
” അവളുടെ മരണത്തിന്റെ മണം”
വേലിയിലെ ശീമകൊന്നയുടെ തടിയിൽ കൈയ്യൂന്നി ബീയുമ്മ വിളിച്ചു… “റഷീദാ..”
അപ്പുറത്ത് ഓലയരിയുകയായിരുന്നു റഷീദ അരിവാൾ താഴെ വെക്കാതെ ഓടി വന്നു .
” ന്തേ ഇത്താ…”
”ലാലും മുഫിയും പോയോ.. ?”
“ഏയ് ഇല്ല്യാ.. ഇപ്പം എറങ്ങും. സൈനൂനെ ഇങ്ങൾ ഓരെ കൂടെ വിട്ടേക്കി.. “
” ആ അത് പറയാനാ വന്നേ.. പേര് ചേർക്കണ അന്ന് പോയതാ.. ഈടെ ഓൾക്ക് പിടിയില്ല . ഓര്‍ടെ കൂടെ പോയാ ഓള്‍ക്കും അതൊരു സന്തോഷാവും… ”
ബീയുമ്മയും റഷീദയും സംസാരിക്കുന്നതിനിടെ ലാലുവും മുഫിയും പുസ്തകസഞ്ചിയുമെടുത്ത് ഇറങ്ങി വന്നു . കൂടെ സൈനബയും.. അവളുടെ സുറുമയെഴുതിയ കണ്ണുകളിൽ എരിവൽപ്പം ബാക്കി നിൽക്കുന്നുണ്ടായിരുന്നു . ബീയുമ്മ അവളുടെ മക്കന ഒരിക്കൽ കൂടി ശരിയാക്കി.
സലാം പറഞ്ഞ് മൂന്ന് പേരും നടന്നു.
പാതി പൊളിഞ്ഞും ചെരിഞ്ഞും കിടക്കുന്ന മതിലോരങ്ങളിൽ മഞ്ഞുതുള്ളിയിൽ ധാരാളം വയലറ്റു പൂക്കളും കിരിയാത്തിൻ്റെ വെളുത്ത പൂക്കളും കുളിച്ചു നിന്നു .മുഫി മുമ്പിലും ലാലുവും സൈനബയും പിന്നിലും നടന്നു. വയലോരം കടന്ന് ചെമ്മൺ പാതയിലെ ബദാംമരച്ചുവട്ടിലെത്തിയപ്പോഴും നിശബ്ദത മാത്രമായിരുന്നു ചുറ്റും.
ട്ടിം…ട്ടിംട്ടിംട്ടിം……. ബെല്ലടിച്ച ശബ്ദം കേട്ടപ്പോൾ ലാലു സൈനബയുടെ കൈ പിടിച്ചോടി . ലാലുവും സൈനബയും ഒരേ ക്ലാസിലാണ് ഒന്നാം ക്ലാസിൽ , മുഫി ഏഴാം തരത്തിലും .
അധികം പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് ലാലു അവളുടെ കൂടെ എപ്പോഴുമുണ്ടായിരുന്നു. തിരിച്ചു വരുമ്പോൾ ലാലു അവൾക്ക് പമ്പര മിഠായിയും കൈനിറയെ ബദാമും പെറുക്കിക്കൊടുത്തു .
ദിവസങ്ങൾ കടന്നു പോയി . പിന്നീടുള്ള യാത്രകളും കാഴ്ച്ചകളും അവൾക്ക് പരിചിതമായി തീർന്നു. സ്കൂളിൻ്റെ തെക്കേ മതിലിനോട് ചേർന്ന നെല്ലിമരത്തിലെ കിളിക്കൂട് അവൾക്ക് കൗതുകമായിരുന്നു.
“ഒന്ന് വേഗം വാ ” മുഫി അവരെ നീട്ടി വിളിക്കുമ്പോൾ രണ്ട് പേരും ഓടും , വീണ് കാൽമുട്ട് പൊട്ടും .
ലാലുവിൻ്റെ വീട്ടിൽ ഇന്ന് കുറേ വിരുന്നുകാരുണ്ട്. ഇറച്ചിക്കറിയുടേയും നെയ്ച്ചോറിന്‍റേയും മണം പരക്കുന്നുണ്ട് . ഇന്നാണവൻ്റെ സുന്നത്ത് കല്യാണം .
