ഓപ്പറേഷൻ ഡെയ്സി

ഓപ്പറേഷൻ ഡെയ്സി

✍️ Saji mananthavadi

ഞാൻ ഡെയ്സി . വയസ് 22. ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള എല്ലാ യോഗ്യതയുമുള്ളവൾ . പലരും ഞാൻ കേൾക്കാതെ പറയുന്ന ഒരു വാചകമുണ്ട് ” എന്തിനാ ദൈവം ഇവൾക്ക് ഇത്രയധികം സൗന്ദര്യം വാരിക്കോരി കൊടുത്തത്?”

അല്ലെങ്കിലും സൗന്ദര്യം നമ്മൾ ചോദിച്ച് വാങ്ങുന്നതാണോ ? ചിലപ്പോഴൊക്കെ സൗന്ദര്യം അനുഗ്രഹമാണോ ശാപമാണോ എന്നും ഞാൻ ചിന്തിക്കാറുണ്ട്.

പഠിക്കുന്ന കാലത്തെല്ലാം കൂട്ടുക്കാരുടെയും അധ്യാപരുടെയും കണ്ണിലുണ്ണിയാകാൻ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. പക്ഷെ ഒരു ദിവസം പോലും മറ്റുള്ളവരെ പോലെ ലീവെടുത്ത് കറങ്ങി നടക്കാൻ കഴിയില്ല.

“ഇന്ന് ഡെയ്സി വന്നിട്ടില്ലേ ? അവൾക്കെന്താ പറ്റിയത്?”

ഇതായിരിക്കും അധ്യാപകരുടെയും കൂട്ടുക്കാരുടെയും ചോദ്യം. ആരും കാണാതെ ഒരു സിനിമ ക്കോ പാർക്കിലോ ഒന്നുപോകാമെന്നു വിചാരിച്ചാൽ മിനിമം ഒരു നൂറ് വായ് നോക്കികൾ
അവിടെയുമുണ്ടാകും. പതിനെട്ട് വയസായപ്പോൾ തുടങ്ങിയ കല്യാണാലോചനകൾ ഇന്നുമവസാനിച്ചിട്ടില്ല.

BSc നഴ്സിങ് പൂർത്തിയാവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു . ഇനിയും അപ്പച്ചനോട് പണം ചോദിക്കാൻ വയ്യ. അപ്പച്ചനും അമ്മച്ചിയും അനിയനും ജീവിക്കുന്നത് തന്നെ എനിക്ക് വേണ്ടിയാണ്.

നഴ്സായി അറിയപ്പെടുന്ന പ്രൈവറ്റ് ആശുപത്രിയിൽ ജോലി പ്രവേശിച്ച ദിവസം എനിക്ക് ലോകം മുഴുവൻ വെട്ടിപിടിച്ചതുപോലെ തോന്നി. അല്ലെങ്കിലും കടന്നുവന്ന വഴികൾ കനലുകൾ നിറഞ്ഞതല്ലേ ? എന്റെ ചിന്തകൾ എന്നെ കരയിപ്പിക്കാറുണ്ട്.

കോഴികൾ ഇടുന്ന മുട്ടകൾ കുറഞ്ഞു പോയാൽ അമ്മച്ചിക്ക് ദേഷ്യം പിടിക്കും കാരണം അവ ഇടുന്ന ഒരോ മുട്ടകളും വീട്ടിലെ പശുവിന്റെ പാലും വല്ലപ്പോഴും ഉണ്ടാകുന്ന വാഴക്കുലകളും ബാഗ്ലൂരിലെ നഴ്സിങ് കോളേജിലെ ഫീസായിരുന്നു. ഞാൻ സുന്ദരിയാണെങ്കിലും വീട്ടുകാർക്ക് പറയത്തക്ക സൗന്ദര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ജീവിക്കാൻ വേണ്ടി മണ്ണിനോടും വിശപ്പിനോടും പടവെട്ടുന്നവർക്ക് എപ്പോഴാണ് സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കാൻ സമയം കിട്ടുന്നത്.

