ഒരു മഴക്കാലം പെയ്തു തോർന്നതു

ഒരു മഴക്കാലം പെയ്തു തോർന്നതു പോലെയാണ് തോന്നിയത്.പതുക്കെ പതുക്കെ എല്ലാവരും യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടതു പോലെ. ഏങ്ങലടികൾ ചെറു സംഭാഷണങ്ങൾക്ക് വഴിമാറുന്നത് കണ്ടു സ്വാതിയുടെ മുഖത്തും പൗർണ്ണമി ഉദിക്കാൻ തുടങ്ങുന്നതു കണ്ടു.

ശാന്തമായ മനസ്സോടെയാണ് റൂമിലേക്ക് പോയത്. മനസ്സു മുഴുവൻ സ്വാതിയായിരുന്നു. അവൾ പറഞ്ഞ അവളുടെ പ്രണയവും. പ്രണയത്തെക്കുറിച്ച് പറയുമ്പോൾ വിടരുന്ന അവളുടെ മുഖം ഓർമ്മ വന്നു. ഇതു വരെ ഇല്ലാത്തൊരു സൗന്ദര്യം അവളുടെ മുഖത്ത് നിഴലിടും പോലെ തോന്നി. അവളുടെ മനസ്സിനെ ക്കുറിച്ചായി ചിന്ത. സന്തോഷത്തിന്റെ നുറു നൂറു പൂവുകൾ അതിലിപ്പോൾ ഇതൾ വിടർത്തുന്നുണ്ടാവും. വിടർന്ന കണ്ണുകളിൽ സ്വപ്നങ്ങൾ നൃത്തം വെയ്ക്കാൻ തുടങ്ങിയിട്ടുണ്ടാവും.

ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ചിന്തവിട്ടുണർന്നത്. സിദ്ധുവാണ്. അറിയാതൊരു ചിരി ചുണ്ടിൽ വന്നു. എന്റെ ഉള്ളിലും ഒരു പൂക്കാലം വിരുന്നു വന്നതറിഞ്ഞു. ചിരിയോടെയാണ് ഫോൺ എടുത്തത്
”ടോ മാഷേ എന്തായി ?”

“ഉറപ്പിച്ചു. നാളെ ജ്യോത്സനെ വരുത്തും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം”

” ഉം അത് വേണമെടോ മാഷേ .ഞാൻ ഏട്ടനെ വിളിച്ചിരുന്നു ഫോണെടുത്തില്ല. ഒരു പക്ഷേ സംസാരിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരിക്കില്ല.”

“ഏട്ടൻ?”

“സാറിനെ വിളിച്ചത് തന്നെയാ.അങ്ങനെ വിളിച്ചാൽ മതീന്ന് എന്നോടും വിക്കു വിനോടും പറഞ്ഞു “

“ഉം .എന്നിട്ട് വിക്കു എവിടെ?”

” അത് ദേ അപ്പുറത്ത് മുത്തിയെ കൊല്ലാക്കൊല ചെയ്യുന്നു. സ്വാതിയുടെ പ്രണയമാണ് വിഷയം “

” ഉം.ആ പ്രണയം വിജയത്തിൽ എത്തി എന്ന് പറഞ്ഞേക്കു അളിയനോട്. “

“ഏയ് അതൊക്കെ പുള്ളി എപ്പോഴേ അറിഞ്ഞു കഴിഞ്ഞു “

“സാർ വിളിച്ചിരുന്നോ വിക്കുവിനെ “

“ഏയ് ഇല്ല ഇത്തരം കാര്യങ്ങളൊക്കെ മുൻകൂട്ടി പ്രവചിക്കാൻ അളിയനെ കഴിഞ്ഞേ വേറെ ആള് ഉളളു “

“ആരാ അളിയാ അളിയന്റെ നീലാമ്പൽ പൂവാണോ?” മറുവശത്ത് നിന്ന് വിക്കു വിളിച്ചു ചോദിക്കുന്ന ശബ്ദം കേട്ടതും ഫോൺ കട്ടായതും ഒരുമിച്ചായിരുന്നു.

