
പതിവില്ലാതെ രാവിലെ തന്നെ അടുക്കളയിൽ പാത്രങ്ങൾ നിലത്ത് വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ബെഡിൽ നിന്നും ഞെട്ടി ഉണർന്നത്.തലയിലൂടെ പുതച്ചിരുന്ന പുതപ്പ് മാറ്റി മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി ആറേമുക്കാൽ ആയി വൈഗ മോൾ നല്ല ഉറക്കമാണ്. നട്ടപാതിരായ്ക്ക് കിന്റർ ജോയി വേണം എന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞ് ഉറങ്ങിയപ്പോഴേ മണി 12 കഴിഞ്ഞിരുന്നു.
ആ അവൾ കിടന്ന് ഉറങ്ങട്ടെ എന്ന് ഞാനും വിചാരിച്ചു. ഉണർത്താൻ പോയില്ല മാറിക്കിടക്കുന്ന പുതപ്പെടുത്ത് വൈഗ മോളെ ഒന്നുകൂടി പുതപ്പിച്ചു.സാധാരണ ഈ സമയം ആവുമ്പോഴേക്കും ഒരു ചായ റൂമിന്റെ ടേമ്പിളിൽ പതിവാണല്ലോ? ഇന്ന് അതും കണ്ടില്ല എന്നു പറ്റി! കാര്യം തിരക്കാൻ ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു.
“രേവൂ ചായ!”
“ആ ഇപ്പോൾ തരാം.”
“അതല്ല റൂമിൽ കണ്ടില്ല .”
“എനിക്ക് ആകെ രണ്ട് കൈയ്യേ ഉള്ളൂ എടുത്ത് തരാം. ഇല്ലെങ്കിൽ ഒരു ഗ്ലാസ് ചായ അങ്ങ് എടുത്ത് കുടിച്ചാൽ എന്താ? കൈയ്യിലെ വള ഒന്നും ഊരിപ്പോവില്ലല്ലോ ‘?”
ങ്ങേ ഇവൾക്ക് ഇത് എന്ത് പറ്റി.
വൈഗ മോൾക്ക് കുളിക്കാനുള്ള ചൂടുവെള്ളത്തിന്റെ പാത്രം തുണിയില്ലാതെ പിടിച്ചു.
” ഹൗ നാശം പിടിക്കാൻ കൈയ്യും പൊള്ളി.”
എനിക്ക് ചിരിയാണ് വന്നത് പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല എന്നാൽ പിന്നെ അത് മതി അടുത്ത അംഗത്തിന് .
” അമ്മ എവിടെ കണ്ടില്ലല്ലോ രേവൂ?”
“ആ അവിടെ എങ്ങാനും കാണും പോയി നോക്ക്.”
മം.എന്നാലും ഇവൾക്ക് ഇത് എന്ത് പറ്റി. രാവിലെ തന്നെ നല്ല ചൂടിലാണല്ലോ?
ഇനി ഡേറ്റ് എങ്ങാനും ആണോ?
അല്ല ആ സമയത്താണ് ഇവൾക്ക് ഇങ്ങനെ ദേഷ്യം വരാറുള്ളത്.
അപ്പോൾ അത് തന്നെ കാര്യം ഐഡിയ. എന്റെ തലയിൽ നൂറിൻ്റെ ബൾബ് കത്തി.
” രേവു മോളു നിനക്ക് വയ്യേങ്കിൽ കുറച്ച് നേരം പോയി കിടന്നോ.വൈഗ മോളെ ഞാൻ കുളിപ്പിച്ചോളാം.'”
“ഓ വേണ്ട “
“പിന്നെ നിനക്ക് വാട്ടർ ബോട്ടിൽ വല്ലതും ഫില്ല് ചെയ്ത് തരണോ? “
“വാട്ടർ ബോട്ടിലോ? ഞാനെന്താ അംഗനവാടിയിൽ വല്ലോം പോകുന്നുണ്ടോ? “
“ശ്ശെ അതല്ല വാട്ടർ ബാഗ് വയറ്റിൽ ചൂട് കൊള്ളിക്കാൻ ‘”
” നിങ്ങൾക്ക് വട്ടായോ മനുഷ്യാ?”
