അവസ്ഥാന്തരം

* കഥ *

അവസ്ഥാന്തരം

അർച്ചനാ ദേവി. വി

“ദയാപരനായ കർത്താവെ, അവിടുന്ന് എന്നോട് പൊറുക്കേണമേ, ഈ പരീക്ഷണങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകേണമേ, ഞാൻ എല്ലാം ഉപേക്ഷിച്ചു ഇതാ എത്തിയിരിക്കുന്നു. ഇനി അവിടേക്കില്ല. വർഷങ്ങളായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഞാൻ ഇതാ ഇറങ്ങി വന്നിരിക്കുന്നു. എനിക്കിനി തുടരാൻ വയ്യ, എന്നോട് പൊറുക്കേണമേ.”
കഠിന വ്യഥയാ ൽ കണ്ണുനീർ ചാലിട്ടൊഴുകുന്നു. അൾത്താരക്ക് മുൻപിൽ മുട്ടിന്മേൽ പ്രാർത്ഥിക്കുകയാണ് മാത്യൂസ് സാർ. മാത്യൂസ് സാറിന്റെ മുന്നിലൂടെ എത്രയോ മനോരോഗികൾ കടന്നു പോയിരിക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറെഅറ്റത്തു റെയിൽവേ സ്റ്റേഷനു തൊട്ട് പിറകിലായി സ്ഥിതി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രം. കനത്ത മതിൽ ക്കെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം. പുറമെ നിന്ന് നോക്കിയാൽ എന്താണെന്നു തിരിച്ചറിയാൻ മാർഗമില്ല. മാത്യൂസ് സാറിന്റെ കണ്ണെത്താത്ത ഒരു പുൽക്കൊടി പോലും അവിടെയില്ല. ഡോ :കെ എസ് ആറിന്റെ ആശുപത്രിയുടെ പൂർണ ചുമതല മാത്യൂസ് സാറിനായിരുന്നു.

മാത്യൂസ് സാറിന്റെ അകന്ന ബന്ധുവാണ് സണ്ണി ക്കുട്ടി. ഡിമെൻഷ്യ ബാധിച്ച അമ്മച്ചിയെ യും കൊണ്ടു സണ്ണി ക്കുട്ടി ആശുപത്രിയിൽ വന്നപ്പോഴാണ് ആശുപത്രിവളപ്പിൽ ഒരു കാന്റീൻ തുടങ്ങിയാലോ എന്നു ഡോ:കെ. എസ്.ആറിനോട് മാത്യൂസ് സാർ ചോദിക്കുന്നത്.
മാത്യൂസ് സാറിന്റെ ആശയങ്ങൾ പൂർണമായി പിന്തുണക്കുന്ന ഡോക്ടർ സമ്മതംമൂളി. അങ്ങനെ സണ്ണി ക്കുട്ടി യുടെ മേൽനോട്ടത്തി ൽ ആശുപത്രി വളപ്പിൽ കാന്റീൻ ആരംഭിച്ചു. സണ്ണി ക്കുട്ടിക്ക് ഒരു ജീവിത മാർഗമായി. കൂട്ടിരിപ്പു കാരില്ലാത്ത, ദീർഘ കാല ചികിത്സ ആവശ്യ മുള്ള രോഗികൾക്ക് ക്യാന്റീനിലെ ഭക്ഷണം സണ്ണി ക്കുട്ടി കൃത്യമായി എത്തിച്ചു കൊടുക്കുകയും പറ്റു പടി ബുക്കിൽ കണക്കെഴുതി വക്കുകയും ചെയ്തു. മാസത്തിലൊരിക്കൽ ബന്ധുക്കൾ സന്ദർശിക്കുമ്പോൾ കണക്ക് തീർത്തു പോന്നു.

ആറു മാസം കൂടുമ്പോൾ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തി ച്ചിരുന്ന സ്‌കീസോഫ്രേനിയ രോഗി ആയിരുന്നു അൻപഴകൻ. തമിഴ് നാടിന്റെ അതിർത്തി ഗ്രാമ ത്തിൽ നിന്നു മെത്തുന്ന അൻപഴകൻ ഫിസിക്സിൽ ഡോക്ടറേറ്റ് ഉള്ള ആളാണെന്നറിഞ്ഞ മാത്യൂസ് സാർ അൻപഴകന്റെ ചികിത്സയിൽ പ്രത്യേക താല്പര്യം കാണിച്ചിരുന്നു.

