ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുള്ള വാർഷിക അവധിക്കാലത്താണ് ആ വലിയ പിഴ എനിക്ക് സംഭവിക്കുന്നത്.ജീവിതത്തിൽ പിന്നീട് വലിയൊരു പാഠമായി മാറിയ പിഴ എന്ന് പറയുന്നതാകും ശരി. ഞാനന്ന് അമ്മയുടെ വീട്ടിൽ അവധിയാഘോഷിക്കാനായി പോയതാണ്. ഞാനിങ്ങനെ തറവാട്ടിലും രണ്ടു അമ്മാവൻമാരുടെയും വീട്ടിലുമായി കുട്ടികളോടൊപ്പം കളിച്ചും തിമിർത്തും നടക്കുന്ന സമയമാണ്.
ആദ്യ രണ്ടു
സ്ഥലങ്ങളിലെയും മുഖങ്ങൾ കണ്ടു
മടുത്തതിനാൽ രണ്ടാമത്തെ അമ്മാവന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
ഞാനങ്ങോട്ട് ചെല്ലുമ്പോൾ ആന്റി വനിത മാസിക വായിക്കുകയാണ്. പിന്നീടുള്ള ദിവസങ്ങളിലും, വീട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വട്ടംചുറ്റലിൽ പലപ്പോഴും വനിതയെന്റെ കണ്ണിൽപ്പെട്ടുവെങ്കിലും മാസിക വായനയോട് താല്പര്യമില്ലാത്തത് കൊണ്ടു നിർദാഷിണ്യം അവഗണിച്ചു.
എനിക്ക് പ്രിയം കൂടുതൽ ടിവിയായതിനാൽ സിനിമ, പാട്ട് എന്നിവ മാറി മാറി വെക്കും.അതിപ്പോൾ കണ്ടതായാലും പിന്നെയും കാണുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു. ഞാനിങ്ങനെ ടിവിയൊക്കെ കണ്ടാസ്വദിച്ചിരിക്കുമ്പോൾ പെട്ടെന്നതാ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടതിന്റെ തെളിവെന്നോണം ടിവിയും നിശ്ചലമായി.സമയം ഉച്ചയായതിനാലും വീട്ടിലുള്ള ആന്റി ഗർഭിണിയായതുകൊണ്ടും നിദ്രയിലേക്ക് വഴുതിവീണിരുന്നു. ഒരുപാട് നേരം, കരണ്ടു വരാൻ പ്രതീക്ഷിച്ചു പ്രാർത്ഥിക്കുകയും നേർച്ച വരെ നേർന്നു കാത്തിരിക്കുകയും ചെയ്തെങ്കിലും കടുത്ത നിരാശയായിരുന്നു ഫലം. വീട്ടിൽ ഞങ്ങൾ രണ്ടും മാത്രമേയപ്പോഴുള്ളൂ. വെറുതെയിരുന്നു മടുത്തപ്പോൾ സംസാരിക്കാനായി ആന്റിയെ വിളിച്ചുണർത്തിയാലോ എന്ന് പോലും ചിന്തിച്ചു.ഉറങ്ങുന്നയാളെ, അതും ഗർഭിണിയായൊരാളെ വിളിച്ചുണർത്തുന്നത് ശരിയായ നടപടിയല്ലായെന്ന തോന്നലിൽ പിൻവാങ്ങി.
മറ്റൊരു മുഖ്യമായ തീരുമാനമെടുത്തു; കഴിഞ്ഞ രണ്ട് ദിവസവും അവഗണിച്ച ‘വനിത’ വായിക്കുക. അലമാരയിൽ അടുക്കി വെച്ചവയിൽ നിന്നും ഏറ്റവും മുകളിലിരുന്നത് തന്നെ കൈയ്യിലെടുത്തു. സുന്ദരമായി ചിരിക്കുന്ന ഒരു പെൺകുട്ടിയുടേതായിരുന്നു മുഖചിത്രം.വെറുതെ താളുകൾ ഓരോന്നും മറിച്ചുകൊണ്ടിരുന്നു. പ്രധാനമായും അതിലെ ചിത്രങ്ങൾ നോക്കുക എന്നതായിരുന്നു ഉദ്ദേശം. ചെരിപ്പ് മുതൽ അടിവസ്ത്രത്തിന്റെ വരെ പരസ്യങ്ങൾ നിറഞ്ഞുനിൽപ്പുണ്ട്.
