
വാതിൽ തുന്നപ്പോൾ ഞാൻ കണ്ടത് നിലത്തിരുന്നു കൊച്ചു ടിവി കാണുന്ന ഒരു മൂന്നുവയസുകാരി കുഞ്ഞിനെയാണ്.
ഞാൻ വാതിൽ പുറത്തു നിന്നു പൂട്ടിയിട്ടാണ് പോയത് .പിന്നെങ്ങനെ ഇതിൽ ഒരു കുഞ്ഞു വന്നു..
വാതിലിന്റെ മറ്റൊരു താക്കോൽ ഉള്ളത് മകളുടെ കയ്യിലാണ്. അവളാണെങ്കിൽ വരുന്ന വിവരം പറഞ്ഞിട്ടുമില്ല ..
വാതിൽ തുറന്ന ശബ്ദം കേട്ട് കുഞ്ഞ് തലചെരിച്ച് ഒന്നു നോക്കി പിന്നീടത് മുട്ടിൽ ഇഴഞ്ഞു വന്ന് സാരി തലപ്പിൽ പിടിച്ച് എഴുന്നേൽക്കാൻ നോക്കി…. ഞാൻ കാല് മെല്ലെ പുറകോട്ട് വലിച്ചപ്പോൾ കുഞ്ഞിന്റെ ശ്രമം വിജയിക്കാതെ നിലത്തേക്ക് തന്നെ കൈ കുത്തി വീണു. കുഞ്ഞ് ചെറുതായി ചിണുങ്ങി കരയാൻ തുടങ്ങി… കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അകത്തു നിന്നും മകൾ ഇറങ്ങി വന്നു…
“മോളെ നീ എപ്പഴാ വന്നത് ,എന്തെ വരുന്ന വിവരം പറഞ്ഞില്ല. ഈ കുഞ്ഞേതാ?
“ഞാൻ വരുമ്പോ വാതിൽ പുറത്തു നിന്നു പൂട്ടിയിട്ടിരിക്കുന്നു. എന്റെ കയ്യിൽ താക്കോലുണ്ടല്ലോന്ന് കരുതിയാണ് ഞാനമ്മയെ വിളിക്കാഞ്ഞത്.
“അതൊക്കെ ശരി … ഈ കുഞ്ഞേതാ ..
“ഇതെന്റെ കുഞ്ഞ്.
“നിന്റെ കുഞ്ഞോ…കല്യാണം കഴിക്കാത്ത ബാംഗ്ലൂരിൽ പഠിക്കാൻ പോയ നിനക്ക് കുഞ്ഞോ “
“കുഞ്ഞുണ്ടാവാൻ കല്യാണം കഴിക്കണോ അമ്മേ അവൾ പിറുപിറുത്തു കൊണ്ട് ചോദിച്ചു…
അവളെ തുറിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
” മോളെ നീ എന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല …
“അമ്മേ ഞാനും ഒരാളും തമ്മിൽ ഇഷ്ടത്തിലായിരുന്നു. പേര് നവീൻ. ഞങ്ങൾ ലിവിംഗ് ടുഗതർ ആയിരുന്നു. ബാംഗ്ലൂരിൽ ഒന്നിച്ചായിരുന്നു താമസം ..
ഇതൊന്നും അവിടെ വലിയ വിഷയം ഒന്നും അല്ല . സ്നേഹിക്കുന്നവർ ഒന്നിച്ച് കുറച്ചു വർഷം ജീവിച്ച് നോക്കും. പരസ്പരം മനസ്സിലാക്കാനും ഒത്തൊരുമിച്ചു പോവാനും സാധിക്കില്ല എന്ന് തോന്നിയാൽ പിരിയും അത്ര തന്നെ. ഞങ്ങൾ മൂന്ന് വർഷം ജീവിച്ചു. പിന്നീട് അവനുമായി പൊരുത്തപ്പെടാൻ പറ്റില്ലന്നായപ്പോൾ ഞാൻ ഇങ്ങു പോന്നു..