ഞാനുണ്ടാക്കിയ കടങ്ങളെല്ലാം വീട്ടണം . പിന്നെ നല്ലൊരു വീട്, അനിയന്റെ മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ സഹായിക്കണം. നല്ല ഭക്ഷണങ്ങളും വസ്ത്രങ്ങളും വാങ്ങി കൊടുക്കണം. ആഗ്രഹങ്ങൾ പലപ്പോഴും ചരടു പൊട്ടിയ പട്ടം പോലെ അവയങ്ങനെ അനന്ത വിഹായസിൽ പറന്നു നടക്കും. ചിന്തകളും സ്വപ്നങ്ങളും മാത്രമാണ് എന്നും എന്റെ കൂട്ടുക്കാർ .

ജോലിയിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം പലിശക്കാരന്റെ കൈയിരിക്കുന്ന സ്വർണ്ണം പോലെയാണെന്ന് .

ഇരുപത്തിഅയ്യായിരം രൂപ ശമ്പളം നൽക്കാമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നെങ്കിലും കൈയിൽ കിട്ടിയത് വെറും പതിനായിരം രൂപ മാത്രം. അക്കൗണ്ടിൽ കൃത്യമായി ശമ്പളം കയറും. പക്ഷെ അക്കൗണ്ടിൽ നിന്നും പതിനയ്യായിരം എടുത്ത് ആശൂപത്രി അധികൃതർ തിരികെ നൽകണം. അധികാരികൾ നോക്കുമ്പോൾ ശമ്പളം ഇരുപത്തി അയ്യായിരം പക്ഷെ തരുന്നത് വെറും പതിനായിരം മാത്രം. എത്ര മനോഹരമായിട്ടാണ് നമ്മളെ പറ്റിക്കുന്നത്? പരാതി പറഞ്ഞാൽ ജോലി തെറിക്കും. അല്ല തെറിപ്പിച്ചിരിക്കും. എത്ര പിശുക്കിയിട്ടും വീട്ടിലേക്ക് അയക്കാൻ പറ്റിയത് അയ്യായിരം മാത്രം.

“എന്താ ഡെയ്സി ആലോചിച്ചിക്കുന്നേ?

ആ ആശുപത്രിയിലെ എന്റെ സിനിയറായ ബിന്ദു സിസ്റ്ററാണ്.

“ഒന്നുമില്ല ചേച്ചി . അതു പിന്നെ ചേച്ചി , ചേച്ചിക്ക് കിട്ടുന്നതും ഈ പതിനായിരം രൂപയാണോ ?”

“എനിക്ക് ഇരുപത് കിട്ടും എന്നാലും അത് ഒന്നിനും മതിയാകില്ല. “

” ചേട്ടന് ജോലിയുണ്ടോ ?”

“ഉണ്ട് പക്ഷെ ഒരു പ്രൈവറ്റ് കമ്പനിയിലാണ്. പിന്നെ നമ്മളൊന്ന് മനസ്സ് വെച്ചാ പണമുണ്ടാക്കാൻ വലിയ പാടൊന്നുമില്ല”

” ചേച്ചിക്ക് എന്തെങ്കിലും ഓൺലൈൻ ബിസിനസ്സ് ഉണ്ടോ ? ഉണ്ടെങ്കിൽ എന്നെയുമൊന്ന് പഠിപ്പിക്കാമോ?”

” ഞാൻ പറഞ്ഞത് ഓൺലൈൻ ബിസിനസിന്റെ കാര്യമല്ല. “

“എന്നാ എന്നോട് ഒന്ന് പറഞ്ഞ് താ . ചേച്ചിക്കറിയില്ലേ ഈ പതിനായിരം രൂപ കൊണ്ട് ഒന്നിനും തികയത്തില്ലെന്ന്. ചേച്ചിക്കറിയാമോ എത്ര ലക്ഷം മുടക്കിയാ BSc പാസായതെന്ന് ? ചക്കചുള പോലെ എട്ട് ലക്ഷം എണ്ണിക്കൊടുത്തപ്പോഴാണ് BSc നഴ്സിംഗിന് സീറ്റ് കിട്ടിയത്. പിന്നെയും ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വന്നു. ബാങ്കിന്നെടുത്തതിന്റെ പലിശയടക്കാൻ പോലും ഇപ്പോ കിട്ടുന്നത് തികയത്തില്ല. “

