അബ്രഹാമിന്റെ പെണ്ണ്

ഞാനിങ്ങനെ ഫോണിൽ തോണ്ടിയിരുന്നു നേരം കളയുന്നത് കണ്ട് കുശുമ്പ് കുത്തിയിട്ട് കെട്ടിയോനൊരു ആടിനെ വാങ്ങിക്കൊണ്ട് വന്ന്… വാങ്ങിക്കൊണ്ട് വന്നപ്പോഴേ ആട് നേരെ വീട്ടിനുള്ളിലേയ്ക്ക് കേറി വന്നു.. ദൂരയാത്ര കഴിഞ്ഞു തിരിച്ചു സ്വന്തം വീട്ടിലെത്തിയ ഒരു ഭാവമായിരുന്നു ആടിന്റെ മുഖത്ത്.. നല്ല ഇണക്കമുള്ളൊരു ആട്..

“ആട് ഗർഭിണിയാ കേട്ടോടീ.. പ്രസവം ഒടനെ കാണുമെന്നാ ആ വീട്ടുകാരൻ പറഞ്ഞത്.. എന്ത് കൊടുത്താലും തിന്നോളുമെന്നു പറഞ്ഞു.. വെള്ളവും ഇഷ്ടം പോലെ കുടിച്ചോളും.. നല്ല ഇനത്തിൽ പെട്ടതാ..

അസ്ഥികൂടം പോലിരിക്കുന്ന ആ ശരീരത്തിലെ ഗർഭത്തിൽ നോക്കി കെട്ടിയോനത് പറഞ്ഞപ്പോ ഞാനെന്റെ മോളേ ഗർഭിണിയായിരുന്ന സമയം ഓർത്തു.. രണ്ടും ഏകദേശം ഒരേപോലെ..

“ഈ ആട് ഇതിനും മാത്രം തീറ്റയും വെള്ളവുമെടുക്കുമെങ്കിൽ പിന്നെ ഇതിന്റെ കോലമെന്താ ഇങ്ങനിരിക്കുന്നെ..

മുന്നിലേയ്ക്കിട്ട് കൊടുത്ത പ്ലാവില ചവച്ചു തുപ്പിയിടുന്ന ആടിനെ കണ്ടപ്പോ എനിക്ക് സംശയം..

“അതിന്റെ വയറ്റിൽ കുഞ്ഞുണ്ടെന്നല്ലിയോ അമ്മച്യേ പറഞ്ഞേ.. കുഞ്ഞൂട്ടൻ അമ്മച്ചീടെ വയറ്റിൽ കിടന്നപ്പോ അമ്മച്ചി ഛർദ്ദിച്ച പോലെ ആടിനും ഒന്നും തിന്നാൻ വയ്യായിരിക്കും.. കണ്ടില്ലിയോ പ്ലാവെല തിന്നിട്ട് ഛർദ്ദിക്കുന്നെ….അത് പ്രസവിച്ചു കഴിയുമ്പോ അമ്മച്യേപ്പോലെ വണ്ണം വെക്കും..

കൊച്ചു പെങ്കൊച്ചാണ് …നല്ല പഷ്ട്ട് മറുപടി.. വയസ് എട്ടായതേയുള്ളെങ്കിലും നമ്മളേ ട്രോളാൻ വല്യ സാമർത്ഥ്യമാ..

കൊച്ചുങ്ങൾ ആടിന് മാളുവെന്ന് പേരുമിട്ടു..

മാളുവിന് പ്ലാവിലയോടുള്ള കമ്പം പെട്ടെന്ന് തീർന്ന്.. കൊച്ചു ചെറുക്കൻ തിന്നോണ്ടിരുന്ന മുറുക്കിന്റെ ഒരു കഷ്ണം അങ്ങോട്ട് കൊടുത്തപ്പോൾ…

“ആഹാ.. ഇതൊക്കെ വെച്ചിട്ടാണോ ഈ ഒണക്ക പ്ലാവില തന്നതെന്നൊരു” ഭാവം ആടിന്റെ മുഖത്ത്..ഇനിയും പോരട്ടെ എന്ന മട്ടിൽ ആട് വീണ്ടും നോക്കുന്നു..

നിമിഷനേരത്തിനകം ഒരു കവർ മുറുക്ക് ആട് തീർത്തു..വലിയ കുടുംബത്തെങ്ങാണ്ട് വളർന്നതാണെന്ന് തോന്നുന്നു..