ഉള്ളിലൊരു വസന്തം പുത്തുലയുന്നത് ഞാനറിഞ്ഞു. അതിന്റെ സുഗന്ധം എന്നെ ഉന്മാദിയാക്കാൻ തുടങ്ങുന്നതറിഞ്ഞു.ആ ഉന്മാദത്തിലാണ് ഉറങ്ങിയത്. സ്വപ്നത്തിൽ മന്ദാര ഇലകൾ പൊഴിഞ്ഞു വീണു കിടക്കുന്ന വഴിയിലൂടെ അവൻ എന്റെ കൈ പിടിച്ച് നടന്നു. ഗുൽമോഹറിന്റെ കൊമ്പിലെ പക്ഷിക്കുട്ടിലിരുന്ന് ഞങ്ങൾ പ്രഭാതം വിടരുന്നത് കണ്ടു. ഉച്ച ചൂടിൽ താമരപ്പൂവിന്റെ ചോട്ടിലിരുന്ന് സല്ലപിച്ചു.രാത്രിയിൽ നാണിച്ചു കൂമ്പിയ രാജഹംസമായി അവനൊപ്പം നിലാവത്ത് പുഴയിലൂടെ നീന്തി നടന്നു.

“കീർത്തി ചേച്ചി “സ്വാതി ശക്തമായി കുലുക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് എത്താൻ ഒരു നിമിഷമെടുത്തു. എങ്കിലും ആ ലഹരി എന്നെ വിട്ടൊഴിഞ്ഞിരുന്നില്ല.

“എന്തിനാ ചേച്ചി ചിരിച്ചത്” സ്വാതിയാണ്. ഞാൻ സംശയത്തോടെ അവളെ നോക്കി.

“ചിരിച്ചെന്നോ ആര്?”

“കീർത്തിയേച്ചി തന്നെ. ഞാൻ വരുമ്പോൾ ചേച്ചി പുഞ്ചിരിച്ചു കൊണ്ട് കിടക്കുവായിരുന്നു. എന്നെ പറ്റിക്കാൻ കിടക്കുവാണെന്നാ ആദ്യം കരുതിയേ. സ്വപ്നം കണ്ടതാ അല്ലേ?” ചിരിയോടെ അവൾ ചോദിച്ചപ്പോൾ എന്റെ മുഖത്ത് പതിവു ജാള്യത തെളിഞ്ഞു.പെട്ടെന്നൊരു മറുപടി മനസ്സിൽ വന്നില്ല.

” സിദ്ധു ഏട്ടനെയാണോ സ്വപ്നം കണ്ടത്?”
പതിവുപോലെ ഗൗരവക്കാരിയുടെ മുഖം മൂടിയണിഞ്ഞ് അവളെ എതിർക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. അവൻ എന്നിൽ പറിച്ചെറിയാനാകാത്ത വിധം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് തോന്നി.എന്റെ തോൽവി സ്വാതി ആസ്വദിക്കുന്നുണ്ടെന്ന് തോന്നി.

” ചേച്ചിക്ക് സിദ്ധു ഏട്ടനെ ഇഷ്ടമല്ലേ “

“എന്റെ ഇഷ്ടമല്ലല്ലോ നിന്റെ ഇഷ്ടമല്ലേ ഇവിടെ ചർച്ചാ വിഷയം ” അതു പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. സ്വാതി പക്ഷേ കൈ പിടിച്ചു മുന്നിൽ നിർത്തി.

” ചേച്ചി എന്തിനാണ് ഒഴിഞ്ഞു മാറുന്നത്?”

” നീ അത് വിട്ടേക്കു സ്വാതി .നിന്റെ കാര്യം ആദ്യം നടക്കട്ടെ “

” എന്റെ കാര്യം ശരിയായല്ലോ ചേച്ചി. സാറും ഫോൺ വിളിച്ചപ്പോൾ ചേച്ചിയുടേയും സിദ്ധു ഏട്ടന്റേയും കാര്യം പറഞ്ഞു”

” ആഹാ അപ്പോൾ ഫോൺ വിളിയൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട് ”ഞാൻ ചിരിയോടെ അത് പറഞ്ഞതും സ്വാതിയുടെ തല താഴ്ന്നു.

