കറുപ്പി

…………….. കറുപ്പി……………

അതെ അവൾ കറുത്തവൾ ആയിരുന്നു, കാപ്പിരി നാട്ടിൽ നിന്നും എത്തിയവൾ ആയിരുന്നു.. ഈ വികസിത രാജ്യത്തിന്റെ തിങ്ങി നിറഞ്ഞ ഗല്ലികളിലും ഇടുങ്ങിയ വഴികളിലും അവളെ കാണാമായിരുന്നു… വിയർപ്പിന്റെ വിഹിതം കണക്ക് പറഞ്ഞു നൽകിയതിനാൽ ആവണം അവൾ ഇവിടെ സുരക്ഷിതയായിരുന്നു അതിലേറെ അങ്ങ് ഒരുപാട് ദൂരെ കുറെ മുഖങ്ങൾ ചിരിക്കുന്നത് സ്വപ്നം കണ്ടാവണം അവളേറെ സന്തോഷവതിയായിരുന്നു..അവൾ ഉറക്കെ പൊട്ടിച്ചിരിക്കുമായിരുന്നു… ഉച്ചത്തിൽ സംസാരിക്കുമായിരുന്നു.. ഇല്ലായ്മയെ പുറത്ത് കാണിക്കാതിരിക്കാൻ ആണോ അതോ സ്വപ്നങ്ങൾ കണ്ടതൊക്കെ നിറമുള്ളതിനാലായതിനാൽ ആണോ എന്തോ അവൾ എപ്പോഴും കളർ ചെയ്ത മുടികൾ തലയിൽ അണിഞ്ഞിരുന്നു.. അവളുടെ മനസ്സ് പോലെ ആയിരുന്നില്ല അവൾക്കുള്ളത് ഉറച്ച ശരീരങ്ങൾ ആയിരുന്നു.. എന്നിരുന്നാൽ കൂടി അനുവാദം കൂടാതെ തന്നെ സ്പർശിച്ചവരോടൊക്കെ അവൾ കയർത്തിരുന്നു.. അവജ്ഞതയോടെ നോക്കിയവരൊക്കെയും തന്നെ ഒരിക്കൽ എങ്കിലും അവളെ ഒന്നാഗ്രഹിച്ചിരുന്നു.. അല്ലെങ്കിൽ അവളെങ്ങനെ അവരെ സ്വാധിനിച്ചിരുന്നു..
ഓടി തളർന്ന വലിയ വാഹനങ്ങളുടെ മറവിൽ അവളെ പലർക്കും ലഭ്യമായിരുന്നു… വൈരുധ്യം എന്തെന്നാൽ ഇവിടുത്തെ ഗല്ലികളിലെ മദ്യവ്യാപാരികളുടെ ഒരു കുപ്പി കള്ളിനും അവളുടെ ശരീരത്തിനും ഒരു വിലയായിരുന്നു. എന്തുകൊണ്ട് അവൾക്ക് ഈ വില എന്നാലോചിച്ചാൽ ഒരുപക്ഷേ നമുക്കുത്തരം ഉണ്ടാവില്ല.. അല്ലെങ്കിൽ തന്നെ അതില് പോലും വിലപ്പേശുന്നവർ ഉള്ള സമൂഹത്തിൽ ആ ഉത്തരത്തിനു പ്രസക്തി ഇല്ലാ…നമുക്ക് പോലും ചിന്തിക്കാൻ പറ്റാത്ത ചിലപ്പോൾ അനുഭവിച്ചിട്ടില്ലാത്ത ഒരു വലിയ ദാരിദ്രത്തിന്റെ ഭീകരത ആയിരിക്കാം പക്ഷേ അങ്ങനെയാവളരോടും സഹതപിച്ചിട്ടില്ല. പെട്ടെന്ന് പണമുണ്ടാക്കാൻ ആയിരിക്കാം എന്നും അവൾ പറഞ്ഞിട്ടില്ല.. ഇനിയൊരുപക്ഷെ ചതിക്കപ്പെട്ടതായിരിക്കാം അതും അല്ലെങ്കിൽ അവളുടേത് മാത്രമായ ഒരു ഉത്തരം എന്നെങ്കിലും അവളീ ലോകത്തോട് പറയുമായിരിക്കും .. വരാൻ പോകുന്ന വലിയ വിപത്ത് അറിഞ്ഞു കൊണ്ട് തന്നെ ഇനിയും കുറെ കാലം അവൾ ഇവിടെ ഉണ്ടാവും.. പഴമ ഇഷ്ടപെടാത്ത കാലഘട്ടത്തിൽ കുറെ കഴിയുമ്പോൾ അവൾ പിന്നോട്ട് പോകും,. ഒരുപാട് പിന്നിലേക്ക്,, .ഫാർമസികളിലെ വേദന സംഹാരികളോ ഇടയ്ക്കൊക്കെ തളർച്ച അറിയിക്കാതെ സഹായിച്ച മറ്റു പലതും നിർദയം അന്നേരം കയ്യൊഴിയും…..അന്നവളെ നോക്കുന്ന ആരുടേയും കണ്ണിൽ പഴയ പോലെ ആവേശം കാണില്ല .. ആരും അവളെ നോക്കി പുഞ്ചിരിക്കില്ല.. എന്നത്തേക്കുമായി ഇരുട്ടിലേക്ക് മറയുവാൻ അവൾ നിർബന്ധിതയാകും…അന്ന് ചോദിച്ചാൽ അവളൊരു പക്ഷേ പറയുമായിരിക്കും ഇരുട്ടാണ് അവളേറ്റവും കൂടുതൽ ഈ ലോകത്ത് വെറുക്കുന്നതെന്ന്…അന്നവൾക്ക് സംരക്ഷണം നൽകാൻ ഇവിടെ ആരുമുണ്ടാകില്ല … ഇതൊക്കെ അവൾക്കും അറിയാമായിരുന്നോ .ഇല്ലായിരിക്കാംനമുക്കങ്ങനെ വിശ്വസിക്കാം . എന്നിരുന്നാലും നാളെ അവൾക്ക് വേറൊരു ഒരു ജീവിതമുണ്ടായിരിക്കാം.. ചിലപ്പോൾ ഇങ്ങനെ തന്നെ ജീവിച്ചു പോകുമായിരിക്കാം.. കുറെയേറെ ചോദ്യങ്ങൾ ഓരോ തവണയും കാണുമ്പോൾ മനസ്സിൽ ഇങ്ങനെ ഉണ്ടാവാറുണ്ട്… മനസ്സിലെ ചോദ്യങ്ങളെ മനസ്സിലാക്കിയത് കൊണ്ടാണോ എന്തോ അന്നവൾ എന്നെ നോക്കി ചിരിച്ചിരുന്നു
….
………അരുൺ എസ്. ബി……….

Leave a Reply

Your email address will not be published. Required fields are marked *