അത്തർ

✍️ ഫാബി നിസാർ


ഇന്നാണ് അബൂട്ടീന്റെ ഉപ്പച്ചി ആദ്യമായി ഗൾഫീന്ന് വരുന്ന ദിവസം. അബൂട്ടി രാവിലെ മുതൽ ഉപ്പച്ചീനേം കാത്തിരിപ്പാണ്.

ഉപ്പച്ചി കൂടെയുള്ളപ്പോൾ പണി കഴിഞ്ഞ് വന്ന് എന്നും വൈകീട്ട് അബൂട്ടിയേയും സൈക്കിളിൽ ഇരുത്തി കവലയിലേക്ക് ഒരു സവാരി ഉണ്ട്. അവിടെ അയ്മൂട്ടിക്കാടെ ചായപ്പീടികേന്ന് ഉപ്പച്ചി ചൂടുള്ള പരിപ്പ് വടേം ചായേം കുടിക്കുമ്പോൾ അബൂട്ടിക്ക് പഴംപൊരീം ചായേം വാങ്ങികൊടുക്കും. മാസാവസാനം പറ്റുതീർക്കുമ്പോൾ അയ്മൂട്ടിക്ക അഞ്ചാറ് മുട്ടായി പൊതിഞ്ഞ് അബൂട്ടിക്ക് കൊടുക്കും.അതിന്റെ കാശെന്താ വാങ്ങാത്തതെന്ന് ചോദിച്ചാൽ “പഠിച്ച് ബല്യ ജോലിക്കാരനായി പെരുത്ത് കാശൊക്കെ കിട്ടുമ്പോ അയ്ന്ന് കൊറച്ച് അയമൂട്ടിക്കാക്ക് തന്നാമതീ… ഞ്ചെകുട്ടീ..” ന്നും പറഞ്ഞ് ഉറക്കെയുറക്കെ ചിരിക്കും.

അന്നൊരു ദിവസം സവാരി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ഗൾഫീന്ന് മാമച്ചി ഉപ്പച്ചിക്ക് ഒരു കുപ്പി അത്തറും ‘വിസയും’ കൊണ്ടുവന്നു. ഉപ്പച്ചി രണ്ട് തുള്ളി അത്തറെടുത്ത് ഉപ്പച്ചീടേം അബൂട്ടീടേം കുപ്പായത്തിൽ പുരട്ടി. അബൂട്ടി മണത്തു നോക്കി. നല്ല മണമുള്ള അത്തറ്. ഈ വിസാന്ന് പറഞ്ഞാൽ എന്താണെന്നായി അബൂട്ടിയുടെ ചിന്ത. ഗൾഫിൽ പണിയെടുക്കാൻ പോകാനുള്ളതാണെന്ന് ഉമ്മച്ചിയാണ് അവന് പറഞ്ഞ് കൊടുത്തത്. ഉപ്പച്ചിയെ പോകാൻ വിടാതെ കരഞ്ഞ അബൂട്ടിയോട് ഇതുപോലെ മണമുള്ള അത്തറും പെട്ടി നിറച്ചും മുട്ടായീം കൊണ്ടുവരാമെന്ന് ഏറ്റിട്ടാണ് ഉപ്പച്ചി പോയത്. രാത്രി ഉപ്പച്ചി പറഞ്ഞ് കൊടുക്കുന്ന കഥകളും കേട്ട് ഉപ്പച്ചീടെ നെഞ്ചോരം പറ്റിക്കിടന്ന് ഉറങ്ങിയിരുന്ന അബൂട്ടിക്ക് ഉറക്കം വരാതെ എന്നും കരച്ചിലായിരുന്നു. കരച്ചിൽ മാറ്റാൻ ഉമ്മച്ചി പാടുന്ന താരാട്ടുപാട്ടിന്നും കഴിഞ്ഞിരുന്നില്ല. പിന്നീട് എന്നും ഉപ്പച്ചീനെ കാണാൻ പൂതി തോന്നുമ്പോളെല്ലാം അബൂട്ടി രണ്ട് തുള്ളി അത്തറെടുത്ത് അവന്റെ കുപ്പായത്തിൽ പുരട്ടും. അത്തറിന്റെ മണം പരക്കുമ്പോൾ ഉപ്പച്ചി അടുത്തുള്ള തോന്നലാണ്.