” ഞാൻ പോയി ഫ്രഷായി വരാം നീ പൊയ്ക്കോ” ചിരിയോടെ പറഞ്ഞിട്ട് ഞാൻ വാഷ് റൂമിലേക്ക് പോയി. ഫ്രഷായി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴും സ്വാതിയുടെ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു മനസ്സ്.അലമാരയിലെ സിദ്ധുവിന്റെ കഥ വന്ന മാഗസിൻ പുറത്തെടുത്തു. സിദ്ധാർത്ഥ് നാരായണൻ ആ പേരിന് മുകളിലൂടെ വിരലോടിച്ചു.എന്തിനാണീ ഒഴിഞ്ഞു മാറ്റം. സ്വാതിയുടെ ചോദ്യത്തിനുള്ള ഉത്തരവും മനസ്സ് തന്നെ തന്നു. നീ ഒരു സ്വപ്നമാണ്.ഒരു പക്ഷേ മറ്റാരാലും പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത എന്റെ മാത്രമായൊരു സ്വപ്നം. സ്വീകരണമുറിയിലെ ബഹളം കേട്ടപ്പോഴാണ് ചിന്ത വിട്ടുണർന്നത്. താഴേക്ക് ചെന്നപ്പോൾ അറിഞ്ഞു അടുത്ത ഞായറാഴ്ച സ്വാതിയുടെ വിവാഹം ഉറപ്പിച്ചു. സ്വാതി പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടു.

വീടിന് അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമുള്ളൊരു ചടങ്ങ്. വരന്റെ ഭാഗത്തുനിന്ന് സാറും സിദ്ധുവിന്റെ കുടുംബാംഗങ്ങളും മാത്രമേ കാണു എന്നറിയിച്ചിരുന്നു

ഒരാഴ്ച എങ്ങനെ കടന്നു പോയി എന്നറിയില്ല. സ്വാതി ഏതു സമയവും എന്നോടൊപ്പമായിരുന്നു. വീണ മാത്രം അകലം പാലിക്കുന്നത് കണ്ടു. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് ഞാനും നിന്നു.

വിവാഹ ദിവസം ഒരു സെറ്റുസാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വാതി കല്യാണപ്പെണ്ണായി .അഭരണം എന്നു പറയാൻ ഒരു മാലയും രണ്ട് കയിലും രണ്ട് വളകളും മാത്രമേ ഉണ്ടായിരുന്നുള്ളു. സാരി ഉടുത്ത് ശീലമില്ലെങ്കിലും ഞാനും ഗായുവും വീണയും എല്ലാം സാരി ഉടുത്താണ് നിന്നത്.വീണയുടെ കണ്ണുകൾ പലപ്പോഴും സിദ്ധുവിനെത്തേടി പടിപ്പുരവാതിലിലേക്ക് നീളുന്നത് കണ്ടു.

വരനോടൊപ്പമാണ് സിദ്ധുവും വിക്കുവുമെല്ലാം വന്നത്. .മുത്തി എന്നെ സാരിയിൽ കണ്ട് കൗതുകത്തോടെ നോക്കുന്നത് കണ്ടു. വെറെ രണ്ടു കണ്ണുകൾ കൂടി പലപ്പോഴും ലക്ഷ്യം തെറ്റി എന്നിലേക്ക് പാറി വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.വിക്കു എന്നെ കണ്ടതും കൈ ഉയർത്തി കാട്ടി.