താളുകൾ വീണ്ടും മുന്നോട്ടും പുറകോട്ടും മറിച്ചു നോക്കവേ വിവിധങ്ങളായ
ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ എന്റെ കണ്ണങ്ങോട്ട് പോയി. പല വർണത്തിലും രൂപത്തിലും നീണ്ടതും കുറുകിയതുമായ പലഹാരങ്ങൾ മുതൽ അത്താഴത്തിന് വരെയുള്ള വിഭവങ്ങൾ. അതിലെ ഓരോ വിഭവങ്ങളുടെയും ചിത്രങ്ങൾ ആരെയുമൊന്ന് ആകർഷിക്കുമെന്നതിൽ യാതൊരുവിധ സംശയവുമില്ല.
ഓരോ വിഭവങ്ങളുടെയും ഒപ്പം റെസിപ്പിയും ഉണ്ടാക്കുന്ന വിധവുമെല്ലാം ഒന്നുമുതൽ നീളുന്ന പടി പടിയായി അക്കമിട്ടു കൊടുത്തിട്ടുണ്ട് . അതിങ്ങനെ ഒന്നൊന്നായി വായിച്ചു പോകുമ്പോൾ എന്നിലെ ഇന്നുവരെ ഉണർന്നിട്ടില്ലാത്ത ഒരു വികാരം ഉയർത്തെഴുന്നേറ്റു. പാചകം ചെയ്യാനുള്ള അതികഠിനമായ ഉൾപ്രേരണ. എന്തെങ്കിലുമൊന്ന് ചെയ്തു നോക്കാം എന്ന നിലയിലേക്ക് ആ വിഭവങ്ങളുടെ ചിത്രങ്ങളെന്നെ എത്തിച്ചിരുന്നു എന്ന് പറയുന്നതാകും ശരി. ഇനി വേണ്ടത് ഏറ്റവും അധ്വാനം കുറഞ്ഞ, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവം കണ്ടെത്തുകയെന്നതാണ്. എല്ലാ പാചകക്കുറിപ്പുകളും വായിച്ചു നോക്കി. ആ പ്രദിക്ഷണത്തിനിടെ കൈതച്ചക്ക പായസത്തിലെന്റെ കണ്ണുടക്കി. പാചകക്കുറിപ്പ് വായിച്ചു നോക്കിയപ്പോൾ എനിക്ക് ചെയ്യാൻ എളുപ്പമുള്ളതായും കൊള്ളാവുന്നതായും തോന്നി.
ആന്റിയുണരുന്നതിന് മുൻപ് തന്നെ ഒരു പേനയും കടലാസ് കഷ്ണവുമെടുത്ത് അക്ഷരങ്ങൾ പോലും തെറ്റാതെ കുറിച്ചെടുത്തു. വീട്ടിൽ ചെന്നിട്ട് ഉണ്ടാക്കി നോക്കുകയെന്നതായിരുന്നു പദ്ധതി. ഇവിടുന്നുണ്ടാക്കി നോക്കി ശരിയായില്ലെങ്കിൽ മൂത്ത ചേച്ചിയുടെ ‘കുൽസിതപ്രവൃത്തികൾ’ എന്റെ ഇളയവർ അറിയേണ്ടയെന്ന കുരുട്ടുബുദ്ധിയും അതിന് പിന്നിലുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.നമ്മുടെ വീട്ടിലാകുമ്പോൾ ഞാനെന്ന പഴശ്ശി യുദ്ധത്തിൽ ജയിച്ചകഥയും തോറ്റകഥയുമൊക്കെ അവർക്കറിയാല്ലോ.
എന്റെ സാമ്രാജ്യത്തിലേക്ക് രണ്ടു ദിവസത്തിന് ശേഷം തിരികെ വരുമ്പോൾ ഇതുണ്ടാക്കാനുള്ള ഉത്സാഹമാണ് മുന്നിട്ട് നിന്നിരുന്നത്. അന്ന് തന്നെ പഴുക്കാറായ ഒരു കൈതച്ചക്ക പക്ഷികളൊന്നും കൊത്തിക്കൊണ്ട് പോകാതെ ഞാൻ പറിച്ചുവെച്ചിരുന്നു. കൈതച്ചക്ക കാലമായതുകൊണ്ട് പറമ്പിൽ യഥേഷ്‌ടമുണ്ടായിരുന്നു.