അന്ന് ഏറെ കാത്തിരുന്നിട്ടും ഉപ്പച്ചി എത്തിയില്ല. പിറ്റേന്ന് ഡോർബെല്ല് കേട്ട് ഉപ്പച്ചിയേം പ്രതീക്ഷിച്ച് ഓടിച്ചെന്ന് കതക് തുറന്നപ്പോൾ അത്തറുംപൂശി വന്ന മൂന്നാല് ഇക്കാമാരും ഇത്താമാരും അകത്തു വന്ന് ഉമ്മച്ചിയോടെന്തൊക്കെയോ അടക്കം പറഞ്ഞു. തളർന്നു വീണ ഉമ്മച്ചി പിന്നെ കിടപ്പും കരച്ചിലും തന്നെയായിരുന്നു. അടുത്തുള്ള ജമീലത്തായും ജാനുച്ചേച്ചിയും ചോറും കറീം കൊണ്ടുവന്ന് തരുമായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് ഉപ്പച്ചിയെത്തിയത് മരിച്ചവരെ കിടത്തുന്ന പെട്ടിയിലായിരുന്നു. അബൂട്ടി ഉറക്കെ വിളിച്ചിട്ടും ഉപ്പച്ചി കണ്ണുതുറന്നില്ല. നെറ്റിയിലൊരു ഉമ്മപോലും കൊടുക്കാൻ പോലും ആരും സമ്മതിച്ചില്ല. ഉപ്പച്ചീടെ മുഖത്തൊക്കെ എന്തോ മരുന്ന് പൊടി ഇട്ടിട്ടുണ്ടെന്ന് പറഞ്ഞ് നാസറിക്ക അവനെ പിടിച്ച് മാറ്റി. ഖബറിൽ കിടത്തിയാൽ ഉപ്പച്ചിക്ക് ശ്വാസം മുട്ടുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അവരെല്ലാം അബൂട്ടിയെക്കൊണ്ട് പിടിമണ്ണ് ഇടീച്ചു. ബാങ്ക് വിളിക്കുന്ന മുക്രി പോക്കർ ഇക്കയാണ് പറഞ്ഞത് ഉപ്പച്ചി സ്വർഗ്ഗത്തിൽ പോയതാണെന്ന്. വരുമ്പോൾ അത്തറും മുട്ടായീം പുതിയ കുപ്പായോം കൊണ്ടുവരോന്ന് ചോദിച്ചപ്പോൾ അവിടന്ന് ആരും തിരിച്ചു വരില്ലെന്ന് ജമീലത്താന്റെ മോള് ഖദീജ പറഞ്ഞു.
ഉമ്മച്ചി ഇപ്പോൾ കരയാറൊന്നും ഇല്ല. വെറുതേ ഉറങ്ങാതെ കണ്ണ് തുറന്നിങ്ങനെ ഇരിക്കും. ജാനുചേച്ചി നിർബന്ധിച്ചാലും ഒന്നും കഴിക്കില്ല. അബൂട്ടിക്ക് ഉറങ്ങാൻ താരാട്ട് പാടാറും ഇല്ല.

മുറിയിലെ മൂലയിൽ ആരും തുറക്കാതെ ഒരു പെട്ടിയിരുന്നിരുന്നു. അന്ന് ഉപ്പച്ചിയെ കൊണ്ടുവന്ന വണ്ടിയിൽ നിന്നും ആരോ മുറിയിൽ എടുത്തുവച്ച പെട്ടി. അബൂട്ടി കത്തിയെടുത്ത് പെട്ടിചുറ്റിയ വള്ളി മുറിച്ച് തുറന്നു നോക്കി. ഉപ്പച്ചി പറയാറുള്ളത് പോലെ പെട്ടിയിൽ അത്തറും മുട്ടായികളും ഉണ്ടായിരുന്നു. രണ്ട്തുള്ളി അത്തറെടുത്ത് പുരട്ടി അബൂട്ടി കുപ്പായം മണത്തുനോക്കി ‘ന്റെ ഉപ്പച്ചീടെ മണം!’ അവൻ മനസ്സിൽ പറഞ്ഞു.
✍️ ഫാബി നിസാർ

Leave a Reply

Your email address will not be published. Required fields are marked *