” അല്ല വയറുവേദനയ്ക്ക് ബെസ്റ്റ് അല്ലേ?”
“വയറുവേദനയോ ആർക്ക്.?”
” ങ്ങേ അപ്പോൾ നിനക്ക് ഡേറ്റ് അല്ലേ?”
“എന്റെ ദൈവമേ എന്ന് ഞാൻ പറഞ്ഞോ?
അല്ല ആ സമയത്ത് ഞാൻ അടുക്കളയിൽ കയറാറുണ്ടോ? ചുമ്മാ ഭ്രാന്ത് പറയാതെ മനുഷ്യാ,.”
” അല്ല നിന്റെ ഈ പതിവില്ലാതെയുള്ള ദേഷ്യം കണ്ടപ്പോൾ എനിക്ക് തോന്നി!”
” എന്താ ഈ വീട്ടിൽ എനിക്ക് ദേഷ്യപ്പെടാനും പാടില്ലേ? ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ.?”
” ഉം.ഉണ്ട്.”
” എന്നാൽ ഇളിച്ചു കൊണ്ട് നിൽക്കാതെ പോയി കുളിക്കാൻ നോക്ക്. സമയം ഏഴര ആയി.”
ഇനി അവിടെ നിന്നാൽ ശരീരത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ കുളിക്കാൻ ബാത്റും ലക്ഷ്യമാക്കി നടന്നു.
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ദോശയും ചട്നിയും നല്ല ആവി പറക്കുന്ന ചായയും ടേബിളിന്റെ പുറത്ത് റെഡി. ചട്നിയിൽ ഉപ്പ് കുറവായിരുന്നു പക്ഷേ ഞാൻ അത് പറഞ്ഞില്ല എന്നാൽ ആ പാത്രം കൊണ്ട് എന്റെ തലക്കിട്ട് അടിച്ചേനെ അവൾ. ഒന്നും മിണ്ടാതെ കിട്ടിയ ദോശയും ചട്നിയും കഴിച്ച് ഞാൻ പതിയെ എഴുന്നേറ്റു.
“ചട്നി സൂപ്പറാട്ടോ രേവൂ.”
“എന്താ എന്റെ ചട്നി ആദ്യമായാണോ കഴിക്കുന്നത്.?”
“അല്ല എന്നാലും നന്നായിട്ടുണ്ട് എന്ന് പറയുകയായിരുന്നു.”
“അയ്യോ ദാരിദ്ര്യം രാവിലെ തന്നെ തള്ളാതെ ഓഫീസിൽ പോകാൻ നോക്ക് പൊന്നു മോൻ.”
“ഉം. ശരി എന്റെ ബാഗ് ഇങ്ങെടുക്ക് ഞാൻ ഇറങ്ങട്ടെ!”
“ആ സുധി ഏട്ടാ ഇന്ന് നേരത്തെ വരില്ലേ?”
” നേരത്തേയോ അതെന്തിനാ?”
” അപ്പോൾ പോകണ്ടേ?”
” എങ്ങോട്ട്?”
” കുന്തം കല്ല്യാണത്തിന് ഇന്ന് പോകണ്ടേന്ന്.”
” ദൈവമേ നാളെയല്ലേ കല്ല്യാണം ഞാൻ അത് മറന്നു. ആ നേരത്തെ വരാം നീയും മോളും റെഡിയായി ഇരുന്നോ.”
” അതോ അന്ന് സിനിമക്ക് പോകാം എന്ന് പറഞ്ഞ പൊലെ ഞാനും മോളും ഇവിടെ പോസ്റ്റാവുമോ?