“നീയൊന്ന് മനസ്സ് വെച്ചാ ഒരു മാസം കൊണ്ട് നിന്റെ കടമെല്ലാo വീട്ടാം. “

” അതെങ്ങിനെ ?എനിക്കെന്താ ലോട്ടറിയടിക്കുമോ ?”

“എടി മോളെ നീയിത്ര പൊട്ടിയാണോ അതോ പൊട്ടിയായി അഭിനയിക്കുകയാണോ ?”

” എനിക്ക് സത്യമായിട്ടും എനിക്കറിയില്ല “

” നീ ഈ ഹോസ്പിറ്റലിലെ എക്സികൂട്ടിവ് ലക്ഷ്വറി സ്യൂട്ടുകൾ കണ്ടിട്ടുണ്ടോ ? അവിടെ വലിയ രാഷ്ട്രീയക്കാരും സിനിമാ നടന്മാരും പണചാക്കുകളുo സുഖ ചികിത്സക്ക് എത്തുന്നത്. അവരിൽ പലർക്കും പറയത്തക്ക അസുഖമൊന്നുമില്ല. ചിലർ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും മറ്റു ചിലർ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും മറ്റ് ചിലർ ഒന്ന് സുഖിക്കാനുമായാണ് ഇവിടെ വരുന്നത്. നിന്നെ പോലെയുള്ളവർക്ക് അവിടെ വലിയ ഡിമാന്റാണ്. ലക്ഷങ്ങൾ വാരിയെറിയാനും അവർ റെഡിയാണ്. “

” ഓ അതൊന്നും വേണ്ട. അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാ.”

” പക്ഷെ നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെങ്കിലും നീയവിടെ പോകേണ്ടിവരും . നമ്മളെ പോലെയുള്ളവർക്ക് ഇവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല. അത് നീ ഓർത്തോ ? പിന്നെ ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും എന്നാ പിന്നെ ചിരിച്ച് മരിച്ചു കൂടെ?”

ചിരിച്ചു കൊണ്ട് കടന്നുപോകുന്ന ബിന്ദു സിസ്റ്ററെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു .

ഇതിനിടയിലാണ് ഡോക്ടർ അലക്സിനെ പരിചയപ്പെട്ടത്. സുന്ദരനെന്ന വിശേഷണം അദ്ദേഹത്തിന് ചേരില്ലെങ്കിലും ആരും തെറ്റുപറയാത്ത വ്യക്തിത്വം അയാൾക്കുണ്ടായിരുന്നു. ഡോക്ടർ പുറമെ വളരെ പരുക്കനാണെങ്കിലും അയാൾ ഒരു വിശാല ഹൃദയനാണെന്ന് എനിക്ക് തോന്നി. അതേസമയത്ത് ഡോക്ടർ വിപിനെയും പരിചയപ്പെട്ടിരുന്നു. ഏത് പെണ്ണും അറിയാതെ ഇഷ്ടപ്പെട്ടു പോകുന്ന ആകാരവും നർമ്മസംഭാഷണവും ഡോക്ടർ വിപിനുണ്ടായിരുന്നു. കൂടുതൽ സ്നേഹം കാണിച്ചത് ഡോക്ടർ വിപിനായിരുന്നു. എങ്കിലും അയാക്കൊരു വിഷപല്ലുണ്ടെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. എന്നാൽ മറ്റ് നഴ്സുമാർക്ക് ഈ ഡോക്ടർമാർ തന്നോട് സംസാരിക്കുന്നത് ഒട്ടും ഇഷ്ടമായില്ല. അത് അവരുടെ മുഖങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. അല്ലെങ്കിലും രണ്ട് തല തമ്മിൽ ചേരുമെങ്കിലും രണ്ട് മുല തമ്മിൽ ചേരില്ലെന്ന് കാർന്നോൻമാർ പറയുന്നത് എത്ര ശരിയാ . ഞാൻ ഓർത്തു.

