ആദ്യരാത്രിയല്ലേ..അതിന്റൊരു വെപ്രാളവും ആശയക്കുഴപ്പവുമൊക്കെ മനസ്സിലുണ്ടായിരുന്നു..

കല്യാണത്തിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾക്കിടയിലൊന്നും ബെഡ്റൂമിലെ ജനാലക്കരികിലുള്ള ആ കടന്നൽക്കൂട്‌ ശ്രദ്ധയിൽ പെട്ടിരുന്നില്ല..

കണ്ടതോ കല്യാണത്തിന്റന്നും..
ശുഭകാര്യം നടക്കുന്നതിനിടെ കൊല്ലും കൊലയുമൊന്നും വേണ്ടാന്ന് കരുതി അത് നശിപ്പിക്കണ്ടായെന്ന് തീരുമാനിച്ചത് ഇത്രയും വല്യ വിനയാവുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല..

അതെന്താണെന്നല്ലേ പറയാം..

വിവാഹമൊക്കെ മംഗളമായി നടന്നു..
ആദ്യരാത്രിയല്ലേ..
അതിന്റൊരു വെപ്രാളവും ആശയക്കുഴപ്പവുമൊക്കെ മനസ്സിലുണ്ടായിരുന്നു..

പുറത്താണേൽ നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്..
ഒരു മഴക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു..
എന്തുകൊണ്ടും അനുയോജ്യമായ സാഹചര്യം..

ആലോചിച്ചിരിക്കുന്നതിനിടയിൽ പാലുമായവളെത്തി..
അപോഴെക്കും മഴ പെയ്തു തുടങ്ങീരുന്നു..

“ഹായ് മഴ..

പാൽ എന്റെ കയ്യിലോട്ട് തന്ന് ഒന്ന് നേരെചൊവ്വേ മിണ്ടാൻ പോലും നിൽക്കാതെയവൾ ജനാലക്കരികിലേക്കോടി..

ശ്ശെടാ..
ഇവളിതിനു മുമ്പ് മഴ കണ്ടിട്ടില്ലേ..

ഇനിയിപ്പോ ഞാനൊരു അരസികനാണെന്നൊ മഴയും മഞ്ഞുമൊന്നും ഇഷ്ടല്ലാത്ത അൺ റൊമാന്റിക്ക് ആണെന്നൊയെക്കെ അവൾക്ക്‌ തോന്നാതിരിക്കാൻ പാൽ അല്പാൽപമായി കുടിച്ചോണ്ട് ഞാനവളുടെ അരികിലേക്ക് നടന്നു..

“നല്ല രസോണ്ടല്ലേ..

“പിന്നല്ലാതെ..
എനിക്ക്‌ ഭയങ്കര ഇഷ്ടാ…

“എങ്കി നീ മുഴുവനും കുടിച്ചോ..

“യ്യോ ഞാനീ മഴയുടെ കാര്യമാ പറഞ്ഞത്‌..

ചെ..
ചന്ദ്രിക സോപ്പിന്റെ പരസ്യത്തിലെ അമലാപോളിനെ പോലെ ഞാനും അസ്സലായിട്ട് ചമ്മി..

“ചെറുപ്പം തൊട്ടേ മഴയെന്ന് കേൾക്കുമ്പോ തന്നെ വല്ലാത്തൊരു ഫീലാ..
എന്നുംപറഞ്ഞവൾ ജനൽക്കമ്പിയോട് തലചേർത്തുവെച്ചു..

പടച്ചോനെ..
ഇനിയിപ്പൊ എനിക്ക്‌ അർഹതപ്പെട്ട പ്രണയം മഴ കൊണ്ടോവോ..
നശിച്ച മഴക്ക് വരാൻ കണ്ടനേരം..

പുറമെ ചിരിച്ചും അകമേ മഴയെ പ്രാകിക്കൊണ്ടും ഞാൻ മഴ ആസ്വദിക്കുകയാണെന്ന മട്ടിൽ അവളുടെ അരികിലിരുന്ന് ഇന്റെർലോക്കിൽ തലയടിച്ചു വീണ്‌ ചാവുന്ന മഴത്തുള്ളികളുടെ എണ്ണമെടുത്തോണ്ടിരിക്കുമ്പോഴാണ് അവളൊച്ച വെച്ചത്..

നോക്കുമ്പോഴെന്താ..
മ്മടെ കടന്നൽ കൂട് പണി പറ്റിച്ചതാ..

മുഖത്തെവിടെയോ ആണെന്ന്
തോന്നുന്നു കുത്തു കൊണ്ടത്..
അവൾ കൈകൾ കൊണ്ടു മുഖംപൊത്തിപ്പിടിച്ചിരിക്കയാ..