ക്യാന്റീനിൽ നിന്നു ചായ കുടിച്ചിട്ട് പുറത്തേക്കിറങ്ങി യപ്പോഴാണ് അൻപഴകൻ അവിടേക്ക് വന്നത്. സണ്ണി ക്കുട്ടി ചായ എടുക്കാൻ പോയത് കൊണ്ടു മാത്യൂസ് സാർ അല്പ സമയം കൂടി അവിടെ നിന്നു. മേശപ്പുറത്തു കിടന്ന പറ്റു ബുക്ക് വെറുതെ മറിച്ചു നോക്കിയപ്പോഴാണ് അൻപഴകന്റെ കണക്കെഴുതിയ പേജ് മാത്യൂസ് സാറിന്റെ ശ്രദ്ധയിൽ പെട്ടത്. ഓരോ ദിവസത്തെയും കണക്കുകൾ കണ്ട് മാത്യൂസ് സാറിന് തല കറങ്ങുന്ന തായി തോന്നി. എത്ര ആലോചിച്ചിട്ടും പിടി തരാത്ത കണക്കുകളെ ക്കുറിച്ച് സണ്ണി ക്കുട്ടി യോട് ചോദിച്ചിട്ട് തന്നെ കാര്യം. "സാറേ, സാറെന്തിനാ ഇതിലൊക്കെ തലയിടുന്നത്? സുഖമില്ലാത്ത ആളുകൾ ചെലപ്പോ കണക്ക് നോക്കാതെ കഴിച്ചെന്നു വരും.... "എന്നാലും സണ്ണിക്കുട്ടി, ഇത്‌ കർത്താവ് പൊറുക്കുകേല '.


റബ്ബറിന് പേര് കേട്ട ജില്ലയിൽ നിന്നു സ്ഥിരമായി വരാറുള്ള അലക്സ്‌…. അലക്സിന്റെ അപ്പച്ചന് മകനെ മാത്യൂസ് സാറിനെ ഏൽപ്പിച്ചു പോകാൻ സന്തോഷമേയുള്ളൂ.

രാവിലെ പ്രാർത്ഥന ഹാളിൽ ഒത്തു കൂടുന്നരോഗം ഭേദമായ ആളുകളും കൂട്ടിരിപ്പുകാരും ഡ്യൂട്ടിയിൽ ഉള്ള സിസ്റ്റർ മാരും ചേർന്ന് നടത്തുന്ന പ്രാർത്ഥന. പ്രാർത്ഥന യുടെ അവസാനം മാത്യൂസ് സാറിന്റെ വക സാരോപദേശങ്ങൾ അടങ്ങിയ ചെറു പ്രസംഗം. അത് കേട്ടു ഡി അഡിക്ഷൻ ചികിത്സ ക്കു വരുന്നവർ കണ്ണീർ വാർ ക്കുന്നത് കാണാം.
ഓ, നമ്മുടെ അലക്സിനെ ക്കുറിച്ചാണല്ലോ പറഞ്ഞത്, നടൻ മോഹൻലാലിന്റെ മുഖഛായയും സംസാര രീതിയുമുള്ള അലക്സിനോട് സംസാരിക്കാൻ നഴ്സ് സേതുലക്ഷ്മി എപ്പോഴും താല്പര്യം കാണിച്ചു. ഷോക്ക് ട്രീറ്റ്മെന്റ്നായി അലക്സിനെ റൂമിൽ കൊണ്ടു വന്നപ്പോൾ സേതുലക്ഷ്മി നിയന്ത്രണം വിട്ട് പൊട്ടി ക്കരഞ്ഞു.

“മോളെ, സേതുലക്ഷ്മി, അലക്സ്‌ ഒരു മനോരോഗി മാത്രമാണ്. ഈ സ്ഥാപനത്തിൽ വന്നു പോകുന്ന അനേകരിൽ ഒരാൾ. നീയോ, സ്വന്തം ജോലി ഉത്തര വാദിത്ത്വ ത്തോടെ ചെയ്യാൻ കടപ്പെട്ട ഒരു നേഴ്സ്. വിവേകത്തോടെ പെരുമാറാൻ ശീലിക്കു. ‘
ഒരു പിതാവിന്റെ എന്ന വണ്ണം ആ വാക്കുകൾ ഉൾക്കൊണ്ടു സേതുലക്ഷ്മി അധികം താമസിക്കാതെ വീട്ടുകാർ കൊണ്ടു വന്ന കല്യാണാലോ ചന മനസില്ലാമനസോടെ സ്വീകരിച്ചു ഹോസ്പിറ്റൽ ജോലി യോട് വിട പറഞ്ഞു. ചരടറ്റ പട്ട മായി മാറുന്ന അലക്സിന്റെ ചിന്തകളിൽ മറ്റൊരു ദുസ്വപ്ന മായി സേതുലക്ഷ്മി കൊഴിഞ്ഞു വീണു.