ഒരു യാത്രയൊക്കെ കഴിഞ്ഞു വന്നതിന്റെ ക്ഷീണം കൊണ്ടും കൈതച്ചക്ക കുറച്ചുകൂടി പഴുത്തോട്ടെയെന്ന് കരുതിയുമാണ് പിറ്റേന്നത്തേക്ക് കലാപരിപാടി മാറ്റി വെച്ചത്. അമ്മാവൻമാർ തന്ന പോക്കറ്റ് മണിയൊക്കെ കയ്യിലുള്ള അഹങ്കാരത്തിൽ ഒരു പായസത്തിന് വേണ്ട ‘ആ മുതൽ റ’ വരെയുള്ള എല്ലാ സാധനങ്ങളും ഞാൻ തന്നെ തൊട്ടടുത്തുള്ള കടയിൽ പോയി വാങ്ങി.
വന്നതിന്റെ പിറ്റേന്ന്, ഏകദേശം വൈകിട്ട് മൂന്നു മണിയോടെ അടുക്കള സാമ്രാജ്യവും കൈക്കലാക്കി.സഹായിയായി വല്യമ്മച്ചിയെയും കൂട്ടുപിടിച്ചു. സഹായം എന്ന് പറഞ്ഞാൽ കൈതച്ചക്ക വൃത്തിയായി മുറിച്ചു മിക്സിയിലിട്ട് അരച്ചെടുക്കുക, ശർക്കര പാനിയുണ്ടാക്കുക എന്നതൊക്കെയാണ്. ആദ്യമേ വരണ്ടയെന്ന് ചട്ടം കെട്ടിയതുകൊണ്ടു അമ്മ വന്നതുമില്ല, ഞാൻ വിളിച്ചതുമില്ല. ആകെ ഒരു കാര്യം മാത്രമേ അമ്മ പറഞ്ഞുള്ളൂ; എല്ലാം കഴിയുമ്പോൾ അമ്മയെങ്ങനെ മുൻപ് വൃത്തിയാക്കി വെച്ചോ അത് പോലെ അടുക്കള കണ്ടാൽ മതി. ഞാൻ വേഗം തന്നെ തലയാട്ടി സമ്മതിച്ചു. അതിനൊക്കെ കൂടിയാണല്ലോ അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിച്ചിരിക്കുന്നത്.
പായസത്തിന് വേണ്ടി കുറിച്ചെടുത്ത പാലൊഴികെയുള്ള എല്ലാ സാധനങ്ങളും ഓരോ പാത്രത്തിലും നിരത്തി വെച്ചു. കൂടെയെന്റെ കൈപ്പടയിലെഴുതിയ പാചകക്കുറിപ്പും നന്നായി കാണാവുന്ന വിധം വെച്ചു.
‘ലേബർ ഇന്ത്യ’യിൽ നിന്നും വായിച്ചു പരീക്ഷിച്ചിട്ടുള്ള ജ്യൂസും ലസ്സിയുമല്ലാതെയുള്ള ആദ്യത്തെ ശ്രമമാണിത്. അത് സ്വന്തമായി, ഭംഗിയായി ചെയ്യണമെന്നെനിക്ക് നിർബന്ധമുള്ളതിനാൽ അനുയായിക്ക് താത്കാലിക ഇടവേള നല്‌കി. അടുക്കളയിലപ്പോൾ ഞാനും പായസത്തിന് വേണ്ട ചേരുവകളും മാത്രമാണ് നിറഞ്ഞു നിന്നത്. ഞങ്ങൾക്ക് മാത്രം മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നുമുണ്ട്. ഓരോരുത്തരും ഊഴം കാത്തിരിക്കുകയാണ്. ഇവയൊക്കെയും ചേർത്തുള്ള കൈതച്ചക്കപായസം കുടിക്കുന്ന വീട്ടിലെ ഓരോ മുഖഭാവങ്ങളുമോർത്തു ഞാനെന്റെ ഉദ്യമത്തിലേക്ക് പ്രവേശിച്ചു. ഗ്യാസടുപ്പിന്റെ തീയൊക്കെ വേണ്ട വിധത്തിൽ സെറ്റ് ചെയ്തു.