“ഉമ്മാ നിക്ക് പനിയാ, ഞാനിന്ന് സ്കൂളില്‍ പോകൂല…”
പറച്ചില്, കരച്ചിലായി . മുഫി വേലിക്കടുത്ത് കാത്ത് നിന്നു . ബീയുമ്മ അവളെ ഒരു വിധത്തിൽ അവൻ്റെ കൂടെ പറഞ്ഞയച്ചു. അവന് ഒടുക്കത്തെ വേഗതയാണ്. അവൾക്ക് അവൻ്റെ കൂടെ നടക്കാൻ പറ്റുന്നില്ല.
ലാലുവില്ലാതെയുള്ള ദിവസങ്ങൾ അവൾക്ക് വല്ലാത്ത ശൂന്യത തോന്നി.
”നീ എന്ത് നോക്കി നിൽക്കാ … നീയെന്താ കിനാവ് കാണാണോ… ”
അവൻ ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. അവള്‍ അവന്‍റെ അടുത്തേക്ക് വന്നു.
” നോക്കി മുഫിക്കാ..മൂവാണ്ടൻ്റെ ചില്ലകൾ നിറഞ്ഞു പൂത്തിട്ടുണ്ട്.”
രണ്ട് പേരും പൂക്കൾ നോക്കി നിന്നു. ഇളം കാറ്റിൽ അപ്പൂപ്പൻ താടി പോലെ അവരെ തഴുകി പൂക്കൾ താഴേക്ക് പതിച്ചു. അവർ പരസ്പരം നോക്കി ചിരിച്ചു.
പിറ്റേ ദിവസം അവൻ്റെ വേഗത കുറഞ്ഞ പോലെ സൈനബക്ക് തോന്നി. അവനവളോട് വഴി നീളെ സംസാരിച്ചു. ആ സംസാരത്തിൽ പൂക്കളും കുരുവിയും പൂമ്പാറ്റയും മീനുകളും എല്ലാം വന്നു പോയി.
വർഷങ്ങൾ ഇഴഞ്ഞു നീങ്ങി. സൈനബ ആറാം ക്ലാസ്സുകാരിയായി. പ്രീഡിഗ്രിക്കാരനായ മുഫി തന്നെയാണ് ഇന്നും അവളുടെ മുന്നിൽ. പക്ഷേ വഴക്കുകളേക്കാൾ ഇടക്കിടെ ഒളി കണ്ണാൽ എറിയുന്ന നോട്ടങ്ങൾ എപ്പോഴൊക്കെയോ തമ്മിലുടക്കി അതെല്ലാം ഒരു കള്ളച്ചിരി കൊണ്ട് അവസാനിപ്പിച്ചു അവർ മുന്നോട്ടു നടന്നു. അവരുടെ കൗതുകങ്ങൾ അവർക്കൊപ്പം വളർന്നു കൊണ്ടിരുന്നു.
ഒരുദിവസം പതിവു പോലെ സ്കൂളിലേക്കിറങ്ങി വഴി വക്കിൽ കാത്തുനിന്ന ലാലുവിനെയും മുഫിയെയും മാടി വിളിച്ചു ബീയുമ്മ സൈനബക്ക് സുഖമില്ലെന്നു പറഞ്ഞു.
എങ്കിൽ നമ്മൾക്ക് പോവം എന്ന് പറഞ്ഞു മുന്നോട്ടു നടന്ന ലാലുവിനോട് ഒരു പുസ്തകമെടുക്കാൻ മറന്നുപോയെന്നു പറഞ്ഞു വീട്ടിലേക്കു ഓടിക്കയറുമ്പോൾ മുഫി ചിന്തിക്കുകയായിരുന്നു എന്തിനാണ് തനിക്കിത്ര അസ്വസ്ഥത എന്ന്.
മുകളിലെ അരവാതിലിലൂടെ തല ഏന്തി പുറത്തേക്കു നോക്കുമ്പോൾ മുറിക്കകത്ത് ചുരുണ്ടു കിടക്കുന്ന സൈനബയെ കണ്ടു.