നഗര പ്രാന്തത്തിലെ പ്രമുഖ വ്യവസായസ്ഥാപനം പൂട്ടിപ്പോയ തു കൊണ്ടു തൊഴിൽ നഷ്ട പ്പെട്ട അനേകരിൽ ഒരാളായിരുന്നു, വിജയൻ പിള്ള. ഭാര്യ യും പത്തു വയസിൽ താഴെ പ്രായമുള്ള രണ്ടു കുഞ്ഞു ങ്ങളും രോഗിയായ അമ്മയും വിജയൻ പിള്ള യുടെ മുൻപിൽ ചോദ്യചിഹ്ന ങ്ങളായ ദിനങ്ങളിലാണ് അയാൾ മാത്യൂസ് സാറിനെ കാണാൻ എത്തുന്ന ത്. നല്ല തടി മിടുക്കും ആരോഗ്യവുമുള്ള വിജയൻപിള്ള അങ്ങനെ ആശുപത്രി യിലെ സെക്യൂരിറ്റി ജീവനക്കാരനായി.
അക്രമാസക്ത രായി എത്തുന്ന രോഗികളെ സെല്ലിലെത്തിക്കുന്ന കാര്യത്തിൽ വിജയൻ പിള്ള യുടെ മിടുക്ക് മാത്യൂസ് സാറിന് ഏറെ ആശ്വാസമായി.
സെല്ലിൽ കയറ്റി കട്ടിലിൽ കൈ കൈകാലുകൾ ബന്ധിച്ചു കിടത്തി ആദ്യത്തെ ഡോസ് ഇൻജെക്ഷൻ കൊടുത്തു കഴിഞ്ഞാൽ പിന്നെ മണിക്കുറുകൾ നീളുന്ന ഉറക്കം.
ഒന്നും പേടിക്കേണ്ട, ഞാൻ നോക്കി കൊള്ളാം. വിജയൻ പിള്ള യുടെ ഉറപ്പ്. പതിനേഴോ പതിനെട്ടോ വയസ്സ് മാത്ര മുള്ള കാർത്തികയെ ആശുപത്രിയിൽ എത്തിച്ചത് നിർത്താതെ യുള്ള സംസാരം കൊണ്ടായിരുന്നു. സൈക്കോളജിസ്റ്റ് ദിവ്യയുടെ റൂമിൽ ഇരുന്ന് കാർത്തിക പൊട്ടിച്ചിരിച്ചു.

“ഞാൻ കാർത്തിക,, കാർത്തിക നക്ഷത്ര ത്തിൽ ജനിച്ചവൾ. എൻ്റെ മുത്തശ്ശി പറഞ്ഞല്ലോ എനിക്ക് കാവിലെ ഭഗവതിയുടെ അനുഗ്രഹ മുണ്ടെന്ന്. ഞാൻ കടലിനക്കരെ പോകും… പറന്ന് … പറന്ന് ., “കാർത്തിക വീണ്ടും പൊട്ടിപ്പൊട്ടി ചിരിച്ചു. ഉള്ളിലെവിടെയോ ഉടക്കി വലിക്കുന്ന ചൂണ്ട ക്കൊ ളുത്തു സൃഷ്ടിച്ച വിങ്ങലിൽ ഒന്നും മിണ്ടാതെ അടുത്ത രോഗി യുടെ റൂമിലേക്ക്‌ നടക്കുമ്പോൾ മാത്യൂസ് സാർ സ്വന്തം മകളെ പ്പറ്റി യാണ് ഓർത്തത്‌.

റൂമിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിനിടയിൽ ഇടനാഴിയിലൂടെ ഓടാൻ ശ്രമിച്ചത്‌ കൊണ്ടു കാർത്തികയെ താഴെ യുള്ള സെല്ലിലേക്ക് തന്നെ മാറ്റി. സെൽ പൂട്ടിയ താക്കോലുമായി വിജയൻ പിള്ള പുറത്തു വന്നപ്പോഴും മാത്യൂസ് സാർ ഒപ്പംതന്നെ ഉണ്ടായിരുന്നു. കൈകളും കാലുകളും കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. കാർത്തിക മയക്കത്തിലേക്ക് വീണു കഴിഞ്ഞു.

“കരുണാമയനായ പിതാവേ, സുന്ദരിയായ ഈ പെൺകുട്ടിക്ക് നീ എന്തിന് ഈ വിധി നൽകി? മേശ മേൽ ഊന്നി യ കൈകളിൽ മുഖം താങ്ങി മാത്യൂസ് സാർ നിശ്ചല നായിരുന്നു. ഏറെ നേരം….

