കഥ
എന്റെ നഷ്ട പ്രണയം.
എനിക്കവളെ അത്രക്കിഷ്ടമായിരുന്നു. അവളെ കാണാൻ കുഴപ്പമില്ലാത്ത ചന്തമുണ്ടായിരുന്നു. മുസ്ലിം സ്ത്രീകൾ തട്ടം ചുറ്റി കെട്ടുന്ന രീതി ആദ്യമായി ഞാൻ കാണുന്നത് അവളിൽ നിന്നായിരുന്നു. നല്ല പൊക്കത്തിൽ അതിനനുസരിച്ച ശരീര ഭംഗിയും ഉള്ളവൾ. വെളുപ്പോ ഇരുനിറമോ എന്ന് പറയാൻ കഴിയാത്ത ഒരു നിറമായിരുന്നു അവൾക്ക്. താഴേക്ക് കൂർത്ത മാംസളമായ താടിയെല്ല് വല്ലാത്ത ആകർഷകമായിരുന്നു.അതായിരുന്നു അവളുടെ വ്യത്യസ്ഥത എന്നെനിക്ക് തോന്നിയിട്ടുണ്ട്.
അന്ന് ഞാൻ കൗമാരത്തിന്റെ അവസാന കാലഘട്ടത്തിലായിരുന്നു. മനസ്സ് എല്ലാ കൗമാര ചാപല്യങ്ങളെയും അതിജീവിച്ചു യുവത്വത്തിലേക്ക് കാലെടുത്തു വെക്കുന്ന സമയം. അതായത് എന്റെ പതിനെട്ടാം വയസ്സിന്റെ അവസാന കാലം.പ്ലസ്ടൂ കഴിഞ്ഞു പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലായിരുന്നു എനിക്ക്. അത് കൊണ്ട് ഉപ്പാന്റെ തുണി കടയിൽ പോയി അവിടെ ഒരു സഹായിയായി നിൽക്കും ഞാൻ. ഒരു ജൂലൈ മാസമാണ് ഞാനവളെ ആദ്യമായി കാണുന്നത്. നല്ല മഴ തിമിർത്തു പെയ്യുന്ന ഒരു ദിവസം. സമയം നാല് മണി കഴിഞ്ഞു കാണും. കടയിൽ ഇരിക്കുകയായിരുന്ന ഞാൻ വെറുതേ ഒന്നു പുറത്തേക്ക് നോക്കി. ചില്ലിനുള്ളിലൂടെ കിളി പച്ച ചുരിദാറണിഞ്ഞു ഒരു പെൺകുട്ടി നിൽക്കുന്നത് ഞാൻ അവ്യക്തമായി കണ്ടു. ഒരു കോളേജ് ബാഗ് തോളിലുണ്ട്. കയ്യിൽ കുടയില്ലാത്തത് കാരണം മഴ തോരാൻ കടയുടെ ഉമ്മറത്ത് കയറി നിന്നതാണെന്ന് എനിക്ക് തോന്നി. ഞാൻ ഉമ്മറത്തേക്ക് ചെന്നു. പുറം തിരിഞ്ഞു നിൽക്കുന്ന അവളെ ഞാൻ കുറച്ചു നേരം നോക്കി നിന്നു. അവൾ തിരിഞ്ഞു നോക്കുമോ എന്ന പ്രതീക്ഷയിൽ..
ഇല്ല.. മഴയും ആസ്വദിച്ചു അവൾ കൈയ്യും കെട്ടി അങ്ങനെ നിൽക്കുകയാണ്. ഞാൻ അറിയാത്ത ഭാവത്തിൽ അവളുടെ മുഖമൊന്നു കാണാനുള്ള ആശയിൽ ചെറുതായിട്ടൊന്നു ഉണ്ടാക്കി ചുമച്ചു. ശബ്ദം കേട്ട അവൾ തിരിഞ്ഞു നോക്കി. എന്നെ കണ്ട അവൾ ആദ്യമൊന്ന് ചൂളി. പിന്നെ നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു. പുഞ്ചിരി എന്നാൽ ശരിക്കും പുഞ്ചിരി തന്നെ. പല്ലൊന്നും വെളിയിൽ കാണിക്കാതെ ഒരു ചിരിയില്ലേ.. അങ്ങനെ..എന്റെ ഹൃദയം നിറഞ്ഞു. എനിക്ക് അവളെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. മനസ്സ് അനുരാഗം കൊണ്ട് കുളിർന്നു.”പ്രണയം ആദ്യ കാഴ്ച്ചയിൽ” എന്നൊക്കെ കേട്ടിട്ടില്ലേ.. അത് ശരിയാണെന്ന് എനിക്ക് തോന്നിയ നിമിഷം.
ആ ഒരു ചിരി സമ്മാനിച്ച അവൾ വേഗം തിരിഞ്ഞു നിന്നു. വീണ്ടും കനത്തു പെയ്യുന്ന മഴയിൽ റോഡിലൂടെ പോകുന്ന വണ്ടികളേയും കുട ചൂടി പോകുന്ന ആളുകളെയും നോക്കി നിന്നു. ഞാൻ അപ്പോഴും അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ഒന്നുകൂടി അവൾ തിരിഞ്ഞു നോക്കിയെങ്കിൽ എന്ന് ഞാൻ വല്ലാതെ മോഹിച്ചു. ഇല്ല.. അവൾക്ക് ഇങ്ങനെയൊരാൾ ഇവിടെ നിൽക്കുന്ന ഭാവം പോലുമില്ല. മഴ ആദ്യമായി കാണുന്ന ഒരു കുട്ടിയുടെ കൗതുകത്തോടെ അവളെങ്ങനെ നിൽക്കുന്നു.ഞാൻ മൊട്ടിട്ട പ്രണയം വിരിയിക്കാൻ കൊതിച്ചു അവളെ തന്നെ നോക്കി നിന്നു.
