ഒരു ജഢത്തിന്റെ ആത്മഗതം
“”””””””””””””””””””””””””””””””””””””””””””””””””””
ഏറെ നേരമായി ഈ ഒഴുക്കിൽ
ഞാനുഴലാൻ തുടങ്ങിയിട്ട്….
ഞാനെന്ന ജഢത്തെ മൂടിക്കെട്ടി, ചിതയിലെടുക്കുമ്പോഴായിരുന്നല്ലോ,
ആ കൊടുങ്കാറ്റും പേമാരിയും വിളിക്കാത്ത വിരുന്നുകാരനെപ്പോലെ ഓടികിതച്ചെത്തിയത്…..
ചിതക്കരികിൽ വന്നവരൊക്ക ഒന്നിനുമാവാതെ നിസ്സഹായരായി, സ്വപ്രാണനുവേണ്ടി
പരക്കം പായുന്നുണ്ടായിരുന്നു…
കയ്യും കാലും കൂട്ടികെട്ടിയ ഞാൻ എവിടേയ്ക്കോടാൻ….
അധികനേരം തനിച്ച് കിടക്കേണ്ടി വന്നില്ല,
ആരോടൊക്കയോ പക തീർക്കുംപ്പോലെ കുതിച്ചെത്തിയ മഴവെള്ളപാച്ചിലിൽ ഞാൻ
ദിക്കറിയാതെ ഒഴുകി ഏതോ പുഴയിലേക്കാണെന്ന് തോന്നുന്നു വലിച്ചെറിയപ്പെട്ടത്….
ഈ കെട്ടൊക്കെ ഒന്നഴിച്ചു കിട്ടിയിരുന്നെങ്കിൽ, സ്വതന്ത്രമായി ശ്വാസം വിടുകയെങ്കിലും ചെയ്യാമായിരുന്നു….
എനിക്ക് ജീവിച്ചു കൊതി തീർന്നില്ലാരുന്നല്ലോ…..
ഒരു വില്ലനെപ്പോലെയാണല്ലോ എപ്പോഴും മരണത്തിന്റെ വരവ്…
ആ…ഇനി അതൊക്കെ ആരോടു പറയാൻ…?
എന്റെ ആത്മഗതം ആരറിയാൻ…?
വീടിനകത്ത് ഉറ്റവരുടെ നിലവിളികൾക്ക്
ശമനം വന്നിരുന്നു…
അവിടെ ഇപ്പോൾ എന്താണോ അവസ്ഥ….?
എന്നെ തിരക്കുന്നുണ്ടാവുമോ ആവോ…..
ഏയ്….ഇല്ലായിരിക്കും….
ജീവിച്ചിരിക്കുമ്പോ ഞാനൊരു താന്തോന്നിയായിരുന്നല്ലോ….
പക്ഷേ…. ആരൊക്കെ മറന്നാലും വെറുത്താലും എന്റെ പൊന്നൂന് എന്നെ മറക്കാനും വെറുക്കാനും കഴിയുമായിരുന്നില്ലല്ലോ….
ആ കണ്ണുകൾ കരഞ്ഞ് കണ്ണീർ വറ്റി, അവൾ തളർന്നു വീണത് ഞാൻ കണ്ടതാണല്ലോ….
അകത്തെവിടെയോ മുലകുടി മാറാത്ത
നമ്മുടെ പൊന്നുമോൾ ഒന്നുമറിയാതെ
പേടിച്ചു കരയുന്നതും ഞാൻ കേട്ടതാണല്ലോ….
എന്റീശ്വരാ… എത്ര നേരായി ഈ പുഴയിൽ കറങ്ങാൻ തുടങ്ങീട്ട്….
എവിടെയൊക്കെയോ ഇടിച്ച് നോവുന്നുണ്ടെനിക്ക്….
ഏതെങ്കിലും പാറക്കല്ലിൽ ആവാം….
പേമാരി തകർത്തു ചെയ്യുന്നുണ്ട്….
എനിക്ക് വല്ലാതെ തണുക്കുന്നു…..ഞാനാകെ മരവിച്ചു തുടങ്ങിയിരിക്കുന്നു…
ആരേയും കാണാനില്ലല്ലോ…
ഓ…ഇനി ഈ ജഢം കിട്ടിയിട്ടെന്തിനാ അല്ലേ….
എനിക്ക് ബോധം നഷ്ടമാകുന്നുണ്ടല്ലോ…
എങ്കിലും ഞാൻ അറിയുന്നുണ്ട്, ദിക്കറിയാതെ, ഒറ്റപ്പെട്ട്, ഏതോ തീരത്തടിയുന്നതും കാത്ത് ഞാൻ ഒഴുകി കൊണ്ടിരിക്കുകയാണ്….!!!! മിനി മോഹനൻ