ഡോക്ടർ വിപിൻ പലപ്പോഴും കഫ്റ്റീരിയയിലേക്കും സിനിമക്കും ക്ഷണിക്കാറുണ്ടായിരുന്നു. പക്ഷെ ഞാൻ ഞാൻ പറയുമായിരുന്നു.

“സാർ ഇന്നാട്ടിലെ അറിയപ്പെടുന്ന ആൾ ഞാൻ വെറുമൊരു നഴ്സ്. എന്തിനാ വെറുതെ സാറിന്റെ കാരിയറിന് കളങ്കമുണ്ടാക്കുന്നേ. “

അയാൾ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ച് കടന്നു പോയി.

ഒരു ദിവസം ഹോം അപ്ലൻസ് മേഖലയിലെ അതികായനായ മൊയ്തു ഹാജി ആക്സിഡന്റായി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അതൊരു ആസൂത്രീത വധശ്രമമായിരുന്നു. അയാളുടെ കാറിനെ ഒരു ടിപ്പർ ലോറി വന്നിടിക്കുകയായിരുന്നു. കുറെ രക്തം വാർന്നു പോയതിന് ശേഷമായിരുന്നു അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. അയാളുടെ O നെഗറ്റീവ് ബ്ലഡ് ആ പാതിരാത്രി അധികം ലഭ്യമായിരുന്നില്ല. എന്റെ ബ്ലഡ് അതെ ഗ്രൂപ്പാണെന്നും ഞാൻ രക്തം കൊടുക്കാൻ സമ്മതമാണെന്നും അറിയിച്ചപ്പോൾ അയാളുടെ മക്കൾ അത്ഭുതത്തോടെ നോക്കി നിന്നു . അയാൾ സുഖം പ്രാപിച്ച് പോകുമ്പോൾ എനിക്ക് അയാൾ സമ്മാനമായി നൽകിയത് ഒന്നര ലക്ഷം വിലയുള്ള ഒരു ഐ ഫോണായിരുന്നു.

“മോളെ എന്താവശ്യo വന്നാലും ഹാജിക്കയെ വിളിക്കാൻ മറക്കല്ലെ . ഇനി നഴ്സ് പണിമടുത്തെങ്കിൽ നീ പറഞ്ഞോ എന്റെ കടയിലെ മാനേജറായി കേറിക്കോ . മോളു ചെയ്ത ഉപകാരം ഞാൻ മയ്യത്താവുന്നത് വരെ മറക്കൂല “

” ഹാജിക്ക അതിന് ഞാൻ വല്ല്യക്കാര്യമൊന്നും ചെയ്തിട്ടില്ലല്ലോ. ഇത്തിരി ബ്ലഡ് തന്നതാണോ ഒരു വല്യ കാര്യം. “

” മോൾക്കത് നിസാരമായിരിക്കും പക്ഷെങ്കി അന്റെ ചോരയാ ഞമ്മളിപ്പോ ജീവനോടെ ഇരിക്കാൻ കാരണം. അപ്പോ ഞമ്മള് പറഞ്ഞത് മറക്കണ്ട .”

ആ സംഭവത്തിന് ശേഷം ഹോസ്പിറ്റലിലെ താരമായി ഞാൻ മാറി. പക്ഷെ താരപരിവേഷത്തോടൊപ്പം അസൂയക്കാരുടെ എണ്ണവും കൂടി .

പല ദിവസവും ഞാനും ഡോക്ടർ അലക്സും കൺമുനകൊണ്ട് കളം വരച്ചു. പക്ഷേ അർത്ഥഗർഭമായ ഒരു മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടിയിരുന്നു.