“”ടാ.. ഇങ്ങനെ നോക്കി വെള്ളറക്കല്ലേ. അത് ഒണങ്ങി പോവും””.. പുറകിൽ നിന്നൊരു ശബ്ദം.. കടയിലെ ജോലിക്കാരനാണ്. ജോലിക്കാരൻ എന്ന് പറയാൻ ആവില്ല. അതിലും ഉപരിയാണ്. ഉപ്പാന്റെ വിശ്വസ്ഥനാണ്. എന്റെ നല്ലൊരു കൂട്ടുകാരനും. മുതലാളിയുടെ മകൻ എന്നതിനപ്പുറം ഞങ്ങൾ എന്തൊക്കെയോ ആണ്.
“”അതല്ലടാ.. ഇബള് ഏതാ?””..ഞാൻ പ്രേമപരവശനായി ചോദിച്ചു.
“”ഓളോ.. ഓള്..ഞാൻ ചോയിച്ചോക്കാം””. കേൾക്കേണ്ട താമസം അവൻ പറഞ്ഞു. അവൻ അങ്ങനെയാണ്. പെണ്ണുങ്ങളോട് കയറി മിണ്ടാൻ ഒരു മടിയും ഇല്ല. ഞാൻ അങ്ങനെയല്ല. എന്റെ മുട്ടിടിക്കും. വിക്കുള്ളത് കാരണം പെണ്ണുങ്ങൾ എന്തേലും ചോദിക്കുമ്പോൾ തന്നെ പേടിയാണ്.
അവൻ അറിയാത്ത ഭാവത്തിൽ അവളുടെ അടുത്ത് ചെന്നു. മുഖത്തേക്ക് നോക്കി. അവർ എന്തൊക്കെയോ പിറു പിറുക്കുന്നു. ചിരിക്കുന്നു. എനിക്ക് കുനിഷ്ട് കയറി. ഞാൻ ഒച്ചയനക്കി അവന്റെ ശ്രദ്ധ തിരിച്ചു. അവൻ തിരിച്ചു വന്നു.
“”ഓളോ.. ഓളെ മുഖം കണ്ടപ്പൊ തന്നെ ഇച്ച് ആളെ മനസ്സിലായി. ഇബടെ അടുത്ത്ള്ളതാ.ഞമ്മളെ സ്ഥിരം കസ്റ്റമറാണ്. ഓളെ വാപ്പീയുമ്മീയൊക്കെ ഇവടെ വരാറ്ണ്ട്””. അവൻ ഇങ്ങനെ പറഞ്ഞു കൊണ്ട് കടക്കകത്തേക്ക് കയറി. ഞാനും വേഗം പുറകിലൂടെ ചെന്നു.
“”പിന്നെ.. ഇങ്ങളെന്താ സംസാരിച്ചിരുന്നത്””.. ഞാൻ ചോദിച്ചു.
“”അയിന്.. അനക്കെന്താത്ര ബേജാറ്.””
“”എടാ.. എന്താന്നറീല ഇച്ച് ഓളെ ഭയങ്കര ഇഷ്ടായി””. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവനും ചിരിച്ചു.””ഓള് പ്ലസ്വണ്ണിന് ഈ വിക്ടറി ട്യൂടോറിയൽ കോളേജില് പഠിച്ചാത്രേ. സ്കൂൾല് അഡ്മിഷൻ കിട്ടീലാന്ന്. മാർക്ക് ഇണ്ടാവില്ല മജ്ജത്തിന്. കാണാള്ള ചൊർക്കൊള്ളൂ. മൊയന്തിന് “”.. അവൻ പറഞ്ഞു കളിയാക്കി ചിരിച്ചു.
എനിക്ക് ചിരി വന്നില്ല. കാരണം അവളെ മജ്ജത്ത്,മൊയന്ത് എന്നൊന്നും വിളിച്ചത് എനിക്ക് ഇഷ്ടായില്ല. എന്റെ പ്രേയസിയല്ലേ
“”എന്തിനാ ഓളെ അങ്ങനെക്കെ വുളിക്ക്ണ് ഇജ്ജ്. എല്ലാര്ക്കും പഠിച്ചാള്ള കയിവ്ണ്ടാവോ?. ഈ പറീണ ഇജ്ജ് പത്താം ക്ലാസ്സ് തോറ്റിലെ. കൂടുതല് ചെലക്കണ്ടജ്ജ്””. ഞാൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.
അവൻ പൊട്ടി ചിരിച്ചു. ഞാൻ പതുക്കെ ഒന്ന് അവളെ പാളി നോക്കി. അവളെ കാണാനില്ല. എങ്ങോട്ട് പോയി?. ഞാൻ മഴച്ചാറലും കൊണ്ട് കുറച്ചു ദൂരം നടന്നു നോക്കി. കണ്ടില്ല. എനിക്ക് വല്ലാത്ത നിരാശ നിറഞ്ഞു. ഇപ്പൊ കണ്ടിട്ടുള്ളൂ എങ്കിലും മനസ്സിൽ കൂട് കൂട്ടി കയറിയിരുന്നില്ലേ അവള്. എത്ര പെട്ടെന്നാണ് ഒരാൾ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്… “ശെന്താണ്… ഇനി കാണുമോ ആവോ”.. ഞാൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു വാടിയ മുഖവുമായി കടയിലേക്ക് കയറി. ആകെ ചാറ്റൽ മഴ കൊണ്ടു നനഞ്ഞിരുന്നു.
“ഓള് പോയി ല്ലേ?”.. അവൻ ചോദിച്ചു.
“”മ്മ്.. കാണാല്ല””.. എന്റെ മുഖം വാടിയത് അവൻ കണ്ടു.
“” എടാ… ഇജ്ജ് കാര്യമായിട്ടാണോ ഫൈസൂ?””..
