ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌

ഒന്നാം വിവാഹ വാർഷികം – with മത്തിപ്പേസ്റ്റ്‌


വയനാട് ഏട്ടന്റെ കുടുംബവീട്ടിൽ ആണ് അന്ന്. ഞങ്ങൾ വീട് വെക്കാൻ അടിസ്ഥാനം കെട്ടിയിട്ടതേ ഉള്ളു.

അന്ന് ഏതാണ്ടൊരു പത്തു മണി . അപ്പോഴതാ മീൻകാരൻ കുട്ടന്റെ എം 80 ഹോൺ അടിക്കുന്നു.. അയാൾക്ക് ഞാൻ വന്നാൽ ഭയങ്കര ഉത്സാഹം ആണ്. ഞാനെന്നും മീൻ വാങ്ങും.

അങ്ങനെ എം 80 യുടെ അടുത്ത് പോയി നോക്കിയപ്പോൾ, കുഞ്ഞൻ മത്തി. ഫൂഡിസ് പാരഡൈസ് എഫ് ബി ഗ്രൂപ്പിലെ പ്രിയ ഷേണായിയുടെ നെല്ലിക്ക അരച്ച മത്തി ക്കറിയുടെ ചിത്രം കണ്ണിൽ തെളിഞ്ഞു…. പാചകക്കുറിപ്പ് സേവ് ചെയ്ത് വെച്ചിട്ടുണ്ട്. അതുണ്ടാക്കി വീട്ടിലുള്ളവരെ കൊതിപ്പിക്കുന്ന രംഗം അവിടെ നിന്ന് തന്നെ മനസ്സിൽ കണ്ടു.

വൈകിട്ട്, ചിക്കൻ കറിയും, നെയ്ച്ചോറും. വെഡിങ് ആനിവേഴ്സറി കേക്ക് വരും. ഏട്ടന്റെ ഫ്രെണ്ട്സ് ഫാമിലി ഗസ്റ്റ് ആയി ഉണ്ടാകും. നെല്ലിക്ക അരച്ച മത്തിക്കറി ഉച്ചയ്ക്ക്‌ വെയ്ക്കാം . അങ്ങനെ ഒരു കിലോ കുഞ്ഞൻ മത്തിയും വാങ്ങി ഞാൻ താഴേക്കിറങ്ങി.

ഭൂമിയുടെ പ്രത്യേകത – തട്ട് ആയിട്ടാണ് അവിടെ. റോഡ് മുകളിൽ, പിന്നെ ചെരിവ്, അവിടെ കിണറും കുറച്ചു കാപ്പി ചെടികളും, അത് കഴിഞ്ഞാണ് വീട് ഇരിക്കുന്ന തട്ട്.

ഞാൻ ഈ മത്തിയും കത്രികയും, ചട്ടിയും കൊണ്ട് അടുക്കളപ്പുറത്തു പോയി ഇരുന്നു മീൻ വെട്ടാൻ തുടങ്ങി.

കാവലിന് താഴെ പ്രിയചേച്ചിയുടെ വീട്ടിലെ നാലഞ്ച് പൂച്ചയും….
ഒരുപാട് സമയമെടുത്തു കുഞ്ഞൻ മത്തി വെട്ടി വൃത്തിയാക്കാൻ…

ഒക്കെ വെട്ടി… ഏടത്തിയമ്മയെ വിളിച്ചു… മത്തിക്ക് കാവൽ നില്ക്കു.. ഞാനീ വേസ്റ്റ് കളയട്ടെ എന്നും പറഞ്ഞു.. മീൻ മുറിച്ചതിന്റെ ബാക്കി മുകളിലെ കാപ്പി ചെടിയുടെ താഴെയാണ് കളയുക.

അവിടേക്ക് കയറാൻ മണ്ണ് വെട്ടി പടിയുണ്ടാക്കിയിട്ടുണ്ട്… ഞാനതിലേക്ക് കയറി… ഏട്ടത്തി വിളിക്കുന്നുണ്ട്… ആമി .. സൂക്ഷിക്കണേ. വഴുക്കലുണ്ട് എന്നൊക്കെ….
ഞാനിതൊക്കെ എത്ര കണ്ടതാണ് എന്ന ഭാവത്തിൽ… ഈ കെ കെ ജോസഫി ഇതും ഇതിനപ്പുറം ചാടി കടക്കുമെന്ന് ഡയലോഗ് അടിച്ചു കൊണ്ടങ്ങു കയറി…

ഇറങ്ങാൻ തുടങ്ങിയപ്പോ ഒരു പേടി.

ഒരു ചെടി നില്കുന്നു അതിൽ പിടിച്ചിറങ്ങാൻ തീരുമാനിച്ചു …അതിൽ പിടിച്ചതും, അത് വേരടക്കം പറിഞ്ഞു പോന്നു ..