” ഇല്ല രേവൂ ഞാൻ നേരത്തെ വരാം നീ റെഡിയായി ഇരുന്നോ. അപ്പോൾ ബൈ'”
ദൈവമേ കല്ല്യാണക്കാര്യം ഞാൻ മറന്നു.അവൾ ഓർമ്മപ്പെടുത്തിയില്ലെങ്കിൽ ഇവിടെ കൊലപാതകം നടന്നേനെ.
അവൾക്ക് ഒരു അന്മാവൻ ഉണ്ട് പേര് ധർമ്മബാലൻ പേരിൽ മാത്രമേ ധർമ്മം ഉള്ളൂ ആള് അറു പിശുക്കൻ ആണ് ഈ അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവൻ എന്നൊക്കെ പറയില്ലേ അതുപൊലെ ഒരു ഐറ്റം.പുള്ളീടെ മോളുടെ കല്ല്യാണം ആണ് നാളെ അതിന് തലേ ദിവസം തന്നെ പോകണം. ഇല്ലെങ്കിൽ പിന്നെ അത് മതി .
ഇപ്പോൾ പിടി കിട്ടി ദേഷ്യത്തിനുള്ള കാരണം കല്ല്യാണം ഇതിൽ എവിടേയോ ആണ്.
ഇനി കല്ല്യാണത്തിനുള്ള ഗിഫ്റ്റ് വാങ്ങുന്ന കാര്യമാണോ?
ഹേ അതല്ല ഗിഫ്റ്റ് ഒന്നും വേണ്ട പൈസ കൊടുത്താൽ മതി ഇപ്പോൾ അവർക്ക് പൈസക്ക് ബുദ്ധിമുട്ട് ഉള്ള സമയമല്ലേ എന്ന് അവൾ തന്നെയല്ലേ പറഞ്ഞത്.
പിന്നെന്താ .
കല്ല്യാണത്തിന് ഇടാനുള്ള ഡ്രസ്സ്
ഓണത്തിന് എടുത്ത ഡ്രസ്സ് വെറെ എങ്ങോട്ടും ഇട്ടിട്ടില്ല അത് മതി ഇനി എടുക്കേണ്ട എന്ന് അവൾ തന്നെയല്ലേ പറഞ്ഞത് അപ്പോൾ അതും അല്ല.
എന്നാലും വെറെ എന്തോ ഒന്ന് ഉണ്ട്.
ഒരു അര മണിക്കൂർ നേരത്തേക്ക് ഞാൻ സേതുരാമയ്യർ CBl ആകാൻ തീരുമാനിച്ചു.
ഓഫീസിന്റെ ഫ്രണ്ടിൽ ബൈക്ക് പാർക്ക് ചെയ്ത് ഞാൻ അകത്തേക്ക് നടന്നു. വീക്കെന്റ് ആയതു കൊണ്ട് ഓഫീസിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. സമയം പോയതറിഞ്ഞില്ല ബാക്കി ഫയലുകൾ എല്ലാം സൈൻ ചെയ്ത് വെച്ച് നേരത്തെ ഇറങ്ങാം എന്ന് ഞാൻ തീരുമാനിച്ചു.
ഛേ ഒരു ഫയൽ മിസ്സാണല്ലോ?
“രാഘവേട്ടോ രാഘവേട്ടോ ആ പഞ്ചായത്ത് കിണറിന്റെ ഫണ്ട് പാസ്സായ ഫയൽ എവിടെ?”
“സാറെ അത് അതിന്റെ കൂട്ടത്തിൽ തന്നെ ഉണ്ടല്ലോ.
” ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല. ഒന്ന് വന്ന് എടുത്ത് തന്നേ”
” സാറെ ഒരു നീല ഫയൽ ആണ് ഒന്ന് ശരിക്ക് നോക്കിക്കേ.”
” എന്താ?”
” സാറെ നീല നീല കളർ ഉള്ള ഫയൽ.”
“ആ കിട്ടി അത് തന്നെ നീല നീല കളർ.”
“സാറെ കിട്ടിയോ.?”