ഞാൻ തലയാട്ടി..
“”ഓള് നാളീം വരും. നമുക്ക് എന്തേലും വഴിണ്ടാക്കാം. ഇജ്ജ് ബേജാറാവണ്ട. ആ കുരിപ്പിനോട് ഞാമ്പറയാം””. അവൻ പറഞ്ഞു.
ഞാൻ സന്തോഷത്തോടെ അവനെ നോക്കി. ഉള്ളിൽ ഒരു തേനരുവി ഒഴുകും പോലെ.. ആരോ ഒരു തേനിശൽ പാടും പോലെ. അവളുടെ മുഖം വീണ്ടും മനസ്സിൽ തിളങ്ങി നിന്നു. “നേരത്തേ കണ്ട പോലല്ല. മനസ്സിൽ തെളിയുമ്പോൾ കൂടുതൽ മൊഞ്ചത്തി ആയോ അവൾ. ആ താടി.. കൂർത്ത താടി..അങ്ങനെയൊരു സിനിമ നടിയുണ്ടല്ലോ.. ആരാ അത്”..ഞാൻ ഓർത്തു. “അഭിരാമി.. അതേ. അഭിരാമി തന്നെ.”. ഞാനിങ്ങനെ സ്വർഗീയ കിനാവ് കാണവേ അവൻ പറഞ്ഞു.
“”പക്ഷേ… ഒരു കാര്യണ്ട്. ഓള് ഇഷ്ടല്ല എന്ന് പറഞ്ഞാ പിന്നെ ഇന്നോട് പറയര്ത്. അതോടെ നിർത്തണം. ഇജ്ജും വരണം നാളെ ന്റൊപ്പം. ബസ് കയറാൻ ഓള് ഇബടെ വാരോലോ. ഞാമ്പറഞോളാം””.
ഞാൻ തല കുലുക്കി സമ്മതിച്ചു. അന്ന് മുഴുവൻ അവളായിരുന്നു മനസ്സിൽ. രാത്രി കടയടച്ചു വീട്ടിൽ പോവുമ്പോഴും, വീട്ടിൽ പോയി കുളിക്കുമ്പോഴും, ചോറ് തിന്നുമ്പോഴും.. എല്ലാം അവളെങ്ങനെ മനസ്സിൽ ഒരു സുൽത്താനയെ പോലെ അലങ്കരിച്ചു നിന്നു. വായിച്ച പുസ്തകങ്ങളായ ലൈലാ മജ്നുവിലെ ലൈലയെ പോലെ… ബാല്യകാല സഖിയിലെ സുഹറയെ പോലെ...അങ്ങനെ അങ്ങനെ.. ആരൊക്കെയോ പോലെ..
ഉറങ്ങാൻ കിടക്കുമ്പോഴാണ് ആ വൃത്തികെട്ട ചിന്ത എന്റെ മനസ്സിലേക്ക് വന്നത്.. “ഇനി ഓൾക്ക് ഇന്നെ ഇഷ്ടായില്ലെങ്കിലോ. അങ്ങനാവോ.. ഇച്ച് ഇഷ്ടായി. അങ്ങനെ ഒറ്റടിക്ക് ഇഷ്ടാവാൻ ഞാനാരാ.. ഷാറൂഖാനോ?. അല്ലെങ്കിൽ സൽമാൻ ഖാനോ?. പടച്ചോനെ… ഓൾക്ക് ഇഷ്ടാവൂലെ”.. ഞാൻ എഴുന്നേറ്റ് പോയി കണ്ണാടിയിൽ നോക്കി. “അങ്ങനെ ഇഷ്ടക്കുറവ്ണ്ടാവാനുള്ള കാരണാന്നൂല്ല. ഓള്‌ക്കൊത്ത ചൊർക്കൊക്കെ ഞാനൂല്ലേ. ഡയാന രാജകുമാരിയൊന്നുല്ലല്ലോ ഓള്”. ഏതായാലും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ട് നേരം വെളുപ്പിച്ചു.
പിറ്റേന്ന് പതിവിലും നന്നായി ഞാൻ ഒരുങ്ങി. ഒരു മൊഞ്ചനാണെന്ന് സ്വയം വിശ്വസിച്ചങ്ങ് കടയിലേക്ക് പോയി. നേരം തള്ളി നീക്കി. അവളെ ഇന്നലെ കണ്ട സമയമായ നാല് മണിയാവുന്നതും നോക്കി അക്ഷമയോടെ കാത്തിരുന്നു അവനും അതിലേറെ ഞാനും. നാല് മണിയായി. അവളെ കാണാനില്ല. എന്റെ നെഞ്ചിടിപ്പ് കൂടി. നെടുവീർപ്പോടെ അഞ്ചു മണിയാക്കി. അവളെ കാണാനില്ല. “ഓള് ഇന്ന് കോളേജിക്ക് വന്നിട്ടില്ല”. എന്നുള്ള ആശ്വാസത്തോടെ പിറ്റേ ദിവസത്തേ ഞങ്ങൾ കാത്തിരുന്നു. ആ ദിവസത്തേയും നാലും അഞ്ചും മണികൾ കടന്നു പോയി.. അന്നും കണ്ടില്ല. എന്റെ മനസ്സിൽ കാർമേഘം മൂടി.പനിയോ മറ്റോ പിടിച്ചു കാണും എന്നുള്ള സമാധാനം ഞാൻ മനസ്സിനെ ബോധ്യപെടുത്തി.