അമ്പലക്കുളത്തിനടുത്തുള്ളഅരളിപ്പൂമരങ്ങളാൽ ചുറ്റപ്പെട്ട കൽമണ്ഡപത്തിൽ വെച്ചാണ് വിവാഹം നടന്നത്. സാറിനെ കണ്ട് ബന്ധുക്കളിൽ പലരുടേയും നെറ്റി ചുളിയുന്നുണ്ടായിരുന്നു. സാർ പക്ഷേ നിറഞ്ഞ സന്തോഷത്തിലാണെന്ന് തോന്നി. സിദ്ധുവും വിക്കുവും ആളെ കണക്കറ്റ് കളിയാക്കുന്നുണ്ടായിരുന്നു. അമ്പാടി ക്കണ്ണന്റെ മുന്നിൽ തുളസിമാല ചാർത്തി സാർ സാറിന്റെ പ്രണയത്തെ സ്വന്തമാക്കുന്നത് കണ്ടു. നാണത്തിന്റെ നൂറായിരം അരളിപ്പൂക്കൾ സ്വാതിയിൽ വിടർന്നു നിൽക്കുന്നത് കണ്ടു.

പ്രതിഷേധം രേഖപ്പെടുത്തി ബന്ധുക്കളിൽ ഏതാണ്ട് എല്ലാവരും കല്യാണം കഴിഞ്ഞ ഉടൻ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. ഗൃഹപ്രവേശനത്തിന് ധാരാളം സമയം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ അമ്പലത്തിൽ തന്നെ ചിലവഴിക്കാൻ തീരുമാനിച്ചു.

സാറും സ്വാതിയും ഓരോ പ്രതിഷ്ഠയുടേയും മുന്നിൽ മിനിട്ടുകളോളും കൈകൂപ്പി പ്രാർത്ഥിക്കുന്നത് കണ്ടു. അവരെ അവരുടെ ലോകത്ത് വിട്ട് ഞാനും സിദ്ധുവും മുത്തിയും വിക്കുവും അരളി മരത്തണലിൽ ഇരുന്നു.

ഞാൻ ഇരുന്നു കഴിഞ്ഞതും മുത്തി ചിരി തുടങ്ങി.ഞാൻ അതിശയത്തോടെ മൃത്തിയെ നോക്കി

“എന്തിനാ മുത്തി ചിരിക്കണേ”

“അല്ല കാപ്പിക്കുട്ടി സാരി ഉടുത്ത് ഇരിക്കാൻ പഠിച്ചോ? “

ഞാൻ ഒന്നും മനസ്സിലാകാതെ മുത്തിയെ നോക്കി. ഞാൻ മാത്രമല്ല സിദ്ധുവും വിക്കുവും.

“അല്ല ഞാൻ ആദ്യം കാണുമ്പോൾ കാപ്പി ക്കുട്ടി ദേ സാരിയൊക്കെ മുട്ടുവരെ പൊക്കി വച്ചിട്ടാണ് ഇരുന്നത് “

എന്റെ മനസ്സിലേക്ക് ആ സംഭവം കടന്നു വന്നു. മുത്തിയുടെ കയ്യിൽ നിന്ന് പൈസ താഴെ വീഴുന്നതും ഞാൻ സാരിയൊക്കെ പൊക്കി വെച്ച് അത് എടുത്തു കൊടുക്കാൻ ശ്രമിക്കുന്നതും. ഓർത്തപ്പോൾ എന്റെ ചുണ്ടിലും ചിരി പടർന്നു.

“ഇതിലിത്ര ചിരിക്കാൻ എന്തിരിക്കുന്നു.”വിക്കുവാണ്.

” നിന്നോട് ചിരിക്കാൻ ഞാൻ പറഞ്ഞോ ?”മുത്തിയും വിട്ടില്ല

” പറഞ്ഞാലും ചിരിക്കാൻ എന്തേലും ഉണ്ടേലല്ലേ ചിരിക്കാൻ പറ്റു”

മറുപടി പറഞ്ഞ് മുത്തിക്കും വിക്കുവിനും ഒപ്പം കൂടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു പക്ഷേ നേർത്ത മഞ്ഞു ചരടിനാൽ എന്നെ രണ്ടു കണ്ണുകൾ ബന്ധിയാക്കിയിട്ടുണ്ടായിരുന്നു.