എവിടെ തുടങ്ങണം ?എങ്ങനെ തുടങ്ങണം ?ആര് ആദ്യം തുടങ്ങണം ? തുടങ്ങിയ ചോദ്യങ്ങൾ ഞങ്ങൾക്കിടയിലെ അകലം കൂട്ടി. ഞങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം പ്രണയം എന്ന മൂന്നക്ഷരത്തെ മായ്ക്കാൻ പോന്നതായിരുന്നു. എന്നിരുന്നാലും രണ്ട് പേരും ഒരു കാന്തികമണ്ഡലത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളായി മാറി.

അതെ സമയം ഡോക്ടർ വിപിന്റെ ഉപരിപ്ലവമായ സംസാരം പലരെയും ആഹ്ലാദചിത്തരാക്കിയെങ്കിലും എനിക്കത് തികച്ചും അരോചകമായിരുന്നു. ചില ബന്ധങ്ങൾ അങ്ങിനെയാണ് അകലെ നിന്ന് കണ്ട് ആസ്വദിക്കാം പക്ഷെ അടുക്കാൻ പാടില്ല.

മൂന്ന് നാല് മാസം കഴിഞ്ഞതും എനിക്ക് മാത്രം ശമ്പളം മുഴുവൻ കിട്ടി തുടങ്ങി. ഒരുമിച്ച് ജോലിക്ക് കയറിയ ജൂലിയെയും ഹെലനെയും തഴഞ്ഞ് എനിക്ക് മാത്രം ശമ്പളം കൃത്യമായി കിട്ടിയതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയില്ല.

ഇക്കാലത്താണ് ഹോസ്പിറ്റലിലെ വി വി ഐ പി റൂമിൽ ഒരു ഗസ്റ്റ് എത്തിയുണ്ടെന്ന് ജൂലി സിസ്റ്ററാണ് എന്നോട് പറഞ്ഞത്. അത് മറ്റാരുമായിരുന്നില്ല മന്ത്രി സഭയിലെ രണ്ടാമനായ ദിവകരന്റെ മകൻ. പാർട്ടിയുടെ യുവജന നേതാവ്.തീപ്പൊരി പ്രാസംഗികൻ . ആദർശധീരൻ . അങ്ങനെ എന്തെല്ലാം വിശേഷങ്ങൾ .ഹാർട്ട് അറ്റാക്കാണെന്നും പറഞ്ഞ് ആശുപത്രിയിൽ സുഖവാസത്തിന് വന്നതാണ്. ഒന്ന് രണ്ട് ആഴ്ച അവിടെയുണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത് കേട്ടു.

“ആശുപത്രിയിലെ സുന്ദരികളായ നഴ്സുമാർക്ക് നൈറ്റ് ഡ്യൂട്ടി അവിടെ ആയിരിക്കും. “

അന്ന് ഞാൻ ഫാർമസിയിലേക്ക് പോകുന്ന വഴിയിലാണ് Dr. അലക്സിനെ കണ്ടത്. ഒരു മരുന്ന് കുറിപ്പടി പോലെയുള്ള കടലാസ് എന്നെ ഏൽപ്പിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു

” ഈ മരുന്ന് വളരെ അത്യാവശ്യമാണ്. ഉടൻ വാങ്ങി ഓപ്പറേഷൻ തീയറ്ററിലേക്ക് വരണം. “
ഞാൻ മരുന്ന് വാങ്ങാൻ പോകുമ്പോൾ അദ്ദേഹം പറഞ്ഞു

“ഡെയ്സി അതൊന്ന് വായിച്ചു നോക്ക്. “

” രണ്ടാഴ്ച്ചത്തേക്ക് ലീവെടുത്ത് വീട്ടിൽ പോകണം. ഇന്ന് തന്നെ വേണം. അതിനുള്ള കാരണങ്ങൾ ഇപ്പോൾ അന്വേഷിക്കണ്ട . ലീവ് കഴിഞ്ഞ് കാണാം. “

ഞാൻ ആ കുറിപ്പ് വായിച്ച് തിരിഞ്ഞ് നോക്കുമ്പോൾ ഡോക്ടറെ അവിടെ കാണാനുണ്ടായിന്നില്ല.