“ഫയൽ കിട്ടിയില്ല വെറെ ഒരു സാധനം കിട്ടി.ആ ഫയൽ കിട്ടിയാൽ മാറ്റി വെച്ചേക്ക് ഞാൻ തിങ്കളാഴ്ച സൈൻ ചെയ്യാം രാഘവേട്ടാ താങ്ക് യു.”
” ഈ സാറിന് ഇത് എന്ത് പറ്റി.”
ഞാൻ ബാഗുമെടുത്ത് ഓഫീസിൽ നിന്നും ചാടി ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ വെച്ചുപിടിച്ചു.
ശ്ശേ എന്നാലും ഞാൻ അത് മറക്കാൻ പാടില്ലായിരുന്നു. മോശമായിപ്പോയി.
എന്റെ രേവുവിനെ ഞാൻ വിവാഹം കഴിക്കാൻ തന്നെ കാരണം ഈ സാധനമാണ്.
വെച്ചൂർ ശിവന്റെ തിരുസന്നിദ്ധിയിൽ തൊഴുതു നിൽക്കുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സൂര്യപ്രകാശത്തിൽ മാണിക്യ കല്ലു പൊലെ തിളങ്ങുന്ന അവളുടെ ആ മൂക്കുത്തി. അത് എന്നെ വല്ലാതെ ആകർഷിച്ചു.പിന്നെ കുറെ കാലം ഞാൻ അവന്മുടെ പിറകേ നടന്നു. അവസാനം അവൾ ഇഷ്ട്ടമാന്നെന്ന് പറയും വരെ. നേരെ എന്റെ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിച്ചു. ആദ്യം കുറെ എതിർപ്പ് ഉണ്ടായെങ്കിലും ഞങ്ങൾ കട്ടക്ക് നിന്നതു കൊണ്ട് അവർക്ക് കല്യാണം നടത്തി തരേണ്ടി വന്നു.
പിന്നെ ഒരു പാട് കാലത്തിന് ശേഷമാണ് ഇപ്പോൾ അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞത്.
എനിക്ക് നീല കല്ല് വെച്ച ഒരു മൂക്കുത്തി വേണം എന്ന്.
ശരി കല്യാണം ആവുമ്പോഴേക്കും വാങ്ങി തരാം എന്ന് ഞാനും ഏറ്റതാണ്. പക്ഷേ ഞാൻ മറന്നു പോയി രാഘവേട്ടൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു.
അടുത്തുള്ള ജ്വല്ലറിയിൽ നിന്നും ഒരു നീല കല്ല് വെച്ചു മൂക്കുത്തി വാങ്ങി ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു.
റൂമിലേക്ക് ചെന്ന് കയറിയതും സഹധർമ്മിണി നല്ല ഒരുക്കത്തിലായിരുന്നു.
വൈഗ മോള് ഡ്രസ്സ് ഒക്കെ ചെയ്ത് സുന്ദരിക്കുട്ടിയായി കൊച്ചു ടി വി യും കണ്ട് ഇരിപ്പുണ്ട്.
ഞാൻ പതിയെ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
“സുധി ഏട്ടാ എന്താ ഈ കാണിക്കണേ? മോളും അമ്മയും ഒക്കെ അപ്പുറത്ത് ഉണ്ട് കേട്ടോ.”
“അതിന് എന്താ എനിക്ക് എന്റെ രേവുവിനെ ഒന്ന് കെട്ടിപ്പിടിക്കാനും പാടില്ലേ?”
“പിന്നെ റൊമാൻസ് കാണിക്കാൻ പറ്റിയ സമയം ഒന്ന് പോയി കുളിച്ചേ എന്നിട്ട് ഡ്രസ്സ്.മാറാൻ നോക്ക് ഇപ്പോൾ തന്നെ സമയം വൈകി.”
” നിക്കടേ നമ്മുക്ക് പോകാം അതിന് മുൻപ് നിനക്കൊരു സർപ്രൈസ് ഉണ്ട്.”