ആദ്യ പടിയായി ചൂടായ ഉരുളിയിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു കൊടുത്തു. ശേഷം കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, നിലക്കടല എന്നിവ വറുത്തു കോരി ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു. എവിടെയൊക്കെയോ ചെറുതായി കരിഞ്ഞു എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ചെറുതായി കരിഞ്ഞതിന്റെ രുചിയും എല്ലാവരും അറിയുന്നത് നല്ലതല്ലേ? ആദ്യത്തെ ചെറിയ പാളിച്ചയെക്കുറിച്ച് കൂടുതൽ ആലോചിച്ചു സമയം പാഴാക്കാൻ നിന്നില്ല. അടുത്ത പടിയായി പറഞ്ഞിരിക്കുന്ന അരച്ചുവെച്ച കൈതച്ചക്ക നെയ്യിൽ വഴറ്റുവാനായി ഉരുളിയിലേക്ക് ചേർത്തു. ഏകദേശ പാകത്തിനുള്ള പരുവമായപ്പോൾ നേരത്തെ വല്യമ്മച്ചി തയ്യാറാക്കി തന്ന ശർക്കര പാനിയും അതിലേക്ക് ചേർത്തു. നന്നായി തവികൊണ്ട് ഇളക്കി കൊടുത്തു.
ഇതൊക്കെയും വായിച്ചു പഠിച്ചു മനപാഠമാക്കിയതാണെങ്കിലും തെറ്റിപ്പോയാലോയെന്ന ചിന്തയിൽ ഇടക്കിടെ കുറിച്ചു വെച്ച പേപ്പറിലേക്ക് കണ്ണുപായിച്ചു നോക്കും. ഇത്രയും വരെ മോശമല്ലാത്ത രീതിയിൽ ചെയ്തതിൽ എനിക്ക് തന്നെ അഭിമാനം തോന്നി. അതൊന്ന് തിളച്ചു പാകമാകാനുള്ള സാവകാശത്തിനിടയിൽ കുറച്ചു ഉണക്കമുന്തിരിയുടെ രുചിയൊക്കെ നോക്കി. കാഴ്ചയിലുള്ള കരിഞ്ഞ ലക്ഷണങ്ങൾ കഴിക്കുമ്പോഴില്ല. അതൊരു പാളിച്ചയൊന്നുമില്ല. ഞാനെന്നെ ആശ്വസിപ്പിച്ചു.
വനിതയിലെ ചേച്ചിയുടെ കുറിപ്പ് പോലെ കൃത്യം പത്തു മിനിറ്റിന് വേണ്ടി കാത്തിരുന്നു. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കൈതച്ചക്ക പായസമായില്ലെങ്കിലോയെന്ന പേടിയായിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കൈതച്ചക്ക വെള്ളമൊക്കെ വറ്റി നന്നായി കുറുകി. നല്ലൊരു മണമൊക്കെ വന്നു തുടങ്ങിയപ്പോൾ ഇത്തിരി നാവിൻ തുമ്പിലേക്ക് പകർന്നു. കൈതച്ചക്കയുടെ നേർത്ത പുളിയും മധുരവും ചേർന്നപ്പോൾ പ്രത്യേകമൊരു രുചി തോന്നി. പന്ത്രണ്ടു വയസുകാരിയായ എനിക്ക് അപ്പോഴുണ്ടായ സന്തോഷം ചെറുതല്ലായിരുന്നു. ബാക്കി ചേരുവകൾ കൂടി ചേർക്കുമ്പോൾ ചിത്രത്തിൽ കണ്ടത് പോലെ നിറവും രുചിയുമുള്ള പായസമായി തീരുമെന്നെനിക്ക് തീർച്ചയായി. വീണ്ടും തീയുടെ ശക്തി കുറച്ചുവെച്ചു.
കുറുകിയതിന് ശേഷവും ചെറുതീയിൽ തിളക്കണമെന്ന് പാചകക്കുറിപ്പിലുണ്ട്.
ആ സമയം, പായസത്തിന് വേണ്ട പാൽ ഫ്രിഡ്ജിൽ നിന്നുമെടുക്കാമെന്ന് കരുതി.
