കല്യാണത്തിനിനി രണ്ടാഴ്ചയെ ഉള്ളൂ.. ഒരായിരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..
വീണുകിട്ടിയൊരു ഞായറാഴ്ച രാവിലെ തന്നെ പുറപ്പെട്ടു…
തലേദിവസം വിളിച്ചുറപ്പിച്ച പോലെ ആദ്യം ചങ്ക് കൂട്ടുകാരി ‘അൻസബ ‘എന്ന ‘അനു’ വിന്റെ വീട്ടിലേക്ക്…
അവളുടെ വീട്ടിൽ കല്യാണവും വിളിച്ച് അവളെയും കൂട്ടി ടൗണിൽ ഒന്നു പോണം..
ചുരിദാറുകൾ തയ്പ്പിക്കാൻ കൊടുക്കണം.. ബ്യൂട്ടി പാർലറിൽ ഒന്നു കേറണം…
തലേ ദിവസം ഇടുന്ന ഡ്രസ്സിന്റെ മാച്ചിംഗ് കിടുപിടീസ് വാങ്ങണം..
കുറച്ചു ഫ്രണ്ട്സിന്റെ വീട്ടിൽ പോയി കല്യാണം വിളിക്കണം..
കല്യാണം പ്രമാണിച്ച് ഒരുമാസം കോളേജിൽ നിന്നു ലീവെടുക്കാൻ ഉദ്ദേശിക്കുന്നതിനാൽ അപ്പൊ ചെയ്യേണ്ട അസ്സൈന്മെന്റ്സ് എല്ലാം അവളെ ഏൽപ്പിക്കണം.. അങ്ങനെയങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ..
രാവിലെ തന്നെ ബസിൽ കേറി അവൾ സ്ഥിരം ഇറങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങി.. അവൾ അവിടെ കാത്തു നിൽക്കാംന്നു പറഞ്ഞതാണ്.. അവിടെ എങ്ങും ഒരു മനുഷ്യക്കുട്ടി ഇല്ല..
കുറച്ചങ്ങോട്ട് നടന്നാൽ കാണുന്ന ആദ്യത്തെ വളവിലൂടെ ഉള്ളിലേക്ക് നടന്നാൽ മതിയെന്ന് അവൾ പറഞ്ഞ ധാരണ ഉണ്ടായിരുന്നു..
കയ്യിലൊരു വലിയ ട്രാവൽബാഗിൽ തയ്ക്കാനുള്ള തുണികളും പുറത്തെന്റെ കോളേജ്ബാഗിൽ കല്യാണക്കത്തുകളും ബുക്കുകളും… ഇതൊക്കെ താങ്ങി വളവും തിരിഞ്ഞു നടക്കാൻ തുടങ്ങി..
ഗ്രാമപ്രദേശമാണ്.. അധികം വീടുകൾ ഒന്നും കാണുന്നില്ല.. ബാഗിൽ നിന്നു ഫോൺ എടുത്തു അവളുടെ നമ്പറിൽ കുറേ വിളിച്ചു..
ഫോൺ എടുക്കുന്നേ ഇല്ല… ഇവൾ ഞാനിന്നലെ പറഞ്ഞതൊക്കെ മറന്നു പോത്തുപോലെ ഉറങ്ങാവുമെന്നു പിറുപിറുത്തു നടക്കുമ്പോൾ അതാ കിടക്കുന്നു അവളെപ്പോഴും പറയുന്ന മാരുതി 800..
ഒരു വീടിന്റെ ഗേറ്റിങ്കൽ ആണു കാർ കിടക്കുന്നത്…രണ്ടുനിലയുള്ള അത്യാവശ്യം വലിയൊരു വീട്..
ഇതു തന്നെയാവുമോന്ന് സംശയിച്ചു ഞാനാ വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തെത്തി..
പൂമുഖത്തു പേപ്പർ വായിച്ചു കുറച്ചു പ്രായമുള്ള ഒരാൾ ഇരിക്കുന്നു..