അങ്ങനെ നാലഞ്ചു ദിവസങ്ങൾ കടന്നു പോയി. അവളെ കണ്ടില്ല. മറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ശ്രമിക്കുന്തോറും അവളുടെ മുഖത്തിന് ഭംഗി കൂടി വരികയാണ്. ഇഷ്ടം കൂടി വരികയാണ്. പ്രണയ പരവശനാകുകയാണ്. “ഇതെന്തൊരു മായാജാലമാണ്. ഒരൊറ്റ തവണയേ കണ്ടുള്ളൂ. അപ്പോഴേക്കും ഇങ്ങനെ പടർന്നു പന്തലിക്കുമോ അനുരാഗം. ഇത്രയും ശക്തിയുണ്ടോ പ്രേമത്തിന്. എനിക്കെന്താ പറ്റിയത്. എന്തിന്റെ കേടായിരുന്നു എനിക്ക്. ഇത്രയും കാലമില്ലാത്തൊരു പ്രണയം. എന്ത് ഹലാക്കിനാണ് അവളെ എന്റെ മുമ്പിൽ കൊണ്ടു വന്നു നിർത്തിയത്”. എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു.
എന്റെ നിരാശ നിറഞ്ഞ മുഖം കണ്ട അവന് സഹിച്ചില്ല. ഒരാഴ്ച്ച കാത്തിരുന്ന ശേഷം അവൻ ആ കോളേജിൽ പഠിക്കുന്ന ഏതോ ഒരു കുട്ടിയോട് അവൾക്ക് എന്ത് പറ്റിയെന്നു അന്വേഷിച്ചു..
“”എടാ … ഓള്ക്ക് ഞമ്മളെ ഹൈസ്കൂളിൽ സീറ്റ് കിട്ടി. കോമേഴ്‌സിന്. ഇഞ്ഞി ഈ വയിക്ക് ഓള് വരൂല. ക്ലാസ്സ് വുട്ടാൽ ഓള് നേരെ അവുടുന്നു നടന്നു പോകും. ഇജ്ജ് അത് വിട്ടളാ. ഞമ്മക്ക് വേറെ നോക്കാ””.. അവൻ പറഞ്ഞു.
എനിക്ക് ആശ്വാസമായി. ഒരു പേമാരി പെയ്തു തോർന്ന സുഖം മനസ്സിന്. ഖല്ബിലെ തീയണക്കാൻ പെയ്ത പേമാരി.”ഓള് അപ്പൊ ഇബടെ തന്നെണ്ട്. രണ്ട് കിലോമീറ്റർ അപ്പറത്ത്. അന്നെ ഞാൻ വുടൂല മോളെ”. ഞാൻ മനസ്സിൽ പറഞ്ഞു.
“”ഇഞ്ഞി അനക്ക് റോളില്ല ചെങ്ങായി. ഞാനൊന്ന് നോക്കട്ടെ. ഇച്ച് ഓളെ പ്രേമിക്കാൻ പറ്റോന്ന്””.. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അങ്ങനെ വീണ്ടും ഖൽബ് അവൾക്ക് വേണ്ടി തുടിച്ചു. “ഒന്ന് കാണാൻ എന്താ വഴി. സ്കൂളിന്റെ മുമ്പീ പോയി തൊള്ളീം പൊളിച്ചു നിന്നാ ഓളെന്ത് കരുതും. സ്കൂളുടുണ നേരത്ത് പെൺകുട്ട്യേളെ നോക്കാൻ നിക്ക്ണ ചെർക്കൻ എന്ന് കരുതും.. അജ്ജ്യേ.. അത് വാണ്ട”. ഞാൻ ആലോചിച്ചു തല പുകച്ചു.
എന്നും രാവിലെ ഉപ്പാന്റെ കൂടെ ബൈക്കിലാണ് ഞാൻ കടയിലേക്ക് വരാറ്. ഇങ്ങനെ ആലോചനകൾ കൂടുക എന്നല്ലാതെ അവളെ കാണാനോ എന്റെ ഇഷ്ടം പറയാനോ എനിക്ക് പറ്റിയിട്ടില്ല.ഒരു ദിവസം രാവിലെ ഉപ്പാന്റെ കൂടെ കടയിലേക്ക് വരുമ്പോഴുണ്ട് എതിരെ അവൾ സ്കൂളിലേക്ക് നടന്നു വരുന്നു.അതും ഒറ്റയ്ക്ക്… ഞാൻ അവളെ കണ്ടു. അവൾ എന്നെയും കണ്ടു. അവളാണ് ആദ്യം ചിരിച്ചത്. ഞാനും മനസ്സ് തുറന്നു ചിരിച്ചു.. തത്കാലം മനസ്സൊന്നു ശാന്തമായി. ഒന്ന് കണ്ടല്ലോ. അത്രയും മതിയായിരുന്നു അപ്പൊ എനിക്ക്..
അന്ന് രാത്രി ഞാൻ ഉറക്കമില്ലാതെ കുറേ ആലോചിച്ചു. “നാളെ രാവിലെ കടീക്ക് നടന്നു പോവാം. ഓള് ഒറ്റക്കല്ലേ വരുന്നത്. വരുമ്പോലെ വരട്ടെ. ഓളോട് മനസ്സ് തുറന്നു ഇഷ്ടം പറയാം”. ഞാൻ തീരുമാനിച്ചുറപ്പിച്ചു.
പിറ്റേന്ന് ഒമ്പതു മണിക്ക് ഞാൻ നടന്നു. കുറേ പെൺകുട്ടികൾ ബാഗും തൂക്കി നടന്നു വരുന്നുണ്ട്. ഞാൻ അവരറിയാതെ അവരിൽ അവളെ തെരഞ്ഞു. കണ്ടില്ല. ഞാൻ കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോഴുണ്ട് ഒരു പെൺ സൈന്യത്തിന്റെ കൂടെ അവൾ ചിരിച്ചും വർത്താനം പറഞ്ഞും നടന്നു വരുന്നു. ഇന്നലെ ഒറ്റക്ക് വരുന്നതാണ് കണ്ടത്. പക്ഷേ… ഇന്ന് പത്തു പേരോളം അടങ്ങുന്ന സംഘത്തോടൊപ്പം അവളെ കണ്ട എന്റെ മനസ്സ് കറുത്തു. നിരാശ നിഴലിച്ചു. ആ കൂട്ടത്തിൽ നിന്ന് അവളെ വിളിച്ചു ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. വിക്ക് കാരണം അക്ഷരങ്ങൾ പുറത്ത് വരാൻ സമയം എടുക്കും. അപ്പോഴേക്കും സ്കൂളിൽ ബെല്ലടിക്കും. എനിക്ക് തോന്നി. ഒരു ചിരി സമ്മാനിച്ചു അവൾ എന്നെ കടന്നു പോയി.