കുറിപ്പ് ഭദ്രമായി കോട്ടിന്റെ പോക്കറ്റിൽ വെച്ച് ഞാൻ നേരെ പോയത് മാനേജരെ കണ്ട് ലീവിന് അപേക്ഷ കൊടുക്കാനായിരുന്നു.

“രണ്ടാഴ്ച്ചത്തേക്ക് ആർക്കും ലീവ് കൊടുക്കേണ്ടെന്നാണ് മാനേജ്മെന്റ് തീരുമാനം. “

അയാൾ അസനിഗ്ദമായി പറഞ്ഞു.

“സാർ അപ്പച്ചന് നല്ല സുഖമില്ല . “

” ഓഹോ, അങ്ങിനെയാണെങ്കിൽ അപ്പച്ചനെ ഇങ്ങോട്ട് കൊണ്ടുവരാൻ ഒരു ആമ്പുലൻസ് അയക്കട്ടെ . ആമ്പുലൻസിന്റെ വാടകയൊന്നും കൊടുക്കണ്ട, എന്താ അതുമതിയോ ?”

“ആമ്പുലൻസ് അയച്ച് കൊണ്ടുവരാനുള്ള അസുഖമില്ല . എന്നെ കാണാൻ വേണ്ടിയായിരിക്കണം അപ്പച്ചൻ സുഖമില്ലെന്ന് പറഞ്ഞത്. “

” എന്നാ ഇപ്പോ കൊച്ച് പൊയ്ക്കോ. രണ്ടാഴ്ച്ച കഴിഞ്ഞ് തന്റെ ലീവ് പരിഗണിക്കാം. “

അയാളോട് മറുത്തൊന്നും പറയാതെ ഞാൻ സ്ഥലം കാലിയാക്കി.

“ഇനിയെന്ത് ചെയ്യും ?” ഞാൻ തല പുകച്ചു.

എന്റെ അടുത്ത ദിവസത്തെ നൈറ്റ് ഡ്യൂട്ടി അയാളുടെ റൂമിലായിരിക്കും. എന്റെ മനസ് മന്ത്രിച്ചു.
പെട്ടെന്നാണ് മൊയ്തു ഹാജിയെ ഓർമ്മ വന്നത്. അദ്ദേഹത്തിന് എന്നെ സഹായിക്കാൻ കഴിയുമായിരിക്കും. രണ്ടാമതൊന്ന് ചിന്തിക്കാതെ അന്ന് വൈകുന്നേരം ഞാൻ ഹാജിയാരെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു.

“മോള് വിഷമിക്കേണ്ട, വേണങ്കിൽ ഇന്ന് തന്നെ രാജി വെച്ച് ഇങ്ങോട്ട് പോരെ . “

” അതുവേണ്ട , എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാ നഴ്സിന്റെ പണി . അതാ ഞാൻ കഷ്ടപ്പെട്ട് പഠിച്ചത്. “

” എന്നാ ഞാൻ ഒരു ഡിവൈസ് തരാം. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ഫെയ്സ്ബുക്കിലോ ഇൻസ്റ്റായിലോ ലൈവായി കാണിക്കാo .ഇത് കോട്ടിന്റെ ബട്ടൺ പൊലെയെ ഇരിന്നോളും. മൂന്ന് നാല് മണിക്കൂർ സുഖമായി റെക്കാർഡ് ചെയ്യാം.പിന്നെ ഈ പേന കൈയിൽ വെച്ചോ. ഇതൊരു സാധാ പേന പോലെ തോന്നുമെങ്കിലും ഇതുകൊണ്ട് ആരെയും ഷോക്കടിപ്പിക്കാം. മോള് ധൈര്യമായി ഇരിക്ക്. എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്നെ വിളിക്കാനും മടിക്കേണ്ട . “

ഹാജിയാരുടെ വാക്കുകൾ, മുങ്ങിതാഴുമ്പോൾ കിട്ടിയ ഉറച്ച വേര് പോലെയായിരുന്നു. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞാൻ ഭാവനയിൽ കണ്ടു .