മൺസൂൺ മഴ തകർക്കുന്ന സമയമാണ്…

അപ്പൊ ഏട്ടത്തി, താഴെ നിന്നും കൈ നീട്ടി.. “ആമി പിടിച്ചോ, എന്നിട്ടിറങ്ങിക്കോ ന്നു… “

അടുത്ത പടിയിലേക്ക് കാലു വെച്ചതും.. ദേ കിടക്കുന്ന് .. ഞാൻ വഴുക്കി, നേരെ ഏടത്തിയുടെ മേലേക്ക്…

ഞാൻ ഒന്നുരുണ്ടു, മീൻ വെട്ടി വെച്ചിരുന്ന മൺചട്ടിയുടെ മേലിൽ ഞാൻ, എന്റെ മേലിൽ ഏട്ടത്തി… ഇതായിരുന്നു പൊസിഷൻ… ഒരു സാൻഡ്വിച്ചു മാതിരി….

“ആമിയേ … അയ്യോ “… എന്നെങ്ങാണ്ട് ഏട്ടത്തി വിളിച്ചു..

ഉമ്മറത്തു പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ കെട്ടിയോൻ, പുള്ളിയുടെ അടുത്ത കൂട്ടുകാരൻ, അമ്മായിയമ്മ… എല്ലാവരും കൂടി ഓടി വരുന്നു….
ഈ കിടപ്പ്‌ കണ്ടതും എന്റെ കെട്ടിയോൻ ചിരി തുടങ്ങി…

ഏട്ടത്തിക്ക് എണീക്കാൻ പറ്റുന്നില്ല.. എണീറ്റാലേ എനിക്ക് എണീക്കാൻ പറ്റു …. ആരോ ഏടത്തിയമ്മയെ വലിച്ചു പൊക്കി… അവിടെ കൂട്ട ചിരി…

ഞാൻ ആണേൽ വീണിടത്തു കിടന്നു ചിരിക്കുകയാണ്….. എന്നെ എണീപ്പിക്കാൻ നോക്കുന്നു… ഞാൻ പിന്നേം കിടന്നു ചിരിക്കുന്നു…

എന്റെ താഴേ മത്തി കുഞ്ഞുങ്ങൾ അരഞ്ഞു ചേർന്നെന്റെ നൈറ്റിയിൽ, കുറച്ചു ഏടത്തിയുടെ നൈറ്റിയിലുമുണ്ട്…

ആ ഒരു കിലോ മത്തിയുടെ മേൽ, ഞാൻ ഒരു 65 കിലോ, ഏട്ടത്തി, ഒരു 63 കിലോ, രണ്ടും കൂടി വീണാൽ എന്താവും സ്ഥിതി എന്നൂഹിക്കാമല്ലോ…

അമ്മായിഅമ്മ വഴക്ക് പറയുന്നുണ്ട്.. “നീ അവളെ പിടിച്ചു എണീപ്പിക്ക്.. ചട്ടിക്ക് മേലിൽ ആണ് വീണത്.. മുറിവ്‌ പറ്റി കാണുമെന്ന്…”
എന്റെ സ്നേഹധനനായ കെട്ടിയോൻ, ഒടുവിൽ ചിരി നിർത്താതെ തന്നെ എന്നെ വലിച്ചു പൊക്കി…. പിന്നെ ആശുപത്രിയിൽ പോണോ, നടുവ് ഉഴിയു എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.

മത്തി പേസ്റ്റിൽ മുങ്ങിയ ഞാൻ….

അപ്പോഴുണ്ട്‌ ഏട്ടത്തി സ്വന്തം നൈറ്റി പിടിച്ചു മണപ്പിച്ചിട്ട് അയ്യേ.. ന്നു…. എനിക്ക് പിന്നേം ചിരി വന്നു…

ഹോ… എന്റെ ഒന്നാം വിവാഹവാർഷികം മത്തി പേസ്റ്റിൽ കുളിച്ചു…

പിന്നെ രണ്ടു വട്ടം കുളിച്ചിട്ടും മത്തി നാറ്റം പോണില്ല…

ഞങ്ങൾ രണ്ടാളും ആ നൈറ്റി ഉപേക്ഷിച്ചു..

എത്ര കഴുകിയിട്ടും, ആ വൃത്തികെട്ട ഉളുമ്പ് മണം പോകുന്നേയില്ല……

സത്യത്തിൽ ഞാനെന്തിനാ അത്രേം ചിരിച്ചതെന്ന് എനിക്കിപ്പഴുമറിയില്ല ….. !!

നെല്ലിക്കയരച്ച മത്തിക്കറി പിന്നൊരിക്കലും ഞാൻ വെച്ചില്ല…

റെസിപ്പി ഇപ്പഴും ഫോണിലുണ്ട്.. അത് കാണുമ്പോ, ഈ വീഴ്ചയും, ചിരിയും, വേദനയും ഓർക്കും.

പിന്നെ ആ കുഞ്ഞൻ മത്തി വെട്ടിയെടുക്കാനെടുത്ത സമയവും, വേസ്റ്റ് ആയല്ലോ എന്ന സങ്കടവും ബാക്കി…. !

Leave a Reply

Your email address will not be published. Required fields are marked *