ഒരു കാര്യം എനിക്ക് മനസ്സിലായി. ആ ചിരി എനിക്ക് മാത്രമല്ല. പൊതുവേ അവളുടെ ചുണ്ടിൽ പുഞ്ചിരി ഒരു സ്ഥായീ ഭാവമാണ്. എന്നെ കാണുമ്പോൾ അത് ഒന്ന് കൂടി വിടരുന്നു എന്നേ ഉളളൂ.. ഞാൻ കുനിഞ്ഞ ശിരസ്സുമായി നടന്നു. ഒന്ന് തിരിഞ്ഞു നോക്കി. അവൾ തിരിഞ്ഞു നോക്കുമെന്ന് അതിയായി ആഗ്രഹിച്ചു എങ്കിലും അതുണ്ടായില്ല. അവളുടെയും കൂട്ടുകാരികളുടെയും കുലുങ്ങുന്ന മൂട് മാത്രമാണ് കണ്ടത്. നിരാശ വീണ്ടും മനസ്സ് നിറച്ചു.. പക്ഷെ… അന്ന് വൈകീട്ട് ഒരു സംഭവം ഉണ്ടായി. അവളും ഉപ്പയും കൂടി വൈകുന്നേരം കടയിലേക്ക് വന്നു. സ്കൂൾ യൂണിഫോമിന്റെ നല്ല തിരക്കാണ് കടയിൽ. ഞാൻ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി. അവളെ കുറച്ചു നേരം നോക്കി നിന്നു. “മനസ്സിന്റെ വെമ്പൽ നീ അറിയുന്നുവോ സഖീ. എന്റെ ഉൾ പൂവിൻ തുടിപ്പ് നീ കാണുന്നില്ലേ. ഹൃദയം നിനക്ക് വേണ്ടിയല്ലേ മിടിക്കുന്നത്”. എന്റെ മനസ്സ് ഇങ്ങനെ പാട്ടു പാടി.
എങ്കിലും അവൾക്ക് എന്നെ കണ്ട ഭാവമില്ല. മുഖത്തേക്ക് പോലും നോക്കുന്നില്ല. ഞാൻ അവളുടെ കൺ നോട്ടം എത്തുന്ന അത്രയും അടുത്തേക്ക് നീങ്ങി നിന്നു.. ഇല്ല.. നോക്കുന്നില്ല..അവളുടെ ഉപ്പ നിന്നു പരുങ്ങുകയാണ്.
“”എന്താ അസീസേ.. അനക്കെന്താ വേണ്ടത്. പറയ്””?.. ഉപ്പ ചോദിച്ചു.
“”അത്.. കാക്കാ.. ഇബൾക്ക് യൂണിഫോം വാണം. ഇപ്പൊ പൈസ കജ്ജിലില്ല. പിന്നെ തന്നാ മത്യോ””.
“”അയിനെന്താടാ.. ഇജ്ജ് പൈസണ്ടെങ്കി ഇവുടുന്നു വാങ്ങലില്ലേ. ഇജ്ജ് കൊണ്ടോയ്ക്കോ.. എടാ.. നജീബേ.. ഇവർക്ക് വാണ്ടത് കൊടുക്ക്””. ഉപ്പ പറഞ്ഞു.
ഞാൻ ഓനോട് കണ്ണു കൊണ്ടു ആംഗ്യം കാട്ടി. അവൻ എന്റെ അടുത്തേക്ക് വന്നു. “”ഞാമ്പറയാം. ഓളെ തന്തപടി നിക്കണത് കണ്ടിലെ. നോക്കട്ടെ””. അവൻ പതുക്കെ ചെവിയിൽ പറഞ്ഞു.
ഞാൻ അവളെ തന്നെ നോക്കി നിന്നു. അവൾ നോക്കുന്നില്ല. അവൻ പറയാനുള്ള അവസരം കുറേ നോക്കി. അവളുടെ ഉപ്പ ഒരു ബോഡി ഗാർഡിനെ പോലെ അവളെ ചാരി നിന്നു. ഒന്നും നടന്നില്ല. എന്റെ പ്രണയം പറയാൻ ഇപ്പോഴും പറ്റിയില്ല. അടുത്തു വന്നു നിന്നിട്ടും സാധിച്ചില്ല.. അവള് പോയി. പക്ഷേ.. ഈ സംഗമം അവളോടുള്ള എന്റെ പ്രേമം കൂടുതൽ ആഴത്തിൽ വേരുറപ്പിച്ചു. വീണ്ടും പല പ്രാവശ്യം ഞാൻ നടന്നു കടയിലേക്ക് പോയി. അവളെ ഒറ്റക്കൊന്നു കാണാൻ. വിക്കി വിക്കിയിട്ടാണെങ്കിലും എന്റെ മനസ്സൊന്നു തുറക്കാൻ..അവളെ ഒറ്റക്ക് കണ്ടില്ല. സ്ഥിരം ആ സമയത്ത് നടക്കുന്നത് അവൾക്ക് എന്റെ മേലിൽ ഒരു വഷളൻ സ്വഭാവം തോന്നുമോ എന്നെനിക്ക് തോന്നി. ഞാൻ ആ പണിയും നിർത്തി.