” പാൽ തിളപ്പിച്ചു ചൂടാറിയിട്ടേ ചേർക്കാവൂ.. പാലും കൈതച്ചക്കയുടെ പുളിയുമായാൽ പിരിയും.. “
ഫ്രിഡ്ജ് തുറക്കുന്നതിനിടെ അമ്മയെന്നെ ഓർമ്മിപ്പിച്ചു.
“എന്നിട്ട്, ആ ചേച്ചിയുടെ പാചകക്കുറിപ്പിൽ ഞാൻ അങ്ങനെയൊന്നും കണ്ടില്ലല്ലോ.. “
ആ സമയം വീട്ടിലെ പാചകറാണിയേക്കാൾ എനിക്ക് വിശ്വാസം വനിതയിലെ പാചകറാണി ചേച്ചിയെ ആയിരുന്നു.!
” എന്നാൽ, ആ പാല് മുഴുവനും എടുക്കണ്ട. കുറച്ചവിടെ വെച്ചേക്ക്..നമുക്ക് ചായ കുടിക്കാം.. “
‘ഞാനിവിടെ ഇത്രയും സുന്ദരമായൊരു പായസം ഉണ്ടാക്കുമ്പോൾ ചായയുടെ ആവശ്യമെന്താ’യെന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു.
“ആ ചേച്ചി പറഞ്ഞിരിക്കുന്നേ ഒരു ലിറ്റർ പാല് വേണമെന്നാണ്.. അല്ലേൽ, എന്റെ പായസം ശരിയാകില്ല.. “
വീണ്ടും വനിതയിലെ ചേച്ചിക്ക് വേണ്ടി ഞാൻ വാദിച്ചു. പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് തോന്നിയിട്ടോയെന്തോ അമ്മയൊന്നും പറഞ്ഞില്ല.
തണുത്ത പാലെടുത്ത് ചെറുതായി തിളച്ചു കൊണ്ടിരിക്കുന്ന കൈതച്ചക്കയിലേക്ക് ചേർത്തു. നന്നായി തണുപ്പിച്ച ശേഷം മാത്രമേ പാല് ചേർക്കാവൂവെന്ന് പാചകക്കുറിപ്പിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അതിനാണ് പാല് ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചത്.ആ പാലാണ് ഒന്ന് തിളപ്പിക്കുക പോലും ചെയ്യാതെ ചേർത്തത്. തൊട്ടടുത്ത പാത്രത്തിലിരുന്ന, നേരത്തെ വറുത്തു വെച്ച ചേരുവകളും ഒപ്പം കുറച്ചു ഏലക്ക പൊടിച്ചു വെച്ചതും ചേർത്തു തവി കൊണ്ടു വീണ്ടുമിളക്കി. പായസത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഇനിയൊന്ന് കൂടി തിളച്ചു കഴിഞ്ഞാൽ കൈതച്ചക്ക പായസം പൂർണമായി.
പക്ഷേ, ഞാനെത്ര ഇളക്കിയിട്ടും പാലും കൈതച്ചക്കയും പിണങ്ങി രണ്ടു ദിക്കിലാണ്. പിന്നെയും ഇളക്കി, അവസ്ഥക്കൊരു മാറ്റവുമില്ല. എവിടെയോ എന്തോ ‘ചെറിയ വലിയ’ പാളിച്ച സംഭവിച്ചത് പോലെ തോന്നിയതിനാൽ അനുയായിയെ വിളിച്ചു. വല്യമ്മച്ചി ആ സത്യം സ്ഥിരീകരിച്ചു. അമ്മ പറഞ്ഞത് പോലെ സംഭവിച്ചിരിക്കുന്നു.! പാലും കൈതച്ചക്കയും കൂടി പിരിഞ്ഞു പോയി.
ഞാൻ വീണ്ടും പാചകക്കുറിപ്പ് എടുത്തു നോക്കി. ഇല്ലാ, അതിൽ പാല് തിളപ്പിക്കണമെന്ന് ഒരു വാക്ക് പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല. ചിത്രത്തിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായൊരു പായസമാണ് ഞാനുണ്ടാക്കിയതെന്ന് വെറുതെ ആശ്വസിച്ചു. ഇതെന്റെ അഭിമാന പ്രശ്നമായതിനാൽ നാല് ഗ്ലാസുകളിൽ പായസം വിളമ്പി. രുചിച്ചു പോലും നോക്കിയില്ല. പപ്പയപ്പോൾ വീട്ടിൽ ഇല്ലാത്തതിനാൽ ഒരു പങ്ക് ആദ്യമേ മാറ്റി വെച്ചിരുന്നു. നാല് ഗ്ലാസുകളിലെ പായസവുമായി അനുയായിയെ പറഞ്ഞയച്ചു.