എന്നെക്കണ്ട് ചോദ്യഭാവത്തിൽ നോക്കി.. ഞാൻ ചോദിച്ചു അനുവിന്റെ വീടല്ലേ ??….
ആണെന്ന് പറഞ്ഞുകൊണ്ട് എന്റെ കയ്യിലിരുന്ന ബാഗിലേക്കു തന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചിട്ട് പറഞ്ഞു ഞാൻ അനൂന്റെ ഫ്രണ്ടാ… വല്ലോം വിക്കാൻ വന്നതാണൊന്നു വിചാരിച്ചു കാണും
എവിടെയാ വീട്.. എന്താ വന്നത്.. ഗൗരവം നിറഞ്ഞ ചോദ്യങ്ങൾ…
അനുവിന്റെ തന്തപ്പടി ആള് ഇത്തിരി സ്ട്രോങ്ങ് ആണല്ലോന്നു മനസ്സിൽ ഓർത്തു ഞാൻ സ്ഥലപ്പേരു പറഞ്ഞു..
അനു അകത്തില്ലേന്നും ചോദിച്ചു വേഗം ചെരുപ്പഴിച്ചു അകത്തേക്ക് കേറി പോയി..
ഹാളിലെങ്ങും ആരുമില്ല.. പിന്നേം ഉള്ളിലേക്ക് നടന്നപ്പോ ഡൈനിങ്ങ് ടേബിളിൽ ഒരു പെൺകുട്ടി ഇരുന്നു കഴിക്കുന്നു.. ഒറ്റനോട്ടത്തിൽ എനിക്കാളെ പിടികിട്ടി.. അനൂന്റെ അനിയത്തി!
എന്നെ കണ്ടു അന്തം വിട്ടിരിക്കുന്ന അവളോട് പുഞ്ചിരിച്ചു അനൂന്റെ അനിയത്തിയല്ലേ.. കണ്ടപ്പോ തന്നെ മനസ്സിലായെന്നു പറഞ്ഞു..
എന്നെ മനസ്സിലായോന്നു ചോദിച്ചു ഉത്തരം കാത്തുനിക്കുമ്പോ അതാ അടുക്കളയിൽനിന്ന് വരുന്നു അനുവിന്റെ ഉമ്മ..
ഇവൾക്ക് ഇത്രേം ഗ്ലാമർ ഉള്ള ഉമ്മയോ എന്ന് മനസ്സിൽ പറഞ്ഞു ഞാനവരോടും ചിരിച്ചു കാണിച്ചു…
മോളേതാ എന്നും ചോദിച്ചു അവര് വന്നു എന്നെ തുറിച്ചു നോക്കി.. ഞാൻ അനൂന്റെ കൂടെപഠിക്കുന്ന ഫെബിയാ ഉമ്മാ.. വിനയകുനിതയായി ഞാൻ മറുപടി പറഞ്ഞു..
കൂടെ പഠിക്കുന്നതോ.. എന്താ ഇത്ര രാവിലെ.. ഒറ്റക്ക്യാണോ…. ബാഗിൽ എന്താ..????
ഒറ്റശ്വാസത്തിൽ ഒരായിരം ചോദ്യങ്ങൾ..!
ഇവരെന്താ കോടീശ്വരൻ പരിപാടി നടത്തുന്നോ?
അവളിനി കോളേജിൽ വരട്ടെ.. അവളെ ഞാനിതൊക്കെ പറഞ്ഞു കളിയാക്കി കൊല്ലും..
ഞാനെന്റെ മനസ്സിൽ പറഞ്ഞു..
മറുപടി പറയാൻ നിക്കുമ്പോ അതാ ബാക്കിൽന്നൊരു പുരുഷ ശബ്‌ദം.. ആരാ അത് സഫിയാ..?