അങ്ങനെയിരിക്കെ ഞാൻ അവളുടെ ക്ലാസ്സിൽ പഠിക്കുന്ന ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കി..കൂടുതൽ അന്വേഷണം വേണ്ടി വന്നില്ല. എന്റെ നാല് വീടുകൾക്കപ്പുറവും ഒരു ചെറുക്കൻ അവളുടെ ക്ലാസ്സിൽ പഠിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു. ഞാൻ അവനെ കണ്ടു. അവളെ അറിയുമെന്നും ഞങ്ങൾ സംസാരിക്കാറുണ്ടെന്നും അവൻ പറഞ്ഞു.
“”ഞാനൊരു കത്ത് തന്നാൽ ഇജ്ജ് ഓള്ക്ക് കൊണ്ടോയി കൊടുക്കോ?””.. ഞാൻ ചോദിച്ചു.
അവൻ ആദ്യം നിഷേധിച്ചെങ്കിലും ഞാൻ അമ്പത് രൂപ തരാമെന്ന് പറഞ്ഞപ്പോൾ അവൻ സമ്മതം മൂളി.
ഇനി കത്തെഴുതണം. ആരെഴുതും. എനിക്ക് പ്രേമലേഖനം എഴുതി പരിചയമില്ല. ഇതിനു മുമ്പ് പ്രണയിച്ച പരിചയവും ഇല്ല. എന്റെ മനസ്സിലുള്ളത് മുഴുവൻ പകർത്തണം. എഴുത്ത് കണ്ട് അവൾ ഞെട്ടണം. പ്രണയം വഴിഞ്ഞൊഴുകണം. കത്ത് വായിക്കുമ്പോൾ എന്നെ കാണാനുള്ള വെമ്പൽ അവളുടെ ഉള്ളിൽ നിറയണം.. ഞാൻ ഓർത്തു.
ഞാൻ കാര്യങ്ങൾ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരനായ അവനോട് പറഞ്ഞു. “”ഇജ്ജ് ഒരു പേപ്പർ വാങ്ങി വാ. ഞാനെഴുതി തരാം. ഇച്ച് ഇജ്ജാതി കാര്യത്തിലൊക്കെ നല്ല പരിചയണ്ട്””. അവൻ പറഞ്ഞു.
“”മുത്തേ.. കീറി കളയുകയാണെകിലും മുഴുവൻ വായിച്ചിട്ട് കീറണമേ എന്ന് ആദ്യമേ അപേക്ഷിക്കുന്നു.. നിനക്ക് സുഖമാണ് എന്ന് വിശ്വസിക്കുന്നു..എന്നെ മനസ്സിലായോ?.ഞാൻ നിന്നെ കണ്ടത് നീ ഓർക്കുന്നുണ്ടോ?. ഒരു മഴയുള്ള ദിവസം എന്റെ കടയുടെ മുമ്പിൽ വന്നു നീ നിന്നത്. എന്നെ നോക്കി ചിരിച്ചത്. അന്ന് നീ എന്റെ മനസ്സിൽ കയറി കൂടിയതാണ്. എന്താണ് എന്നെനിക്കറിയില്ല. ഒരു ഇഷ്ടം നിന്നോട്. അതിനെ പ്രണയം എന്നൊക്കെ പേരിട്ടു വിളിക്കാമെങ്കിൽ.. അതേ.. എനിക്ക് നിന്നെ ഇഷ്ടാണ്. നിനക്കെന്നെ ഇഷ്ടാണോ?.പിന്നെയും പിന്നെയും നമ്മൾ കണ്ടു.അന്നൊന്നും എന്റെ ഉള്ളു തുറക്കാൻ എനിക്കായില്ല. ഇന്നലെ എന്റെ കടയിൽ യൂണിഫോം വാങ്ങാൻ വന്നു നീ. അന്നും എന്റെ ഇഷ്ടം പറയാൻ എനിക്കായില്ല. ഇപ്പോ ആളെ മനസ്സിലായി എന്ന് വിശ്വസിക്കുന്നു.. ഉറപ്പായും മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു””
എന്ന്
പ്രണയപൂർവ്വം മുഹമ്മദ് ഫൈസൽ… റിയലി ഐ ലവ് യൂ..
ഞാൻ അന്ന് രാത്രി ഉറങ്ങിയില്ല. എഴുതിയ കത്ത് തിരിച്ചും മറിച്ചും വായിച്ചു ഞാനും ഇരുന്നു. മനസ്സിൽ എന്തൊക്കെയോ പറയാൻ പറ്റാത്ത അനുഭൂതികൾ മാറി മറിയുന്നു. പിറ്റേന്ന് രാവിലെ അവന്റെ വീട്ടിൽ പോയി ഞാൻ അവന്റെ ഉമ്മ കാണാതെ ആ കത്ത് ഏല്പിച്ചു.ഞാൻവാഗ്ദാനം ചെയ്‌ത അമ്പത് രൂപ അവൻ ചോദിച്ചു വാങ്ങി.
“”ക്ലാസ്സിലെത്തിയാ അപ്പതന്നെ കൊട്ക്കണം. പറ്റോങ്കി ഉച്ച ബ്രേക്കിനു തന്നെ മറുപടി എഴുതി തരാൻ പറേണം ഓളോട്. അല്ലെങ്കി ഞാൻ ചങ്ക് പൊട്ടി മജ്ജത്താകും എന്നും പറേണം.പറയോ ഇജ്ജ്?. അനക്ക് ചെലവ് വേറേണ്ടടാ””. ഞാൻ പറഞ്ഞു. അവൻ തല കുലുക്കി സമ്മതിച്ചു.