” എന്ത് സർപ്രൈസ് !”
” അതൊക്കെ പറയാം നീ ആ കണ്ണടയ്ക്ക്.”
” എന്താ സുധി ഏട്ടാ വേഗം പറ”
” പറയാം കണ്ണടയ്ക്കടോ”
” ഞാൻ പയ്യേ പോക്കറ്റിൽ നിന്നും മൂക്കുത്തി എടുത്ത് അവളുടെ കൈകളിൽ വെച്ച് കൊടുത്തു.”
” ഇനി കണ്ണ് തുറന്ന് നോക്ക്.”
” അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കി.”
” സുധി ഏട്ടാ ഞാൻ പറഞ്ഞ നീല കല്ല് വെച്ച മൂക്കുത്തി.”
” അതെ ഇത്രനാളും നീ പറഞ്ഞു നടന്ന ആഗ്രഹം നിന്റെ നീല കല്ല് വെച്ച മൂക്കുത്തി. ഇനി പഴയ മൂക്കുത്തി അഴിച്ച് വെച്ചേക്ക്.”
” അല്ലേലും എനിക്ക് അറിയാം സുധി ഏട്ടൻ വെറെ എന്ത് മറന്നാലും ഇത് മറക്കില്ല എന്ന്.”
ഉം.രാഘവേട്ടനെ ഉയർത്തെഴുന്നേറ്റു വന്ന യേശുവിന്റെ രൂപത്തിൽ ഞാൻ കണ്ടു മനസ്സ് കൊണ്ട് നാല് മെഴുകുതിരിയും കത്തിച്ചു.
” അപ്പോൾ ഇതിനായിരുന്നോ രാവിലത്തെ പ്രകടനം എല്ലാം?”
” ഉം. അത് ചുമ്മാ ഞാൻ നമ്പരിട്ടതല്ലേ.”
” ഉവ്വേ എനിക്ക് മനസ്സിലായി എന്നാൽ മോള് വേഗം റെഡിയായിക്കോ ഞാൻ ഒന്ന് കുളിച്ച് വന്നേക്കാം.”
“ഉം. ശരി ഏട്ടാ വേഗം പേയി വാ.”
എന്റെ ദൈവമേ ഇപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്. ഹോ എന്നാലും അവൾക്ക് ഒത്തിരി സന്തോഷമായി ആ മൂക്കുത്തി കല്ലിന്റെ തിളക്കത്തേക്കാൾ ശോഭ എന്റെ രേവു വിന്റെ മുഖത്തിനായിരുന്നു എനിക്ക് അത് മതി മനസ്സ് നിറഞ്ഞു.
ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാനാകാൻ കുറെ കാറോ വീടോ പണമോ ഒന്നും വേണമെന്നില്ല ഇതാ ഇതുപൊലെ നന്മുടെ വീട്ടിൽ കൊച്ചു കൊച്ചു സന്ദർഭങ്ങൾ ഉണ്ടായാൽ മതി. അവരുടെ ഇത്തരം ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരു 100 കോടി രൂപ ലോട്ടറി അടിച്ചാലും കിട്ടില്ല. തന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയും ഭാര്യയെ മനസ്സിലാക്കുന്ന ഒരു ഭർത്താവും ഇതിൽപരം സന്തോഷം വെറെ എന്താ വേണ്ടേ.
എന്നാലും ചെറിയ ഒരു സംശയം ഈ ഒരു ചെറിയ കാര്യത്തിന് രാവിലത്തെ സീൻ കുറച്ച് ഓവറായോ എന്നൊരു തോന്നൽ .അല്ല എന്റെ രേവു മാത്രമാണോ ഇങ്ങനെ അതോ എല്ലാ ഭാര്യമാരും ഇങ്ങനെയാണോ ? രചന: സനൽ SBT (കുരുവി )
Great article! The clarity and depth of your explanation are commendable. For additional insights, visit: LEARN MORE. Looking forward to the community’s thoughts!