അത് അനൂന്റെ കൂടെപഠിക്കണോളാണ്.. ഉമ്മ മറുപടി പറഞ്ഞു… രണ്ടാളും കേട്ടോട്ടെന്ന് വച്ചു ഞാനിത്തിരി വോളിയത്തിൽ പറഞ്ഞു ഞാൻ ഇന്ന് വരുമെന്ന് അനൂനോട് പറഞ്ഞിരുന്നു…എന്റെ കല്യാണാ അടുത്ത പതിനൊന്നാന്തി..
കുറച്ചു പ്രോഗ്രാംസ് ഉണ്ട്.. അനു എന്റെ കൂടെ വരാന്നു പറഞ്ഞിരുന്നു.. രാവിലെ റെഡിയായി സ്റ്റോപ്പിൽ നിക്കാന്നു പറഞ്ഞെരുന്നതാ… ഞാൻ വന്നപ്പോ ആളില്ല..
വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.. അങ്ങനെ ഞാനിങ്ങോട്ടു നടന്നതാണ്…
അനു എവിടെ ഉമ്മാ.. ഒറങ്ങാണോ.. എണീറ്റില്ലേ??
“പോയി നോക്കെടീ..” ഞാൻ വിചാരിച്ചു എന്നോടാണെന്നു.. അല്ല അനിയത്തിയോടാണ്..ഹാവൂ
ശരം പോലെ സ്റ്റെയർസ് കേറിപ്പോയ പെങ്കൊച്ചു അതെ സ്പീഡിൽ തിരിച്ചു വന്നു പ്രസ്ഥാവിച്ചു.. കുളിക്ക്യാണ്….
ആഹഹ… തമ്പുരാട്ടി ഇപ്പൊ എണീറ്റു പള്ളിനീരാട്ടിനു കേറീട്ടെ ഉള്ളൂ.. തെണ്ടി.. അവളിങ്ങോട്ടു വരട്ടെ.. ശരിയാക്കി കൊടുക്കാം… ഞാൻ പല്ലുകടിച്ചു മനസ്സിൽ പറഞ്ഞു..
ഉപ്പ വേഗം വരാൻ പറഞ്ഞെന്നു പറയാൻ പറഞ്ഞു വീണ്ടും അനിയത്തിയെ മേലേക്ക് ഓടിച്ചു..
വല്ലാത്തൊരു സൈലെൻസ്… എനിക്കാണെങ്കിൽ ദാഹിച്ചിട്ടും വയ്യ..
ഉമ്മാ.. കുറച്ചു വെള്ളം തരോ.. ഞാൻ ബാഗെല്ലാം ടേബിളിൽ വച്ചിട്ട് ചെയർ വലിച്ചിട്ടു ഇരുന്നു…
ഉമ്മ ഒന്നും മിണ്ടാതെ കിച്ചണിലേക്ക് പോയി..
പിന്നാലെ ഉപ്പയും… എനിക്കൊരു ചെറിയ വൈക്ലബ്യം തോന്നാതിരുന്നില്ല.. ഞാൻ ഇങ്ങനെ ഒരു തണുപ്പൻ സ്വീകരണം ഒന്നുമല്ല ഇവിടെ പ്രതീക്ഷിച്ചത്..
അടുക്കളപ്പുറത്തെ വാതിലിലൂടെ രണ്ടുമൂന്നു പെണ്ണുങ്ങൾ എന്നെ വന്നു എത്തി നോക്കുന്നു..
അയൽവാസികൾ ആവും.. പാവം ഗ്രാമവാസീസ്… ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവര് വല്യ മൈൻഡ് ഒന്നും ഇല്ല..
അടുക്കളയിൽ പോയ മദർ കയ്യിലൊരു ഗ്ലാസ് ടാങ്ക് കലക്കിയതും കൊണ്ടു വന്നു.. പിന്നിൽ പോയ അതെ പോലെ ഫാദറും..
എന്നിട്ടെന്നോടൊരു ചോദ്യം കുട്ടീടെ തറവാട് ഏതാണ്.. വാപ്പാടെ നമ്പർ ഒന്നു തന്നെ..!