എന്തു പറ്റിയതാ… എന്നു ഉറക്കെ വിളിച്ചു ചോദിക്കാൻ തുടങ്ങിയതും മനസ്സു ചുണ്ടുകളെ അമർത്തിപ്പിടിക്കുന്നതായി അവനു തോന്നി.
അവളില്ലാത്ത ഊടുവഴി വല്ലാതെ ഇടുങ്ങിയതായി അവന് തോന്നി . കാരണമില്ലാതെ ലാലുവിനോട് വഴക്കുണ്ടാക്കി കൊണ്ടിരുന്നു. തിരിച്ചു വീട്ടിലെത്തിയ തന്നെ പിടി മുറുക്കിയ അസ്വസ്ഥതക്ക് ചുരുണ്ടു കിടക്കുന്ന സൈനബയുടെ രൂപമായിരുന്നു.
വീണ്ടും സ്കൂളില് വന്നു തുടങ്ങിയ സൈനബയോട് നോട്ടം കൊണ്ടു ഒരുപാട് സംസാരിക്കുമായിരുന്നു മുഫി. അവൾ ഒരു കള്ളച്ചിരിയിൽ അതിനുള്ള മറുപടിയും പറയുമായിരുന്നു.
വർഷങ്ങൾ കടന്നു പോയപ്പോഴും മൗനത്തിന്റെ ഭാഷ ഇരുവർക്കും ഏറെ സുപരിചിതമായി.
വിവാഹപ്രായമെത്തിയെ സൈനബ ഓരോ ആലോചനകളെ കുറിച്ചും പേടിയോടെ കാതോർത്തു. അവന്റെ വായിൽ നിന്ന് ഇഷ്ടമാണെന്നൊരു വാക്കിനായി താൻ ഇനി മരണം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ഭയം എപ്പോഴോ അവളെ വേട്ടയാടാൻ തുടങ്ങി.
പൈസക്കാരനായി തിരിച്ചു വരാൻ കടൽ കടന്ന മുഫി യാത്ര പറഞ്ഞതു പോലും കണ്‍പുരികങ്ങൾ കൊണ്ടായിരുന്നു. അവര്‍ക്ക് മാത്രമറിയാവുന്നൊരു ഭാഷയില്‍.
സ്വന്തം നാട്ടിൽ നിന്ന് കടം കയറി അന്യനാട്ടിൽ എത്തിയ സൈനബയുടെ കുടുംബത്തിൽ ഒരു വാഹന അപകടത്തിന്റെ രൂപത്തിൽ ഉപ്പയും ഉമ്മയും അവളോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു.പ്രതീക്ഷിക്കാതെയുള്ള പടച്ചവന്‍റെ തീരുമാനത്തില്‍ തകര്‍ന്നത് സൈനബയുടെ സന്തോഷങ്ങളും കൗമാരവും ഭാവിയും തണലും നാളേകളുമായിരുന്നു.
നടുക്കടലിൽ തുഴയില്ലാ തോണിയിൽ ഇരുന്ന് വിതുമ്പിയ അവളെ റഷീദയുടെ കൈവിരലുകൾ മുറുകെ പിടിച്ചു.
രണ്ടു ആണ്‍കുട്ടികളുള്ള വീട്ടിൽ പ്രായപൂർത്തിയായ ഒരു പെണ്ണിനെ താമസിപ്പിച്ചതിൽ ബന്ധുക്കളും അയൽവാസികളും അനിഷ്ടം പ്രകടിപ്പിച്ചുവെങ്കിലും ആ വീട്ടിലുള്ളവർക്ക് അവൾ എന്നും പ്രിയപ്പെട്ടതായിരുന്നു.
അവളുടെ വിവരങ്ങൾ മുഫി കടലിനക്കരെ ഇരുന്ന് ചോദിക്കാതെ അറിഞ്ഞുകൊണ്ടിരുന്നു. ലാലുവിന് അവൾ കളിക്കൂട്ടുകാരിയേക്കാൾ സ്വന്തം കൂടപ്പിറപ്പായി മാറി. മുഫിയുടെ വിശേഷങ്ങൾ ഉമ്മ പറയുമ്പോൾ കേൾക്കാത്ത മട്ടിൽ അവൾ കാതു കൂർപ്പിച്ചു.