കൂട്ടിൽ മയങ്ങുന്ന പഞ്ചവർണത്തത്ത. മോൾ ഒരുപാട് ആവശ്യപ്പെട്ടിട്ട് വാങ്ങി ക്കൊടുത്ത താണ്. “കൂടിന്റെ വാതിൽ തുറന്നു കിടക്കുകയാണല്ലോ? താഴെ കൂട്ടിലേക്ക് കണ്ണ് നട്ടിരിക്കുന്ന കണ്ടൻപൂച്ച. അതിപ്പോ ചാടി വീഴുമല്ലോ?
ഒന്നു ചലിക്കാൻ പോലും കഴിയും മുൻപേ കണ്ടൻപൂച്ചയുടെ വായിലമർന്നുകഴിഞ്ഞ തത്തയുടെ പച്ച നിറമുള്ള തൂവലുകൾ കൂടിനുതാഴേക്ക് ചിതറിവീണു.
ഇടനെഞ്ച് കടഞ്ഞ നിലവിളിയോടെ മാത്യൂസ് സാർ ചാടിയെഴുന്നേറ്റു.

“ഹോ ഒന്നു മയങ്ങിപ്പോയി അപ്പോൾ ഞാൻ കണ്ടതോ? മാത്യൂസ് സാർ വേഗം കാർത്തികയുടെ സെൽ ലക്ഷ്യമാക്കി നടന്നു ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ സെല്ലിനുമുന്നിലെ ആളനക്കം മാത്യൂസ് സാർ തിരിച്ചറിഞ്ഞു. ഇരുമ്പഴികൾ ബന്ധിച്ചു താക്കോലുമായി വിജയൻ പിള്ള.
“സാർ, എന്താ ഇവിടെ? ‘മറുപടിക്ക് കാത്തു നിൽക്കാതെ നടന്നു മറയുന്ന വിജയൻപിള്ള ക്ക് ചോരത്തുള്ളികൾ നക്കിയെടുത്ത കണ്ടൻ പൂച്ചയുടെ അതേ മുഖം.
കാലടി കളിലൂടെ പടർന്നു കയറിയ വിറയൽ തലയ്ക്കു ള്ളിൽ കൊടുംകാറ്റായി മാറി. കൈ കാലുകൾ കട്ടിലിൽ ബന്ധിക്കപ്പെട്ട നിലയിൽ കാർത്തിക അപ്പോഴും മയങ്ങുകയായിരുന്നു.
ഡോ :കെ. എസ്. ആറിന്റെ മുറിയുടെ മുൻപിൽ സൈക്കിയാട്രിക് റിവ്യൂ വിനു വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ കാർത്തികയും ഉണ്ട്. അപ്പോഴും അമ്മ യുടെ തോളിൽ ചാരി മയക്കത്തിലാണ്. ഒടുവിൽ അവളുടെ ഊഴമെത്തി. അമ്മ അവളെ വാതിൽ വരെ അനുഗമിച്ചു. പേഷ്യന്റിനോട് വിവരങ്ങൾ ചോദിച്ചതിന് ശേഷം മാത്രമേ കൂടെയുള്ളവരോട് ഡോക്ടർ സംസാരിക്കുകയുള്ളൂ. ഏറെനേരമായിട്ടും കാർത്തിക പുറത്തുവരാഞ്ഞപ്പോൾ മാത്യൂസ് സാർ അകത്തേക്ക് ചെന്നു.
പരിശോധനാമുറിയിലെ ബെഡ്‌ഡി ൽ മയങ്ങി ക്കിടക്കുന്ന കാർത്തിക. സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ, കൊഴിഞ്ഞു വീണ പക്ഷി തൂവലുകളായി മാത്യൂസ് സാറിന് ചുറ്റും പാറി ക്കളിച്ചു. ഡോ :കെ എസ് ആറിന്റെ കസേരയിൽ ആ വലിയ കണ്ടൻ പൂച്ച ഇരിക്കുന്നത് കണ്ട് മാത്യൂസ് സാർ വീണ്ടും ഞെട്ടി.


ഏറെ നേരമായി മുട്ടിൽനിന്നുള്ള പ്രാർത്ഥന ക്കു ശേഷം ഒരിതൾ കൊഴിഞ്ഞു വീഴുന്ന ശാന്തതയോടെ മാത്യൂസ് സാർ നിലത്തു കമിഴ്ന്നു കിടന്നു.

അപ്പോൾ അൾത്താരക്ക് മുന്നിൽ നിന്നും ഒരു വെള്ളരി പ്രാവ് ചിറകടിച്ചു പറന്ന്
പള്ളിയുടെ കമാനങ്ങൾ കടന്ന് പുറത്തേക്ക് പോയി.


One comment

Leave a Reply

Your email address will not be published. Required fields are marked *