അടുത്ത ദിവസം എട്ടു മണിക്കായിരുന്നു എന്റെ വിവിഐപി ഡ്യൂട്ടി . എനിക്കൊപ്പം ബിന്ദു സിസ്റ്ററും Dr. വിപിനുമുണ്ടായിരുന്നു. പതിവ് പോലെ തമാശ പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. അറക്കാൻ കൊണ്ടുപോകുന്ന മൃഗത്തെ നോക്കി ചിരിക്കുന്ന അറവുക്കാരന്റെ മുഖമാണ് ഞാൻ അയാളിൽ കണ്ടത്. എന്നിരുന്നാലും ഇവിടെ എന്തായിരിക്കും അയാളുടെ റോൾ .ഞാൻ ചിന്തിച്ചു.

വി ഐ പി യുടെ മുറി ഞാൻ ശ്രദ്ധിച്ചു. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ആഡംബരമെല്ലാം അവിടെയുണ്ടായിരുന്നു. മന്ത്രി പുത്രൻ അസുഖം നടിച്ച് കിടന്നിരുന്നു. Dr. വിപിൻ അയാൾക്ക് ഇഞ്ചക്ഷൻ കൊടുക്കാനെന്ന വ്യാജേന അയാൾ എന്തെല്ലാമോ ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയിൽ അവർ തമാശ പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് അയാൾ മരുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

” ഓ മൈ ഗോഡ്, ഞാനെടുത്ത മരുന്ന് നൂറ്റിനാലിലെ പേഷ്യന്റെതാണ്. അയാം റിയലി സോറി”

എന്നെയോ ബിന്ദു സിസ്റ്ററെയോ മരുന്ന് എടുത്തു കൊണ്ടു വരാൻ ആവശ്യപ്പടാതെ അയാൾ തനിച്ച് പുറത്തേക്ക് പോയി.

” ഡോക്ടറെന്താ എന്നെ കൊല്ലാനുളള പരിപാടിയായിരുന്നോ അതോ ഡെയ്സി സിസ്റ്റർ കൂടെയുള്ളത് കൊണ്ടാണോ ഇങ്ങനെ പറ്റിയത് ? ” അയാൾ എന്നെ നോക്കി ഒരു വഷളൻ ചിരി പാസാക്കിക്കൊണ്ട് പറഞ്ഞു.

“ഇനി എത്രനേരം ഈ ആഭാസനെ ഞാൻ സഹിക്കണം ?” ഞാൻ ചിന്തിച്ചു.

കുറച്ച് നേരം കഴിഞ്ഞിട്ടും ഡോക്ടറെ കാണാത്തതുകൊണ്ട് ബിന്ദു സിസ്റ്റർ അയാളെ അന്വേഷിച്ച് പുറത്തേക്ക് പോയി.

സിസ്റ്റർ പുറത്തേക്ക് പോയതും ആരോ റൂമിന്റെ വാതിൽ അടച്ച് ലോക്ക് ആക്കിയതുപോലെ എനിക്ക് തോന്നി .ഞാൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ മന്ത്രി പുത്രൻ പറഞ്ഞു ,

” അത് പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. നാളെ Dr. വിപിൻ വന്ന് തുറക്കുന്നത് വരെ ഇവിടെ നമ്മൾ രണ്ട് പേർ മാത്രം. “

” എന്നെ പോകാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് ഒച്ചവെക്കും “

“ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല മോളെ. ഈ റൂം സൗണ്ട് പ്രൂഫാണ്. നിന്റെ ഊഴം അടുത്ത ആഴ്ചയായിരുന്നു അതിനിടയിലാണ് Dr. അലക്സ് നിനക്ക് ഒരു കുറിപ്പ് തന്നത് ഞാൻ ശ്രദ്ധിച്ചത്. നിന്നോട് ലീവെടുക്കാനായിരിക്കും അയാൾ പറഞ്ഞത്. “

“അയാൾ അത് എങ്ങനെയായിരിക്കാം അത് കണ്ടത് ?” ഞാൻ ചിന്തിക്കുന്നതിനിടയിൽ അയാൾ തുടർന്നു.