ഞാൻ കണ്ണും നട്ടു മറുപടിക്കായി കാത്തിരുന്നു. അന്നുച്ചക്ക് ചോറ് തിന്നിട്ട് ഇറങ്ങിയില്ല. ചങ്കിൽ എന്തോ ഒരു തടസം. നെഞ്ചിനുള്ളിൽ ഒരു ഭാരം കയറ്റി വെച്ച പോലെ.”പ്രണയമേ.. ഇജ്ജ് വല്ലാത്തൊരു ഹലാക്ക് തന്നെ. ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നോ ഇന്നെ”.. ഞാൻ മനസ്സിൽ പറഞ്ഞു.
വൈകുന്നേരം എന്റെ ദൂതൻ കടയിൽ വന്നു. ഒരു കടലാസ് കയ്യിൽ തന്നു. “”ഓള് എഴുതി തന്നതാണ്””. അവൻ പറഞ്ഞു.
എന്റെ ഹൃദയത്തിൽ ഒരു നനുത്ത മഞ്ഞിൻ തുള്ളി വന്നു വീണു. ആകെ ഒരു കുളിര്. എന്ത് വികാരമാണ് അപ്പൊ എനിക്ക് വന്നത് എന്ന് പറയാനാവില്ല. എന്റെ സഹപ്രവർത്തകനും വന്നു നോക്കി. “”എടാ.. ഞാനാദ്യം വായിക്കട്ടെ. ന്നിട്ട് അനക്ക് തരാം””.. എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി. ഒഴിഞ്ഞ ഒരു മൂലയിൽ പോയി കത്ത് വായിക്കാൻ തുടങ്ങി.
“”ഫൈസലേ… അതാണല്ലേ പേര്..ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ.. നീ കരുതും പോലെ എനിക്ക് നിന്നെ കണ്ടപ്പോൾ ഒന്നും തോന്നിയില്ല. എന്ന് മാത്രമല്ല.. എനിക്ക് വേറെ ഒരാളെ ഇഷ്ടവുമാണ്. ഞങ്ങളുടെ കല്യാണം ഉടൻ ഉണ്ടാവും. നിനക്കറിയോ. എന്റെ ഉപ്പാന്റെ ആദ്യം ഭാര്യയിൽ ഉള്ള മകളാണ് ഞാൻ. എന്റെ വീട് മുക്കത്താണ്. കേട്ടിട്ടില്ലേ അരീക്കോട് മുക്കം. നിന്റെ നാട്ടിൽ നിന്നും എന്റെ ഉപ്പ കല്യാണം കഴിച്ചത് രണ്ടാം കെട്ടാണ്. അവിടെ എന്നെ കൊണ്ടു വന്നു നിർത്തി പഠിപ്പിക്കുന്നതാണ്. ദയവ് ചെയ്തു നീ ഈ ആശ ഉപേക്ഷിക്കണം. നിനക്ക് നല്ലൊരു ഭാവി നേരുന്നു. ഇനി എനിക്ക് ഇങ്ങനെ കത്തെഴുതരുത്.. Bye””.
കത്ത് വായിച്ച എന്റെ കൈകൾ വിറച്ചു. ശ്വാസം തിങ്ങി വിങ്ങുന്ന പോലെ എനിക്ക് തോന്നി. എന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാം..കണ്ണുകൾ താനേ നിറയുന്നു. ആകെ വിയർത്തു. ഞാൻ കത്ത് വലിച്ചെറിഞ്ഞു കരഞ്ഞു. ഉറക്കെ പൊട്ടി പൊട്ടി കരഞ്ഞു. കരച്ചിൽ കേട്ട് അവൻ ഓടി വന്നു.
“”എന്താടാ.. എന്താ.. ഏ””. അവൻ ഞാൻ എറിഞ്ഞ കത്ത് എടുത്തു വായിച്ചു.
“”ഇത്രള്ളൂ കാര്യം. എടാ.. ഓളുടെ അവസ്ഥ ഓള് പറഞ്ഞില്ലേ. വേറെ ആള്ണ്ട്. അതാണ്. ഇതൊന്നും അറിയാതെ ഇജ്ജ് വെർതെ കൊതിച്ചു. ഇജ്ജത് വുട്ടളാ.ഞമ്മക്ക് വേറെ നോക്കാ””.. അവൻ എന്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ.. അതൊന്നും എന്റെ മോഹഭംഗം തീർക്കാൻ പാകമായിരുന്നില്ല. എന്റെ ഹൃദയം മൂർച്ചയേറിയ ഈർച്ച വാൾ കൊണ്ട് ഈർന്നു മുറിക്കുന്നത് പോലെ എനിക്ക്. ഞാൻ വിങ്ങി പൊട്ടി കരഞ്ഞു.ഓർക്കുന്തോറും അഗാധ ദുഖത്തിന്റെ വലിയൊരു കരിങ്കടൽ നെഞ്ചിലേക്കിങ്ങനെ ഇരമ്പിയാർത്തു വരുന്നു. കറുത്ത കണ്ണീർ തുള്ളികളായി ആ കടൽ വെള്ളം ഇറ്റിറ്റു വീണു കൊണ്ടേയിരുന്നു. എനിക്ക് ഊണ് വേണ്ടാതായി. ഉറക്കം ഇല്ലാതെയായി. കുളിയും മെനയും ഇല്ലാതെ ഞാൻ ഒരു ഭ്രാന്തനെ പോലെ വീട്ടിൽ ചടഞ്ഞു. ക്ഷീണം ആണെന്ന് പറഞ്ഞു ഞാൻ എന്നും റൂമിൽ ഒതുങ്ങി കൂടി.
