു….
നൂറായിരം വിരലുകൾ ചൂണ്ടുന്നത് തന്നെയാണ്…..

പൂരം കഴിഞ്ഞു വരുന്ന ആൾകൂട്ടത്തിൽ നിസഹായനായി… തീർത്തും ഒറ്റപെട്ടവനായി….. നിന്നപ്പോഴാണ് ആ കാഴ്ച കണ്ടത്…..

ഉരുകി ഒലിക്കുന്ന കണ്ണുകളുമായി തന്റെ ജീവൻ….. തന്റെ പ്രാണന്റെ തുടിപ്പ്…..

തന്റെ അമ്മ……

അമ്മയുടെ മോൻ തെറ്റ് ചെയ്തിട്ടില്ല എന്ന് കാലുകളിൽ വീണു പറയണം എന്നുണ്ടായിരുന്നു…

പക്ഷെ ഒലിച്ചു ഇറങ്ങുന്ന അമ്മയുടെ കണ്ണീരിന് മുന്നിൽ തോറ്റു പോവുകയായിരുന്നു….. പിറകു വശത്തേക്കു പിണച്ചു കെട്ടിയ കൈകളിൽ നോക്കി അമ്മ പറഞ്ഞു………..

” നാല്പത് വയസ്സിനുള്ളിൽ നീ കാരണം ഒക്കെ അനുഭവിച്ചു ഞാൻ….. ഉണ്ടാക്കിയ തന്തയ്ക്കു പോലും വേണ്ട നിന്നെ……
ഈ പൊട്ടന് പകരം ചാപിള്ള ആയിരുന്നെങ്കിൽ “
എന്ന് പറഞ്ഞു ആർത്തലച്ചു കരഞ്ഞപ്പോൾ…..

അവന് ഒന്നും തോന്നിയില്ല ഒരു മന്ദപ്പ്…. ഒരുതരം മരവിപ്പ്……..

അമ്മയ്ക്ക് പോലും വേണ്ട എന്ന തോന്നലിൽ നിന്നാണ് അമ്പലകുളത്തിന്റെ അഴങ്ങിലേക്ക് ഇറങ്ങി നടന്നത്……
ആഴങ്ങളിൽ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോ അമ്മയുടെ മുഖം ആയിരുന്നുമനസ്സിൽ ……

ഞരമ്പുകൾ വീർത്തു വരുകയും.. നില കിട്ടാതെ കുതറുകയും ചെയ്യുണ്ടായിരുന്നു .അവന്റെ കണ്ണ് നിറഞ്ഞു….

ഉച്ചയ്ക്ക് കഴിച്ചത് നെഞ്ചിൽ എരിയുന്നുണ്ട്….

ഒന്ന് കിടക്കാൻ തോന്നൽ ഉണ്ട്‌…..

വയ്യ കുഴഞ്ഞു വരുന്ന പോലെ……

തൊണ്ടയിൽ വെള്ളം ഉരുണ്ടു കയറുന്ന പോലെ……
നാഡിനരമ്പുകൾ മുറുകുന്ന പോലെ….
ഹൃദയത്തിന്റെ താളം കൂടുന്ന പോലെ……

ബോധം മറയുന്ന പോലെ….
എന്തോ സംഭവിക്കുന്നത് പോലെ….

ഒരു തളർച്ച…..
ഒരു തണുപ്പ്…..
ആ തണുപ്പ് മെല്ലെ മെല്ലെ വരിഞ്ഞു മുറുക്കുന്നുണ്ട്…..
മരിക്കുകയാണോ…..
നെഞ്ചിൽ താളം കൂടുന്നുണ്ട്….

അമ്മയെ കാണാൻ തോന്നുന്നുണ്ട്…. ആ തണുപ്പ് ഹൃദയത്തിൽ എത്തിയിരിക്കുന്നു….

അമ്മയുടെ ചിരിക്കുന്ന മുഖം….

ചുറ്റും ആരൊക്കെയോ ആർത്തു വിളിക്കുന്നുണ്ട്

പൊട്ടൻ… പൊട്ടൻ…. പൊട്ടൻ…..


ശവം പൊങ്ങിയപ്പോ ഒരു കമ്പ് കൊണ്ടു നീക്കി വലിച്ചിട്ടിട്ട് ആരോ പറഞ്ഞു….. ” ആ പൊട്ടൻ ആണ് ചത്തെ………. ജാനകിടെ മോൻ……….

One comment

Leave a Reply

Your email address will not be published. Required fields are marked *