“സിസ്റ്റർ ഉടനെ ലീവ് അപ്ലിക്കേഷൻ കൊടുത്തപ്പോൾ ഞാൻ ഊഹിച്ചു. ലീവ് അനുവദിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ ഇന്നത്തോടെ നിന്റെ ഡോക്ടർ അഴിക്കുള്ളിലാകും. അയാൾക്കിന്ന് മൂന്ന് ഓപ്പറേഷനുണ്ട്. അതിൽ ഒരാൾ മരിക്കും. അത് ഡോക്ടറുടെ ചികിത്സ പിഴവാണെന്ന് ഓപ്പറേഷന് കൂടെ നിന്നവർ മൊഴി കൊടുക്കും. അയാൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ടപ്പോൾ തന്നെ ഞങ്ങൾ വാണിംഗ് കൊടുത്തതാണ് . എന്നിട്ടും അയാൾ പിൻമാറിയില്ല. ഈ സ്ഥാപനം എന്റെ അച്ഛന്റെ ഒരു ബിനാമിയാ . ഒരു മന്ത്രിയോടാ അയാളുടെ കളി . “

ഇരക്ക് മുകളിലേക്ക് ചാടി വീഴാൻ പതുങ്ങുന്ന വന്യമൃഗത്തെ പോലെയായി അയാൾ.

ഇതിനിടയിൽ ഞാൻ ഞാൻ ക്യാമറ ഓൺ ചെയ്തിരുന്നു .എന്നാലും അത് പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം എന്നെ ഭരിക്കുന്നുണ്ടായിരുന്നു. ഭയം എന്നെ ഒരു പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു. എന്റെ ഹൃദയമിടിപ്പ് പെരുമ്പറയായി .
ഞാൻ പേന കൈയിലെടുക്കുന്നത് കണ്ട് അയാൾ ചിരിച്ചു.

“ഒരു പേനകത്തിയെങ്കിലും എടുക്കാൻ പാടില്ലായിരുന്നോ സിസ്റ്ററെ ? സിസ്റ്റർ വന്ന് ജോയിൻ ചെയ്തത് മുതൽ തുടങ്ങിയ മോഹമാ , അത് വേണ്ടന്ന് വെക്കാൻ കഴിയുമോ ? ഇതിന് ഞാനിട്ട പേരാണ് ഓപ്പറേഷൻ ഡെയ്സി . പിന്നെ സിസ്റ്റർക്ക് മാത്രo ശമ്പളം കൂട്ടി നൽകിയതും സിസ്റ്റർ ഇവിടം വിട്ടു പോകാതിരിക്കാനാ . സിസ്റ്ററിന് വേണമെങ്കി ഇനിയും ശമ്പളം കൂട്ടി തരും പക്ഷെ ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കണം. അത്രമാത്രം. “

അപ്പോഴേക്കും ആശുപത്രി പരിസരം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ആശുപത്രി അടിച്ച് തകർക്കാൻ കരാറെടുത്ത് വന്നതു പോലെയായിരുന്നു അവിടെ എത്തിച്ചേർന്ന ജനക്കൂട്ടം .

പോലീസ് റൂമിന്റെ വാതിൽ തുറന്ന് എന്നെ രക്ഷിക്കുമ്പോൾ അയാൾ ഇതികർത്ത്യ വ്യതാ മൂഢനായി നിൽക്കുന്നുണ്ടായിരുന്നു.

ഒരു സങ്കോചവുമില്ലാതെ പുറത്തേക്ക് വരുന്ന എന്നെ നോക്കി Dr. അലക്സ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

✍️ Saji mananthavadi

One comment

Leave a Reply

Your email address will not be published. Required fields are marked *