പായസമുണ്ടാക്കുന്നതിന് മുൻപ് ചിന്തിച്ചു കൂട്ടിയ മുഖവും നേരിട്ട് കുടിക്കുന്നത് കാണുമ്പോഴുള്ള ഭാവവും തമ്മിൽ അജഗജാന്തരമുണ്ടാകുമെന്ന് എനിക്ക് തന്നെ ഉറപ്പായിരുന്നു. അത് കാണാനുള്ള ത്രാണി കൂടിയില്ലാത്തതിനാലാണ് അനുയായിയെ പറഞ്ഞയച്ചത്. പരീക്ഷയിൽ തോക്കുമെന്നറുപ്പുണ്ടായിട്ടും ഒന്നിനുമല്ലാതെ പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിയെപ്പോലെ അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നു. കുറച്ചു പായസം ഗ്ലാസിലൊഴിച്ചു ഞാനൊന്ന് രുചിച്ചു .ആദ്യ കവിളിൽ തന്നെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. കരിഞ്ഞ ഉണക്കമുന്തിരി പോലെയല്ല കാര്യങ്ങളെന്നെനിക്ക് കൃത്യമായി ബോധ്യപ്പെട്ടു. മറ്റൊരു കാര്യം കൂടി ഞാനുറപ്പിച്ചു; ഇന്നീ പായസമിവിടെയാരും കുടിക്കില്ല.!
എന്തായാലും പായസത്തിന്റെ കാര്യത്തിൽ തീരുമാനമായി.ഇനിയാ മുന്തിരിങ്ങയും കശുവണ്ടി പരിപ്പും കളയണ്ടല്ലോയെന്ന് കരുതിയതെല്ലാം ആഴക്കടലിൽ നിന്നും മുത്ത് കണ്ടെത്തുന്ന കരവിരുതോടെ അകത്താക്കി. ഇനിയും പരീക്ഷണങ്ങൾ നടത്താനുള്ള അവസരങ്ങളുണ്ടല്ലോ.ഇത് പോയെങ്കിൽ അടുത്തത് എന്ന് മാത്രമായി ചുരുങ്ങിയെന്റെ ചിന്ത.
എന്നാലും ചേച്ചിയേ, ‘പാൽ തിളപ്പിച്ചതിന് ശേഷം മാത്രം തണുപ്പിച്ചു ഉപയോഗിക്കുക’ എന്നൊരു വാക്ക് എഴുതി ചേർത്തിരുന്നെങ്കിൽ എന്നെ പോലെ വല്ല കാലത്തും പരീക്ഷണത്തിന് അടുക്കളയിലേക്ക് പുറപ്പെടുന്ന പെൺകുട്ടികളുടെയിടയിലുള്ള ഇമേജ് തകരുമായിരുന്നോ? ഞാനൊക്കെ, ഇത്രയും സാധനങ്ങൾ മുന്തിരി മാത്രം പെറുക്കി തിന്നു കളയേണ്ട അവസ്ഥ വരുമായിരുന്നോ?അതിലൊക്കെയുമുപരിയായി, ഒരൊറ്റ വാചകത്തിന്റെ കുഴപ്പം കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പാചകലോകത്തെ വലിയൊരു ജീവിതമാണ്. ഗ്ലാസിൽ നിന്നും മുന്തിരി തപ്പുന്നതിനിടയിൽ ഇതൊക്കെയുമോർത്ത് നെടുവീർപ്പെട്ടു. അല്ലാതെ, മറ്റൊന്നുമെനിക്ക് ചെയ്യാനില്ലായിരുന്നു.