“എന്തിന് ഞാനിങ്ങനെ ദുഖിക്കുന്നു. ഞങ്ങൾ പ്രണയിച്ചു പിരിഞ്ഞതാണോ. അല്ലല്ലോ..എന്നോട് പ്രേമമാണ് എന്ന് പോലും അവൾ പറഞ്ഞിട്ടില്ല. എന്തിനധികം.. നേരെ ഒരു വാക്ക് പോലും മിണ്ടിയിട്ടുണ്ടോ. ഇതൊന്നുമില്ലാതെ ഞാൻ എന്തിനിങ്ങനെ സങ്കടപെടുന്നു. എനിക്ക് ഉറക്കമില്ലാത്തത് എന്താ.. ഊണ് വേണ്ടാത്തത് എന്താ. മറ്റു പെണ്ണുങ്ങളിൽ നിന്ന് എന്താണ് അവൾക്ക് കൂടുതലുള്ളത്..എന്താണ്.. എന്ത്.. ഏതിന്”.ഇങ്ങനെയുള്ള ചോദ്യങ്ങൾ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.
“ഹേയ് മനസ്സേ.. ഇത് പ്രണയമാണ്. അത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഇങ്ങനെയാണ്.. ഇത്രക്ക് തീവ്രമാണ്. അത്രക്കും തീക്ഷ്ണമാണ്. ഇത് ഇങ്ങനെയാണ്. ഉത്തരമില്ലാത്തൊരു മഹാ വികാരമാണ്. നിർവചിക്കാൻ ആവാത്ത മനസ്സിന്റെ എങ്ങോട്ടൊക്കെയോ ഉള്ള പ്രയാണമാണ്”. ചോദ്യം ചോദിച്ച അതേ മനസ്സ് തന്നെ അതിന് ഇങ്ങനെ ഉത്തരവും പറയും. ഇങ്ങനെയുള്ള ചിന്തകളാൽ മനസ്സ് കലുഷിതമാണെങ്കിലും ഇതൊന്നും അംഗീകരിക്കാൻ ആ മനസ്സ് തന്നെ തയ്യാറായില്ല.
തുടർച്ചയായി നേരാംവണ്ണം ഭക്ഷണം കഴിക്കാത്തത് കാരണം ഞാൻ ഛർദിക്കാൻ തുടങ്ങി. അവിടെ നിന്നായിരുന്നു ശരിക്കും എല്ലാത്തിന്റെയും തുടക്കം. ആ ഛർദി പിന്നെ തുടർന്നു കൊണ്ടിരുന്നു. പിന്നീട് അതൊരു അപൂർവ്വ അവസ്ഥയായി പരിഗണിക്കുകയായിരുന്നു.
എന്റെ സുഹൃത്ത് ഇതിനകം എല്ലാം ഉപ്പയോട് പറഞ്ഞു കൊടുത്തിരുന്നു. ഒരു ദിവസം രാത്രി ഉപ്പ മുറിയിലേക്ക് കയറി വന്നു..
“”എന്താടാ.. എന്താ അനക്ക് പറ്റ്യേത്?””. ഉപ്പ ചോദിച്ചു.
“”ഒന്നൂല്ല””.. ഞാൻ ഉപ്പാന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“”ഓന് എല്ലാതും ഇന്നോട് പറഞ്ഞു. എടാ.. ഓള് അന്നോട് ഇഷ്ടാന്ന് പറഞ്ഞോ.. ഇല്ലല്ലോ. ഇങ്ങള് അഞ്ചു കൊല്ലം സ്നേഹിച്ച്ട്ട് ഓള് അന്നെ ഒയിവാക്കി പോയോ. ഇല്ലല്ലോ. അങ്ങനക്കെ ആണെങ്കി ഇജ്ജീ വെഷമിക്കുന്നീന് അർത്ഥണ്ട്. ഇതിപ്പോ ഒന്നുണ്ടായിട്ടില്ലല്ലോ.പിന്നെന്തിനാ ന്റെ കുട്ടി ഇങ്ങനെ ബേജാറാവുന്നത്””.
എനിക്ക് എന്റെ പ്രണയത്തിന്റെ വിശദീകരണം കൊടുക്കാൻ കഴിയാതെ ഞാൻ തല താഴ്ത്തി ഇരുന്നു. കണ്ണ് നിറയാതിരിക്കാൻ മാത്രം ഞാൻ ശ്രദ്ധിച്ചു..
“”എല്ലാതും മനസ്സിന്നു കളഞ്ഞ്ട്ട് നാളെ കടീക്ക് വാ ട്ടോ””.. ഉപ്പ ഇതും പറഞ്ഞു ഇറങ്ങി പോയി..
ഞാൻ പിറ്റേന്ന് കടയിലേക്ക് പോയി. എന്റെ ഒരേ ഒരു പ്രണയ ഗാഥ ഞാൻ പതുക്കെ പതുക്കെ മറന്നു തുടങ്ങി. പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല. അവൾ എന്നെ കണ്ടിട്ടുണ്ടോ എന്നും അറിയില്ല. ഏത് കോലത്തിൽ ആണ് ഇപ്പൊ ഉള്ളത് എന്നും അറിയില്ല. കണ്ടാൽ തന്നെ തിരിച്ചറിയുമോ എന്നും അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ആ കത്തോടെ അവളെന്നെ മറന്നു കാണും. അവളിപ്പോ കുട്ടികളും ചട്ടികളുമൊക്കെയായി ജീവിക്കുന്നുണ്ടാവും..
“ഒരു വാക്ക് മിണ്ടാത്ത പ്രണയം ഇത്രയും ശക്തിയിൽ എന്നെ കൊല്ലാ കൊല ചെയ്തെങ്കിൽ,ശരിക്കും ഞാൻ അവളെ പ്രണയിച്ചിരുന്നെങ്കിൽ.. ഉറപ്പാണ്.. ഞാൻ മരിച്ചു പോവുമായിരുന്നു”.. ഞാൻ ഇടയ്ക്കിടെ ഇങ്ങനെ ഓർക്കാറുണ്ട്.
..ശുഭം.. നന്ദി…
രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്.