വൈകുന്നേരം പേരിനും വേണ്ടി ഇത്തിരി വെള്ളം കുടിച്ചു. തീറ്റയൊന്നും വേണ്ടാ.. കടയിൽ നിന്നും വാങ്ങിക്കുന്ന പലഹാരമേ തിന്നു… ചായയേ കൂച്ചൂ…ഗർഭിണിയ്ക്ക് കൊതിയ്ക്ക് കൊടുത്തില്ലെങ്കിൽ പാപമല്ലേ എന്ന് കരുതി ഞാനങ്ങു ക്ഷമിച്ചു..

എനിക്കെന്തോ മൊത്തത്തിൽ ഒരു ശരിയല്ലായ്മ തോന്നി..പ്രസവത്തോടെ ശരിയാകുമായിരിക്കും..

രാത്രിയായപ്പോ മാളു ഒരുവിധത്തിൽ കൂട്ടിൽ കിടക്കുന്നില്ല.. ലോകം മൊത്തം പൊളിക്കുന്ന തരത്തിൽ അലറി കരയുകയാണ്.. എനിക്ക് സങ്കടം വരുന്നു.. ഒരുപാട് ആടുകളുടെ കൂടെക്കിടന്നതല്ലേ.. ഒറ്റയ്ക്ക് കിടക്കാൻ പേടി കാണും.. ഞാനും അനുഭവിച്ചിട്ടുണ്ട് ഈ സങ്കടം..കൊച്ചുങ്ങളും അച്ഛനും ഉറങ്ങിയപ്പോഴും ആട്ടിൻ കൂട്ടിലിരുന്ന് ഞാൻ കൊതുകിനെ അടിയ്ക്കുകയാണ്.. മാളു കണ്ണൊന്നടയ്ക്കുമ്പോ ഞാൻ പതുക്കെ എണീക്കും.. ഇത് ചാടി എണീറ്റ് എന്നേക്കാൾ മുൻപേ ഓടാൻ തയ്യാറായി നിക്കുവാ..

“എന്തൊരു ഊദ്രമായിപ്പോയെന്നു പറയണേ..

ഇരുന്നും എണീറ്റും നിന്നും ഓടാൻ തയ്യാറായും ശ്രമം പരാജയപ്പെട്ടു വീണ്ടും ഇരുന്നും മാളുവും ഞാനും നേരം വെളുപ്പിച്ചു… പിറ്റേന്നിന്റെ പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം അവൾ പ്രസവിച്ചു…ഒരു കുഞ്ഞുമോൻ..മണിക്കുട്ടനെന്നാ അവന്റെ പേര് .പ്രസവ വേദനയ്ക്കിടയിലും ഞാനെങ്ങോട്ട് പോകുന്നെന്നായിരുന്നു മാളുവിന്റെ ചിന്ത…കുഞ്ഞിനെ കണ്ടില്ലെങ്കിലും അതിന് പ്രശ്നമില്ല.. ആരെങ്കിലും എപ്പോളും അടുത്തിരിയ്ക്കണം..കരച്ചില് തന്നെ കരച്ചില്…

വേറൊരു ആട് കൂടെയുണ്ടെങ്കിൽ ഇതിങ്ങനെ തൊള്ള കീറില്ലെന്ന് എനിക്ക് തോന്നി.. അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി വേറൊരു ആടിനെക്കൂടെ വാങ്ങിച്ചു… അതും ഗർഭിണി.. കൂട്ടത്തിൽ പുതിയ ആള് വന്നപ്പോ മാളുവിന്‌ എന്നോടുള്ള താല്പര്യമൊക്കെ തീർത്തും മാറി.. പുതിയ ആടിന് കെടക്കപ്പൊറുതിയില്ലാതായി.. അതിനെങ്ങോട്ടും തിരിയണ്ട.. മാളു കൂവിക്കൊണ്ട് പിന്നാലെ ഓടുവാ..

“ഗർഭിണിയായ പുതിയ ആടിന് ഒരു സ്വസ്ഥതയുമില്ലാതായി..

പ്രസവശേഷം മാളു കുഞ്ഞിനെ തിരിഞ്ഞു നോക്കീല.. അവന് പാല് കൊടുക്കുന്നില്ല.. ഞാൻ അവളെ പിടിച്ചു നിർത്തി കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങിയപ്പോ പുറകിലെ കാല് വെച്ച് ഒറ്റയടി.. ഒരു ശകലം പോലും മിസ്സാവാതെ അടി കിട്ടിയത് കൃത്യം എന്റെ ഇടത്തെ കവിളത്ത്.. പണ്ടേയ്ക്ക് പണ്ടേ ആ സൈഡിലിരുന്ന പല്ലെടുത്തു കളഞ്ഞത് കാര്യമായി.. അല്ലെങ്കിൽ ഉറപ്പായിട്ടും പല്ല് തെറിച്ചു പോയേനെ..