ഒന്നര വർഷത്തെ പ്രവാസത്തിനു ശേഷം അവൻ വീടണയാൻ പോകുന്നു എന്നത് അവളിൽ വല്ലാത്തൊരു അവസ്ഥ ഉണ്ടാക്കി. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു അവസ്ഥ.
” ഞാൻ മുഫി വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഇനി കല്യാണം നീട്ടി വെക്കേണ്ട. അവനു അധികം ലീവ് ഉണ്ടാവില്ല ..”
എന്നൊക്കെ ഉമ്മ ഉപ്പയോട് അടക്കം പറയുന്നത് കേട്ട അവൾ വല്ലാത്തൊരു ആനന്ദത്തിൽ കണ്ണീർ വാർത്തു.
മുഫിയുമായുള്ള തന്‍റെ കാനോത്ത് കണ്ണിലങ്ങനെ മിന്നിമാഞ്ഞ് കൊണ്ടിരുന്നു.
ഉമ്മറത്ത് കാലു കുത്തിയ മുഫി വീടിനു ചുറ്റും അലക്ഷ്യമായി കണ്ണോടിച്ചു. സൈനബയിൽ തടഞ്ഞു നിന്ന നോട്ടം എന്നത്തേയും പോലെ കള്ളച്ചിരി കൊണ്ട്പോയി.
അവനെ കാണുന്ന മാത്രയിലൊക്കെയും അവളുടെ നെഞ്ചിടിപ്പിന്റെ താളം അവൾക്ക് തന്നെ കേൾക്കാൻ പാകത്തിലായി. വീടിന്റെ ഓരോ മുക്കും മൂലയും അവരുടെ കള്ളനോട്ടങ്ങൾക്കും കള്ളച്ചിരികൾക്കും സാക്ഷിയായി.
നാട്ടിലെത്തിയ മൂന്നാം നാൾ ഉപ്പ മുഫിയെ വിളിച്ചു അടുത്തിരുത്തി. അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന സൈനബ ഉപ്പയുടെ വാക്കുകൾ വ്യക്തമാവാൻ വേണ്ടി ടാപ്പ് അടച്ചു പത്രങ്ങളെ നിശ്ശബ്ദരാക്കി.
“എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. സൈനൂനെ ഞാൻ എന്റെ മോളെ പോലെയാണ് കാണുന്നത്. ഒരു യതീം ആയതിന്റെ പേരിൽ ഓൾക്ക് നല്ലൊരു ജീവിതം ഇല്ലാണ്ടാവരുത്. ഓളെ നല്ലൊരാളെ ഏല്‍പ്പിക്കൽ എന്റേം നിന്‍റേം കടമയാണ് മോനേ.”
നിനക്കറിയുമായിരിക്കും തക്കാരത്തൊടീലെ ഹംസാക്കാന്‍റെ മോൻ ഫയാസ്, അവളെ കണ്ട് ഇഷ്ടപ്പെട്ട് എന്നോട് വന്നു ചോദിച്ചിരുന്നു. ഞാൻ കേട്ട പാതി സമ്മതിച്ചു. ഇതിനേക്കാൾ നല്ല ബന്ധം ന്റെ കുട്ടിക്ക് കിട്ടൂല്ല ന്ന് തോന്നി. നാളെ നമ്മക്ക് പോയി ദിവസം അങ്ങട്ട് ഉറപ്പിക്കാം.
അവൾക്ക് ഇഷ്ടക്കുറവൊന്നും ഉണ്ടാവില്ല. എന്തായാലും ഞാൻ വാക്ക് കൊടുത്തു. അധികം വൈകാതെ നിക്കാഹ് നടത്തണം.”
ഇടിത്തീ പോലെ ഉപ്പയുടെ വാക്കുകൾ രണ്ടുപേരിലും ഞെട്ടലുണ്ടാക്കി. കൈ കഴുകി ദൃതിയിൽ മുകളിലേക്കോടിയ അവൾ പൊട്ടിക്കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ആവുന്നതും ശ്രമിച്ചു.
എന്തു പറയണം എന്നറിയാതെ നിൽക്കുന്ന മുഫിയോട് നാളെ അങ്ങോട്ടു പോയി ദിവസം ഉറപ്പിക്കാം എന്നു പറഞ്ഞ് ഉപ്പ ഉറങ്ങാൻ പോയി.