ശബ്ദം കേട്ടാവണം ആദ്യമോടി വന്നത്‌ അമ്മായിയാരുന്നു..
ഇവർക്കൊന്നും ഉറക്കൊമില്ലേ പടച്ചോനെ…

മുഖം പൊത്തിപ്പിടിച്ചു കരയുന്ന അവളെക്കണ്ടു അമ്മായി തെറ്റിദ്ധരിച്ചതാണോ എന്തോ..
എന്നെയൊന്നിരുത്തി നോക്കി..

അപ്പോഴേക്കും ബാക്കിയുള്ളോരൊക്കെ എഴുന്നേറ്റ്‌ വന്ന് തുടങ്ങിയിരുന്നു..
കാര്യമെന്തെന്ന് പറയാൻ തുടങ്ങിയ എന്നെയതിനു സമ്മതിക്കാതെ നോക്കീം കണ്ടുമൊക്കെ ചെയ്താ അവനൊന് കൊള്ളാമെന്നൊരു ഉപദേശവും തന്നൊണ്ട് മറ്റുള്ളോരേം വിളിച്ചോണ്ടു പോയി..

ഞാനെന്തു ചെയ്തിട്ടാ..

വാതിലടച്ചു ഞാനവളുടെ അരികിലേക്കു ചെന്ന്..
കീഴ്ചുണ്ടിനാണ് കടികൊണ്ടത്..
അവിടെ ചെറുതായി തിണർത്ത പാടുണ്ടായിരുന്നു..
ഇപോ വേദന കുറഞ്ഞൂന്ന് പറഞപ്പോ ആശ്വാസമായി..

എന്തായാലും ആറ്റുനോറ്റുണ്ടായൊരു ആദ്യരാത്രിയിൽ പാതി മഴയും ബാക്കിയുള്ളത് കടന്നലും കൊണ്ടോയതിന്റെ നിരാശയോടെ അവളെയും കെട്ടിപ്പിടിച്ചോണ്ടു കിടന്നുറങ്ങി..

പിറ്റേന്ന് രാവിലേ ഉറക്കമുണർന്നപ്പോ
കണ്ടകാഴ്ച തടിച്ചു വീർത്ത ചുണ്ടും നിറഞ്ഞുതുടങ്ങിയ കണ്ണുകളുമായി നില്ക്കുന്ന അവളെയാണ്..

പടച്ചോനെ..
ഈ ചുണ്ടും കൊണ്ടെങ്ങിനെ പൊറത്തിറങ്ങും..

ഇറങ്ങാണ്ടിരുന്നാ എല്ലാരും അന്വേഷിച്ചു ഇങ്ങോട്ടേക്ക് വരും.

എന്തായാലും നടന്ന കാര്യങ്ങളൊക്കെ എല്ലാരോടും തുറന്നു പറയാം..
ഒരുകണക്കിന് അവളെ ആശ്വസിപ്പിച്ചു അവളേയും കൂട്ടി മുറിയുടെ പുറത്തേക്കിറങ്ങി..

ചെന്നുപെട്ടതോ ചേട്ടത്തിയമ്മയുടെ മുന്നിലും..

അവരെന്നെയും അവളെയും മാറിമാറി നോക്കി വാപൊത്തിച്ചിരിച്ചോണ്ടു അടുക്കളയിലേക്കോടി..
എല്ലാരേയും വിളിച്ചു കൂട്ടാനുള്ള ഓട്ടമാ..
ഇതിന്റെ പാതി വേഗത്തിൽ ഓടിയിരുന്നേൽ ഒളിമ്പിക്സിന് ഇന്ത്യക്കൊരു മെഡൽ ഉറപ്പാരുന്നു..

‘അയ്യൊ ഇത്‌ നിങ്ങളുദ്ദേശിച്ച പാടല്ല എന്ന് പറയാനായി ഞാനവളെയും കൂട്ടി പിറകേയോടിയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടോയിരുന്നു..

കടന്നല് കുത്തിയതാണെന്ന് പറഞ്ഞതൊന്നും ആരും വിശ്വസിച്ചീല..
നടന്നത് നടന്നു..
ഇനിപ്പോ വീണിടത്തൂന്ന് ഉരുളണ്ടാന്ന് അമ്മായിയും..

അതൊടെ വീർത്ത ചുണ്ടിനൊപ്പം അവളുടെ മുഖവും വീർത്തു..

അമ്മയാണെങ്കിൽ എന്റെ മുഖത്തുപോലും നോക്കുന്നില്ല..
ഇത്രയും ആക്രാന്തം പിടിച്ചൊരു ചെക്കൻ എന്റെ വയറ്റിത്തന്നെ പിറന്നല്ലോ എന്നാലോചിക്കയാവും..

നിന്ന നിപ്പിലങ് താഴോട്ട് പോയാമതിയാരുന്നു എന്ന് തോന്നിപ്പോയി..

എന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി ന്റെ കടവുളേ അല്ല കടന്നലെ.

Ezra pound

Leave a Reply

Your email address will not be published. Required fields are marked *