“അളിയോ ഇങ്ങനെ നോക്കിയാൽ അത് താമസിയാതെ ഉരുകും ”വിക്കു വിളിച്ചുകൂവിയപ്പോഴാണ് സിദ്ധു ഞെട്ടിയത്. സിദ്ധു മാത്രമല്ല ഞാനും.

“എന്ത് ഉരുകുമെന്ന് ?”മുത്തിയാണ്. സിദ്ധുവിന്റെ മുഖം വെള്ളക്കടലാസു പോലെ വെളുത്തു.

” അത് പിന്നേ കല്ലേ കല്ല് കല്ല്. അളിയൻ കുറെ നേരമായി ആ കല്ലിലേക്ക് നോക്കി ഇരിക്കുന്നു അതു കൊണ്ട് പറഞ്ഞതാ “എനിക്ക് തൊട്ടടുത്തുള്ള ഉരുളൻ പാറക്കല്ല് ചൂണ്ടി വിക്കു പറഞ്ഞു. മുത്തി ഒന്നും മനസ്സിലാകാതെ അമ്പരന്ന് നോക്കുന്നത് കണ്ടു.

” അവൻ കല്ലിൽ നോക്കിയതിന് നിനക്കെന്താടാ ?”

“യ്യോ എനിക്കൊന്നുമില്ല. ഞാൻ അളിയനൊരു വാണിംഗ് കൊടുത്തതാ?”

“വാണിംഗോ എന്തിന്?” അതിനു മറുപടി അവൻ പറയും മുമ്പ് സിദ്ധു ഏട്ടാന്ന് വിളിച്ചു വീണ നടന്നു വരുന്നത് കണ്ടു. അവളെ കണ്ടതും വിക്കു അവൾക്കിരിക്കാനായി സ്വല്പം ഒതുങ്ങി ഇരുന്നു. പക്ഷേ അവന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വീണ സിദ്ധുവിന്റെ അടുത്തിരുന്നു. തെല്ല് അഹങ്കാരത്തോടെയുള്ള അവളുടെ നോട്ടത്തെക്കാൾ ഞാൻ ശ്രദ്ധിച്ചത് വിക്കുവിന്റെ മുഖത്തെ നിരാശയായിരുന്നു. ഞാനത് തിരിച്ചറിഞ്ഞു എന്ന് ബോധ്യമായതും ആദ്യമായി അവന്റെ മുഖത്ത് ഒരു ചമ്മിയ ചിരി തെളിഞ്ഞു.

“നല്ല ഭംഗിയുണ്ടല്ലോ വീണക്കുട്ടിയേ കാണാൻ” മുത്തിയാണ്. വീണയുടെ മുഖം ഒന്നുകൂടി വിടർന്നു.

” എന്തു ഭംഗിയുണ്ടെന്ന്.? മുത്തശ്ശിക്ക് കണ്ണിന് വല്ല കുഴപ്പവും ഉണ്ടോ? ഇത് ഒരു മാതിരി വെള്ളപാറ്റ പോലെ ഇരിക്കുന്നു.?” വിക്കുവാണ്. വീണയുടെ കണ്ണുകളിൽ അതിശയം നിറയുന്നത് കണ്ടു. ഒരു പക്ഷേ ആദ്യമായിട്ടാകും അവളുടെ സൗന്ദര്യത്തെപ്പറ്റി ഇങ്ങനൊരു കമന്റ് കൊടുത്തിട്ടുണ്ടാവുക

“എനിക്ക് ഭംഗി ഇല്ലെന്ന് താൻ മാത്രമേ പറയു” വീണയുടെ വാക്കുകളിൽ രോഷം നിറഞ്ഞു

” അതേ ഞാൻ മാത്രമേ പറഞ്ഞിടുണ്ടാവു കാരണം എനിക്ക് പണ്ടേ സത്യം പറഞ്ഞാ ശീലം”വിക്കുവും വിട്ടില്ല

” സിദ്ധു ഏട്ടാ എന്നെ കാണാൻ ഭംഗിയില്ലേ” വീണയുടെ ചോദ്യം സിദ്ധുവിന്റെ നേർക്കായി.