പ്രസവശേഷം ചില പെണ്ണുങ്ങൾക്ക് ഡിപ്രഷൻ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്..അങ്ങനെയുള്ളവർക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്നും പാല് കൊടുക്കില്ലെന്നുമൊക്കെ കേട്ടിട്ടുണ്ട്.. ആടിനും അങ്ങനെയൊക്കെയുണ്ടെന്ന് ഇപ്പോളാ അറിയുന്നത്…

മണിക്കുട്ടന് ഞാൻ കുപ്പിയിൽ പാലും വെള്ളവുമൊക്കെ കൊടുത്തു തുടങ്ങി.. അവൻ എന്റെ മക്കളുടെ കൂടെ ഓടിച്ചാടി കളിക്കുന്ന പരുവമായിട്ടുണ്ട്.. പിള്ളേര് സ്കൂളിൽ നിന്ന് വരുമ്പോ മൂന്ന് പേരും കൂടെ ഭയങ്കര കളിയാണ്..

ഇന്നലെ വൈകിട്ട് നേഴ്‌സറിയിൽ നിന്നും വന്ന എന്റെ കൊച്ചു ചെറുക്കൻ നിക്കറൊക്കെ ഊരിയിട്ടിട്ട് കയ്യിലൊരു സ്റ്റിക്കർ ഒട്ടിക്കാനുള്ള പദ്ധതിയുമായി മുറ്റത്തേക്കിറങ്ങുന്ന പടിയിലിരിക്കുമ്പോഴാണ് മണിക്കുട്ടൻ ചാടിത്തുള്ളി ചെല്ലുന്നത്…സ്റ്റിക്കർ ഒട്ടിയ്ക്കാനുള്ള ഊക്കിൽ ലവൻ മണിക്കുട്ടനെ ശ്രദ്ധിച്ചില്ല..മണിക്കുട്ടൻ കൊച്ചിന്റെ കയ്യിലൊക്കെയൊന്ന് മണത്തു നോക്കിയിട്ട് അവനെ മുട്ടിയിരുമ്മി നിന്നു..കൊച്ച് ഇടയ്ക്ക് അവനെ തടവുന്നുമുണ്ട്… അതും കണ്ടോണ്ടാണ് ഞാൻ അകത്തേയ്ക്ക് കേറുന്നത്..

“അയ്യോ.. ഈ ആടെന്റെ ശൂശാണ്ടീൽ കടിച്ചേ.. ഞാനിനി എങ്ങനെ മൂത്രോഴിക്കും..

കൊച്ചിന്റെ വലിയ വായിലെയുള്ള നിലവിളി കേട്ട് ഞാൻ ഓടിയിറങ്ങി വന്നു..

സ്റ്റിക്കറും കയ്യിൽ പിടിച്ചു നിന്ന് കരയുന്ന കൊച്ച് ഒരു വശത്ത്.. കരയുന്ന കൊച്ചിനെ നോക്കി അന്തംവിട്ട് നിക്കുന്ന മണിക്കുട്ടൻ വേറൊരു വശത്ത്..

നിക്കറിടാതിരുന്ന കൊച്ചിനടുത്ത് കുറെ നേരം നിന്നപ്പോ വിശന്നത് കൊണ്ടോ അതോ പാലാണെന്ന് തെറ്റിദ്ധരിച്ചിട്ടോ ഏതോ ദുർബല നിമിഷത്തിൽ മണിക്കുട്ടൻ ലവന്റെ ശൂശാണ്ടിയിൽ ഒന്ന് കടിച്ചു പോയി.. പേടിച്ചു പോയ കൊച്ച് ചാടിയെണീറ്റത് കൊണ്ട് അത്യാപത്തൊന്നും പറ്റിയില്ല.. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്റെ കൊച്ചിന്റെ അവസ്ഥ പരിതാപകരമായേനെ..

എന്തായാലും അതോടെ നിക്കറിടാതെയുള്ള ലവന്റെ നടത്തം അവസാനിച്ചു..ആരൊക്കെ വിചാരിച്ചിട്ടും നിക്കറിടാതെ കേറിയിറങ്ങി നടന്ന ലവനെ ഒറ്റ സെക്കന്റ് കൊണ്ട് നിക്കറിടീപ്പിച്ച മണിക്കുട്ടൻ മുത്താണ്… മുത്ത്..

Leave a Reply

Your email address will not be published. Required fields are marked *