ആ സമയം, അങ്ങോട്ട് കൊണ്ടു പോയ പായസം അളവിൽ തെല്ലിട വ്യത്യാസമില്ലാതെ അനുയായിയുടെ കൈയ്യിലെ ട്രേയിൽ തിരികെ വരുന്നുണ്ട്. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. ചാച്ചനും അനിയനും അമ്മക്കുമുള്ള പങ്കായിരുന്നു മൂന്നു ഗ്ലാസിൽ കൊടുത്തു വിട്ടത്. പക്ഷേ, ട്രേയിൽ രണ്ടു ഗ്ലാസ് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അതിലൊരു ഗ്ലാസ് എവിടെയെന്നായി എന്റെ അടുത്ത ചിന്ത.
അനുയായിയുടെ തൊട്ട് പിന്നാലെ കാൽഭാഗത്തിലധികം തീർന്ന ഗ്ലാസിലെ പായസവുമായി വരുന്ന അമ്മയെ കണ്ടപ്പോൾ ആ സംശയവും മാറി. ഉണ്ടാക്കിയ എനിക്ക് പോലും ഒരു കവിൾ കുടിച്ചു പൂർത്തിയാക്കാൻ കഴിയാത്തത് അമ്മയെങ്ങനെ കുടിച്ചു എന്ന സംശയമെന്റെയുള്ളിൽ തോന്നിയെങ്കിലും ചോദിച്ചില്ല.
പരീക്ഷണം പാളിയതിലുള്ള എല്ലാ ജാള്യതയോടെയും നിൽക്കുന്ന എന്റെയരികിലേക്ക് അമ്മ വന്നു. ഒന്നും പറഞ്ഞില്ല. ‘പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ’ എന്നായിരിക്കാം അമ്മയുടെ ഭാവത്തിൽ നിറഞ്ഞു നിന്നതെന്ന് ഞാൻ ഊഹിച്ചു.
എന്റെ മനസിലൂടെയപ്പോൾ നെല്ലിക്കയെ ഉപമിച്ചു കൊണ്ടുള്ള പ്രശസ്തമായ പഴഞ്ചൊല്ല് കടന്നു പോയിയെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
അമ്മ ഉരുളിയിലേക്ക് നോക്കി, ശേഷം എന്നെയും നോക്കി. ഉരുളിയിലെ പായസത്തിന്റെയും എന്റെയും ഭാവം ഒരു പോലെ തോന്നിയാലും സംശയിക്കേണ്ടതില്ല. അതുപോലെയാണ് കൈതച്ചക്ക പായസത്തിന്റെ അവസ്ഥ.
ഇതാർക്കും കുടിക്കാൻ കഴിയില്ലയെന്ന തിരിച്ചറിവിൽ ഉരുളിയിലെയും പപ്പക്ക് മാറ്റി വെച്ച പങ്കുൾപ്പെടെയുമെടുത്തു, ഞാൻ പുറത്തു വെച്ചിരുന്ന കാടി കലത്തിലേക്ക് ഒഴിച്ചു. തൊട്ടടുത്ത വീട്ടിലെ പശുവിനാണ് ഇന്നെന്റെ പായസം കുടിക്കാനുള്ള യോഗം. ഇടക്കൊക്കെ മൃഗങ്ങൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് വിശാലമനസ്കരുടെ ലക്ഷണമാണല്ലോ. അന്ന്, ഞാനുമങ്ങനെ വിശാലമനസ്കയായ മൃഗസ്‌നേഹികളുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടു.
എങ്കിലും, ഇത്തുരണത്തിൽ കൈതച്ചക്ക പായസത്തിലൂടെ ഞാൻ ചെയ്ത പിഴകൾ താഴെ പറയും വിധമായിരുന്നു.
എന്റെ പിഴ : വീട്ടിലെ പാചക റാണിയെ അവിശ്വസിച്ചു.
എന്റെ പിഴ : ഒരു പരീക്ഷണമെന്ന പേരിൽ ആവശ്യത്തിലേറെ സാധനങ്ങൾ പാഴാക്കി.
എന്റെ വലിയ പിഴ : തിളപ്പിക്കാത്ത പാലും പുളിയും ചേരുമ്പോൾ അവ പിരിഞ്ഞു പോകുമെന്ന ശാസ്ത്രം അമ്മ ഓർമ്മിപ്പിച്ചിട്ടും വിസ്മരിച്ചു.
മനസിലിവയൊക്കെ ഓർത്തുകൊണ്ടു ഞാനിങ്ങനെ ഉരുവിട്ടു.
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.!!
© Anjana Mariya Thomas