“പിന്നെ വീണ സുന്ദരിക്കുട്ടിയല്ലേ ” അതു പറഞ്ഞിട്ട് ആള് എന്നെ ഒന്ന് പാളി നോക്കുന്നത് കണ്ടു. എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും എന്റെ മുഖം ഇരുണ്ടു.വിക്കുവിന്റെ മുഖത്ത് ചിരി പൊട്ടുന്നത് കണ്ടു.പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല ചെറിയൊരു കുശുമ്പ് എന്നിൽ തലപൊക്കി തുടങ്ങിയിരുന്നു.എഴുന്നേറ്റ് നടന്നു.അമ്പലപ്പറമ്പിലൊരിടത്തായി ഒരു കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടു. നിറയെ ആഭരണങ്ങളണിഞ്ഞ് ഒരു പെണ്ണ് ഒരുങ്ങി നിൽക്കും പോലെ.

ഞാൻ അതിന്റെ ചുവട്ടിൽ പോയി നിന്നു. ഇല കാണാത്ത വിധം പൂത്തുലഞ്ഞു കിടക്കുന്നു. സർവ്വാഭരണവിഭൂഷിതയായി മകളെ കതിർ മണ്ഡപത്തിലേക്ക് കൈ പിടിച്ച് കയറ്റാൻ കാത്തു നിൽക്കുന്നൊരു അച്ഛൻ അവിടെ ഉണ്ടെന്ന് തോന്നി. ആരാവും ആ അച്ഛൻ?

“ടോ മാഷേ” വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്. സിദ്ധുവാണ്. കണ്ണുകൾ എന്നിലെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.തല കുമ്പിട്ടു പോയി.
“താൻ എന്തിനാണ് ഇങ്ങോട്ട് വന്നത്?

” ചുമ്മാ ഒരു രസം. വീണ എവിടെ?

“അവിടെ ഉണ്ട്.വിക്കു അളിയനുമായി മുട്ടൻ വഴക്ക്. അതുപോട്ടെ താൻ എന്തിനാണ് എഴുന്നേറ്റ് പോയത്. മുത്തി തന്നെ തിരക്കാനാ എന്നെ വിട്ടത് “

” ഞാൻ അതു പിന്നെ വെറുതെ .” അതു പറയുമ്പോൾ കള്ളത്തരം മറയ്ക്കുന്ന കുട്ടിയെപ്പോലെ ഞാൻ തല കുമ്പിട്ടു നിന്നു.

“ഉവ്വ” സിദ്ധു ചിരിക്കുന്നത് കണ്ടു. എനിക്കും ചിരി വരുന്നുണ്ടായിരുന്നു. വീണ്ടും ഞങ്ങൾക്കിടയിലേക്ക് ആ വാചാലമായ മൗനം കടന്നു വന്നു. ഒരിക്കൽ പോലും തല ഉയർത്താതെ എന്നെ നോക്കുന്ന കണ്ണുകളുടെ ആഴം ഞാൻ അളന്നു.

എന്തോ ശബ്ദം കേട്ടാണ് രണ്ടു പേരും ഞെട്ടി നോക്കിയത്.കൊന്നമരത്തിന് താഴെയായി ഒരു കൊച്ച് കൽപ്പടവുണ്ട് ചെറിയൊരു കുളവും .അവിടെ നിന്നാണ് ശബ്ദം കേട്ടത്.എന്താണെന്നറിയാൻ വെറുതെ ഒന്ന് നോക്കിയതാണ് ഞെട്ടിപ്പോയി. ഒരു ചെറുപ്പക്കാരന്റെ കരണത്ത് ഗായു അടിക്കുന്നു. കണ്ടത് വിശ്വസിക്കാനാകാതെ ഒരു നിമിഷം ഞങ്ങൾ രണ്ടാളും തറഞ്ഞു നിന്നു പോയി.( തുടരും)

Leave a Reply

Your email address will not be published. Required fields are marked *