
കറി
മിനിക്കഥ
എന്ത് കറിയാടീ നീ ഉണ്ടാക്കി വെച്ചിരിക്കുന്നത്… ഒന്നുകിൽ ഇതിന് ഒരു ഉപ്പ് വേണം.. അല്ലെങ്കിൽ എരിവും പുളിയും വേണം…
അയാൾ കറി വിളമ്പി വെച്ച പാത്രം എടുത്തു പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു പറഞ്ഞു.
അപ്പുറത്തെ സുമ ഉണ്ടാക്കുന്ന കറിക്ക് എന്ത് രുചിയാണെന്നോ… കൈപ്പുണ്യം വേണം. അതൊന്നും പെരിയ പോയിട്ടില്ല നിനക്ക് അഞ്ഞൂറിന് വാങ്ങിയ ചെമ്മീൻ പുഴുങ്ങി വെച്ചിരിക്കുന്നു. മൂതേവി…
അയാളുടെ ശകാരം കേട്ട് അവൾക്ക് വിഷമം തോന്നി. എത്ര രുചിയോടെ വെച്ചാലും കുറ്റം തന്നെ.
നീ സുമയോട് കുറച്ചു കറി വാങ്ങി കൊണ്ടുവാ… എനിക്കാണെന്ന് പറഞ്ഞാൽ മതി. അവൾ തരും.
എങ്ങിനെ ഒരു അന്യ വീട്ടിൽ ചെന്നു കറി ചോദിക്കും. അതും തനിച്ചു താമസിക്കുന്ന സ്ത്രീ. ഇവിടെ വെക്കലും വാങ്ങലും ഇല്ലെന്നു അവൾ കരുതില്ലേ..? ഇയാൾക്ക് എന്തിന്റെ സൂക്കേടാണ് മുത്തപ്പാ..
ഇപ്പോൾ അടുത്താണ് ഇങ്ങനെ ഒരു പതിവ് തുടങ്ങിയത്..ചോറുണ്ണാൻ നേരത്ത് സുമയുടെ കറി വാങ്ങി കൊണ്ടു വരൽ. ജീവിതത്തിൽ അന്യന്റെ ഒരു മുതല് തിന്നിട്ടില്ല ഞാൻ. ഒരാളുടെ മുന്നിൽ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടിയിട്ടില്ല..
അവൾ സങ്കടത്തോടെ ഓർത്തു.
അവൾ മനസ്സില്ലാ മനസ്സോടെ സുമ ഉണ്ടാക്കിയ ഉണക്കമീനിന്റെ കറി ചോറിൽ കുഴച്ചു അടിക്കുമ്പോൾ അയാൾ പറഞ്ഞു.
എന്താ രുചി… നീ അല്പം കൂടി ചോറ് വിളമ്പ്…
അവൾ ചോറ് നിറച്ച പാത്രം അയാളുടെ മുന്നിൽ എടുത്തു വെച്ചു. അകത്തു പോയി കരഞ്ഞു.
ഭർത്താവിന്റെ ഈ ദുശ്ശീലം ആവർത്തിച്ചപ്പോൾ അവൾക്കു വേദന തോന്നി.അവൾ ഇതിനെ കുറിച്ചു ആലോചിച്ചു തല പുണ്ണാക്കിയപ്പോൾ ഒരു പരിഹാരം തെളിഞ്ഞു വന്നു.
അങ്ങനെ അന്നും ഉച്ചക്ക് അയാൾ ഊണു കഴിക്കാൻ ഇരുന്നപ്പോൾ അയാൾ അവൾ ഉണ്ടാക്കിയ കറിക്കു കുറ്റം കണ്ടെത്തി.
കറി അടിക്കു പിടിച്ചിരിക്കുന്നു. അയക്കൂറ കിലോക്ക് എത്രയാണെന്ന് അറിയാമോ മൂതേവി..?
അവൾ ഒന്നും മിണ്ടിയില്ല.
പിന്നെ കറിക്കായ് സുമയുടെ വീട്ടിലേക്ക് ഓടുന്നതിന് പകരം തൊഴുത്തിലേക്കു ഓടി. അവിടെ നിന്നും കുറച്ചു ചാണകം വാരി കലക്കി ഉപ്പും മുളകു പൊടിയും പുളിയും ചേർത്തിളക്കി അയാളുടെ മുന്നിൽ വെച്ചു കൊണ്ടു പറഞ്ഞു.
ഇന്നു സുമ മുരിങ്ങയില കറിയാണ് വെച്ചത്. അതു അരച്ചു വെച്ച കറിയാണ്. വേണോ നിങ്ങക്ക്…?
വേണോന്നാ… ഇങ് തന്നാട്ടെ… പൈക്കുന്നെനിക്ക്…
അയാൾ അതു വാങ്ങി ചോറിൽ ഒഴിച്ചു കുഴച്ചു വിഴുങ്ങുമ്പോൾ പറഞ്ഞു.
ഇതിൽ പാലൊഴിച്ചിട്ടുണ്ട്…
അതു കേട്ടപ്പോൾ അവൾ പറഞ്ഞു.
സത്യം പറ നിങ്ങൾക്ക് ആരോടാ… സ്നേഹം?
അയാൾ അതിനു മറുപടി പറയും മുമ്പേ തിന്നതു മുഴുവൻ പുറത്തേക്കു ഛർദ്ദിച്ചിരുന്നു.പിന്നെ ആ സൂക്കേട് ആവർത്തിച്ചില്ല.
(അമ്മ പറഞ്ഞു തന്ന കഥ )