നേരം പുലരുവോളം മുഫി വല്ലാത്തൊരാവസ്ഥയിൽ ആയിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങി.
” സുബ്ഹിക്ക് എണീക്കാതെ അവൾ ഇതുവരെ ഇങ്ങനെ ഉറങ്ങീട്ടില്ല ”
എന്നുള്ള ഉമ്മയുടെ ശബ്ദം കേട്ടിട്ടെന്നോണം അവൻ ഉമ്മയുടെ അടുത്തേക്ക് ചെന്നു.
“ചായ എടുക്കും മുമ്പ് നീ സൈനൂനെ പോയി ഒന്നു വിളിച്ചേ നാളെ മറ്റൊരു വീട്ടിൽ പോയി നിക്കേണ്ട കുട്ടിയാണ് .”
ഉമ്മ സ്വയം പറയുന്നുണ്ടായിരുന്നു.
ചാരി വെച്ച വാതിൽ തുറന്നു ചെരിഞ്ഞു കിടക്കുന്ന സൈനബയുടെ മുന്നിലായി മുഫി നിന്നു. മുഖം വല്ലാതെ വിളർത്തതായി അവനു തോന്നി. രണ്ടു മൂന്നു തവണ വിളിച്ചു നോക്കിയിട്ടും അനങ്ങാതിരുന്ന സൈനബയെ അവൻ തോളിൽ പിടിച്ചു കുലുക്കി വിളിച്ചു നോക്കി . വല്ലാത്തൊരു തണുപ്പ് അവളെ പൊതിഞ്ഞിരുന്നു.
ആദ്യമായിട്ടും അവസാനമായിട്ടുമുള്ള തന്റെ സ്പര്‍ശനമായിരുന്നെന്നു തിരിച്ചറിഞ്ഞ നിമിഷം അവൻ അലറി വിളിച്ചു. സമനില തെറ്റി ഉറക്കെ കരഞ്ഞു.ജീവന്‍റെ പാതിയാക്കാന്‍ കൊതിച്ചവളുടെ തണുത്ത നിശ്ചലമായ ശരീരത്തിനടുത്തിരുന്നവന്‍ സ്വബോധമില്ലാതെ അലറി.
ആരോടും പറയാതെ,ആരോടും പറയാന്‍ പറ്റാതെ തന്‍റെ വേദനയെല്ലാം സ്വയം ഉള്ളിലൊതുക്കിയ അവളുടെ ഹൃദയത്തിന് വേദനകളെ താങ്ങാനുള്ള ശക്തി പടച്ചവന്‍ കൊടുത്തിട്ടില്ലായിരിക്കണം. പെട്ടെന്നുള്ള സ്തംഭനത്താല്‍ ആ കൗമാര ഹൃദയം നിശ്ചലമായിരിക്കുന്നു. ഉപ്പയും ഉമ്മയും പോയ ലോകത്തേക്ക് അവളും പോയിരിക്കുന്നു.
വെള്ള കഫന്‍ പുതച്ച അവളുടെ ഒരു വശത്തായി അവൻ ഇരുന്നു. മുസ്ഹഫിലേക്ക് നോക്കി ഓരോ ആയത്തുകളും സൂറത്തുകളും പാരായണം ചെയ്യുന്നതിനിടെ ഇടക്കിടെ അവളിലേക്കെറിയുന്ന നോട്ടത്തിനു മറുപടിയെന്നോണം ആ കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞില്ല. കണ്‍പുരികങ്ങളാല്‍ മറുപടി പറഞ്ഞില്ല. ദീര്‍ഘനിശ്വാസത്താല്‍ കഥ പറഞ്ഞില്ല. പറയാൻ ബാക്കി വെച്ച മറുപടിക്കും കഥകള്‍ക്കും ഇഷ്ടത്തിനുമപ്പോൾ പുകഞ്ഞുയരുന്ന കർപ്പൂരത്തിന്റെ മണമായിരുന്നു.
”അവളുടെ മരണത്തിന്റെ മണം.”
SV…
സയൂഫ് വരുടാക്കല്