ദെന്തൂട്ട് തേങ്ങയാണ് പടച്ചോനെ.. ഇയ്യാക്കെന്തിനാ എന്റെ ഉപ്പാന്റെ നമ്പർ.. എനിക്കങ്ങു ദേഷ്യം വരാൻ തുടങ്ങി..
ഭർത്താവിന്റെ വീട്ടിൽ പോകാനുള്ള ട്രെയിനിങ് ക്ലാസ്സ് നടക്കുന്നതിനാൽ മാത്രം ഞാൻ എന്റെ തനി കൊണം കാണിക്കാതെ നാടും തറവാടും ഒക്കെ പറഞ്ഞു കൊടുത്തു.. ഉപ്പാന്റെ നമ്പർ പറഞ്ഞു കൊടുക്കാൻ വേണ്ടി എന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ അതാ അനൂന്റെ മിസ്സ്കാൾ കിടക്കുന്നു.. ഇവള് കക്കൂസിലിരുന്നാണോ മിസ്സ്കാൾ അടിച്ചു കളിക്കുന്നത്..
നമ്പർ എഴുതാൻ പേന എടുക്കാൻ അനിയത്തി പോയപ്പോ പൊടിമീശ വച്ചൊരു ചെറുപ്പക്കാരൻ കോണിപ്പടികൾ ഇറങ്ങി വരുന്നു..
ഇതേതാപ്പോ ഇങ്ങനൊരു ഐറ്റം ഇവൾക്ക് ആങ്ങളമാരില്ലല്ലോ..
അപ്പൊ അതാ ഉമ്മ ചോദിക്കുന്നു “അന്വോ…തേതാണ്ടാ ഈ പെങ്കുട്ടി?”
ഇയ്യിവളോട് ഇങ്ങട്ട് വരാൻ പറഞ്ഞീർന്നാ
ഇല്ലുമ്മാ… ഇതാരാ..ഞാനറിയീല..
വാപ്പയാണെങ്കിൽ കണ്ണുചുവക്കണ്…. പല്ലുകടിക്കണ് എന്ന ഗാനത്തിന് ഡബ്‌സ്മാഷ് ചെയ്യുന്ന ഭാവത്തിൽ നിൽക്കുന്നു…
ഇനിയിവിടെ നിന്നാൽ ഒരു കൊലപാതകത്തിന് സാക്ഷി പറയേണ്ടി വരുമെന്ന് മനസിലാക്കി ഞാൻ പറഞ്ഞു “അയ്യോ നിങ്ങക്കാള് മാറീ…”
ഞാൻ പറേണ അനു ഇതല്ല.. അതൊരു പെൺകുട്ട്യാണ്… ന്റെ ക്ലാസ്സിൽ പഠിക്കണ അൻസബ..
സത്യായിട്ടും….
പിന്നെ ഞാനൊരു നിമിഷം അവിടെ നിന്നില്ല.. ഹോ വെറുത്തു പോയി.. ബാഗും എടുത്തോടി ഫോൺ എടുത്തു അനൂനെ വിളിച്ചു കുറച്ചു അൺപാർലിമെന്ററി വേർഡ്‌സ് പറഞ്ഞ ശേഷം ആണ് ശ്വാസം പോലും വിട്ടത്..
അവളുടെ വീട്ടിൽ ഗേറ്റ് പണി നടക്കുന്നതിനാൽ അടുത്ത വീടിന്റെ ഫ്രണ്ടിലേക്കിട്ട കാറും ആ വീട്ടിലെ അനസ് എന്ന ചെറുക്കനും ആണ് ഇതിനൊക്കെ ഉത്തരവാദി.. അല്ലാതെ ഞാനല്ല എന്ന് നിങ്ങക്കൊക്കെ മനസിലായല്ലോ അല്ലേ….
ഇന്നും കല്യാണംവിളി എന്ന് കേൾക്കുമ്പോ അപ്പൊ ആ വീട്ടിൽ വാലുമുറിഞ്ഞു നിന്നത് ഓർമ്മവരും…