“എത്രനിസ്സാരമായി ആണ് മോളെ നീയീ പറഞ്ഞതൊക്കെ ..നമ്മുടെ വീട്ടുകാർ, ബന്ധുക്കൾ ,നാട്ടുകാർ ,ഇവരൊക്കെ ഇനി നമ്മെളെ പറ്റി എന്തു പറയും പിഴച്ചുണ്ടായ കുഞ്ഞായി ഇനിയിവൾ വളരണ്ടെ . നിന്നെ പിഴച്ചവൾ എന്ന് സമൂഹം വിളിക്കില്ലേ
“നാട്ടുകാർ എന്തും പറഞ്ഞോട്ടെ എന്റെ മോളെ ഞാൻ വളർത്തും.
“ഇവിടെ വളർത്താൻ പറ്റില്ല ഇപ്പം ഇറങ്ങിക്കോണം. കുഞ്ഞിനെയും എടുത്തോണ്ട് .എനിക്ക് അയൽപക്കക്കാരുടെ മുഖത്ത് നോക്കി ജീവിക്കാനുള്ളതാ …
“ഞാനെങ്ങും പോകില്ല. ഇവിടെ തന്നെ നിൽക്കും മോളെ വളർത്തും.
എന്നാ അതൊന്ന് കാണണമല്ലോ കയ്യുയർത്തി ഒറ്റ അടിയായിരുന്നു .. അടിയുടെ സ്വരം കേട്ട് കുഞ്ഞ് ഉറക്കെ കരഞ്ഞു…. മുറ്റത്ത നിന്നും അകത്തേക്ക് രണ്ടു കയ്യിലും സാധനങ്ങളുമായി അകത്ത് കയറിയ യുവതി സാധനങ്ങൾ നിലത്തിട്ട് കുഞ്ഞിനെ എടുത്ത് രണ്ടു പേരോടുമായി ചോദിച്ചു…
“എന്താ ..എന്താ ..പ്രശ്നം …
അടി കിട്ടിയ കവിൾ തടം തുടച്ചു കൊണ്ട് മകൾ ചിരിതൂകി കൊണ്ട് പറഞ്ഞു.
“അമ്മേ .. ഇത് നിവേദിത ,എന്റെ കൂട്ടുകാരിയാണ്. ഇവളുടെ കുഞ്ഞാണിത്. ഞാൻ ചുമ്മാ അമ്മയെ പറ്റിക്കാൻ പറഞ്ഞതാ . അച്ഛൻ മരിച്ച ശേഷം അമ്മയോട് മറ്റൊരു വിവാഹം കഴിക്കാൻ ബന്ധുക്കൾ മുഴുവൻ നിർബദ്ധിച്ചിട്ടും എനിക്കന്റെ സുരേഷേട്ടനെ മറക്കാൻ കഴിയില്ല എന്ന് പറഞ്ഞ് എന്നെയും കൊണ്ട് ഒരു പേരുദോഷവും കേൾപ്പിക്കാതെ എന്നെ ഇത്രയും വളർത്തി വലുതാക്കിയ അമ്മയെ മറന്ന് .ഞാൻ പിഴച്ചു പോകും എന്ന് വിചാരിക്കുന്നുണ്ടോ അമ്മേ…
ഇവളുടെ ചേട്ടന് നവീനിന് എന്നെ ഇഷ്ടമാണ്. ഇവൾക്കും ഇവളുടെ വീട്ടുകാർക്കും ..എല്ലാർക്കും ഇഷ്ടമാണ്.
എന്നെ അവർക്ക് കൊടുക്കുമോ എന്ന് നേരിട്ട് ചോദിച്ചറിയാൻ വന്നതാണ് ഇവൾ.
വന്നപ്പോ കൊച്ചിന് കൊടുക്കാൻ ബിസ്കറ്റില്ല വാങ്ങാൻ മറന്നു പോയി. അവൾ കടയിൽ പോയ സമയത്താ അമ്മ വന്നത്. ഞാൻ വെറുതെ അമ്മയെ പറ്റിക്കാൻ പറഞ്ഞതാ …
തെല്ലൊരു ജാള്യതയോടെ മകളുടെ മുഖത്ത് തലോടിക്കൊണ്ട്
“നിനക്ക് നൊന്തോ മോളെ എന്ന് പറഞ്ഞു കൊണ്ട് അവളെ ചേർത്തുപിടിച്ചു കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു.
✍️ഷിജിത് നാനോ🌹